LiveTV

Live

Opinion

ഇന്ത്യയിൽ അപ്പോളോയ്ക്ക് ഹയസിന്തിനെ വിവാഹം കഴിക്കാനാവുമോ?

സ്വവർഗ ലൈംഗികതയുടെ നിയമ ചരിത്രത്തെ സംബന്ധിച്ച് ഗവേഷകനായ സി .കെ ഫൈസൽ എഴുതുന്നു 

ഇന്ത്യയിൽ അപ്പോളോയ്ക്ക് ഹയസിന്തിനെ വിവാഹം കഴിക്കാനാവുമോ?

സ്വവർഗ്ഗലൈംഗിക ആഖ്യാനങ്ങൾ പാശ്ചാത്യ നാഗരികതകളിൽ ഒരു പുതുമയല്ല. ഗ്രീക്ക് പുരാണത്തിൽ സൂര്യദേവനായ അപ്പോളോയും ഹയസിന്ത് എന്ന സ്പാർട്ടൻ രാജകുമാരനും തമ്മിലുള്ള അനുരാഗകഥ പ്രസിദ്ധമാണ്. അപ്പോളോ തന്റെ ഹംസരഥത്തിൽ കയറ്റി ഹയസിന്തിനെ ദേവലോകത്തിലൂടെ ഉല്ലാസയാത്ര നടത്തി. ഇവരുടെ പ്രണയത്തിൽ അസൂയാലുവായ വടക്കൻ കാറ്റ് സെഫയറസ് ഹയസിന്തിനെ ചതിച്ചു കൊന്നു. വിഷാദിയായ അപ്പോളോ ഹയസിന്തിനെ മനോഹരമായ ഒരു പൂവാക്കി മാറ്റി. ദേവരാജനായ സിയൂസിന്റെയും ട്രോയിലെ രാജകുമാരനായ ഗാനിമീഡിന്റെയും പ്രേമകഥയും പ്രസിദ്ധം. സുന്ദരനായ ഗാനിമീഡിനെ ഒരു കഴുകന്റെ രൂപത്തിൽ വന്ന് സീയൂസ് തട്ടിക്കൊണ്ടുപോയി. ഗാനിമീഡിനെ ദേവനാക്കി മാറ്റിയ സീയൂസ് തന്റെ പാനപാത്ര വാഹകനാക്കി അവനെ നിയമിച്ചു. പുരാതന ഗ്രീസിൽ നിലനിന്നിരുന്ന പൈടെറസ്റ്റിയ എന്ന മുതിർന്ന പുരുഷനും യുവാവും തമ്മിലുള്ള സാമൂഹ്യ സാധുതയുള്ള സ്വവർഗ്ഗ പ്രണയബന്ധതിന്റെ പ്രതിഫലനമാണ് ഈ മിത്തുകളിൽ ദൃശ്യമാകുന്നത്.

Abduction of Ganymede A picture by French Artist Eustache Le Sueur
Abduction of Ganymede A picture by French Artist Eustache Le Sueur

എന്നാൽ പൗരസ്ത്യ സംസ്കാരങ്ങളിൽ സ്വവർഗ്ഗലൈംഗികത അത്രയധികം സഹിഷ്ണുതയോടെയല്ല സ്വീകരിക്കപ്പെട്ടിരുന്നത്. പക്ഷെ മാറ്റത്തിന്റെ കാറ്റ് എങ്ങും വീശിക്കൊണ്ടിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിൽ യൂറോപ്പിലേയും അമേരിക്കയിലേയും മിക്ക രാജ്യങ്ങളും സ്വവർഗ്ഗലൈംഗികത കുറ്റമല്ലാതാക്കി. 1791-ലെ ഫ്രഞ്ച് വിപ്ലവ സർക്കാർ നിർമിച്ച ശിക്ഷാ നിയമം പ്രകാരം സ്വവർഗ്ഗലൈംഗികതയെ കുറ്റവിമുക്തമാക്കി. 1957-ൽ ഇംഗ്ലണ്ടിലെ വോൾഫെണ്ടെൻ റിപ്പോർട്ട്, പ്രായപൂർത്തിയായ വ്യക്തികൾ തമ്മിൽ സ്വകാര്യസ്ഥലത്ത് സ്വവർഗ്ഗലൈംഗിതയിൽ ഏർപ്പെടുന്നത് കുറ്റമാക്കരുത് എന്ന് ശുപാർശ ചെയ്തു. 1967-ൽ ഇംഗ്ലണ്ടിൽ സ്വവർഗ്ഗ ലൈംഗികത കുറ്റരഹിതമാക്കി.

ലോകത്ത് എവിടെയൊക്കെ സ്വവർഗ്ഗലൈംഗികത നിയമവിധേയമാക്കിയിട്ടുണ്ടോ അവിടെയൊക്ക സ്വവർഗ്ഗവിവാഹം കൂടി നിയമപരമായി സ്ഥാപിച്ചു കിട്ടാനുള്ള സമരങ്ങൾ അതിനെ പിന്തുടര്‍ന്നു വന്നിട്ടുണ്ട്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമായിരിക്കില്ല.

2001-ൽ നെതർലാൻഡ്‌സ് സ്വവർഗ്ഗവിവാഹം നിയമവിധേയമാക്കിയ ലോകത്തെ ആദ്യ രാജ്യമായി മാറി. 2017 -ൽ ഇംഗ്ലണ്ടിൽ സ്വവർഗ്ഗലൈംഗികതക്ക് ശിക്ഷിക്കപെട്ടവരെ മുന്‍കാലപ്രാബല്യത്തോടെ കുറ്റവിമുക്തമാകുന്ന 'അലൻ ട്യൂറിങ് നിയമം' പാസ്സാകുകയുണ്ടായി. 1952-ൽ സ്വവർഗ്ഗലൈംഗികതക്ക് ശിക്ഷിക്കപ്പെട്ട, 'കൃത്രിമ ബുദ്ധിയുടെ പിതാവ് ' എന്നറിയപ്പെടുന്ന ഗണിതശാസ്ത്ര പ്രതിഭയായ അലൻ ട്യൂറിംഗിന്റെ വേദനകരമായ ഓർമ ഈ നിയമം ആവാഹിക്കുന്നുണ്ട്. പമേല ഡങ്കൻ, 'ദി ഗാർഡിയൻ' പത്രത്തിൽ 2017-ൽ എഴുതിയ ലേഖനത്തിൽ 120 ലുമധികം രാജ്യങ്ങളിൽ സ്വവർഗ്ഗലൈംഗികത കുറ്റരഹിതമാക്കിയിട്ടുണ്ടെന്ന് പ്രസ്താവിക്കുന്നു. 25 രാജ്യങ്ങൾ സ്വവർഗ്ഗവിവാഹം നിയമവിധേയമാക്കിയിട്ടുണ്ട്. 72 രാജ്യങ്ങളിൽ സ്വവർഗ്ഗലൈംഗികത ഇപ്പോഴും കുറ്റകരമാണ്. എട്ടു രാജ്യങ്ങളിൽ വധശിക്ഷാർഹവും.

2015-ൽ അമേരിക്കൻ സുപ്രീം കോടതി ഒബെർജെഫെൽ vs. ഹോഡ്ജ്സ് കേസിൽ സ്വവർഗാനുരാഗികൾക്ക് വിവാഹം കഴിക്കാനുള്ള അവകാശം, അമേരിക്കൻ ഭരണഘടനയുടെ ഡ്യൂ പ്രോസസ്സ് ക്ലോസും ( Due Process Clause ) ഈക്വൽ പ്രൊട്ടക്ഷൻ ക്ലോസും ( Equal Protection Clause ) പ്രകാരം മൗലികാവകാശമാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. മിനിസ്റ്റർ ഓഫ് ഹോം അഫേഴ്‌സ് vs. ഫോറി ആൻഡ് അനദർ കേസിൽ (2005), സൗത്ത് ആഫ്രിക്കൻ ഭരണഘടനാ കോടതി സ്വവർഗ്ഗവിവാഹം ഭരണഘടനാപരമായ അവകാശമാണ് എന്ന് പ്രഖ്യാപിച്ചു.

മാറ്റത്തിന്റെ പ്രചണ്ഡ മാരുതൻ കിഴക്കോട്ടും വീശി തുടങ്ങിയിരിക്കുന്നു. 2007-ൽ നേപ്പാൾ സുപ്രീം കോടതി സുനിൽ ബാബു പന്ത് vs. ഗവൺമെൻറ് ഓഫ് നേപ്പാൾ കേസിൽ ലൈംഗികന്യൂനപക്ഷങ്ങൾക്ക് വിവാഹമടക്കം എല്ലാ അവകാശങ്ങളും ഉറപ്പുവരുത്താൻ ആവശ്യമായ നിയമ നിർമാണം നടത്താൻ ഭരണകൂടത്തിനോട് നിർദേശിക്കുകയുണ്ടായി. 2019 മെയ് 24 നു തായ്‌വാൻ സ്വവർഗ്ഗവിവാഹം നിയമവിധേയമാക്കിയ ആദ്യ ഏഷ്യൻ രാജ്യമായി മാറി

മാറ്റത്തിന്റെ പ്രചണ്ഡ മാരുതൻ കിഴക്കോട്ടും വീശി തുടങ്ങിയിരിക്കുന്നു. 2007-ൽ നേപ്പാൾ സുപ്രീം കോടതി സുനിൽ ബാബു പന്ത് vs. ഗവൺമെൻറ് ഓഫ് നേപ്പാൾ കേസിൽ ലൈംഗികന്യൂനപക്ഷങ്ങൾക്ക് വിവാഹമടക്കം എല്ലാ അവകാശങ്ങളും ഉറപ്പുവരുത്താൻ ആവശ്യമായ നിയമ നിർമാണം നടത്താൻ ഭരണകൂടത്തിനോട് നിർദേശിക്കുകയുണ്ടായി. 2019 മെയ് 24 നു തായ്‌വാൻ സ്വവർഗ്ഗവിവാഹം നിയമവിധേയമാക്കിയ ആദ്യ ഏഷ്യൻ രാജ്യമായി മാറി. തായ്‌വാൻ ഭരണഘടനാ കോടതി 2017 മെയ് 24 ന് സ്വവർഗ്ഗ ദമ്പതിമാർക്ക് വിവാഹം കഴിക്കാനുള്ള അവകാശം തായ്‌വാൻ ഭരണഘടനയുടെ സമത്വാവകാശത്തിനും വൈവാഹിക അവകാശങ്ങൾക്കും അനുസൃതമാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. രണ്ടു വർഷത്തിനകം ഇതുസംബന്ധമായി നിയമനിർമാണം നടത്താനും കോടതി ഉത്തരവിട്ടു. 2018 -ൽ ഹിതപരിശോധനയിൽ തായ്‌വാൻ ജനത സ്വവർഗ്ഗവിവാഹം എന്ന നിർദേശം തള്ളിയെങ്കിലും ഹിതപരിശോധനാ ഫലം ഭരണഘടനാ വിരുദ്ധമാകയാൽ തള്ളുന്നു എന്ന നിലപാടാണ് തായ്‌വാൻ ഭരണകൂടം സ്വീകരിച്ചത്. 2019 മെയ് 17 നു സ്വവർഗ്ഗവിവാഹം നിയമവിധേയമാക്കികൊണ്ടു തായ്‌വാൻ പാർലമെൻറ് നിയമം പാസ്സാക്കി. 2019 മെയ് 24-നു തായ്‌വാനിലെ ആദ്യ സ്വവർഗ്ഗവിവാഹങ്ങൾ ആഘോഷപൂർവ്വം രജിസ്റ്റർ ചെയ്യപ്പെട്ടു.

ഒരു വ്യക്തിയുടെ ലൈംഗിക സ്വത്വം നിർണ്ണയിക്കാൻ ജീവശാസ്ത്രപരമായ ഘടകങ്ങളല്ല പരിഗണിക്കേണ്ടത് മറിച്ചു മനഃശാസ്ത്രപാരമായ ഘടകങ്ങളും ലൈംഗികാഭിവ്യന്യാസവുമാണ് പരിഗണിക്കപ്പെടേണ്ടത്. ലൈംഗികസ്വത്വനിർണ്ണയം വൈദ്യശാസ്ത്രപരമായ നടപടി ക്രമത്തിലൂടെയല്ല നിർണ്ണയിക്കപ്പെടേണ്ടത്; അത് സ്വയം നിർണ്ണയതിലൂടെയാണ് തീർപ്പാക്കേണ്ടതെന്നും സുപ്രീം കോടതി ഈ കേസിൽ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.

2014-ലെ നാഷണൽ ലീഗൽ സർവീസ് അതോറിറ്റി vs. യൂണിയൻ ഓഫ് ഇന്ത്യ കേസിൽ ഭിന്നലൈംഗികതയുള്ളവർക്ക് ഭരണഘടന വാഗ്ദാനം നൽകുന്ന എല്ലാ അവകാശങ്ങളും അനുഭവിക്കാനുള്ള തുല്ല്യമായ അവസരം നൽകണമെന്നും അവർക്ക് ലൈംഗികസ്വത്വം സ്വയം നിർണ്ണയിക്കുവാനുള്ള അധികാരം ഉണ്ടെന്നും സുപ്രീം കോടതി വിധിക്കുകയുണ്ടായി. വിവാഹം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഭിന്ന ലൈംഗികതയുടെ അടിസ്ഥാനത്തിൽ വിവേചനം നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സ്വയം നിര്‍ണയത്തിലൂടെയാണ് ഒരാളുടെ ലൈംഗികസ്വത്വം (ജെൻഡർ) നിശ്ചയിക്കേണ്ടത് എന്ന് കോടതി അടിവരയിട്ട് പറഞ്ഞു. ഒരാളുടെ സ്വയം നിർണ്ണിത ലൈംഗിക സ്വത്വം അയാളുടെ വ്യക്തിത്വത്തിന്റെ അവിഭാജ്യഭാഗമാന്നെന്നും ഒരാളും തന്റെ ലൈംഗിക സ്വത്വം നിർണ്ണയിക്കപ്പെടുന്നതിന് ലിംഗമാറ്റ ശസ്ത്രക്രിയക്ക് നിർബന്ധിക്കപ്പെടാൻ പാടില്ലെന്നും കോടതി വിധിച്ചു. സ്വയം നിർണ്ണിത ലൈംഗിക സ്വത്വം പ്രകാശിപ്പിക്കുക എന്നത് ഭരണഘടനയുടെ അനുച്ഛേദം 19 (എ) അനുസരിച്ചുള്ള സ്വതന്ത്രമായ ആശയപഠനത്തിനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. ഒരു വ്യക്തിയുടെ ലൈംഗിക സ്വത്വം നിർണ്ണയിക്കാൻ ജീവശാസ്ത്രപരമായ ഘടകങ്ങളല്ല പരിഗണിക്കേണ്ടത് മറിച്ചു മനഃശാസ്ത്രപാരമായ ഘടകങ്ങളും ലൈംഗികാഭിവ്യന്യാസവുമാണ് പരിഗണിക്കപ്പെടേണ്ടത്. ലൈംഗികസ്വത്വനിർണ്ണയം വൈദ്യശാസ്ത്രപരമായ നടപടി ക്രമത്തിലൂടെയല്ല നിർണ്ണയിക്കപ്പെടേണ്ടത്; അത് സ്വയം നിർണ്ണയതിലൂടെയാണ് തീർപ്പാക്കേണ്ടതെന്നും സുപ്രീം കോടതി ഈ കേസിൽ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.

നവതേജ് സിംഗ് ജോഹർ ആൻഡ് അതേർസ് vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ 2018 -ൽ സുപ്രീം കോടതി ,ഇന്ത്യൻ പീനൽ കോഡിന്റെ വകുപ്പ് 377, ഭരണഘടനയുടെ 14,15,19 ,21 വകുപ്പുകൾക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. പ്രായപൂർത്തിയായ വ്യക്തികൾ പരസ്പര സമ്മത്തോടെ സ്വകാര്യസ്ഥലത്ത് വെച്ച് സ്വവർഗ്ഗലൈംഗികതയിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന് കോടതി വ്യക്തമാക്കി. ട്രാൻസ്‍ജെൻഡർ പേഴ്സൺസ് (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്‌സ്) ബിൽ 2018, ഭിന്ന ലൈംഗികതയുള്ള വ്യക്തികൾക്ക് അവരുടെ ലൈംഗിക സ്വത്വം സ്വയം നിർണ്ണയിക്കാനുള്ള അവകാശം അടിവരയിട്ടു പറയുന്നു.

ഇത് സംബന്ധമായി നിർണ്ണായകമായ ഒരു വിധിന്യായം മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് 2019 ഏപ്രിൽ 22-നു പുറപ്പെടുവിപ്പിക്കുകയുണ്ടായി. അരുൺ കുമാർ ആൻഡ് ശ്രീജ vs. ഇൻസ്‌പെക്ടർ ജനറൽ ഓഫ് റെജിസ്ട്രേഷൻ എന്ന കേസിൽ ഒരു പുരുഷനും ട്രാൻജെൻഡർ വനിതയും തമ്മിലുള്ള വിവാഹം ഹിന്ദു മാര്യേജ് ആക്ട് 1955 പ്രകാരം സാധുവാണെന്ന് കോടതി ഈ കേസിൽ വിധിച്ചു. ഈ വിധിന്യായപ്രകാരം ഒരു വനിതയും ട്രാൻസ്‍ജെൻഡർ പുരുഷനും തമ്മിലുള്ള വിവാഹവും സാധുവാണെന്ന് വേണം കരുതാൻ. എന്നാൽ രണ്ടു ട്രാൻസ്‌ജെൻഡർ വ്യക്തികൾ തമ്മിലുള്ള വിവാഹം സാധുവാണോ എന്ന കാര്യത്തിൽ സന്നിഗ്ദത നിലനിൽക്കുന്നുണ്ട്.

നാഷണൽ ലീഗൽ സർവീസ് അതോറിറ്റി vs. യൂണിയൻ ഓഫ് ഇന്ത്യ കേസിലെ വിധിന്യായവും ട്രാൻസ്‌ജെൻഡർ പേഴ്സൺസ് ബില്ലും ഏത് വ്യക്തികൾക്കും അവരുടെ ലൈംഗികസ്വത്വം സ്വയം നിർണ്ണയത്തിലൂടെ നിശ്ചയിക്കാനുള്ള അവകാശം അടിവരയിട്ടു പറയുന്നുണ്ട്. അങ്ങനെയാണെകിൽ ഏതൊരാൾക്കും സ്വയം ട്രാൻജെൻഡർ ആയി പ്രഖ്യാപിക്കാനും അതനുസരിച്ചു വിവാഹം കഴിക്കാനും കഴിയും എന്നുവേണം കരുതാൻ. ഒരാളുടെ ലൈംഗിക സ്വത്വം നിർണ്ണയിക്കാനുള്ള മാനദണ്ഡം അയാളുടെ ശരീരശാസ്ത്രപരമായ ഘടകങ്ങളല്ല.അയാളുടെ മനഃശാസ്ത്രപരമായ ഘടകങ്ങളും ലൈംഗിക അഭിവ്യന്യാസവുമാണ്. ട്രാൻസ്‌ജെൻഡർ പേഴ്സൺസ് ബിൽ ഒരാളുടെ ഭിന്ന ലൈംഗിക സ്വത്വം സാക്ഷ്യപ്പെടുത്താനുള്ള അധികാരം ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനു (ജില്ലാ കളക്‌ടർക്ക്) നല്‍കാൻ വിഭാവനം ചെയ്യുന്നുണ്ട്. വൈദ്യശാസ്ത്ര-മനഃശാസ്ത്ര വിദഗ്ദർ അടങ്ങിയ ഒരു സ്ക്രീനിങ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഇങ്ങനെ സാക്ഷ്യപ്പെടുത്തേണ്ടത് എന്നാണ് ട്രാൻസ്‌ജെൻഡർ പേഴ്സൺസ് ബിൽ വിഭാവനം ചെയ്യുന്നത്. എന്നാൽ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു വ്യക്തിയുടെ ലൈംഗികസ്വത്വം നിർണ്ണയിക്കേണ്ടത് എന്ന കാര്യത്തിൽ ബിൽ നിശബ്ദത പാലിക്കുന്നു.

നാഷണൽ ലീഗൽ സർവീസ് അതോറിറ്റി vs. യൂണിയൻ ഓഫ് ഇന്ത്യ കേസിലേയും അരുൺ കുമാർ ആൻഡ് ശ്രീജ vs .ഇൻസ്‌പെക്ടർ ജനറൽ ഓഫ് റെജിസ്ട്രേഷൻ കേസിലേയും വിധികൾ ഒന്നിച്ചു പരിഗണിച്ചാൽ ഇന്ത്യയിൽ ഇപ്പോൾ തന്നെ സ്വവർഗ്ഗവിവാഹം നിയമാനുസൃതമാണെന്ന് വേണമെങ്കിൽ വാദിക്കാം. എന്തുതന്നെയായാലും സ്വവർഗ്ഗവിവാഹത്തിന്റെ വരുംവരായ്കകൾ നമ്മുടെ ദേശീയ സംവാദ വേദിയെ സമീപഭാവിൽ പിടിച്ചുകുലുക്കുമെന്ന കാര്യത്തിൽ സംശയമില്ല

ലോകത്ത് എവിടെയൊക്കെ സ്വവർഗ്ഗലൈംഗികത നിയമവിധേയമാക്കിയിട്ടുണ്ടോ അവിടെയൊക്ക സ്വവർഗ്ഗവിവാഹം കൂടി നിയമപരമായി സ്ഥാപിച്ചു കിട്ടാനുള്ള സമരങ്ങൾ അതിനെ പിന്തുടര്‍ന്നു വന്നിട്ടുണ്ട്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമായിരിക്കില്ല. മാത്രമല്ല നാഷണൽ ലീഗൽ സർവീസ് അതോറിറ്റി vs. യൂണിയൻ ഓഫ് ഇന്ത്യ കേസിലേയും അരുൺ കുമാർ ആൻഡ് ശ്രീജ vs ഇൻസ്‌പെക്ടർ ജനറൽ ഓഫ് റെജിസ്ട്രേഷൻ കേസിലേയും വിധികൾ ഒന്നിച്ചു പരിഗണിച്ചാൽ ഇന്ത്യയിൽ ഇപ്പോൾ തന്നെ സ്വവർഗ്ഗവിവാഹം നിയമാനുസൃതമാണെന്ന് വേണമെങ്കിൽ വാദിക്കാം. എന്തുതന്നെയായാലും സ്വവർഗ്ഗവിവാഹത്തിന്റെ വരുംവരായ്കകൾ നമ്മുടെ ദേശീയ സംവാദ വേദിയെ സമീപഭാവിൽ പിടിച്ചുകുലുക്കുമെന്ന കാര്യത്തിൽ സംശയമില്ല. ചുരുക്കത്തിൽ ഇന്ത്യയിൽ അപ്പോളോ ഹയസിന്തിനെ വിവാഹം കഴിക്കുന്ന കാലം വിദൂരമല്ല. അതിന്റെ സാമൂഹ്യ-സംസ്കാരിക ആഘാതത്തെ സംബന്ധിച്ച് കൂലംകുഷമായ ചിന്തകളും സംവാദങ്ങളും കാലം ആവശ്യപ്പെടുന്നു.