LiveTV

Live

Opinion

കേരളത്തിലെ തൊഴില്‍ നിയമ പരിഷ്കരണം ആര്‍ക്കുവേണ്ടി?

നോട്ട് നിരോധനവും ജി.എസ്.ടിയും ചെറുകിട വ്യവസായ സംരംഭങ്ങളെയും കച്ചവട സ്ഥാപനങ്ങളെയും ഇല്ലാതാക്കിയതോടെ വലിയ പ്രതിസന്ധിയാണ് തൊഴിൽ മേഖലയിൽ സൃഷ്ടിക്കപ്പെട്ടത്

കേരളത്തിലെ തൊഴില്‍ നിയമ പരിഷ്കരണം ആര്‍ക്കുവേണ്ടി?

ഒരു തൊഴിലാളി ദിനം കൂടി കടന്നുപോവുകയാണ്. തൊഴിലാളികള്‍ കടുത്ത ചൂഷണത്തിനിരയാകുന്ന ലോകക്രമത്തില്‍ കാര്യമായി മാറ്റമൊന്നും ഇനിയും സംഭവിച്ചിട്ടില്ല. അതിനെതിരായ തൊഴിലാളി സമരങ്ങളും പ്രതിരോധങ്ങളുമെല്ലാം അവരുടെ ദുരിതമയമായ ജീവിതത്തിന് ഒരല്‍പം ആശ്വാസം പകര്‍ന്നിട്ടുണ്ടെങ്കിലും സ്ഥായിയായ മാറ്റം ഇനിയുമുണ്ടായിട്ടില്ല.

തൊഴിലാളി വര്‍ഗ വിമോചനം പ്രഖ്യാപിച്ച എല്ലാ മുന്നേറ്റങ്ങളും ക്രമേണ തൊഴിലാളി വിരുദ്ധമായ കോര്‍പറേറ്റ് പക്ഷത്തേക്ക് ചായുകയും ചെയ്തു. ഒരു സര്‍ക്കാറിന്റെ ഭരണ കാലമാണ് ഇന്ത്യന്‍‌ തൊഴിലാളികള്‍ അതിജീവിക്കുന്നത്. രാജ്യത്തെ തൊഴിലാളികൾ വർഷങ്ങൾ നീണ്ട പോരാട്ടങ്ങളിലൂടെയും രക്തസാക്ഷിത്വങ്ങളിലൂടെയും നേടിയെടുത്ത ഭരണഘടനാപരമായ അവകാശങ്ങൾ കോർപറേറ്റുകൾക്ക് വേണ്ടി ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ അഞ്ചു വർഷത്തെ മോദി സർക്കാരിന്റെ ഭരണത്തില്‍ കണ്ടത്. ഇതിനെതിരെ രാജ്യത്തെ മുഴുവൻ തൊഴിലാളികളും ജീവനക്കാരും അതിശക്തമായ ചെറുത്ത് നിൽപ് സമരങ്ങൾ നടത്തുന്നുമുണ്ട്.

മോദിയുടെ ജനവിരുദ്ധ നയങ്ങളുടെ പരീക്ഷണ ശാലകൾ എന്നറിയപ്പെടുന്ന രാജസ്ഥാനിലും ഗുജറാത്തിലും 300ൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്ന വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു തൊഴിലവകാശവും ലഭിക്കുന്നില്ല. വർഷം രണ്ട് കോടി തൊഴിലവസരം വാഗ്ദാനം ചെയ്ത മോദി സർക്കാർ 5 വർഷം പൂർത്തിയാക്കാമ്പോൾ കഴിഞ്ഞ 45 വർഷം രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ തൊഴിലില്ലായ്‌മയാണ് നേരിടുന്നത്.

നോട്ട് നിരോധനവും ജി.എസ്.ടിയും ചെറുകിട വ്യവസായ സംരംഭങ്ങളെയും കച്ചവട സ്ഥാപനങ്ങളെയും ഇല്ലാതാക്കിയതോടെ വലിയ പ്രതിസന്ധിയാണ് തൊഴിൽ മേഖലയിൽ സൃഷ്ടിക്കപ്പെട്ടത്. പെൻഷൻ ഫണ്ടും തൊഴിലാളി ക്ഷേമ ഫണ്ടും ഉൾപ്പെടെ സാമൂഹ്യ ക്ഷേമത്തിനു വേണ്ടി വിനിയോഗി ക്കേണ്ട മുഴുവൻ ഫണ്ടുകളുടെയും കൈകാര്യ കർതൃത്വം കുത്തകകൾക്ക് തീറെഴുതി കൊടുക്കുന്നു. ലോകബാങ്കും ലോക സാമ്പത്തിക രാഷ്ടീയ നയങ്ങളെ നിയന്ത്രിക്കുന്ന കോർപ്പറേറ്റ് കമ്പനികളും പുറപ്പെടുവിക്കുന്ന തിട്ടൂരങ്ങൾ അപ്പാടെ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നയപരമായ മാറ്റങ്ങൾക്ക് കേന്ദ്ര സർക്കാർ മുൻ കൈ എടുക്കുന്നത്.

കേരളത്തിലെ തൊഴില്‍ നിയമ പരിഷ്കരണം ആര്‍ക്കുവേണ്ടി?

തൊഴിലാളി വര്‍ഗ പാർട്ടിയെന്ന് അവകാശപ്പെടുന്നവരുടെ നേതൃത്വത്തിൽ ഭരണം നടത്തുന്ന കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. കേരളത്തില്‍ തൊഴിലാളികൾക്ക് വേണ്ടി സംസാരിക്കുന്നവര്‍ തന്നെ തൊഴിലാളി വിരുദ്ധ നയങ്ങളുടെ നടത്തിപ്പുകാരായി മാറുന്നു. കേരളത്തിൽ അധികാരത്തിൽ ഇരിക്കുന്നത് മോദി സർക്കാരിന്റെ അതേ സാമ്പത്തിക നയങ്ങൾ പിന്തുടരുന്ന സർക്കാർ ആണ്.

സംസ്ഥാനത്തെ തൊഴിൽ അന്തരീക്ഷത്തെ കുറിച്ച് വ്യാവസായിക ലോകത്തിന് ആശങ്കയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് സംസ്ഥാന മുഖ്യമന്ത്രി തന്നെ. ഈ ആശങ്കകൾ മാറ്റി വ്യാവസായിക സൗഹൃദ കേരളം സൃഷ്ടിക്കാന്‍ തൊഴിൽ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. തൊഴിലാളികൾ ശല്യക്കാരും ബാധ്യതയുമാണെന്ന കോർപ്പറേറ്റ് സമീപനം തന്നെയാണ് ഈ നിലപാടുകളുടെയും അടിസ്ഥാനം.

ഈസി ടു ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ ഇപ്പോൾ ഇന്ത്യയുടെ സ്ഥാന 77 ആണ്. ഇതില്‍ മുന്‍പന്തിയിലെത്താന്‍ തൊഴിൽ നിയമ ഭേതഗതികൾ നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാര്‍ നിർദേശമുണ്ട്. ഇത് അക്ഷരം പ്രതി നടപ്പാക്കുകയാണ് പിണറായി സര്‍ക്കാര്‍. ഇതിനായി കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സി.പി.പി.ആർ (സെന്റർ ഫോർ പബ്ലിക് പോളിംഗ് റിസർച്ച്) എന്ന സ്ഥാപനത്തെ ചുമതല പെടുത്തുകയും ചെയ്തു. രാജസ്ഥാനിലും ഗുജറാത്തിലുമെക്കെ ബി.ജെ.പി ഗവണ്‍മെന്റുകൾ നടപ്പിലാക്കിയ തൊഴിൽ നിയമ ഭേതഗതികൾ പിണറായി വിജയന്റെ കാര്‍മികത്വത്തില്‍ അതേപടി കേരളത്തിലേക്ക് കൊണ്ടുവരികയാണ്.

കേരളത്തിലെ തൊഴില്‍ നിയമ പരിഷ്കരണം ആര്‍ക്കുവേണ്ടി?

ഈ നിയമ ഭേദഗതികൾക്ക് ജനകീയ മുഖം നൽകുന്നതിന് വേണ്ടിയാണ് നോക്കുകൂലി നിരോധം, സ്ത്രീ തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ ഇരിക്കുവാനുള്ള അവകാശം തുടങ്ങിയ തീരുമാനങ്ങള്‍ക്ക് അമിതമായ പ്രചാരണം നല്‍കിയത്. ഇതോടെ കേരളം തൊഴിൽ നിയമ ഭേദഗതികളെ ആഘോഷപൂർവം സ്വീകരിച്ചു. ഇത് മധുരംപൊതിഞ്ഞ വിഷമാണെന്ന് തിരിച്ചറിയാൻ ഒട്ടുമിക്ക തൊഴിലാളി സംഘടനകൾക്കും കഴിഞ്ഞില്ല. വാണിജ്യ വ്യാപാര സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്ന സ്ത്രീ തൊഴിലാളികളുടെ ജോലി സമയം രാവിലെ 9 മണി മുതല്‍ രാത്രി 9 മണിവരെ ആക്കി, അഥവാ 12 മണിക്കൂര്‍.

ജോലി എട്ട് മണിക്കൂര്‍ ആക്കിയത് തൊഴിലാളികളുടെ സമര ചരിത്രത്തിലെ അവിസ്മരണീയമായ അധ്യായമാണ്. ഈ മുന്നേറ്റത്തെയാണ് കേരളത്തില്‍ അട്ടിമറിച്ചത്.
രാത്രി 9 മണി മുതല്‍ രാവിലെ 6 വരെ സ്ത്രീതൊഴിലാളികളെ നിര്‍ബന്ധിതമാക്കുന്ന, ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യിപ്പിക്കാന്‍ അവസരം നല്‍കുന്ന തൊഴില്‍ നയമടങ്ങിയ ഓര്‍ഡിനന്‍സാണ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇത് അത്യന്തം സ്ത്രീവിരുദ്ധവും തൊഴിലാളി വിരുദ്ധവുമാണ്.

കേരളത്തിലെ തൊഴില്‍ നിയമ പരിഷ്കരണം ആര്‍ക്കുവേണ്ടി?

അനുകൂല സുപ്രീം കോടതി വിധി ഉണ്ടായിട്ടും കെ.എസ്.ഇ.ബിയിലെ ആയിരക്കണക്കിന് കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ ഇപ്പോഴും സർക്കാരിന് കഴിഞ്ഞിട്ടില്ല. കോർപറേറ്റുകൾ കേരള സംസ്ഥാന ഭരണത്തിലും പിടി മുറുക്കി കൊണ്ടിരിക്കുകയാണ്. ക്ഷേമ നിധി ബോർഡുകളിലുള്ള ഒഴിവുകൾ നികത്തുവാനോ സ്ഥിരം മേധാവികളെ നിയമിക്കുവാനോ സർക്കാർ തയ്യാറാവുന്നില്ല. സംസ്ഥാനത്തെ ലേബർ ഓഫീസുകളിലും സ്ഥിതി വ്യത്യസ്തമല്ല. ഉദ്യോഗസ്ഥരില്ലാതെ തൊഴിൽ തർക്കങ്ങൾ നീണ്ടു പോകുന്നു. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ചികിത്സാ ആനുകൂല്യം നല്‍കാനുളള കരാർ പോലും അംബാനിക്ക് തീറെഴുതിക്കഴിഞ്ഞു. ഫെഡറൽ സംവിധാനത്തിന്റെ സാധ്യതകളും സംസ്ഥാന അധികാരവും പ്രയോജനപ്പെടുത്തി മോദിയുടെ കോർപ്പറേറ്റ് പക്ഷ നിലപാടുകള്‍ക്ക് ബദല്‍ മാര്‍ഗം സൃഷ്ടിക്കുന്നതില്‍ കേരളത്തിലെ ഇടത് സര്‍ക്കാര്‍ പരാജയപ്പെട്ടു.

തൊഴിലാളികളുടെ നിലനില്‍പ്പിനുളള സാര്‍വ്വദേശീയമായ പോരാട്ടങ്ങളോട് ഈ മെയ്ദിനത്തില്‍ ഐക്യപ്പെടണം. അത് ഇന്ത്യയിലും കേരളത്തിലുമുള്ള സര്‍ക്കാറുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടത്തിനുള്ള പ്രചോദനമാകണം. തൊഴിലവകാശങ്ങൾക്ക് വേണ്ടി പൊരുതി മരിച്ച ധീര രക്തസാക്ഷികളുടെ ഓര്‍മകള്‍ പുതിയ പോരാട്ടത്തിനുള്ള വഴിതുറക്കുന്നതാകണം.

(ലേഖകന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് സംസ്ഥാന പ്രഡിഡന്റാണ്)