LiveTV

Live

Opinion

പൗരത്വം, ഭീകരവേട്ട, സുരക്ഷാഭരണകൂടം: പാനായിക്കുളം മുതല്‍ നിഖാബ് വരെ

പുതിയ കാലത്തെ ഏറ്റവും ആധിപത്യമുള്ള ഭരണമനോഭാവത്തിന്റെ രാഷ്ട്രീയമാണ് സുരക്ഷാഭരണകൂടം (security state) പങ്കുവെക്കുന്നത്. 

പൗരത്വം, ഭീകരവേട്ട, സുരക്ഷാഭരണകൂടം: പാനായിക്കുളം മുതല്‍ നിഖാബ് വരെ

ഭീകരാക്രമണങ്ങളും ഭരണകൂടചിന്തയും തമ്മിലുള്ള ബന്ധം ഏറെ വികസിതമായ കാലമാണിത്. ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണം നിഖാബ് (മുഖം മൂടുന്ന ശിരോവസ്ത്രം) നിരോധനം അടക്കമുള്ള ഭരണകൂട നടപടികളിലേക്ക് നയിച്ചു. കേവല വ്യക്തിസ്വാതന്ത്ര്യവാദികളെ പോലും നിശബ്ദമാക്കുന്ന നിരോധന നടപടിയായി നിഖാബ് നിരോധനം മാറി. അതിന്റെ ചുവടുപിടിച്ചു കേരളത്തിലും ബോംബെയിലും ഒക്കെ നിഖാബ് നിരോധന ആഹ്വാനം വ്യാപകമാവുന്നു.

പാനായിക്കുളം കേസില്‍ എന്‍.ഐ.എയുടെ മുസ്‍ലിം വിരുദ്ധ നടപടികള്‍ തുറന്നുകാട്ടപ്പെട്ടതോടെ ഭീകരവേട്ടയെക്കുറിച്ചുള്ള ഭരണകൂട വായനക്ക് ചില തടസ്സങ്ങള്‍ നേരിട്ടിരുന്നു. അതിനാല്‍ത്തന്നെ കൊളംബോയിലെ പുതിയ സാഹചര്യം മുൻനിറുത്തി എന്‍ ഐ എ നടത്തുന്ന നീക്കങ്ങളും അവര്‍ തന്നെ മാധ്യമങ്ങള്‍ക്ക് കൊടുക്കുന്ന വെളിപ്പെടുത്തലുകളും സോഷ്യല്‍ ഓഡിറ്റിങ് സാധ്യമല്ലാത്ത വിധം വാർത്തകളിൽ നിറയുന്നു.

ഭരണകൂടത്തിനും പോലീസിനും അപ്പുറം രാഷ്ട്രീയ പ്രശ്നങ്ങളെ സ്വതന്ത്രമായി കാണുന്നുവെന്ന് കരുതുന്ന മാധ്യമങ്ങളാവട്ടെ ഭരണകൂടഭാഷ്യം അപ്പാടെ ആവര്‍ത്തിക്കുന്നതായി കാണുന്നു. ഉത്തരവാദപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന പ്രതികരണങ്ങള്‍ പോലും വസ്തുതകളെ കാണാതെയും, ശ്രീലങ്കന്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന പത്രസമ്മേളനങ്ങള്‍ പോലും ഫോളോ ചെയ്യാതെയുമുള്ള ഊഹപ്രചാരണങ്ങളായി മാറുന്നു.

ഭരണകൂടം പുറമേ നിന്ന് ജനങ്ങളോട് പറയുന്ന ഭയം കുറെ കഴിയുമ്പോള്‍ ജനങ്ങളുടെ തന്നെ ഭയമായും, ഒരു പരിധിയും കഴിഞ്ഞു ജനത്തിന്റെ കാമനയായും മാറുന്നു. പതുക്കെ ജനം ആഗ്രഹിക്കുന്നതും ഭരണകൂടം നല്‍കുന്നതും ഒന്നായി മാറുന്നു.

വ്യക്തിസ്വാതന്ത്ര്യവാദവും മാധ്യമങ്ങളുടെ സ്വതന്ത്രസ്വഭാവവും ഒക്കെ മാറ്റിവെക്കാന്‍ പ്രേരിപ്പിക്കുന്ന ഭരണകൂടചിന്തയുടെ ഈ പുത്തന്‍ സാഹചര്യം വ്യത്യസ്തമായ ചില രാഷ്ട്രീയ വിശകലനങ്ങള്‍ തേടുന്നുണ്ട്. പുതിയ കാലത്തെ ഏറ്റവും ആധിപത്യമുള്ള ഭരണമനോഭാവത്തിന്റെ രാഷ്ട്രീയമാണ് സുരക്ഷാഭരണകൂടം (security state) പങ്കുവെക്കുന്നത്. സുരക്ഷാഭരണകൂടം ഒരു ജനകീയ മനോഭാവമായി മാറുന്നുവെന്നതിനാല്‍ ഈ മാറ്റം അടിയന്തരാവസ്ഥ പോലുള്ള രാഷ്ട്രീയ നടപടികളേയും കവിഞ്ഞുനില്‍ക്കുന്ന മറ്റൊരു സമഗ്രാധിപത്യ രാഷ്ട്രീയ മാറ്റമായി കാണേണ്ടതുണ്ട്. സുരക്ഷാഭരണകൂടത്തിന്റെ പ്രത്യേകതകളെ പഠിക്കാതെ ഭീകരവേട്ടയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ണമാകുമെന്നു തോന്നുന്നില്ല.

സുരക്ഷയും പൗരത്വവും

ജനക്ഷേമം, സേവനം തുടങ്ങിയ ലിബറല്‍ ജനാധിപത്യ രാഷ്ട്രത്തിന്റെ സ്വയം പ്രഖ്യാപിത അജണ്ടകളില്‍ നിന്ന് ഭരണകൂടം പൂര്‍ണമായും പിന്‍വാങ്ങുന്നതു ശീതയുദ്ധത്തിനു ശേഷമുള്ള രാഷ്ട്രീയ മാറ്റങ്ങളോടെയാണ്. ലിബറല്‍ ദേശരാഷ്ട്രങ്ങള്‍ക്കുള്ളില്‍ 9/11നു ശേഷമുള്ള സാമൂഹിക രാഷ്ട്രീയ മാറ്റങ്ങളുടെ ചുവടുപിടിച്ചാണ് സുരക്ഷാഭരണകൂടത്തിന്റെ സമകാലീന രൂപം വികസിക്കുന്നത്. ഭീകരതക്കെതിരായ യുദ്ധം (war on terror) എന്ന സാമ്രാജ്യത്വ യുദ്ധമാണ് അതിന്റെ അടിയന്തിര സാഹചര്യം. എന്നാല്‍ ഉരുക്ക് മുഷ്ടിയുള്ള ഒരു പോലീസ് സ്റ്റേറ്റ് എന്ന രീതിയില്‍ പരിമിതമല്ല ഈ സുരക്ഷാ ഭരണകൂടം. കൂടുതല്‍ ഉദാരമായ ഒരു സാമൂഹിക വീക്ഷണം വെച്ചുപുലര്‍ത്തുന്ന ജൈവരാഷ്ട്രീയത്തിന്റെ ഭാഗമാണ് സുരക്ഷാഭരണകൂടം.

പൗരത്വം, ഭീകരവേട്ട, സുരക്ഷാഭരണകൂടം: പാനായിക്കുളം മുതല്‍ നിഖാബ് വരെ

ജനക്ഷേമത്തിനും സേവനത്തിനും പകരം സുരക്ഷ (security) എന്ന പുതിയ ജ്ഞാനവ്യവസ്ഥ ലിബറല്‍ ജനാധിപത്യത്തിന്റെ പ്രത്യേകതയാവുമ്പോള്‍ സംഭവിക്കുന്നതെന്താണ്? പൗരത്വത്തിനും (citizenship) അവകാശത്തിനും (rights) ഉണ്ടായിരുന്ന പ്രാധാന്യം ലിബറല്‍ ജനാധിപത്യത്തില്‍ നഷ്ടപ്പെടുകയും പകരം വിഷയിയും (subject) റിസ്ക്കും (risk) എന്ന രീതിയില്‍ നിലവിലുള്ള ലിബറല്‍ ജനാധിപത്യം മാറ്റപ്പെടുകയും ചെയ്യുന്നു.

പൗരത്വത്തിനും (citizenship) അവകാശത്തിനും (rights) ഉണ്ടായിരുന്ന പ്രാധാന്യം ലിബറല്‍ ജനാധിപത്യത്തില്‍ നഷ്ടപ്പെടുകയും പകരം വിഷയിയും (subject) റിസ്ക്കും (risk) എന്ന രീതിയില്‍ നിലവിലുള്ള ലിബറല്‍ ജനാധിപത്യം മാറ്റപ്പെടുകയും ചെയ്യുന്നു.

അവകാശത്തിനായി നടത്തുന്ന പോരാട്ടത്തിലൂടെ പൗരത്വത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്നുവെന്ന ലിബറല്‍ ജനാധിപത്യ സങ്കല്‍പം പതുക്കെ അസ്തമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ എമ്പാടുമുണ്ട്. പകരം റിസ്കില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമത്തിലൂടെ പുതിയ ഒരു വിഷയി ഭരണകൂടത്തിന്റെ തണലില്‍ സാധ്യമായിക്കൊണ്ടിരിക്കുന്നു. മാറിയ കാലത്ത് തുറന്ന കമ്പോളത്തിന്റെ ഭാഗമായി മറ്റൊന്നും നിര്‍വഹിക്കാത്ത ലിബറല്‍ ഭരണനിര്‍വഹണം ഒരര്‍ത്ഥത്തില്‍ പ്രജകളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന അതീന്ദ്രിയ ശക്തിയായി മാറിയിരിക്കുന്നു.

വിഷയിയുടെ നിര്‍മാണം പൗരത്വത്തില്‍ നിന്നുള്ള പുറകോട്ടു പോക്കായല്ല നാം മനസ്സിലാക്കേണ്ടത്. അത് പൗരത്വത്തിന്റെ സവിശേഷമായ വിപുലീകരണമായി മാറിയിരിക്കുന്നു. സുരക്ഷ എന്ന വ്യവഹാരം ഒരു ഭരണമനോഭാവമെന്ന നിലയില്‍ സമൂഹത്തില്‍ വ്യാപിച്ചിരിക്കുന്നു. ഓരോരുത്തരും സ്വയം താല്‍പര്യത്തിന്റെ ഭാഗമായി ഈ സുരക്ഷാവല്‍കരണത്തെ ഏറ്റെടുക്കുന്നുണ്ട്. ഭരണകൂടം പുറമേ നിന്ന് ജനങ്ങളോട് പറയുന്ന ഭയം കുറെ കഴിയുമ്പോള്‍ ജനങ്ങളുടെ തന്നെ ഭയമായും, ഒരു പരിധിയും കഴിഞ്ഞു ജനത്തിന്റെ കാമനയായും മാറുന്നു. പതുക്കെ ജനം ആഗ്രഹിക്കുന്നതും ഭരണകൂടം നല്‍കുന്നതും ഒന്നായി മാറുന്നു.

ഫസല്‍ ഗഫൂര്‍ എന്ന മുസ്‍ലിം പുരുഷന്‍ നടത്തുന്ന നിഖാബ് നിരോധനം ആൺകോയ്മയുടെ പ്രകാശനമല്ലെന്നും സ്ത്രീകളുടെ തെരഞ്ഞെടുപ്പിനെ ഹനിക്കാത്ത പുരോഗമന നടപടിയാണെന്നും ചില ഫെമിനിസ്റ്റുകള്‍ പോലും വാഴ്ത്തുന്നു.

ഭീകരവാദ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തികളുടെ പ്രൊഫൈലില്‍ നടത്തുന്ന വധഭീഷണി മുതല്‍ അത്തരം വ്യക്തികളും കുടുംബങ്ങളും അനുഭവിക്കുന്ന സാമൂഹിക ബഹിഷ്കരണങ്ങൾ വരെയുള്ളവ നീതി, നിയമം എന്നിവയെക്കുറിച്ചുള്ള പതിവു സങ്കല്‍പങ്ങൾക്ക് വിശദീകരിക്കാന്‍ പ്രയാസമാണ്. പാനായിക്കുളം കേസില്‍ പോലീസ്/മാധ്യമ വിശദീകരണങ്ങള്‍ യാതൊരു വീണ്ടുവിചാരവും ഇല്ലാതെ സ്വീകരിച്ചവര്‍ തന്നെ അതേ രീതി കൊളംബോയില്‍ നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കേസുകളില്‍ സ്വീകരിക്കുന്നത് ഈ അര്‍ത്ഥത്തില്‍ പരിശോധിക്കേണ്ടതാണ്. നീതിയോ കോടതി വിചാരണയോ അല്ല പ്രധാനമെന്ന് വരുന്നു. ജനങ്ങളുടെ മനോഭാവത്തിലുള്ള ഈ മാറ്റം സുരക്ഷാവല്‍കരണത്തിന്റെ (securitization) സാഹചര്യത്തിലാണ് വായിക്കേണ്ടത്.

ഭരണകൂടം അടിച്ചേല്‍പ്പിക്കുന്ന സെൻസർഷിപ്പ് ഈ സാഹചര്യത്തില്‍ ഓരോരുത്തരും ഏറ്റെടുക്കുന്നു. രാഷ്ട്രീയം സെല്‍ഫ് സെൻസർഷിപ്പിനും സ്വയം നിരീക്ഷണത്തിനും വഴിമാറുന്നു. ഞാന്‍ ഭീകരവാദിയല്ല എന്ന് കാണിക്കാനുള്ള ശ്രമങ്ങള്‍ ഭരണകൂടങ്ങള്‍ ഏറെ താല്‍പര്യത്തോടെ പ്രോത്സാഹിപ്പിക്കുന്നു. ഉദാഹരണത്തിന്, ഞാനല്ല അവരാണ് തീവ്രവാദികള്‍ എന്ന് പറയാന്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ പോലും പരസ്പരം മത്സരിക്കുന്നു. നോക്കൂ, ഫസല്‍ ഗഫൂര്‍ എന്ന മുസ്‍ലിം പുരുഷന്‍ നടത്തുന്ന നിഖാബ് നിരോധനം ആൺകോയ്മയുടെ പ്രകാശനമല്ലെന്നും സ്ത്രീകളുടെ തെരഞ്ഞെടുപ്പിനെ ഹനിക്കാത്ത പുരോഗമന നടപടിയാണെന്നും ചില ഫെമിനിസ്റ്റുകള്‍ പോലും വാഴ്ത്തുന്നു.

പൗരത്വം, ഭീകരവേട്ട, സുരക്ഷാഭരണകൂടം: പാനായിക്കുളം മുതല്‍ നിഖാബ് വരെ

രാജ്യതാല്‍പര്യം, ദേശസുരക്ഷ പോലുള്ള ഭരണകൂട നയങ്ങള്‍ ജനം സ്വന്തം താല്‍പര്യമായി ഏറ്റെടുക്കുന്നു. ചെക്ക്പോസ്റ്റുകള്‍, അലര്‍ട്ടുകള്‍, ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകൾ തുടങ്ങിയവ മാത്രമല്ല, സംശയാസ്പദമായ വസ്തുക്കളെക്കുറിച്ചുള്ള നിരന്തരമായ അനൗൺസ്മെന്റുകളിലൂടെ വരെ ഭീതി വ്യാപിക്കുന്നു. ഇതിലൂടെ സെല്‍ഫ് സെന്‍സര്‍ഷിപ്പും സ്വയം സര്‍വയലൻസും പൗരബോധത്തിന്റെ ഭാഗമായി മാറുന്നു. മാത്രമല്ല, പൗരന്മാര്‍ തന്നെ ഭീകരരാവാനും ഭീകരതയുടെ ഇരയാവാനും സാധ്യതയുണ്ടെന്ന് നിരന്തരം അറിയിപ്പുകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇതുണ്ടാക്കുന്ന ഭീതിയും ആകാംക്ഷയും അവകാശങ്ങളെക്കാള്‍ റിസ്കിനെക്കുറിച്ച് ചിന്തിക്കുന്ന രാഷ്ട്രീയ സാഹചര്യം സംജാതമാക്കുന്നു. അത് പൗരത്വത്തെ പുതിയൊരു വിഷയിയാക്കി പരിവർത്തിപ്പിക്കുന്നു.

സ്വന്തം പൗരന്മാരെ യാതൊരു പരിക്കും ഏല്‍ക്കാതെ സംരക്ഷിക്കുന്ന സുരക്ഷാ കേന്ദ്രീകൃത പിതൃഅധികാരമായി ലിബറല്‍ ഭരണകൂടം മാറുന്നു. ഭരണകൂടത്തിന്റെ ഈ പുരുഷ സംരക്ഷണ സ്വഭാവം ഐറിസ് യംഗിനെപ്പോലുള്ള ഫെമിനിസ്റ്റ് ചിന്തകര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. സംരക്ഷക ഭരണകൂടത്തിനു കീഴില്‍ അവകാശവും പൗരത്വവും അടക്കമുള്ള ലിബറൽ ജനാധിപത്യ മൂല്യങ്ങള്‍ രണ്ടാം സ്ഥാനത്തേക്ക് മാറ്റിവെക്കപ്പെടുന്നു. അങ്ങനെ രക്ഷയും ശിക്ഷയും രാഷ്ട്രീയത്തിന്റെ മുഖ്യ പ്രമേയമായി മാറുന്നു.

റിസ്ക്‌ സമൂഹം

ആഗോള താപനം, ആണവ ദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികൾ, പുതിയ രീതികളിലുള്ള പനികള്‍, പ്രകൃതി ദുരന്തങ്ങള്‍, ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ ഒക്കെ റിസ്ക്‌ അടിസ്ഥാനമാക്കിയുള്ള സമൂഹത്തിന്റെ നിര്‍മാണത്തെ സാധ്യമാക്കിയെങ്കിലും ഭീകരതയെക്കുറിച്ചുള്ള വ്യവഹാരം വളരെ വ്യത്യസ്തമായ റിസ്ക്‌ ആണ് നിര്‍മിക്കുന്നത്. കേരളത്തില്‍ തന്നെ വെള്ളപ്പൊക്കം, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ തകര്‍ച്ചാഭീഷണി ഒക്കെ സാധ്യമാക്കിയ റിസ്ക്‌ അടിസ്ഥാനപ്പെടുത്തിയുള്ള ജൈവരാഷ്ട്രീയ സന്ദര്‍ഭങ്ങള്‍ കടന്നു പോയി.

പക്ഷേ മറ്റു പല ഭീഷണികളേക്കാളും കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ആഗോള ഭരണകൂടങ്ങളും ദേശരാഷ്ട്രങ്ങളും സാധ്യമാക്കിയ ഒരു അധിനിവേശ വ്യവഹാരമാണ് ഭീകരവാദം. ആയുധങ്ങള്‍ സംഭരിച്ചും കാലാള്‍പട മുതല്‍ ഡ്രോണുകൾ വരെ അണിനിരത്തി നിയമവിധേയമായ ഹിംസ എന്ന വ്യാജേന അധിനിവേശ യുദ്ധങ്ങള്‍ വരെ നടത്തുന്ന ഭരണകൂടങ്ങളുടെ ശക്തി ഇന്നും അദൃശ്യമായി തുടരുന്നു. അതിനാല്‍ത്തന്നെ കൃത്രിമമായ ഭയങ്ങള്‍ താരതമ്യേന ചെറിയ സംഭവങ്ങള്‍ ഉപയോഗിച്ച് പെരുപ്പിച്ചു കാണിക്കാനും ജനങ്ങളില്‍ ഭയം നിര്‍മിച്ചു മനഃശാസ്ത്രയുദ്ധങ്ങള്‍ തന്നെ നിര്‍മിക്കാനും സാധ്യമാകുന്ന വ്യവഹാരമാണ് ഭീകരവാദം. മാത്രമല്ല കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഭരണകൂടങ്ങള്‍ നടത്തുന്ന ഭീകരവിരുദ്ധ നീക്കങ്ങള്‍ ജനജീവിതത്തെ കൂടുതല്‍ നിയന്ത്രിക്കാനുള്ള പരിശ്രമമായി മാറുകയാണ്. അതാവട്ടെ ഭീകരതയെ ഇല്ലാതാക്കാന്‍ എന്നതിലുപരി അതിന്റെ മറപിടിച്ചു രാഷ്ട്രീയ അവകാശങ്ങളെ ഇല്ലാതാക്കാനാണ് ഉപയോഗപ്പെടുത്തപ്പെട്ടത്.

ആഗോള താപനം, ആണവ ദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികൾ, പുതിയ രീതികളിലുള്ള പനികള്‍, പ്രകൃതി ദുരന്തങ്ങള്‍, ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ ഒക്കെ റിസ്ക്‌ അടിസ്ഥാനമാക്കിയുള്ള സമൂഹത്തിന്റെ നിര്‍മാണത്തെ സാധ്യമാക്കിയെങ്കിലും ഭീകരതയെക്കുറിച്ചുള്ള വ്യവഹാരം വളരെ വ്യത്യസ്തമായ റിസ്ക്‌ ആണ് നിര്‍മിക്കുന്നത്.

എന്നാല്‍ മൊത്തം ജനസമൂഹത്തെ റിസ്കിലൂടെ പുതിയ വിഷയിസ്ഥാനത്തേക്ക് കൊണ്ടുവരുന്ന സുരക്ഷാഭരണകൂട വ്യവഹാരം പക്ഷേ ചില പ്രത്യേക വിഭാഗങ്ങളെ ശത്രുക്കളാക്കി നിര്‍മിക്കുന്നു. മുസ്‍ലിംകള്‍ അടക്കമുള്ള ഈ പ്രത്യേക വിഭാഗങ്ങള്‍ കൂടുതല്‍ വംശീയമായി മാറ്റി നിർത്തപ്പെടുകയും സാമൂഹിക ശരീരത്തിന് ഒരു ഭീഷണിയായി മാറ്റപ്പെടുകയും ചെയ്യുന്നു. ഈ സമൂഹങ്ങളെ പകര്‍ച്ചവ്യാധികള്‍, രോഗങ്ങള്‍, കീടങ്ങള്‍, അണുക്കള്‍ തുടങ്ങിയ ജൈവിക രൂപകങ്ങളിലൂടെ ബാഹ്യവൽക്കരിക്കുകയും സാമൂഹികമായും രാഷ്ട്രീയമായും ഇകഴ്ത്തുകയും ചെയ്യുന്നു. ഈ മാറ്റം, റിസ്ക്‌ സമൂഹത്തിന്റെ നിര്‍മാണത്തിന്റെ ഭാഗമാണ്. അപരരുടെ ഈ ലോകമാണ് റിസ്ക്‌ സമൂഹത്തിന്റെ പൊയ്കാലുകളെ മറക്കാനുള്ള വഴിയായി മാറുന്നത്. സാമൂഹിക ഐക്യം നിര്‍മിക്കാന്‍ സ്വന്തം സമൂഹത്തില്‍ നിന്ന് തന്നെ അപരരേയും അന്യരേയും കണ്ടെത്താനുള്ള സാധ്യത ഈ റിസ്ക്‌ സമൂഹം എമ്പാടും നല്‍കുന്നു.

സുരക്ഷയുടെ രാഷ്ട്രീയ ചരിത്രം

സുരക്ഷ എന്ന രാഷ്ട്രീയ വ്യവഹാരത്തിനൊരു വിശദീകരണം സാധ്യമാണോ? സുരക്ഷയും അതിന്റെ എതിരായ അരക്ഷിതാവസ്ഥയും വെവ്വേറെ രാഷ്ട്രീയ മൂല്യമാണോ? അതോ ഇന്നത്തെ ലിബറല്‍ ജനാധിപത്യത്തിന്റെ ഒത്ത നടുക്കാണോ അതുള്ളത്‌? സുരക്ഷാഭരണകൂടം ഒരു രാഷ്ട്രീയ വ്യവസ്ഥ എന്ന നിലയില്‍ എന്തുകൊണ്ടാണ് എത്രയും ജനാധിപത്യവിരുദ്ധമാവുന്നത്? ഈ പ്രശ്നങ്ങള്‍ കൂടുതല്‍ ചര്‍ച്ച ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യ പോലുള്ള ലിബറല്‍ ജനാധിപത്യ രാജ്യങ്ങളില്‍ ദേശസുരക്ഷ എന്ന വിശകലന ഉപകരണം ഏതു പൗരാവകാശ ലംഘനത്തിനും ഉപയോഗിക്കപ്പെടുന്ന ഈ കാലത്ത് സുരക്ഷാഭരണകൂടത്തിന്റെ സവിശേഷതകള്‍ കൂടുതല്‍ ആലോചിക്കേണ്ടതുണ്ട്.

പൗരത്വം, ഭീകരവേട്ട, സുരക്ഷാഭരണകൂടം: പാനായിക്കുളം മുതല്‍ നിഖാബ് വരെ

ജനം എന്ന ഗണത്തിന്റെ സുരക്ഷയാണ് ലിബറല്‍ ജനാധിപത്യത്തിന്റെ ഈ പുതിയ അവസ്ഥാന്തരം ലക്ഷ്യം വെക്കുന്നത്. ജനങ്ങളുടെ വൃണിതാവസ്ഥയും അരക്ഷിതബോധവും ആണ് സുരക്ഷാഭരണകൂടം എപ്പോഴും പരിഗണിക്കുന്നത്. ഭീകരാക്രമണങ്ങള്‍ അടക്കമുള്ള ഹിംസ ഇന്നത്തെ കാലത്ത് ജനങ്ങളുടെ അരക്ഷിതാവസ്ഥ കൂട്ടിയിരിക്കുന്നുവെന്നത് ശരിയാണ്.

സുരക്ഷാഭരണകൂടം ഒരു രാഷ്ട്രീയ വ്യവസ്ഥ എന്ന നിലയില്‍ എന്തുകൊണ്ടാണ് എത്രയും ജനാധിപത്യവിരുദ്ധമാവുന്നത്? ഈ പ്രശ്നങ്ങള്‍ കൂടുതല്‍ ചര്‍ച്ച ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യ പോലുള്ള ലിബറല്‍ ജനാധിപത്യ രാജ്യങ്ങളില്‍ ദേശസുരക്ഷ എന്ന വിശകലന ഉപകരണം ഏതു പൗരാവകാശ ലംഘനത്തിനും ഉപയോഗിക്കപ്പെടുന്ന ഈ കാലത്ത് സുരക്ഷാഭരണകൂടത്തിന്റെ സവിശേഷതകള്‍ കൂടുതല്‍ ആലോചിക്കേണ്ടതുണ്ട്.

അതിനാല്‍ തന്നെ ‘ഭീകരരെപ്പോലെ തോന്നിക്കുന്നവരുടെ’ സാന്നിധ്യം ജനങ്ങളുടെ അരക്ഷിതാവസ്ഥ കൂട്ടുന്നു. ഇതുണ്ടാക്കുന്ന അപര ഹിംസയും സാമൂഹിക മുന്‍വിധികളും സുരക്ഷാഭരണകൂടത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ‘സംശയകരമായ സാഹചര്യത്തില്‍’ കാണപ്പെടുന്ന ആളുകളേയോ അത്തരം വീക്ഷണങ്ങള്‍ പുലര്‍ത്തുന്നവരേയോ വ്യത്യസ്തമായ ലോകവീക്ഷണം വെച്ചു പുലര്‍ത്തുന്നവരേയോ രാത്രിയോ പകലോ എന്നില്ലാതെ എങ്ങനേയും പിടിച്ചുവെക്കാനും അറസ്റ്റ് ചെയ്യാനും അനന്തമായി ജയിലില്‍ ഇടാനും ‘വേണ്ടി വന്നാല്‍’ വെടിവെച്ചു കൊല്ലാനും ഈ സുരക്ഷാവ്യവഹാരത്തിന് സാധ്യമാവുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ എന്‍.ഐ.എ ഒക്കെ അറസ്റ്റ് ചെയ്ത പ്രതികളുടെ ശാരീരികമായ പ്രത്യേകതകള്‍ - താടി, തലപ്പാവ്, നീണ്ടമുടി ഒക്കെ അവരെ പ്രത്യേകം അടയാളപ്പെടുത്തുന്നു. അതിലൂടെ കുറ്റം തെളിയിക്കുന്നതിനു മുമ്പു തന്നെ അവരെ കുറ്റവാളികള്‍ ആയി ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ സുരക്ഷാ വ്യവഹാരത്തിനു സാധ്യമാകുന്നു.

പലപ്പോഴും കോടതി വെറുതെ വിടുന്ന നിരപരാധികളാവട്ടെ ഭരണകൂടങ്ങള്‍ക്ക് സംഭവിക്കുന്ന അത്യപൂര്‍വ പിഴവായി മാറ്റപ്പെടുകയും ചെയ്യുന്നു. പാനായിക്കുളം കേസിന്റെ കാര്യത്തില്‍ നടന്ന ഒരു ചര്‍ച്ചയില്‍ പത്രപ്രവര്‍ത്തകരുടെ പിഴവ് ചോദ്യം ചെയ്യപ്പെട്ടപ്പോൾ അവരുടെ കൈയ്യബദ്ധം എന്ന രീതിയിലാണ് അത് ചിത്രീകരിക്കപ്പെട്ടത്. ഇതിലൂടെ ഭീകരവേട്ടയും സുരക്ഷാ വ്യവഹാരങ്ങളും തമ്മിലുള്ള ബന്ധം മറയ്ക്കപ്പെടുകയും മാധ്യമങ്ങള്‍ സ്വയം എടുത്തണിഞ്ഞ വസ്തുനിഷ്ഠതയുടെ ഭാഷയിലൂടെ രാഷ്ട്രീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചുരുക്കപ്പെടുകയും ചെയ്യുന്നു.

മാധ്യമങ്ങള്‍ സമൂഹത്തിന്റെ സുരക്ഷാവല്‍കരണത്തെ ഭരണകൂട വീക്ഷണത്തിലൂടെ കാണാന്‍ തയ്യാറാവുന്നു. അതിനാല്‍ത്തന്നെ പോലീസ് പീഡനങ്ങളും ഭരണകൂടത്തിന്റെ ക്രൂരതകളും യാതൊരു മറയുമില്ലാതെ സാധ്യമാവുന്നു. ഇതിനൊക്കെ ജനങ്ങളുടെ സമ്മതം നിര്‍മിക്കുന്ന ലിബറല്‍ ജനാധിപത്യ ഭരണകൂടങ്ങളാവട്ടെ, മുന്‍വിധികളും വ്യാജപ്രചാരണങ്ങളും വളരെ വ്യവസ്ഥാപിതമായി പ്രചരിപ്പിച്ചുകൊണ്ടു സുരക്ഷാഭരണകൂടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു. ഭീകരവേട്ടയുടെ പേരില്‍ സുരക്ഷാഭരണകൂടം ലോകവ്യാപകമായി ചെയ്യുന്നതും മറ്റൊന്നല്ല. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിൽ എന്‍.ഐ.എ നടത്തിയ അറസ്റ്റ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത് പോലീസ് ഭാഷ്യം എന്ന മുഖവുര ഇല്ലാതെയായിരുന്നു. പിടിക്കപ്പെട്ട വ്യക്തികളെക്കുറിച്ചുള്ള ശാശ്വത സത്യം എന്ന നിലക്കാണ് പല മലയാള ചാനലുകളും ഈ വാര്‍ത്ത നല്‍കിയത്.

സുരക്ഷാഭരണകൂടം ഇല്ലാതാക്കുന്നത് നേരത്തെ പൗരാവകാശങ്ങള്‍ എന്നു കരുതിയിരുന്ന രാഷ്ട്രീയ അവകാശങ്ങളെക്കൂടിയാണ്. ഇലക്ട്രോണിക് സര്‍വയലന്‍സ്, അന്യായമായ അറസ്റ്റ്, പോലീസ് പീഡനം, വിചാരണയും ജാമ്യവും ഇല്ലാതെയുള്ള അന്യായത്തടവ്, കോടതികള്‍ നടത്തുന്ന കേസ് നീട്ടിവെക്കലുകള്‍ ഇവയുടെ തോത് യാതൊരു നിയന്ത്രണമോ മാനദണ്ഡമോ ഉപാധികളോ ഇല്ലാതെ ഉയരുകയും, ഭരണകൂട പീഡനത്തിനും അന്യായമായ അറസ്റ്റിനും പ്രതിഷേധിക്കാനുള്ള അവകാശത്തിനും സ്വകാര്യതക്കുള്ള അവകാശത്തിനും വേണ്ടി ഉയര്‍ന്നു വന്ന നിരവധി രാഷ്ട്രീയ വ്യവഹാരങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

പൗരത്വം, ഭീകരവേട്ട, സുരക്ഷാഭരണകൂടം: പാനായിക്കുളം മുതല്‍ നിഖാബ് വരെ

പ്രതിഷേധിക്കാനും സംഘം ചേരാനും ആശയപ്രചാരണത്തിനുമുള്ള അവകാശം തുടങ്ങി ഒരു കാലത്ത് രാഷ്ട്രീയ അവകാശങ്ങള്‍ ആയി കരുതിയിരുന്ന കാര്യങ്ങള്‍ ഇന്ന് അങ്ങിനെ അല്ലാതായി മാറിയിരിക്കുന്നു. പോസ്റ്റര്‍ പതിച്ചാലും പുസ്തകം കൈവശം വെച്ചാലും പ്രസംഗിച്ചാലും തുടരുന്ന അറസ്റ്റും സര്‍വയലൻസും ഈ മാറ്റത്തിന്റെ ഭാഗമാണ്. രാഷ്ട്രീയ പ്രതിഷേധവും വ്യത്യസ്തമായ അന്വേഷണങ്ങളും സുരക്ഷാഭരണകൂടം സൃഷ്‌ടിച്ച ഈ 'നോര്‍മല്‍' സമൂഹത്തില്‍ മാറ്റിവക്കപ്പെടുകയും നിശബ്ദമാക്കപ്പെടുകയും ചെയ്യുന്നു. രാഷ്ട്രീയ അവകാശങ്ങളുടെ പരിധികള്‍ ഭരണകൂടം ഇടപെട്ടു കുറച്ചുകൊണ്ടിരിക്കുന്നു. നേരത്തെ സൂചിപ്പിച്ച പോലെ ജനത്തെ ഭയത്തില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമം നടത്തുന്ന ഭരണകൂടം നിയമത്തിലൂടെ പുതിയ ഭയങ്ങള്‍ സൃഷ്ടിച്ചാണ് നിലനില്‍ക്കുന്നത്.

സുരക്ഷയുടെ നിര്‍വചനങ്ങള്‍

ഇന്നത്തെ സാഹചര്യത്തില്‍ എന്താണ് സുരക്ഷ എന്നതിനു ഒരു സവിശേഷ നിർവചനം ഒന്നുമില്ല. ഓരോ ദേശരാഷ്ട്രവും അതിന്റെ സാഹചര്യത്തില്‍ സുരക്ഷയുടെ നിര്‍വചനം വ്യത്യസ്തമായി നല്‍കിക്കൊണ്ടേയിരിക്കുന്നു. സുരക്ഷ എന്നതൊരു ആഗോള സൂചകം എന്ന നിലയില്‍ നിരവധി അര്‍ത്ഥങ്ങള്‍ ഉള്‍വഹിക്കുന്നുണ്ട്. അതാവട്ടെ നിരവധി വൈരുധ്യങ്ങളും പ്രശ്നങ്ങളും ഉള്ള നിര്‍വചനമാണ്.

ഒന്ന്‍) ഭയത്തില്‍ നിന്നുള്ള മോചനം: സ്വന്തം പൗരന്മാരെ ഭീകരരില്‍ നിന്ന് രക്ഷിക്കാനാണ് ഈ സുരക്ഷാഭരണകൂടം ശ്രമിക്കുന്നത്. എന്നാല്‍ സ്വന്തം പൗരന്മാരില്‍ ഒരിക്കലും തീരാത്ത ആധിയും വേവലാതിയും സൃഷ്ടിച്ചാണ് സുരക്ഷാഭരണകൂടം ഈ മാറ്റം സാധ്യമാക്കുന്നത്. നാലാള്‍ കൂടുന്നിടത്തൊക്കെ കൂടുതല്‍ ചെക്ക്പോസ്റ്റുകളും ബയോമെട്രിക് സംവിധാനങ്ങളും ശാരീരിക പരിശോധനയും കൂടുതല്‍ ഭയത്തേയും ജാഗ്രതയേയും നിരന്തരം ഉത്പാദിപ്പിക്കുന്നു. പൗരന്മാരെത്തന്നെ പല രീതിയില്‍ പിളര്‍ത്തി സംശയത്തിന്റേയും ഭയത്തിന്റേയും പേരില്‍ പരസ്പരം വിഭജിക്കുന്നു.

രണ്ട്) വ്യക്തി സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം: ലിബറല്‍ ജനാധിപത്യത്തിന്റെ സംരക്ഷണം ഏറ്റെടുക്കുന്ന ഈ സുരക്ഷാഭരണകൂടം പക്ഷേ ലിബറല്‍ ജനാധിപത്യത്തിന്റെ നെടുന്തൂണ്‍ എന്ന് കരുതുന്ന വ്യക്തിസ്വാതന്ത്ര്യത്തെ രാഷ്ട്രീയമായി തന്നെ നിരന്തരം ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. വ്യക്തിസ്വാതന്ത്ര്യം എന്ന് പറയുമ്പോള്‍ കൂടുതല്‍ വ്യക്തത ആവശ്യമാണ്‌. ലിബറല്‍ സാമ്പത്തിക വ്യക്തിയെ ഉപഭോക്താവ് എന്ന നിലയില്‍ സംരക്ഷിക്കുന്ന സുരക്ഷാഭരണകൂടം രാഷ്ട്രീയപരമായ വ്യക്തി സ്വാതന്ത്ര്യത്തെ പൂര്‍ണമായും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. നിഖാബ് നിരോധനവും ആശയ പ്രചാരണത്തിനുള്ള സ്വാതന്ത്ര്യവും മുതല്‍ ചില പ്രത്യേക പുസ്തകങ്ങള്‍ വായിക്കാനും പ്രസിദ്ധീകരിക്കാനും ഉള്ള വിലക്കുകള്‍ വരെ ഭീകരവേട്ടയുടെ ഭാഗമായി വികസിക്കുന്നു.

മൂന്ന്‍) ജനാധിപത്യത്തിന്റെ നിലനില്‍പ്പ്: ജനാധിപത്യത്തെ ഭീകരരില്‍ നിന്ന് രക്ഷിക്കാനാണ് സുരക്ഷാഭരണകൂടം ശ്രമിക്കുന്നത്. എന്നാല്‍ നിയമ നിര്‍മാണത്തിലും നിയമത്തിന്റെ പ്രയോഗത്തിലും നീതിന്യായ വ്യവസ്ഥയിലും അടക്കം അനവധി ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങള്‍ ഇതിനായി അവലംബിച്ചാണ് സുരക്ഷാഭരണകൂടം ഈ പറയപ്പെടുന്ന 'ജനാധിപത്യ സംരക്ഷണം' നടത്തുന്നത്.

നാല്) ഹിംസയുടെ നിര്‍മാര്‍ജനം: സുരക്ഷ എന്ന രാഷ്ട്രീയ വ്യവഹാരം ഉയര്‍ന്നു വരുന്നത് ഭീകരവേട്ടയുടെ പശ്ചാത്തലത്തിലാണ്. ഭീകരതക്കെതിരായ യുദ്ധത്തിന്റെ ഭാഗമാണ് ഈ സുരക്ഷ. ഇതാവട്ടെ യുദ്ധത്തില്‍ നിന്നും ഹിംസയില്‍ നിന്നും ഒട്ടും വ്യത്യസ്തമായ സാഹചര്യമല്ല. നീട്ടിവെക്കപ്പെട്ട യുദ്ധത്തിന്റെ പ്രതീതിയാണ് ഈ സുരക്ഷാവ്യവഹാരം സാധ്യമാക്കുന്നത്. യുദ്ധവും ഹിംസയും എപ്പോഴും ഒരു മറയ്ക്കു പുറത്തുണ്ടെന്ന പ്രതീതി സുരക്ഷാ വ്യവഹാരങ്ങൾ പറയാതെ പറയുന്നു. അതായത്, ഹിംസയുടെ നിര്‍മാര്‍ജനം അല്ല മറിച്ച് ഹിംസയെക്കുറിച്ചുള്ള ഭീതി നിരന്തരം പെരുപ്പിച്ചാണ് സുരക്ഷാഭരണകൂട വ്യവഹാരം പ്രവര്‍ത്തിക്കുന്നത്.

അഞ്ച്) സുരക്ഷാഭരണകൂടം നിയമത്തിന്റെ രൂപത്തിലാണ് ഏറ്റവും നന്നായി സാധൂകരണം നേടിയിട്ടുള്ളത്. 2001 സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണത്തിനു ശേഷം അമേരിക്ക പാസാക്കിയ പാട്രിയോട്ടിക് ആക്റ്റ് മുതല്‍ ഇന്ത്യ പാസാക്കിയ യു.എ.പി.എ വരെ സുരക്ഷാഭരണകൂടത്തിന്റെ നിയമവാഴ്ചയുടെ ഭാഗമായിരുന്നു. ജനപ്രതിനിധി സഭകളില്‍ വലിയ ചർച്ചകളില്ലാതെ പാസാക്കിയ ഈ നിയമങ്ങള്‍ സുരക്ഷാസ്റ്റേറ്റ് ഉണ്ടാക്കുന്ന ജനാധിപത്യ വിരുദ്ധ നീക്കങ്ങളുടെ പ്രതീകമായി ഇന്ന് വ്യാപകമായി തുറന്നു കാട്ടപ്പെട്ടിട്ടുണ്ട്.

പോലീസിനും സൈന്യത്തിനും അമിതാധികാരം നല്‍കുകയും നിയമത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു നീതിയുടെ താല്‍പര്യങ്ങള്‍ ബലികഴിക്കുകയും ചെയ്യുന്ന ഈ നിയമങ്ങള്‍ ഘട്ടം ഘട്ടമായി പല പരിഷ്കരണങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്നു. അന്യായമായ അറസ്റ്റ്, വിചാരണ കൂടാതെയുള്ള തടവ്, ജാമ്യത്തിന്റെ നിഷേധം ഒക്കെ ഇങ്ങിനെ ലിബറല്‍ ജനാധിപത്യത്തിന്റെ ഭാഗമായി. പൗരാവകാശ സംഘടനകള്‍ ഈ വിഷയത്തില്‍ ധാരാളം പ്രതിഷേധങ്ങള്‍ നടത്തുന്നുവെങ്കിലും പൊതുജനം ഈ പ്രത്യേക നിയമങ്ങള്‍ സ്വാതന്ത്ര്യത്തിനും അവകാശത്തിനും ഉണ്ടാക്കുന്ന പരിക്കുകളെക്കുറിച്ച് അധികം അറിഞ്ഞിട്ടില്ല.

പുതിയ രാഷ്ട്രീയ പ്രതിസന്ധി

നിരവധി അടരുകളുള്ള വൈരുധ്യങ്ങളെ സ്വയം ഒരു ശക്തിയാക്കി മാറ്റിയാണ് സുരക്ഷാഭരണകൂടം ഇന്ന് വികസിക്കുന്നത്. കേരളത്തില്‍ പാനായിക്കുളം കേസിന്റെ കാര്യത്തില്‍ ഹൈക്കോടതി നിരപരാധികള്‍ എന്ന് കണ്ട് വിട്ടയക്കപ്പെട്ടവരുടെ കാര്യത്തില്‍ ഉണ്ടായ കൂട്ട നിശ്ശബ്ദതയും, അതേസമയം കൊളംബോ പോലുള്ള സംഭവങ്ങളില്‍ നടക്കുന്ന പൊതുചര്‍ച്ചയും സുരക്ഷാവല്‍കരണം ഉണ്ടാക്കുന്ന രാഷ്ട്രീയ പ്രതിസന്ധികളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.

പൗരത്വം, ഭീകരവേട്ട, സുരക്ഷാഭരണകൂടം: പാനായിക്കുളം മുതല്‍ നിഖാബ് വരെ

സുരക്ഷ മാത്രമല്ല അതിന്റെ വിപരീതമായ അരക്ഷിതാവസ്ഥയും ഉണ്ടാക്കാന്‍ ഭരണകൂടത്തിന്റെ തലത്തില്‍ സാധ്യമാവുന്നു. ഇതാവട്ടെ ജനജീവിതത്തിനു മേലെ ജൈവികമായി വ്യാപിക്കുകയും ചെയ്യുന്നു. യാതൊരു മറുചോദ്യവും സാധ്യമാകാത്ത ഭീകരവേട്ട എന്ന വ്യവഹാരം സുരക്ഷാഭരണകൂടത്തിന്റെ വികാസത്തിന്റെ ഭാഗമാണ്. സുരക്ഷാഭരണകൂടം വികസിക്കുന്നതിലൂടെ സമൂഹത്തില്‍ രാഷ്ട്രീയത്തിന്റെ ഇടങ്ങള്‍ കുറയുകയും ഭരണകൂടത്തിന്റെ ഇടങ്ങള്‍ വ്യാപികുകയും ചെയ്യുന്നു. രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ ഇടം കുറയുന്ന ഈ സവിശേഷ സാമൂഹിക സാഹചര്യം പുതിയ സമഗ്രാധിപത്യ രാഷ്ട്രീയത്തിന്റെ വികാസത്തെയാണ്‌ സൂചിപ്പിക്കുന്നത്.

അവലംബം

  • Damian Cox, Michael Levine & Saul Newman. 2009. Politics Most Unusual: Violence, Sovereignty and Democracy in the ‘War on Terror’. New York : Plagrave Macmillan.
  • Iris Marion Young. 2003. 'The Logic of Masculinist Protection: Reflection on the Current Security State'. Signs: Journal of Women in Culture and Society. 29:1, pp 1-25.
  • Mark Neocleous. 2016. The Universal Adversary: Security, Capital and 'The Enemies of All Mankind'. London: Routledge.
  • Stuart Croft. 2012. Securitizing Islam: Identity and the Serach for Security. London: Cambridge University Press.
  • Tania Saeed. 2014. Islamophobia and Securitization: Religion, Ethinicity and the Female Voice. London: Palgrave Macmillan.