LiveTV

Live

Opinion

മലബാറിലിപ്പോഴും 34171 പ്ലസ് വൺ വിദ്യാർഥികൾ തെരുവിലാണ്

ഒരു സംസ്ഥാനത്തെ ഒരു പ്രദേശത്തെ മാത്രം പൗരൻമാർ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന അനീതി തിരുത്തുവാൻ ജനാധിപത്യ സർക്കാറുകൾക്ക് സാമ്പത്തിക പ്രതിസന്ധി തടസ്സമാവാൻ പാടില്ലാത്തതാണ്

മലബാറിലിപ്പോഴും 34171 പ്ലസ് വൺ വിദ്യാർഥികൾ തെരുവിലാണ്

പ്ലസ് വൺ അഡ്മിഷൻ പ്രക്രിയ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മലബാറിലെ ആറ് ജില്ലകളിലും ഇനിയും അഡ്മിഷൻ ലഭിക്കാതെ 34171 വിദ്യാർഥികൾ പുറത്തുനിൽക്കുന്നു. സർക്കാർ ഒടുവിൽ വർധിപ്പിച്ച പത്ത് ശതമാനമടക്കം 2019 ലെ മുപ്പത് ശതതമാനം സീറ്റുവർധനവിന് ശേഷമുള്ള കണക്കാണിത്. സർക്കാർ ഹയർ സെക്കന്ററി വെബ്സൈറ്റിലെ ഔദ്യോഗിക കണക്കു പ്രകാരം മലബാറിലെ ആറ് ജില്ലകളിലായി 249843 വിദ്യാർഥികൾ പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടുണ്ട്.

SSLC ക്ക് പുറമെ സി.ബിഎസ്.ഇ പത്താം ക്ലാസ് വിജയികളും വിദേശത്ത് പഠിച്ചവരുമെല്ലാം ഇവിടെ അപേക്ഷിച്ചുണ്ടെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. വെബ്സൈറ്റിൽ അവ പ്രത്വേകം രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട്-47089, മലപ്പുറം-83894 ,കോഴിക്കോട്-50188, വയനാട്-12441, കണ്ണൂർ-37256, കാസർകോട്‌-18975 എന്നിങ്ങനെയാണ് പ്ലസ് വൺ അപേക്ഷകരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. മലബാറിലെ ആറ് ജില്ലകളിലുമായി 166504 പ്ലസ് വൺ സീറ്റുകളാണ് ഇതേ വെബ്സൈറ്റ് പ്രകാരമുള്ള ഔദ്യോഗിക കണക്ക്. പാലക്കാട്-28206, മലപ്പുറം-52775, കോഴിക്കോട്-34522, വയനാട്-8656, കണ്ണൂർ-28067, കാസർകോട്-14278 എന്നിങ്ങനെയാണ് വെബ്സൈറ്റിലുള്ള ജില്ല തിരിച്ച പ്ലസ് വൺ സീറ്റുകളുടെ എണ്ണം. അതായത് ഈ വർഷത്തെ അപേക്ഷകരേക്കാൾ 83339 സീറ്റുകൾ മലബാറിൽ കുറവാണെന്നർഥം.

മലപ്പുറത്ത് 15287 വിദ്യാർഥികൾക്കും പാലക്കാട് ജില്ലയിൽ 10422 പേർക്കും പ്ലസ് വണ്ണിന് പഠിക്കാൻ ഇപ്പോഴും അവസരമില്ല. കോഴിക്കോട്-6090, വയനാട്-1189, കണ്ണൂർ-769 ,കാസർകോട്-414 വിദ്യാർഥികളും ഇപ്രകാരം പുറത്ത് നിൽക്കുന്നു.

ഈ അനീതിക്കെതിരെ മലബാറിന്റെ തെരുവുകളിൽ സമര പ്രക്ഷോഭങ്ങളുണ്ടായപ്പോഴാണ് സർക്കാർ രണ്ട് ഘട്ടങ്ങളിലായി 30 ശതമാനം സീറ്റുകൾ വർധിപ്പിച്ചത്. ഇതു പ്രകാരം 49948 സീറ്റാണ് ആറ് ജില്ലകളിലായി ഈ അധ്യയനവർഷം അധികമുണ്ടാവുക. ഇതും കൂടി ചേർത്താൽ 215672 സീറ്റുകൾ മലബാറിലുണ്ടാകും. അപേക്ഷകരുടെ എണ്ണം 249843 ആണ്. അപ്പോൾ ഈ വർധനവെല്ലാം കഴിഞ്ഞും സർക്കാർ കണക്കുകൾ പ്രകാരം തന്നെ 34171 വിദ്യാർഥികൾ പ്ലസ് വണ്ണിന് ഇനിയും പഠനാവസരമില്ലാതെ പുറത്തുനിൽക്കുന്നു. മലപ്പുറത്ത് 15287 വിദ്യാർഥികൾക്കും പാലക്കാട് ജില്ലയിൽ 10422 പേർക്കും പ്ലസ് വണ്ണിന് പഠിക്കാൻ ഇപ്പോഴും അവസരമില്ല. കോഴിക്കോട്-6090, വയനാട്-1189, കണ്ണൂർ-769 ,കാസർകോട്-414 വിദ്യാർഥികളും ഇപ്രകാരം പുറത്ത് നിൽക്കുന്നു.

നിലവിൽ സർക്കാർ വർധിപ്പിച്ച 30 ശതമാനം സീറ്റുവർധനവ് ഈ അധ്യയന വർഷത്തേക്ക് മാത്രം ബാധകമായ ഉത്തരവാണ്. അടുത്ത വർഷം ഇപ്പോൾ വർധിപ്പിച്ച 49948 സീറ്റുകൾ വീണ്ടും കുറയും. പഴയ പോലെ എൺപതിനായിരത്തിന് മുകളിൽ സീറ്റുകളുടെ കുറവ് വീണ്ടുമുണ്ടാകും. അതിനെതിരെ പ്രതിഷേധമുയരുമ്പോൾ ഇരുപതോ മുപ്പതോ ശതമാനം സീറ്റുവർധനവ് ആവർത്തിക്കും. ഇതാണ് കുറച്ച് വർഷങ്ങളായി മലബാറിൽ ആവർത്തിക്കുന്നത്. തെക്കൻ ജില്ലകളിലെല്ലാം പത്താം ക്ലാസ് പാസായവരേക്കാൾ പ്ലസ് വൺ സീറ്റുള്ളപ്പോഴാണ് ഈ മലബാറിൽ മാത്രം ഈ വിവേചനം പരിഹാരമില്ലാതെ തുടർന്നു പോരുന്നത്.

കഴിഞ്ഞ കാലങ്ങളിലെ ഇടതു-വലതു സർക്കാറുകൾ ഹയർ സെക്കന്ററി സ്കൂളുകളും ബാച്ചുകളും അനുവദിച്ചപ്പോൾ ഉണ്ടായ വിവേചനമാണ് സംസ്ഥാനത്തിന്റെ ഒരു ഭാഗത്ത് സീറ്റുകൾ അധികമാവുകയും മലബാർ മേഖലയിൽ സീറ്റുക്ഷാമം അനുഭവിക്കാനുമുള്ള അടിസ്ഥാന കാരണങ്ങളിലൊന്ന്. ഈ പ്രതിസന്ധി എന്നന്നേക്കുമായി പരിഹരിക്കാൻ ആവശ്യമായ പുതിയ ഹയർ സെക്കന്ററികളും അഡീഷണൽ ബാച്ചുകളും അനുവദിക്കുകയാണ് സാമൂഹിക നീതിയിൽ വിശ്വസിക്കുന്ന സർക്കാർ ചെയ്യേണ്ടത്.

30 ശതമാനം വർധനവ് ചേർക്കാതെ തന്നെ പത്തനംത്തിട്ടയിൽ 4151, കോട്ടയം-1995, എറണാംകുളം-507, ആലപ്പുഴ-287 എന്നിങ്ങനെ പ്ലസ് വൺ സീറ്റുകൾ അധികമാണ്. പല സ്കൂളുകളിലും ഒരൊറ്റ കുട്ടിയുമില്ലാതെ ബാച്ചുകൾ തന്നെ ഒഴിഞ്ഞുകിടക്കുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിലെ ഇടതു-വലതു സർക്കാറുകൾ ഹയർ സെക്കന്ററി സ്കൂളുകളും ബാച്ചുകളും അനുവദിച്ചപ്പോൾ ഉണ്ടായ വിവേചനമാണ് സംസ്ഥാനത്തിന്റെ ഒരു ഭാഗത്ത് സീറ്റുകൾ അധികമാവുകയും മലബാർ മേഖലയിൽ സീറ്റുക്ഷാമം അനുഭവിക്കാനുമുള്ള അടിസ്ഥാന കാരണങ്ങളിലൊന്ന്.

ഒരു സംസ്ഥാനത്തെ ഒരു പ്രദേശത്തെ മാത്രം പൗരൻമാർ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന അനീതി തിരുത്തുവാൻ ജനാധിപത്യ സർക്കാറുകൾക്ക് സാമ്പത്തിക പ്രതിസന്ധി തടസ്സമാവാൻ പാടില്ലാത്തതാണ്. വൈകി ലഭിക്കുന്ന നീതി പോലും അനീതിയാണ്. പരിഹാരം വൈകുന്തോറും ആ അനീതിയാണ് വർധിക്കുന്നത്

ഈ പ്രതിസന്ധി എന്നന്നേക്കുമായി പരിഹരിക്കാൻ ആവശ്യമായ പുതിയ ഹയർ സെക്കന്ററികളും അഡീഷണൽ ബാച്ചുകളും അനുവദിക്കുകയാണ് സാമൂഹിക നീതിയിൽ വിശ്വസിക്കുന്ന സർക്കാർ ചെയ്യേണ്ടത്. അത് ചെയ്യാതെയുള്ള മറ്റ് പരിഹാരശ്രമങ്ങളെല്ലാം താൽക്കാലികം മാത്രമായിരിക്കും. ഇതേ പ്രതിസന്ധി അടുത്ത വർഷം ആവർത്തിക്കുകയായിരിക്കും അതിന്റെ ദുരന്തഫലം. നിലവിലെ 30 ശതമാന വർധനവനുസരിച്ച് മലബാറിലെ ഒരു പ്ലസ് വൺ ക്ലാസിൽ 65 കുട്ടികളുണ്ടാകും. ഇത് സർക്കാർ തന്നെ അംഗീകരിച്ച വിദ്യാർഥി-അധ്യാപക അനുപാതത്തിന് എതിരാണ്. മിക്ക ക്ലാസ് റൂമുകളും 50 പേർക്കിരിക്കാൻ സൗകര്യമുള്ളതാണെന്നതാണ് യാഥാർഥ്യം.

ഇങ്ങനെ 50 പേർ ഇരിക്കാവുന്ന ഒരു ക്ലാസിൽ 65 വിദ്യാർഥികൾ തിക്കിത്തിരക്കിയിരിക്കുമ്പോഴുണ്ടാകുന്ന അക്കാദമിക മികവ് എന്തായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ശാക്തീകരണവും വിദ്യാർഥി സൗഹൃദ ക്ലാസ് റൂമും അധ്യാപക ട്രെയ്നിംഗിൽ പരിചയപ്പെടുത്തുന്ന സർക്കാർ തന്നെ വ്യക്തമാക്കേണ്ടതാണ്. സാമ്പത്തിക ബാധ്യതയാണ് പുതിയ ബാച്ചുകളനുവദിക്കുന്നതിന് തടസ്സമായി സർക്കാർ പറയുന്ന തടസ്സം. ഒരു സംസ്ഥാനത്തെ ഒരു പ്രദേശത്തെ മാത്രം പൗരൻമാർ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന അനീതി തിരുത്തുവാൻ ജനാധിപത്യ സർക്കാറുകൾക്ക് സാമ്പത്തിക പ്രതിസന്ധി തടസ്സമാവാൻ പാടില്ലാത്തതാണ്. വൈകി ലഭിക്കുന്ന നീതി പോലും അനീതിയാണ്. പരിഹാരം വൈകുന്തോറും ആ അനീതിയാണ് വർധിക്കുന്നത്.