LiveTV

Live

Opinion

മധുവിന്റെയും കെവിന്റെയും വിനായകന്റെയും കാലത്ത് മലയാളി കാണേണ്ട ആർട്ടിക്കിൾ 15 

ഇതിനെല്ലാമിടയിലും സവർണ ബ്രാഹ്മണൻ അവർണരുടെ രക്ഷകനാവുന്ന ക്ലീഷേയാണ് ഈ സിനിമയും എന്ന വാദങ്ങൾ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. സംവിധായകന് അതിന് മറുപടിയുമുണ്ട്‌ 

മധുവിന്റെയും കെവിന്റെയും വിനായകന്റെയും കാലത്ത് മലയാളി കാണേണ്ട ആർട്ടിക്കിൾ 15 

മൂന്ന് രൂപയ്ക്ക് നിങ്ങൾ ഇന്നുവരെ എന്തൊക്കെ വാങ്ങിയിട്ടുണ്ട്? ഒരു കൂട് മിഠായി? ഒരു പേന? ഒരു പെൻസിൽ? ഇതിൽ കൂടുതൽ ഇന്ന് മൂന്ന് രൂപയ്ക്ക് എന്താണ് കിട്ടുക? ശമ്പളത്തിൽ മൂന്ന് രൂപ കൂട്ടിക്കിട്ടാൻ നിങ്ങളാരെങ്കിലും പോരാടിയിട്ടുണ്ടോ? കേൾക്കുമ്പോൾ തമാശ ആയി തോന്നിയോ? എങ്കിൽ കേവലം മൂന്ന് രൂപ കൂട്ടിത്തരാൻ ആവശ്യപ്പെട്ടതിന് ക്രൂരമായി കൂട്ടബലാസംഗം ചെയ്യപ്പെട്ട മൂന്ന് പെൺകുട്ടികളുണ്ട്; നമ്മുടെ അഭിമാനമായ ഇന്ത്യയിൽ തന്നെ. അവരുടെ കഥയാണ് അനുഭവ് സിൻഹ സംവിധാനം ചെയ്ത 'ആർട്ടിക്കിൾ 15'. വെറും മുപ്പത് ശതമാനം വരുന്ന ആളുകൾ, അവർക്ക് ചെയ്യാനറപ്പുള്ള ജോലികൾ ചെയ്തുകിട്ടാനായി ജീവിതം ദുസ്സഹമാക്കിയ ബാക്കിയുള്ള എഴുപത് ശതമാനം ജനതങ്ങളുടെ കഥ. ഇന്ത്യയിൽ ജീവിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ മുകൾ സ്ഥാനത്തു നിൽക്കുന്ന ഒന്ന്.

ശ്രീ രാമൻ അയോധ്യയിലേക്ക് മടങ്ങിയപ്പോൾ എല്ലാ ഗ്രാമങ്ങളും വിളക്കുകൾ തെളിയിച്ചു. എന്നാൽ ഒരു ഗ്രാമം മാത്രം അത് ചെയ്തില്ല. അതെന്തേ എന്ന് ശ്രീരാമൻ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞത്, 'ദീപങ്ങൾ ഞങ്ങളും തെളിയിച്ചിരുന്നു, പക്ഷെ പെട്ടെന്നു വീശിയൊരു കാറ്റിൽ അവ കെട്ടുപോയി. വീണ്ടും അവ തെളിയിക്കാൻ നോക്കിയപ്പോൾ ഞങ്ങൾക്ക് മനസ്സിലായി, ഞങ്ങളുടെ ഗ്രാമത്തിലെ ഇരുട്ട് അങ്ങയുടെ കൊട്ടാരത്തിന്റെ ശോഭ കൂടുതൽ കൂട്ടുന്നു, അതുകൊണ്ട് ഞങ്ങൾ ഇരുട്ടിൽ ഇരിക്കാൻ തീരുമാനിച്ചു എന്ന്' - ഇത് സിനിമയുടെ തുടക്കത്തിൽ ഒരു കഥാപാത്രം നായകനോട് പറയുന്ന കഥയാണ്. മുഴുവൻ സിനിമയുടെ കാതലും ആദ്യ സീനിൽ തന്നെ വ്യക്തമാക്കിയ ഡയലോഗ്. തങ്ങളേക്കാൾ ഉയർന്നവർ എന്ന് വിശ്വസിച്ചുപോരുന്നവർക്കുവേണ്ടി സ്വന്തം ജീവിതത്തിലെ വെളിച്ചം അണച്ച് ജീവിക്കുന്നവരുടെ, അങ്ങനെ ജീവിക്കാൻ പ്രേരിപ്പിക്കപ്പെട്ടവരുടെ കഥ. അതാണ് അതാണ് ആർട്ടിക്കിൾ 15 പറയുന്നത്.

വായിക്കാൻ എത്ര മനോഹരമായ കാര്യമാണ്. 1950-ൽ ഇവിടെ ജീവിച്ചിരുന്നവരിൽ ചിലരെങ്കിലും ഇങ്ങനെ ചിന്തിച്ചതുകൊണ്ടാണല്ലോ ഈ വരികൾ നമ്മുടെ ഭരണഘടനയിൽ എഴുതിച്ചേർക്കപ്പെട്ടത്. എന്നാൽ അതിന് ശേഷം ഏഴു പതിറ്റാണ്ടോളമായിട്ടും ഇന്നും നമ്മുടെ നാട്ടിൽ എന്താണ് മാറിയത്? എന്തുകൊണ്ടാണ് മാറാത്തത്? ആരാണ് അതൊക്കെ മാറ്റേണ്ടത്?

ചോവൻ എന്നതും പുലയൻ എന്നതും ഇന്നും നമുക്ക് തെറിയാണ്. ദളിത് എന്നാൽ സംവരണത്തിന്റെ ആനുകൂല്യങ്ങൾ പറ്റി നമുക്ക് അർഹതപ്പെട്ട സ്ഥാനങ്ങൾ കവരുന്നവരാണ്. പറമ്പിൽ കിളയ്ക്കുന്നവനും കക്കൂസ് കുഴി തോണ്ടുന്നവനും എന്തിന്, വീട്ടിലെ പാത്രം കഴുകുന്നവൾക്ക് പോലും ഭക്ഷണം കൊടുക്കാൻ വേറെ വേറെ പാത്രങ്ങൾ, അവരെ അടുപ്പിക്കാൻ കൊള്ളില്ല എന്ന ഓർമ്മപ്പെടുത്തലുകൾ, അവർ സ്‌നേഹിക്കാൻ അര്ഹതയില്ലാത്തവർ എന്ന തോന്നലുകൾ. പ്രബുദ്ധ മലയാളിക്ക് ഇതൊന്നും ബാധകമല്ല എന്ന അഹങ്കാരത്തിനേറ്റ കനത്ത ഒരടിയായിരുന്നു മധുവിന്റെയും കെവിന്റെയും കൊലപാതകങ്ങൾ. മധുവിന് വിശക്കാൻ അർഹതയില്ലാതെപോയപ്പോൾ കെവിന് സ്‌നേഹിക്കാൻ യോഗ്യതയില്ലാതെ പോയി.

മേൽപറഞ്ഞ കാര്യങ്ങളോടും, സമാനമായ മറ്റുപലതിനോടുമുള്ള ശക്തമായ തിരിച്ചടിയാണ് ആർട്ടിക്കൾ 15. സവർണ ബ്രാഹ്മണൻ അവർണരുടെ രക്ഷകനാവുന്ന ക്ലീഷേയാണ് ഈ സിനിമയും എന്ന വാദങ്ങൾ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. ഇതിനുമറുപടിയായി സംവിധായകൻ പറഞ്ഞത്, 'സവർണന് അവന്റെ മുന്നിൽ രണ്ട് ചോയ്സുകളുണ്ട്. അതിൽ നിന്നും അവൻ ശരി തിരഞ്ഞെടുക്കുന്നത് കാണിക്കുമ്പോൾ ഉണ്ടാവുന്ന സമൂഹത്തിലുള്ള ഇമ്പാക്ട് ആണ് താൻ കാണിക്കാൻ ശ്രമിച്ചത്' എന്നാണ്. അത് യുക്തിസഹമായൊരു വിശദീകരണമായിട്ടാണ് തോന്നിയതും.

ശക്തമായ കഥയും തിരക്കഥയും തന്നെയാണ് സിനിമയെ മികവുറ്റതാക്കുന്നത്. 'എല്ലാവരും തുല്യരായാൽ രാജവാരാകും?' എന്ന ചോദ്യത്തിന് 'രാജാവ് ഉണ്ടാവണം എന്ന് എന്താണ് നിർബന്ധം' എന്ന മറുപടി. സാർ എന്റെ പ്ലേറ്റിൽ നിന്നെടുക്കണ്ട, സാറിന് ഞാൻ പുതിയത് കൊണ്ടുവരാം എന്ന് ഏറ്റവും സ്വാഭാവികമായി പറയുന്ന ജാതിയിൽ താണ കീഴുദ്യോഗസ്ഥൻ. ചുറ്റിലുമുള്ളവരുടെ ജാതി ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചു അവസാനം ഭ്രാന്ത് പിടിച്ച്, തെറിവാചകം പറയേണ്ടിവരുന്ന നായകൻ. 'സാർ ചെളിക്കുണ്ടിലേക്ക് ഇറങ്ങേണ്ട, വസ്ത്രങ്ങൾ മോശമാകും' എന്ന് പറയുന്ന കീഴുദ്യോഗസ്ഥനോട്, എന്നെങ്കിലും ബ്രാഹ്മണരും ഇറങ്ങിയല്ലേ പറ്റൂ, എന്നാണ് നായകൻ ചോദിക്കുന്നത്. അങ്ങനെ മിതമായ രീതിയിൽ ശക്തമായ ഡയലോഗുകളാൽ സമ്പന്നമാണ് ചിത്രം. വന്ദേമാതരം എന്ന ഗാനത്തിന്റെ അകമ്പടിയോടുകൂടെ ചെളിക്കുഴിയിൽ മുങ്ങി ഒരാൾ ചെളി മുക്കിക്കളയുന്ന സീൻ കൂടിയാവുമ്പോൾ തന്റെ രാഷ്ട്രീയം ശക്തമായി അവതരിപ്പിക്കുകയാണ് സംവിധായകൻ. ഇന്ത്യൻ അവസ്ഥയെപ്പറ്റി വിവരവും ആശങ്കയും ഭാവിയെപ്പറ്റി നേരിയതെങ്കിലും പ്രത്യാശയുമുള്ള പ്രേക്ഷകൻ ആ രംഗത്ത് രോമാഞ്ചമണിയും. തീർച്ചയായും തിയേറ്ററിൽ നിന്നു തന്നെ കാണേണ്ട ഒരു മനോഹര ചിത്രം.

ആകെയുള്ള വിഷമം സിനിമ കാണാൻ കൂടെയുണ്ടായിരുന്ന ആൾക്കൂട്ടം മാത്രമാണ്. ഇടയ്ക്കിടയ്ക്ക് ഫോണിൽ സംസാരിച്ചുകൊണ്ടും മർമപ്രധാനമായ ഭാഗങ്ങളിൽ പുറത്തുപോയി പോപ്കോൺ വാങ്ങിവന്നു കൊറിച്ചും, അനാവശ്യഇടങ്ങളിൽ ആസ്വദിച്ചു ചിരിച്ചും അവർ പടം കണ്ടുതീർത്തു. മൾട്ടിപ്ലക്‌സിൽ 260 രൂപയുടെ ടിക്കറ്റ് എടുത്തവർക്ക് 3 രൂപ ശമ്പളം കൂട്ടിച്ചോദിച്ചതിന് കൂട്ടബലാസംഗം ചെയ്ത് കൊല്ലപ്പെടുന്ന മൂന്ന് പെൺകുട്ടികളുടെ കഥ അല്ലെങ്കിലും എങ്ങിനെ മനസ്സിലാവാനാണ്?

എനിക്കിതൊന്നും ബാധകം അല്ലലോ. ഞാൻ എത്ര കിടു എന്ന് ചിന്തിക്കുന്നവർ മിനിമം സ്വന്തം ഫേസ്ബുക് പ്രൊഫൈലിൽ നിങ്ങൾ ഉപയോഗിക്കുന്ന പേരിലേക്കെങ്കിലും ഒന്ന് നോക്കണം. അവിടെ ഏതെങ്കിലും ജാതിവാലുകൾ / ഔദ്ധത്യം വെളിപ്പെടുത്തുന്ന കുടുംബപേരുകൾ കാണുകയാണെങ്കിൽ, നിങ്ങളും വെറും ശോകം മാത്രമാണ്. സിനിമയിൽ നായകൻ പറയുന്നപോലെ, തീകത്തുമ്പോൾ ന്യൂട്രൽ സ്റ്റാൻഡ് എടുക്കുക എന്നാൽ തീ കത്തിക്കുന്നവരെ സപ്പോർട്ട് ചെയ്യുക എന്നത് തന്നെയാണ്...