LiveTV

Live

Opinion

വിലക്കപ്പെട്ട ഓറഞ്ച് കനി തേടി ആ പെണ്‍കുട്ടികള്‍

വിലക്കപ്പെട്ട കനിയുടെ ദൗർഭാഗ്യ ജാതകത്തിൽ നിന്ന് ഡച്ച് ഫുട്‌ബോളിനെ മോചിപ്പിക്കാൻ ലൈക്കെ മാർട്ടിൻസിനും കൂട്ടാളികൾക്കും കഴിയുമോ?

വിലക്കപ്പെട്ട ഓറഞ്ച് കനി തേടി ആ പെണ്‍കുട്ടികള്‍

സ്വർഗത്തിൽ ആദാമിന് വിലക്കപ്പെട്ട കനി ആപ്പിളായിരുന്നുവെങ്കിൽ ഭൂമിയിൽ യോഹാൻ ക്രൈഫിനും കൂട്ടർക്കും ഓറഞ്ച് തോട്ടത്തിന്റെ അധിപൻ വിലക്കിയിരിക്കുന്നത് മധുരനാരങ്ങയാണ്. മൂന്ന് തവണയും മധുരമൂറുന്ന ഓറഞ്ച് കനി കഴിക്കാൻ ശ്രമിച്ചപ്പോൾ ഹതാശരായതിന്റെ വേദനയുമായാണ് യൊഹാൻ ക്രൈഫും പിന്മാറക്കാരുമടങ്ങുന്ന ഓറഞ്ച് തോട്ടത്തിലെ പുരുഷ സന്തതികൾ കടന്നുപോയത്. കാൽപ്പന്തു ഭൂമികയുടെ ഓറഞ്ച് തോട്ടത്തിലെ കനി ക്രൈഫിനും കൂട്ടർക്കും നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുന്നതിന്റെ ദൗർഭാഗ്യത്തെപ്പറ്റിയുള്ള ചർച്ചകൾ ഫുട്‌ബോൾ ലോകത്ത് അവസാനിക്കുന്നില്ല.

ഓറഞ്ച് തോട്ടത്തിലെ വിലക്കപ്പെട്ട കനി കഴിക്കാൻ ശ്രമിച്ചതിന്റെ പാപഫലമായിരിക്കുമോ ആദ്യ ലോകകപ്പിന് ശേഷം ക്രൈഫ് ഹോളണ്ടിന്റെ ഫുട്ബോൾ പറുദീസയിൽ നിന്നുതന്നെ എന്നേക്കുമായി പുറംതള്ളപ്പെട്ടത്? പലപ്പോഴും ഹോളണ്ട് ടീം തന്നെ അതിനിഗൂഢമെന്നോണം ഫുട്ബോളിൽ നിന്നും എടുത്തെറിയപ്പെട്ടത്?

തന്റെ കന്നി ലോകകപ്പിൽ തന്നെ ക്രൈഫ് റിനസ് മിഖായേലിന്റെ ടോട്ടൽ ഫുട്ബോൾ എന്ന വിപ്ലവ ഫുട്‌ബോൾ ശൈലിയുടെ പട നായകനായി വന്നപ്പോൾ, ബ്രസീലടക്കമുള്ള വൻശക്തികളെ നിലം പരിശാക്കിയാണ് അന്നേവരെ ഫുട്ബോൾ ഭൂപടത്തിൽ ഇല്ലാതിരുന്ന ഹോളണ്ട് 1974 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചത്. പശ്ചിമ ജർമ്മനിയുമായുള്ള ഫൈനലിൽ എതിർടീം കളിക്കാർ പന്ത് തൊടും മുൻപെ ഹോളണ്ട് ഗോൾ നേടി; അവിടെയുണ്ട് അതിവിചിത്രമായൊരു യാദൃശ്ചിത. ക്രൈഫ് ഗോൾ നേടിയ ഒറ്റ കളിയിലും ഹോളണ്ട് തോറ്റിട്ടില്ല. 74-ലെ ഫൈനലിൽ ക്രൈഫിനെ ചവിട്ടിയതിന് കിട്ടിയ പെനാൽറ്റി എടുത്തത് നീൻസ്‌കെൻസ് ആയിരുന്നു. ലക്ഷ്യം കാണുകയും ചെയ്തു. എന്നാൽ പിന്നീട് കടുത്ത ഫൗളുകളും ശക്തമായ മാർക്കിങ്ങുമായി ജർമൻകാർ ക്രൈഫിനെ വരിഞ്ഞുകെട്ടി. പോൾ ബെർട്‌നറും ഗെർദ് മ്യൂളറും ആദ്യപകുതിയിൽ തന്നെ ഗോൾ മടക്കി. ഘടികാരത്തിന്റെ സൂചികൾ എതിർദിശയിൽ ചലിക്കുന്നതു പോലെ കളിച്ച് ഫുട്‌ബോൾ ലോകത്തെ അമ്പരിപ്പിച്ച ഡച്ചുകളുടെ അത്ഭുതയാത്ര കണ്ണീരിൽ അവസാനിച്ചു. അന്ന് രണ്ടാം മിനുട്ടിൽ ലഭിച്ച പെനാൽട്ടി ക്രൈഫ് എടുത്ത് ഗോൾ നേടിയിരുന്നുവെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്നത് ഇന്നും ഫുട്ബോൾ ലോകത്തെ നിഗൂഡതയുടെ സൗന്ദര്യം നിറഞ്ഞ ചോദ്യമായി അവിശേഷിക്കുന്നു.

ചുംബനദൂരത്തിൽ കപ്പ് തട്ടിയെറിയപ്പെട്ടിട്ടും 74 ലോകകപ്പിലെ മികച്ച കളിക്കാരൻ ക്രൈഫ് തന്നെ ആയിരുന്നു. അല്ലെങ്കിലും നിഗൂഢതകൾ നിറഞ്ഞ ഫുട്ബോൾ ആയിരുന്നല്ലോ അദ്ദേഹത്തിന്റെ ഫുട്ബോൾ ജീവിതം. അതിന്റെ രണ്ടാം ഘട്ടമായിരുന്നു, 1978 ലോകപ്പിൽ ഹോളണ്ടിന് യോഗ്യത നേടിക്കൊടുത്ത ക്രൈഫ് ലോകകപ്പിൽ നിന്ന് അവസാന നിമിഷം പിന്മാറിയത്. വിചിത്രമായ ആ തീരുമാനത്തിന്റെ കാരണം ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ലോകകപ്പ് കളിക്കാൻ അർജന്റീനയിലേക്കു പോയാൽ തന്നെയും കുടുംബത്തെയും തട്ടിക്കൊണ്ട് പോകുമെന്ന ഭീഷണി വന്ന കാര്യം പതിറ്റാണ്ടുകൾക്കു ശേഷം ക്രൈഫ് ലോകത്തോട് വിളിച്ചുപറഞ്ഞു.

യൊഹാൻ ക്രൈഫ് ഇല്ലാതിരുന്നിട്ടും 78-ൽ ഹോളണ്ട് തുടർച്ചയായി രണ്ടാം തവണയും ഫൈനലിലെത്തി. നാല് വർഷം മുമ്പ് കിരീടം നിഷേധിച്ച പശ്ചിമ ജർമനിയെ തളച്ചും ഇറ്റലിയെ കീഴടക്കിയും കലാശക്കളിക്കെത്തിയും അർജന്റീനയോട് തോറ്റ് മടങ്ങാനായിരുന്നു വിധി. ക്രൈഫ് കൂടിയുണ്ടായിരുന്നെങ്കിൽ അന്ന് ഹോളണ്ട് എതിരാളികൾ ഇല്ലാത്ത വിധം ലോകകപ്പ് ജയിക്കുമായിരുന്നുവെന്നാണ് അന്നത്തെ ഫുട്ബോൾ പണ്ഡിതർ ഒന്നടങ്കം പറഞ്ഞത്. ക്രൈഫ് പിന്നെ ഓറഞ്ച് ജേഴ്‌സി അണിഞ്ഞിട്ടില്ല.

2010 ൽ സ്‌നൈഡർ - റോബൻ - വാൻ പേഴ്സി ത്രിമൂർത്തികളുടെ കരുത്തിൽ ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ ഹോളണ്ട് മൂന്നാം തവണ ഫൈനലിലെത്തി. കളിയുടെ ആദ്യ പാതിയിൽ സ്നൈഡർ നൽകിയ ഒന്നാം തരം പാസ് റോബന്റെ കാലുകളിൽ സ്പാനിഷ് ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിക്കുന്നു. ഒട്ടും പിഴക്കാത്ത റോബന്റെ ഇടങ്കാലൻ അടി സ്പാനിഷ് ഗോളി കാസിലാസ് ചാടിയതിന് വിപരീത ദിശയിൽ തന്നെ ആയിരുന്നു. എന്നാൽ ഉയർന്ന് ചാടിയ കാസിലാസിന്റെ കാലുകളിൽ തട്ടി പന്ത് പുറത്തേക്ക് പോയപ്പോൾ വീണ്ടും ചുണ്ടകലത്തിൽ മധുരനാരങ്ങ നിഷേധിക്കപ്പെടുന്നു. ലോകകപ്പ് നേടാനുള്ള മൂന്നാമത്തെ അവസരവും അവിടെ ഹോളണ്ടിന് നഷ്ടമായി.

സ്വർഗ്ഗത്തിലെ കഥയിൽ, ഹവ്വാ പഴം കഴിച്ചിട്ടുണ്ട്. ഭൂമിയിലെ ഓറഞ്ച് തോട്ടത്തിലെ ക്രൈഫിനും കൂട്ടർക്കും തൊണ്ടയിൽ കുടുങ്ങിയ കനി ഭക്ഷിക്കാൻ ഓറഞ്ച് തോട്ടത്തിലെ ഹവ്വമാർക്കു കഴിയുമോ എന്ന് ഇന്നറിയാം.

ചരിത്രത്തിലാദ്യമായി ഹോളണ്ട് വനിതാ ടീം ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ഇന്ന് അമേരിക്കയുമായി ഏറ്റുമുട്ടാനൊരുങ്ങുകയാണ്. വിലക്കപ്പെട്ട കനിയുടെ ദൗർഭാഗ്യ ജാതകത്തിൽ നിന്ന് ഡച്ച് ഫുട്‌ബോളിനെ മോചിപ്പിക്കാൻ ലൈക്കെ മാർട്ടിൻസിനും കൂട്ടാളികൾക്കും കഴിയുമോ? ക്രൈഫിനും റെൻസൻബ്രിങ്കിനും വാൻ ബാസ്റ്റനും ഗുള്ളിറ്റിനും റെയ്ക്കാർഡിനും ക്ലൈവർട്ടിനും ബെർഗ്കാംപിനും സ്‌നൈഡർക്കും വാൻപേഴ്‌സിക്കും റോബനും ഇറുത്തെടുക്കാൻ കഴിയാതിരുന്ന കനി പെൺപട ആംസ്റ്റർഡാമിലേക്കു കൊണ്ടുചെല്ലുമോ?

എല്ലാം ഇന്നറിയാം. ഇന്ന് രാത്രി 8.30 ന് നടക്കുന്ന വനിതാ ലോകകപ്പ് ഫൈനലിൽ ഓറഞ്ച് പെണ്ണുങ്ങൾ കിരീടം ചൂടിയാൽ എന്തൊരു മനോഹരം ആയിരിക്കും ആ കാഴ്ച!