LiveTV

Live

Opinion

നമ്മുടെ സംരക്ഷകനായി, നമ്മുടെ സ്വന്തം ആനവണ്ടി 

നമുക്കൊപ്പം ചേർത്തുനിർത്താം നമ്മെ ആരും തല്ലാതെയും കൊല്ലാതെയും ലക്ഷ്യസ്ഥാനത്തെത്തിക്കാനായിട്ട്...

നമ്മുടെ സംരക്ഷകനായി, നമ്മുടെ സ്വന്തം ആനവണ്ടി 

സ്വകാര്യ ബസ് ജീവനക്കാർ, യാത്രക്കാരെ പുലർച്ചെ മർദിച്ചവശരാക്കി റോഡിലിറക്കിവിട്ട വാർത്ത ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. ഓരോ യാത്രക്കാരനും അവന്റെ ലക്ഷ്യസ്ഥാനം മനസിൽ കണ്ടുകൊണ്ടാണ് യാത്ര തുടങ്ങുക. അവരെ കാത്ത് ഒരുപാട് പേരും, പല പ്രതീക്ഷകളും ഉണ്ടായിരിക്കും . അതുകൊണ്ടുതന്നെ യാത്രകളൊന്നും പാതിവഴിയിൽ മുറിയരുത്. എത്തേണ്ടിടത്ത് എത്താനായി ആരുടേയും തല്ലും കൊള്ളരുത്. ഇവിടെയാണ് കെ.എസ്.ആർ.ടി.സി എന്ന നമ്മുടെ ഓരോരുത്തരുടെയും ആനവണ്ടി ആശ്വാസമാവുന്നത്.

നമ്മുടെ സംരക്ഷകനായി, നമ്മുടെ സ്വന്തം ആനവണ്ടി 

യാത്രക്കാരെ പ്രൈവറ്റ് ബസ്സുകാർ മർദിച്ച സംഭവത്തോടെ കെ.എസ്.ആർ.ടി.സി യ്ക്ക് ജനപിന്തുണ ഒന്നുകൂടി കൂടുകയാണ് ചെയ്തിരിക്കുന്നത്. ഇതോടെ പ്രൈവറ്റ് സർവീസുകളോട് മത്സരിച്ചു സർവ്വീസ് നടത്തുകയാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി. യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ പരമാവധി നല്ല രീതിയിൽ സർവീസ് നടത്തുന്നതിനായി കെ.എസ്.ആർ.ടി.സി. ജീവനക്കാരും ഉദ്യോഗസ്ഥരും കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എറണാകുളം ഡിപ്പോയിൽ നടന്ന സംഭവം.

നമ്മുടെ സംരക്ഷകനായി, നമ്മുടെ സ്വന്തം ആനവണ്ടി 

എറണാകുളത്തു നിന്നും ബംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന വോൾവോ ബസ് തകരാറു മൂലം പണിമുടക്കുകയും സർവീസ് നടത്തുവാൻ സാധിക്കാത്ത അവസ്ഥ വരികയുമുണ്ടായി. വണ്ടിയിൽ ആണെങ്കിൽ ഫുൾ സീറ്റും റിസർവ്ഡും ആയിരുന്നു. സാധാരണ ഗതിയിൽ ഇത്തരം പ്രശ്നങ്ങൾ ബാധിക്കുന്ന ഘട്ടങ്ങളിൽ കെ.എസ്.ആർ.ടി.സി. സർവീസ് ക്യാൻസൽ ആക്കാറാണ് ചെയ്യാറുള്ളത്. എന്നാൽ ഇവിടെ കെ.എസ്.ആർ.ടി.സി. ചെയ്തത് മറ്റൊന്നായിരുന്നു. മറ്റൊരു ബസ് എത്തിച്ച് ശേഷം യാത്രക്കാരെ വിളിച്ചുണർത്തി അതിലേക്ക് മാറ്റി. യാത്രരുടെ കയ്യടി നേടിയ ഒരു ചലഞ്ച് ആയി ഇത് സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടി.

ഇങ്ങനെ എത്രെയെത്രെ സംഭവങ്ങൾ... യാത്രക്കാരന് നേഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിലെത്തിക്കാൻ കാണിച്ച മനുഷ്യത്വവും വനിതായാത്രക്കാരിയുടെ സുരക്ഷക്കായി രക്ഷിതാവെത്തുംവരെ കാത്തുനിന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരെയും ആരും മറന്നിട്ടുണ്ടാവില്ല. അതുതന്നെയാണ് നമ്മളടക്കമുള്ള ഓരോ യാത്രക്കാരും പ്രതീക്ഷിക്കുന്നത്.

എന്നാൽ പല സന്ദർഭങ്ങളിലും നമ്മളിൽ പലരും കെ.എസ്.ആർ.ടി.സി ബസുകളോട് നടത്തുന്ന ക്രൂരത കണ്ടും കേട്ടും നില്‍ക്കാൻ വിധിക്കപ്പെട്ടവരാണ്. ഹര്‍ത്താല്‍ പോലുള്ള സമരമുറകളുടെ ഭാഗമായി ആനവണ്ടികളെ എറിഞ്ഞുടച്ചും തല്ലിത്തകർത്തും പലരും വിജയിച്ചെന്ന് കൊട്ടിഘോഷിക്കുന്ന കാഴ്ചകള്‍ക്ക് പലവട്ടം നമ്മള്‍ സാക്ഷികളായിട്ടുണ്ട്.

നമ്മുടെ സംരക്ഷകനായി, നമ്മുടെ സ്വന്തം ആനവണ്ടി 

എന്നാൽ ഇത്രമേലടുപ്പവും കരുതലും സ്നേഹവുമുള്ള മറ്റൊരു വാഹനം വേറെയില്ല. പലപ്പോഴും പല യാത്രകളിലും... ഒറ്റപ്പെട്ടുപോയപ്പോളെല്ലാം... ഇനിയെന്ത് എന്ന് ചോദിച്ച് ഉത്തരം കിട്ടാതെ വഴിയോരത്ത് ഇരുട്ടിലിരിക്കേണ്ടി വന്ന പല സന്ദർഭങ്ങളിലും... പലർക്കും... ആ സമയത്തെല്ലാം കൂട്ടായി എത്തുന്നത് കെ.എസ്.ആർ.ടി.സി മാത്രമാണ്. അപ്പോളൊക്കെ ആനവണ്ടി ഒരു രക്ഷകനായ് തോന്നീട്ടുണ്ട്. ഒരു പ്രതീക്ഷയും... പ്രളയകാലത്ത് നമുക്ക് കൂട്ടായി സഹായമായി നിന്നിട്ടുള്ളവരാണ് നമ്മുടെ ആനവണ്ടിയും ജീവനക്കാരും.

നമ്മുടെ സംരക്ഷകനായി, നമ്മുടെ സ്വന്തം ആനവണ്ടി 

പല സംസ്ഥാനങ്ങളിലും നിറവും പേരും വേറെയാണെങ്കിലും, കരുതലും വിശ്വാസവും ഒന്ന് തന്നെയാണ്. അനേകായിരം ആളുകളുടേയും കുടുംബങ്ങളുടെയും അന്നം. അതിലുപരി ഒരുപാട് ആളുകളുടെ പ്രതീക്ഷ... ഇനി വരുന്ന ഹര്‍ത്താലുകളില്‍ നിന്നെങ്കിലും നമുക്ക് കെ.എസ്.ആർ.ടി.സി യെ മാറ്റി നിർത്താം. എന്നിട്ട് നമുക്ക് ഒത്തുപിടിക്കാം, കെ.എസ്.ആർ.ടി.സിയെ കരകയറ്റാനായി... നമുക്കൊപ്പം ചേർത്തുനിർത്താം, നമ്മെ ആരും തല്ലാതെയും കൊല്ലാതെയും ലക്ഷ്യസ്ഥാനത്തെത്തിക്കാനായിട്ട്...