LiveTV

Live

Opinion

അമ്പതാണ്ടിന്റെ മലപ്പുറം വർത്തമാനങ്ങൾ

സംസ്ഥാന സർക്കാറിന്റെ വികസന പദ്ധതികൾ യാതൊരു വിവേചനവുമില്ലാതെ ലഭിക്കാന്‍ പുതിയ ജില്ലയും പുതിയ വില്ലേജുകളും താലൂക്കുകളുമെല്ലാം നിലവിലെ മലപ്പുറം ജില്ലയുടെ ഭാഗമായ പ്രദേശങ്ങളിൽ ഉണ്ടാവേണ്ടതുണ്ട്

അമ്പതാണ്ടിന്റെ മലപ്പുറം വർത്തമാനങ്ങൾ
ഒട്ടും വികസനമെത്താത്ത ഒരു മേഖലയിൽ ഒട്ടേറെ ചലനങ്ങൾ മലപ്പുറം ജില്ലയിലുണ്ടായി എന്നത് ചരിത്രമാണ്. പക്ഷേ, ജനസംഖ്യാനുപാതികമായി മലപ്പുറത്തിന് കിട്ടേണ്ട വികസനപദ്ധതികൾ ജില്ലയുടെ പിറവിക്ക് ശേഷവും ലഭിച്ചില്ലെന്നതാണ് യാഥാർഥ്യം. മലപ്പുറം ജില്ലക്ക് അമ്പത് വയസ്സ് പൂർത്തിയാകുന്ന വേളയിൽ വികസനത്തിന്റെ മുഴുവൻ മേഖലയിലെയും കണക്കുകൾ  അടിസ്ഥാനമാക്കി ബഷീര്‍ തൃപ്പനച്ചി ചില ചോദ്യങ്ങള്‍ ചോദിക്കുന്നു

മലപ്പുറം ജില്ലക്ക് അമ്പത് വയസ്സ് പൂർത്തിയായി. 1969 ജൂൺ 16 നാണ് കോഴിക്കോട്-പാലക്കാട് ജില്ലകൾക്കിടയിൽ മലപ്പുറം പിറന്നുവീണത്. ഏറെ പേറ്റുനോവ് അനുഭവിച്ച ശേഷം വിവാദങ്ങളുടെ അകമ്പടികളോടെയായിരുന്നു ജില്ലയുടെ പിറവി. വരാൻ പോകുന്ന ജില്ലയിൽ ഭൂരിപക്ഷം മുസ്ലിം സമുദായമാകുമെന്നതായിരുന്നു മുഴുവൻ വിവാദങ്ങളുടെയും മർമ്മം. പിറക്കാൻ പോകുന്ന ജില്ലയിലെ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ ഭാവിയായിരുന്നു ചിലരെ ആശങ്കയിലാക്കിയത്. ഘട്ടംഘട്ടമായി  അവരെയൊന്നടങ്കം പൊന്നാനിയിൽ കൊണ്ടുപോയി തൊപ്പിയിടീപ്പിക്കുമെന്നുവരെ പ്രചരണങ്ങളുണ്ടായി. കടൽ വഴി പാകിസ്ഥാനുമായി ബന്ധം സ്ഥാപിച്ച് മലപ്പുറത്തെ സ്വതന്ത്ര്യമാപ്പിളസ്ഥാനാക്കാനുള്ള സാധ്യതയും ദേശീയ തലത്തിൽ വരെ ചർച്ച ചെയ്യപ്പെട്ടു. താനൂർ കടപ്പുറത്ത് പാകിസ്ഥാന്റെ പച്ചപ്പതാക ഉയർത്തിയ കപ്പൽ കണ്ടതായ വാർത്ത അക്കാലത്ത് മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിൽ പ്രത്യക്ഷപ്പെട്ടു. ഇതിൽ നിന്നെല്ലാം ഊർജം ഉൾക്കൊണ്ട് കേരള ഗാന്ധി കെ.കേളപ്പന്റെ നേതൃത്വത്തിൽ  ജില്ലാ വിരുദ്ധ പ്രക്ഷോഭവും ശക്തിപ്പെട്ടു. ഇന്നത്തെ ബി.ജെ.പിയുടെ അന്നത്തെ രാഷ്ട്രീയ രൂപമായ ജനസംഘമായിരുന്നു കേളപ്പന്റെ പിന്നിൽ അണിനിരന്നത്. അവരുടെ ദേശീയ നേതാക്കളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള  എംപിമാരും എം എൽ എമാരും കേരളത്തിലെത്തി  ഈ പ്രക്ഷോഭത്തിൽ അണിനിരന്നു. സമരം ദേശീയ തലത്തിൽ ഡൽഹിയിലും ബോംബെയിലുമൊക്കെ അലയടിച്ചു.അതിനിടയിൽ തന്റെ "മതേതരത്വം" തെളിയിക്കാൻ മലപ്പുറം ജില്ലക്കാരനായ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് വഴിക്കടവ് നിന്ന് കോഴിക്കോട് വരെ ജില്ലാ വിരുദ്ധ റാലിയും നടത്തി. പക്ഷേ, ഇതുകൊണ്ടൊന്നും സി.പിഎമ്മും മുസ്ലിംലീഗും ഒരുമിച്ചുണ്ടായിരുന്ന സപ്തകക്ഷി മുന്നണി ഒരടി പിന്നോട്ടു പോയില്ല. വികസനം നിഷേധിക്കപ്പെട്ട ഒരു ഭൂപ്രദേശത്തിന്റെ പുരോഗതിക്കായി ഉയർന്നുവന്ന പുതിയ ജില്ലയെന്ന ജനകീയാവശ്യം ഈ മുൾവേലികളെല്ലാം മറികടന്ന് അംഗീകരിക്കപ്പെട്ടു. മലപ്പുറം ജില്ല യാഥാർഥ്യമായി.

മലപ്പുറം രൂപീകരിക്കുമ്പോൾ 14 ലക്ഷമായിരുന്നു ജില്ലയിലെ ജനസംഖ്യ. ഒരു പുതിയ ജില്ല രൂപീകരിക്കുമ്പോൾ ലഭിക്കുന്ന സർക്കാർ പദ്ധതികളും സംരഭങ്ങളും ഓഫീസുകളും വഴി കൂടുതൽ വികസനം ഈ ജനങ്ങൾക്ക് കിട്ടുമെന്നതായിരുന്നു ജില്ലാ രൂപീകരണ ശിൽപ്പികളുടെ സ്വപ്നം. ഒട്ടും വികസനമെത്താത്ത ഒരു മേഖലയിൽ ഒട്ടേറെ ചലനങ്ങൾ മലപ്പുറം ജില്ലയിലുണ്ടായി എന്നത് ചരിത്രമാണ്. പക്ഷേ, ജനസംഖ്യാനുപാതികമായി മലപ്പുറത്തിന് കിട്ടേണ്ട വികസനപദ്ധതികൾ ജില്ലയുടെ പിറവിക്ക് ശേഷവും ലഭിച്ചില്ലെന്നതാണ് യാഥാർഥ്യം. മലപ്പുറം ജില്ലക്ക് അമ്പത് വയസ്സ് പൂർത്തിയാകുന്ന വേളയിൽ വികസനത്തിന്റെ മുഴുവൻ മേഖലയിലെയും കണക്കുകൾ അത് വിളിച്ച് പറയുന്നുണ്ട്. ജില്ല അനുവദിക്കുമ്പോൾ ഉണ്ടായിരുന്ന 14 ലക്ഷത്തിൽ നിന്ന് ജനസംഖ്യ മൂന്നിരട്ടിയിലധികം വർധിച്ച് 45 ലക്ഷമായിരിക്കുന്നു. ഈ ജനസംഖ്യാനുപാതത്തിനനുസരിച്ചുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പോലും ജില്ലയിലുണ്ടായിട്ടില്ല. അവ വഴിയാണല്ലോ വികസനവും അധികാരവും താഴെത്തട്ടിലെത്തുന്നത്.

‘’ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങി ഏത് മേഖല പരിശോധിച്ചാലും മറ്റ് ജില്ലകളെയപേക്ഷിച്ച് മലപ്പുറം വളരെ പിറകിലാണെന്ന് കാണാം. മഞ്ചേരി ജില്ലാ ഹോസ്പിറ്റലിന്റെ പേര് മാറ്റി പകരം മെഡിക്കൽ കോളേജെന്ന് നെയിംബോർഡ് വെച്ചത് മാത്രമാണ് ആരോഗ്യരംഗത്തെ ശ്രദ്ധേയ മാറ്റം’’

ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങി ഏത് മേഖല പരിശോധിച്ചാലും മറ്റ് ജില്ലകളെയപേക്ഷിച്ച് മലപ്പുറം വളരെ പിറകിലാണെന്ന് കാണാം. മഞ്ചേരി ജില്ലാ ഹോസ്പിറ്റലിന്റെ പേര് മാറ്റി പകരം മെഡിക്കൽ കോളേജെന്ന് നെയിംബോർഡ് വെച്ചത് മാത്രമാണ് ആരോഗ്യരംഗത്തെ ശ്രദ്ധേയ മാറ്റം. ജില്ലയിലുണ്ടായിരുന്ന മൂന്ന് താലൂക്കാശുപത്രികളിലും  ഈ പേരു മാറ്റം നടന്നിട്ടുണ്ട്. അവ ഇപ്പോൾ  ജില്ലാ ഹോസ്പിറ്റലുകളാണ്. പേരുമാറ്റമല്ലാതെ ഒരടിസ്ഥാന സൗകര്യ വർധനവും ഈ പദവി കൊണ്ട് ഈ ഹോസ്പ്പിറ്റലുകൾക്ക് ലഭിച്ചിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളേജ് തന്നെയാണ് ഇപ്പോഴും വിദഗ്ധ ചികിത്സക്ക് മലപ്പുറം ജില്ലക്കാരുടെ ആശ്രയം.

വിദ്യാഭ്യാസ അനീതികൾക്കും വിവേചനങ്ങൾക്കുമെതിരെയാണ് ജില്ലയിൽ ഏറ്റവുമധികം സമരം നടന്നുകൊണ്ടിരിക്കുന്നത്.സംസ്ഥാനത്ത് പത്താം ക്ലാസ് പരീക്ഷ ഏറ്റവുമധികം പേർ എഴുതുന്നതും വിജയിക്കുന്നതും മലപ്പുറം ജില്ലയിലാണ്. പക്ഷേ, ഇങ്ങനെ വിജയിക്കുന്നവരിൽ  എഴുപത് ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ വിദ്യാർഥിക്ക് പോലും മലപ്പുറം ജില്ലയിൽ പ്ലസ് വണ്ണിന് സീറ്റില്ല. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇങ്ങനെ ഓരോ വർഷവും കാൽ ലക്ഷത്തിലധികം വിദ്യാർഥികൾക്ക് ജില്ലയിൽ പൊതുവിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ഈ വർഷത്തെ സപ്ലിമെന്ററി അലോട്മെൻറിന് ശേഷവും ഇരുപതിനായിരത്തിലധികം വിദ്യാർഥികൾക്ക് ജില്ലയിൽ പ്ലസ് വൺ സീറ്റില്ല. ഉന്നത വിദ്യാഭ്യാസ രംഗമായ ബിരുദ ബിരുദാനന്തര മേഖലയിലെ അവസ്ഥ ഇതിലും ദാരുണമാണ്. ഹയർ സെക്കന്ററി പാസാകുന്ന പകുതി വിദ്യാർഥികൾക്ക് പോലും ജില്ലയിൽ ഉപരിപഠനസൗകര്യമില്ല.

‘’60246 വിദ്യാർഥികൾ ഈ വർഷം ജില്ലയിൽ ഹയർ സെക്കന്ററി പരീക്ഷ പാസായിട്ടുണ്ട്. സെൽഫ് ഫിനാൻസ് കോളേജുകളടക്കം 26481 ബിരുദ സീറ്റുകളാണ് ജില്ലയിലുള്ളത്. 33765 സീറ്റുകളുടെ കുറവ്.’’

എറണാംകുളം, കോട്ടയം, ഇടുക്കി, പത്തനംത്തിട്ട ജില്ലകളിൽ ഹയർ സെക്കന്ററി പാസായവരേക്കാൾ ബിരുദ സീറ്റുകളുള്ളപ്പോഴാണിത്. 3603 പി.ജി സീറ്റുകളാണ് ആകെ ജില്ലയിലുള്ളത്. പൊതു മേഖലയിൽ ഒരു എഞ്ചിനീയറിംഗ് കോളേജുമില്ല. കൊല്ലം ജില്ലയിൽ 10 എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകൾ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നോർക്കുക. ജില്ലയിലെ വിദ്യാഭ്യാസ പ്രതീക്ഷയായിരുന്ന അലിഗഡ് ഓഫ് കാമ്പസ് തുടങ്ങിയയിടത്തു നിന്ന് ഒരനക്കം മുന്നോട്ട് പോയിട്ടില്ല. മറ്റ് വാഗ്ദാനങ്ങളായിരുന്ന ഇഫ്ലു കാമ്പസും അറബിക് യൂനിവേഴ്സിറ്റിയും വാർത്ത മാത്രമായി.

ഒട്ടേറെ സമരങ്ങൾക്ക് ശേഷം കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് അനുവദിക്കപ്പെട്ട ഗവൺമെന്റ് കോളേജുകളിൽ നാലെണ്ണവും ഇപ്പോഴും വേണ്ടത്ര അടിസ്ഥാന സൗകര്യമില്ലാത്ത വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. അന്ന് പ്രഖ്യാപിക്കപ്പെട്ട നിലമ്പൂർ സർക്കാർ കോളേജിനായി  ഇതുവരെ ഭൂമി ഏറ്റെടുത്തിട്ട് പോലുമില്ല. ജില്ലയുടെ ചരിത്രം  പറയുമ്പോൾ ആറ് വിദ്യാഭ്യാസ മന്ത്രിമാരെയും ഒരുന്നത വിദ്യാഭ്യാസ മന്ത്രിയെയും മലപ്പുറം  കേരളത്തിന് സംഭാവന ചെയ്തിട്ടുണ്ട്. എന്നിട്ടുമെന്തേ ഇങ്ങനെയെന്ന ചോദ്യം പ്രസക്തമാണ്. കേരളത്തിൽ നിലനിൽക്കുന്ന സവിശേഷ രാഷ്ട്രീയത്തിനൊപ്പം  അവരുടെ  രാഷ്ട്രീയ  ഇഛാശക്തിയുടെ ബലഹീനത എന്നേ ഒറ്റവാക്കിൽ അതിന്  മറുപടി പറയാനാകൂ.

ഗതാഗത മേഖലയിൽ ജില്ലയുടെ മുഖച്ഛായ മാറ്റുമായിരുന്ന നിലമ്പൂർ-നഞ്ചൻകോട് റെയിൽവെ പാതയും അങ്ങാടിപ്പുറം - ഫറോക് റെയിൽപാതയും താനൂർ-ഗുരുവായൂർ പാതയും പഴങ്കഥകളിലെ വാഗ്ദാനങ്ങൾ മാത്രമായി. മലപ്പുറത്തെ പരിഹസിച്ച് ഉച്ചത്തിൽ ചൂളമടിച്ച് ജില്ലയിൽ ഒരിടത്തും നിർത്താതെ കടന്നു പോകുന്ന ദീർഘദൂര ട്രെയിനുകൾ അനവധിയുണ്ട്. അവക്ക് ജില്ലയിൽ സ്റ്റോപ്പനുവദിക്കണമെന്ന ആവശ്യത്തിന് പോലും അധികാരികൾ ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. ജില്ലയുടെ അഭിമാനമായ കരിപ്പൂർ വിമാനത്താവളത്തിന്റെ ചിറകരിയുന്ന നടപടികളാണ് കേന്ദ്രസർക്കാർ സമീപകാലത്തായി സ്വീകരിക്കുന്നതെന്നത് മറ്റൊരു ദുരന്തമാണ്. ടൂറിസം മേഖലയിൽ നിലമ്പൂർ ആഡ്യൻപാറ വെള്ളച്ചാട്ടം, തേക്ക് മ്യൂസിയം, മലപ്പുറം കോട്ടക്കുന്ന്, പൊന്നാനി ബിയ്യം കായൽ, ഊരകം മല എന്നിവയെല്ലാം വികസിപ്പിക്കാവുന്ന വിനോദ കേന്ദ്രങ്ങളാണ്. പക്ഷേ, ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധ ഇവിടേക്ക് പതിയുന്നില്ല.

‘’സർക്കാർ പദ്ധതികളൊന്നും വേണ്ടത്ര ഇല്ലാഞ്ഞിട്ടും മലപ്പുറമിങ്ങനെ തലയുയർത്തി നിൽക്കാൻ കാരണം പ്രവാസമാണ്. ഒരു ഗൾഫുകാരനെങ്കിലും ഇല്ലാത്ത കുടുംബം മലപ്പുറം ജില്ലയിൽ അപൂർവമായിരിക്കും. ഇവർ മണലാരണ്യത്തിൽ വിയർപ്പൊഴുക്കി അയച്ച പണമാണ് മലപ്പുറത്തിന്റെ മുഖച്ഛായ മാറ്റിയത്’’

സർക്കാർ പദ്ധതികളൊന്നും വേണ്ടത്ര ഇല്ലാഞ്ഞിട്ടും മലപ്പുറമിങ്ങനെ തലയുയർത്തി നിൽക്കാൻ കാരണം പ്രവാസമാണ്. ഒരു ഗൾഫുകാരനെങ്കിലും ഇല്ലാത്ത കുടുംബം മലപ്പുറം ജില്ലയിൽ അപൂർവമായിരിക്കും. ഇവർ മണലാരണ്യത്തിൽ വിയർപ്പൊഴുക്കി അയച്ച പണമാണ് മലപ്പുറത്തിന്റെ മുഖച്ഛായ മാറ്റിയത്. സൗകര്യമുള്ള വീടുകളും വാഹനങ്ങളും അങ്ങാടികളിൽ കോൺക്രീറ്റ് ബിൽഡിംഗുകളും ഉണ്ടായത് അങ്ങനെയാണ്. പുതുതലമുറയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ഊർജവും ഈ ഗൾഫ്മണി തന്നെ. പക്ഷേ, ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങൾക്കപ്പുറം ഭാവിതലമുറയുടെ തൊഴിൽ സംരക്ഷണത്തിനുള്ള പദ്ധതികളൊന്നും ഗൾഫ് പണം കൊണ്ട് ആസൂത്രണം ചെയ്യാനുള്ള ദീർഘവീക്ഷണം വേണ്ടത്ര ഉണ്ടായിട്ടില്ലെന്നതാണ് യഥാർഥ്യം. അതിജീവനത്തിന്റെ തുരത്തായ ഗൾഫ് പച്ചപ്പ് മങ്ങിത്തുടങ്ങിയതോടെ ജില്ലയിലെ മുഖ്യ വരുമാനത്തിന്റെ മാർഗമാണ് അടഞ്ഞു പോകുന്നത്. ഗൾഫ് കുടിയേറ്റം കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങിയാൽ ജില്ലയിലെ ജനജീവിതത്തിന്റെ സാധാരണ ഒഴുക്കിനെ എങ്ങനെയെല്ലാം അത് ബാധിക്കുമെന്നത് ഇനിയും പഠിക്കപ്പെടേണ്ടതാണ്.

മറ്റ് ജില്ലകളിലെ പോലെ സർക്കാർ പദ്ധതികളിലൂടെ മലപ്പുറം ജില്ലയിൽ  വികസനം യാഥാർഥ്യമാവണമെങ്കിൽ ജനസംഖ്യാനുപാതികമായി പുതിയ വില്ലേജുകളും താലൂക്കുകളും ഉണ്ടാവേണ്ടതുണ്ട്. ഇക്കഴിഞ്ഞ ദിവസം നിയമസഭയിൽ ആബിദ് ഹുസൈൻ എം.എൽ.എ കണക്കുകൾ സഹിതം ഈയാവശ്യം ഉന്നയിച്ചിരുന്നു. മന്ത്രി അംഗീകരിച്ച ആ കണക്കനുസരിച്ച് ജനസംഖ്യാനുപാതികമായി ഇനിയും 62 വില്ലേജുകളും മൂന്ന് താലൂക്കുകളും അനുവദിക്കേണ്ടതുണ്ട്.

14 ലക്ഷം ജനങ്ങളുടെ വികസനത്തിനായി 1969 ൽ അനുവദിച്ചതാണ് മലപ്പുറം ജില്ല. അതിന്റെ മൂന്നിരട്ടിയും വർധിച്ച് ജനസംഖ്യ ഇപ്പോൾ 45 ലക്ഷമായിരിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണിത്. മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളുന്ന  വികസനാവശ്യത്തിനായി മലപ്പുറം-പാലക്കാട് ജില്ലകളിലെ ചില ഭാഗങ്ങൾ ചേർത്ത് പുതിയ ജില്ല രൂപീകരിക്കണമെന്ന ന്യായമായ ആവശ്യം ഉയരുന്നത് ഈ സന്ദർഭത്തിലാണ്. സംസ്ഥാന സർക്കാറിന്റെ വികസന പദ്ധതികൾ യാതൊരു വിവേചനവുമില്ലാതെ എല്ലാ പ്രദേശത്തെയും പൗരൻമാർക്കും നീതിയോടെ ലഭിക്കേണ്ടതുണ്ട്. ആ സാമൂഹിക നീതി ഉറപ്പുവരുത്താൻ പുതിയ ജില്ലയും പുതിയ വില്ലേജുകളും താലൂക്കുകളുമെല്ലാം നിലവിലെ മലപ്പുറം ജില്ലയുടെ ഭാഗമായ പ്രദേശങ്ങളിൽ ഉണ്ടാവേണ്ടതുണ്ട്. മലപ്പുറം ജില്ലയിലെ ഇടതു വലതു വ്യത്യാസമില്ലാതെ  മുഴുവൻ രാഷ്ട്രീയ പാർട്ടികളും അതാവശ്യപ്പെടേണ്ടതുണ്ട്. അതംഗീകരിക്കാൻ സാമൂഹിക നീതിയിൽ വിശ്വസിക്കുന്ന സർക്കാറിന് ബാധ്യതയുമുണ്ട്.