LiveTV

Live

Opinion

കേന്ദ്ര ബജറ്റ്: എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം

ബജറ്റ് എന്ന് പറയുന്ന പ്രക്രിയ തന്നെ ഒരു കുടുംബത്തിലെ കാരണവർ മക്കൾ, ഭാര്യ ഇങ്ങനെ എല്ലാവരെയും വിളിച്ചു കൂട്ടി അടുത്ത വർഷം ഇങ്ങനെയൊക്കെ ചെയ്യും എന്ന് പറയുന്ന സാങ്കൽപിക പ്രവചനം മാത്രമാണ്

കേന്ദ്ര ബജറ്റ്: എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം

ബജറ്റിനെ കുറിച്ചുള്ള അഭിപ്രായം എന്തെന്ന് കുറെയേറെ ആളുകൾ ചോദിച്ചു. ഇന്നലെ മൊത്തത്തിൽ തിരക്ക് ആണ്, ഇന്ന് രാവിലെ എഴുതാം എന്ന് പറഞ്ഞു. ദാ പിടിച്ചോ...

ബജറ്റ് എന്ന് പറയുന്ന പ്രക്രിയ തന്നെ ഒരു കുടുംബത്തിലെ കാരണവർ മക്കൾ, ഭാര്യ ഇങ്ങനെ എല്ലാവരെയും വിളിച്ചു കൂട്ടി അടുത്ത വർഷം ഇങ്ങനെയൊക്കെ ചെയ്യും എന്ന് പറയുന്ന സാങ്കൽപിക പ്രവചനം മാത്രമാണ്. അത് സോഷ്യലിസ്റ്റ് കമാൻഡ് എക്കണോമിയുടെ അവശേഷിപ്പ്‌ മാത്രമാണ്. അത് വെറും കണ്ണിൽ പൊടിയിടലും പൊതു ജനങ്ങൾക്ക് കൊടുക്കുന്ന വ്യാജ വാഗ്ദാനങ്ങളും ആണ്. കാരണം പെർഫോമൻസ് ഷീറ്റ് ഇല്ലല്ലോ കഴിഞ്ഞ ബജറ്റുകളിൽ പറഞ്ഞത് ചെയ്തോ എന്നറിയാൻ?

മുതലാളിത്ത സമൂഹത്തിൽ ഇങ്ങനെ ഒരു പരിപാടിയേയില്ല. ലോകത്തിലെ ജി-20 രാജ്യങ്ങളിൽ ഇന്ത്യയിൽ മാത്രമേ ഇങ്ങനെ ഒരു വലിയ സംഭവമായി ഈ പണിയുള്ളൂ. കാരണം അവിടെയൊക്കെ സർക്കാരുകൾ ബിസിനസ് നടത്തുന്ന പരിപാടി ഇന്‍സ്ട്രീഷ്യൂണലിസ് ചെയ്ത് പ്രൈവറ്റ്, ജോയിന്റ് സെക്ടർ കമ്പനികൾ, വ്യക്തികൾ എന്നിവക്കു കൈമാറി. നികുതി പരിഷ്കരണം ആവശ്യമില്ല. കാരണം അത്യാവശ്യം ഘട്ടങ്ങളിൽ അല്ലാതെ സ്വന്തം രാജ്യത്തെ വ്യവസായം, വ്യാപാരം, കൃഷി ഇതിലൊന്നും പരീക്ഷണം നടത്താനുള്ള ഗിനി പന്നികൾ അല്ല പൗരന്മാരും എന്ട്രര്‍പ്രണേഴ്സ് എന്നും മനസ്സിലാക്കിയ പുരോഗമിച്ച ചിന്തഗതിയുള്ള ഭരണ നേതൃത്വം ആണ് അവിടെയുള്ളത്.

‘’ഇനി ഈ ബജറ്റിനെ കുറിച്ച് പറഞ്ഞാൽ ഒരുദാഹരണത്തിൽ സംഗ്രഹിക്കാം. ചില കെ.എസ്.ആര്‍.ടി.സി ഡിപ്പോയിൽ നിന്നുമുള്ള ബസുകൾ പോലെയാണ്. ഷെഡ്യൂൾ പൊലെ ഓരോ ബോർഡ് എടുത്ത് തോമാശ്ലീഹാ വന്ന കാലത്തെ ബസിൽ തൂക്കും. ചിലപ്പോൾ ഓർഡിനറി, മറ്റു ചിലപ്പോൾ ലിമിറ്റഡ് സ്റ്റോപ്പ്‌ ഓർഡിനറി, ചിലപ്പോൾ ഫാസ്റ്റ്, മറ്റു ചിലപ്പോൾ സൂപ്പർ ഫാസ്റ്റ്, ഒരു രക്ഷയുമില്ല, പ്രസ്റ്റീജ് അന്തർ സംസ്ഥാന സർവീസ് പോകുന്ന ബസ് കേടാണെങ്കിൽ മുടങ്ങും എന്ന അവസ്ഥയാണെങ്കിൽ ഈ ച്ചടക്ക് വണ്ടി ചിൽ, മൾട്ടി ആക്സിൽ എന്ന് വേണമെങ്കിൽ പറയും. ബജറ്റ് അത്രേയുള്ളൂ’’

സംഭവം യാത്രക്കാരന് മാത്രമേ അറിയൂ, വണ്ടി കഴിഞ്ഞയാഴ്ച്ച പോയ റോഡിൽ വെച്ച് ബ്രെയ്ക് ഡൌൺ ആയ ഓർഡിനറി തന്നെ. കാശ് കൂടുതൽ ആവശ്യം ഉള്ളത് കൊണ്ട് ബോർഡ് മാറ്റി. അത്രേയുള്ളൂ. ഒറ്റ വാക്കിൽ ബജറ്റ് "എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം" എന്ന് പറയാം. ആ സ്വപ്‌നങ്ങളുടെ ലിസ്റ്റ് പറയാം.

  • 1.2022 ഓടെ എല്ലാവർക്കും വീട്
  • 2. ഗ്രാമീണ വീടുകളിൽ എല്ലാം പൈപ്പ് ലൈനിൽ വെള്ളം എത്തിക്കും
  • 3. എല്ലാവർക്കും വൈദ്യുതി, ഗ്യാസ് കണക്ഷൻ. വൈദ്യുതി ആവശ്യമില്ല എന്ന് പറയുന്നവർക്ക് മാത്രമേ കൊടുക്കാതെ ഇരിക്കൂ. എന്ന് വെച്ചാൽ ഉത്തരേന്ത്യൻ ഗ്രാമീണർ മുഴുവൻ വേണ്ടെന്നു പറഞ്ഞു എന്ന് എഴുതി വെയ്ക്കും
  • 4. ചെറുകിട വ്യാപാരികൾക്ക് പെൻഷൻ. ഇനി പെൻഷൻ ലഭിക്കാൻ മരിച്ചവരും ജനിക്കാൻ ഉള്ളവരെയും കൂടി ഉൾപെടുത്തുക
  • 5.ഗ്രാമീണ റോഡുകൾ 1.25 ലക്ഷം കിലോമീറ്റർ, ഡിജിറ്റൽ വില്ലേജ് എന്നിവ ഉണ്ടാക്കും
  • 6. ശുചിത്വം ഉറപ്പാക്കാൻ എല്ലാ ഗ്രാമങ്ങളിലും ഖര മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കും. എന്ന് വെച്ചാൽ വലിയ കുഴി കുത്തിക്കൊടുക്കും
  • 7. സീറോ ബജറ്റ് ഫാമിങ് വഴി കർഷകന്റെ വരുമാനം 2022 ൽ ഇരട്ടിയാക്കും. കുറച്ച് നാൾ മുൻപ് താങ്ങുവില കൊണ്ട് കർഷകന് 50% ലാഭം ഉറപ്പാക്കിയ കുറുപ്പ് ആണ് അടുത്ത പണിയും കൊണ്ട്. സീറോ ബജറ്റ് മതിയല്ലോ അടിച്ചു വിടാൻ..

കേരളത്തിന്‌ ഗുരുതരമായി ബാധിക്കുന്ന കുറച്ച് കാര്യങ്ങൾ മാത്രം പറയട്ടെ. ബജറ്റിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യം നാണ്യ വിള, മത്സ്യ, ആട് മാട്, മറ്റു കച്ചവടം നടത്തുന്നവരെയും അസംഘടിത രീതിയിൽ കോൺട്രാക്ട്, എന്തെങ്കിലും തൊഴിലൊക്കെ ചെയ്യുന്നവരെ ഗുരുതരമായി ബാധിക്കും. ഒരു കോടിക്ക് മുകളിൽ ഒരു വർഷം കാശ് ബാങ്കിലെ അക്കൗണ്ടിൽ നിന്നുമുള്ള പിൻവലിക്കൽ 2% റ്റി.ഡി.എസ് ഉണ്ടാകും. എന്ന് വെച്ചാൽ ഏകദേശം 30000 രൂപയിൽ താഴെ പ്രതിദിനം. ഒരു റബ്ബർ വ്യാപാരി, ഏലം, കുരുമുളക് വ്യാപാരി, കോൺട്രാക്ടർ, മത്സ്യ വ്യാപാരി എന്നിവർ ഇതിന്റെ പത്തു മടങ്ങ് എങ്കിലും ദിവസവും കാഷ് അടിസ്ഥാനത്തിൽ വ്യാപാരം ഉള്ളവരെന്ന് ഉറപ്പ്. അപ്പോൾ അവർക്ക് ഇത് ദോഷമെന്ന് ഉറപ്പ്. ഇത് കുറച്ച് കഴിഞ്ഞു താഴ്ത്തി കൊണ്ടുവന്നു പൂർണമായും ഡിജിറ്റൽ ആക്കാനുള്ള ഗൂഢ ഉദ്ദേശം തന്നെ. പഴയ നോട്ട് നിരോധനം വേറെ വേഷത്തിൽ.

‘’ബജറ്റ് മൊത്തം മുങ്ങി തപ്പിയ എനിക്ക് പോസിറ്റീവ് ആയി കാണാൻ പറ്റിയ നല്ല കാര്യങ്ങൾ ഇലക്ട്രിക് വെഹിക്കിൾ പദ്ധതി, മെഗാ മാനുഫാക്ച്ചറിങ് പദ്ധതി, യാത്ര കാർഡ്, ഓട്ടോമേറ്റഡ് റിട്ടേൺ ഫയലിംഗ്, ഒറ്റ പവർ ഗ്രിഡ് എന്നിവയാണ്. ഒറ്റ പവർ ഗ്രിഡ് കെ.എസ്.ഇ.ബി എന്ന വെള്ളാനയെ കൊന്നു കുഴിച്ചു മൂടും. അത് ദീർഘകാലാടിസ്ഥാനത്തിൽ കേരളത്തിന്റെ ഊർജ സുരക്ഷ ഉറപ്പാക്കും’’

അടിക്കുറിപ്പ് - ഇന്നലെ ബജറ്റ് കേൾക്കാൻ ഇരുന്നപ്പോൾ ഒരു സംഘി ബാങ്കർ കൂടെയുണ്ട്. താൻ എന്താണ് നെഗറ്റീവ് മാത്രം കാണുന്നത് എന്ന ചോദ്യം. ഞാൻ പറഞ്ഞു. ഒരു ഗ്ലാസിൽ പാതി വെള്ളം നിറഞ്ഞിരിക്കുന്ന അവസ്ഥയിൽ അതിൽ പാതി കൊണ്ട് ദാഹം അകറ്റാം എന്നും മുഴുവൻ തരാൻ സർക്കാർ ബാധ്യസ്ഥരാണ് എന്നും പറയാമെന്നു ഞാൻ മറുപടി കൊടുത്തു. പൊതു ജനങ്ങൾക്ക് വാഗ്ദാനം ചെയ്തത് കൊടുക്കണം, അതിനാണ് വോട്ട് ചെയ്യുന്നതും നികുതി കൊടുക്കുന്നതും. പകരം അര ഗ്ലാസ് കലക്ക വെള്ളം തരും. ഇടക്ക് വിഷം. ഞാൻ ഇപ്പോൾ ഇന്ത്യൻ സാഹചര്യത്തിൽ ഒരു സിനിക്ക് ആണ്. കാരണം ചുറ്റും നോക്കിയാൽ നല്ലത് ഒന്നും അധികം കാണുന്നില്ല. വെറുതെ സ്വയം വിശ്വസിപ്പിച്ചു കൊണ്ട് എന്തിന് അവനവനിൽ നിന്നും ഒളിച്ചോടണം? ബി റിയലിസ്റ്റിക് അതാണ് പോളിസി ഗൈഡ് ലൈൻ.