LiveTV

Live

Opinion

പ്രകൃതിക്കൊരു വോട്ട്; പ്രകൃതി സംരക്ഷകനൊരു വോട്ട്

പ്രകൃതി വിരുദ്ധ തീരുമാനങ്ങൾ കൈക്കൊള്ളുന്ന ഒരാളെ പാർലമെന്റിലേക്ക് അയക്കുന്നത് നമ്മുടെയൊക്കെ നിലനിൽപ്പിന് തന്നെ ദോഷകരമാകും

 പ്രകൃതിക്കൊരു വോട്ട്; പ്രകൃതി സംരക്ഷകനൊരു വോട്ട്

രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പിൽ കേരളം ഇന്ന് വിധി എഴുതാൻ പോളിങ് ബൂത്തിലേക്ക് എത്തി കഴിഞ്ഞു. പോളിങ് ബൂത്തിലെത്തുന്നത് ഏത് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിച്ചിട്ട് തന്നെയാകും. എന്നാൽ നമ്മുടെ നിലനിൽപ്പിനായി മാറ്റം ആഗ്രഹിക്കുമ്പോൾ ഓരോ പ്രബുദ്ധരായ മലയാളിയും നമ്മുടെ പ്രകൃതിയെ കൂടി ഓർക്കുന്നത് നല്ലതായിരിക്കും.

പ്രകൃതിയെ സംരക്ഷിക്കാൻ പ്രാപ്‌തനാണോ നാം തെരഞ്ഞെടുക്കുന്ന സ്ഥാനാർഥി, നാം വോട്ട് ചെയ്യുന്ന പാർട്ടി എന്നുകൂടി മുഖവിലക്കെടുക്കേണ്ടത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. പ്രകൃതി വിരുദ്ധ തീരുമാനങ്ങൾ കൈക്കൊള്ളുന്ന ഒരാളെ പാർലമെന്റിലേക്ക് അയക്കുന്നത് നമ്മുടെയൊക്കെ നിലനിൽപ്പിന് തന്നെ ദോഷകരമാകും. കുറഞ്ഞ ഇടവേളകളിലായി നമ്മൾ അഭിമുകീകരിക്കുന്ന പ്രകൃതിയിലെ മാറ്റങ്ങൾ നമ്മെ കുറച്ചൊന്നുമല്ല പ്രയാസ്സപ്പെടുത്തുന്നത്. അതിന്റെ അനുഭവത്തിൽ നിന്നുകൊണ്ടെങ്കിലും നമ്മൾ പ്രകൃതിക്ക് വേണ്ടി ചിന്തിക്കുന്നത് നല്ലതായിരിക്കും.

 പ്രകൃതിക്കൊരു വോട്ട്; പ്രകൃതി സംരക്ഷകനൊരു വോട്ട്

വനം കയ്യേറിയവനും, കാട് വെട്ടിത്തെളിച്ചവനും, പുഴ കയ്യേറിയവനും, ഭൂമി തുരന്നവനും, മല ഇടിച്ചവനും ഇതിനെല്ലാം കൂട്ട് നിന്നവരും ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. അവരെല്ലാം പാർലമെന്റിൽ എത്തുന്നത് നമ്മുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായിരിക്കും. അത്തരക്കാരെ മാറ്റി നിർത്താനുള്ളതാകണം നമ്മുടെ വോട്ട്.

ലോകത്തിലെ ഏറ്റവും മലിന വായുവുള്ള നഗരമായി നമ്മുടെ രാജ്യ തലസ്ഥാനം മാറിയതും അടുത്തകാലത്താണ്. നമ്മുടെ വിരൽ തുമ്പിൽ മഷി പുരട്ടുമ്പോൾ ഈ കാര്യങ്ങൾ കൂടി നാം ഓർക്കേണ്ടതുണ്ട്.

പ്രകൃതി ക്ഷോഭങ്ങൾക്ക് അടിപ്പെട്ട് തീരരുത് ഈ നാടും നമ്മളും. അതുകൊണ്ട് പ്രകൃതിക്ക് വേണ്ടിയാകട്ടെ ഈ വോട്ട്, തീരുമാനം നമ്മുടേതാണ്. ലോകം മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം പ്രകൃതി ക്ഷോഭങ്ങളുടെ ഘോഷയാത്രയാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും, കാർബൺ ഡെെയോക്സെെഡ് ബഹിർഗമനം വർധിക്കുന്നതും, അന്തരീക്ഷ ചൂട് കൂടുന്നതും എല്ലാം നമ്മൾ വരുത്തിവെക്കുന്ന വലിയ വിനകളാണ്. ഇത്തരം അവസ്ഥയ്ക്ക് നമ്മുടെ ഭരണാധികാരികൾ ചെയ്ത് കൂട്ടിയ വികല വികസന നയങ്ങൾ തന്നെയാണ് മുഖ്യ കാരണവും. അവരുടെ തീരുമാനങ്ങൾ മൊത്തം പ്രകൃതിക്കും ജനങ്ങൾക്കും ഭീഷണിയായിട്ടുണ്ട്. ഉദാഹരണമായി കേരളത്തിൽ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ നടന്ന പ്രളയം നമ്മുടെ ഓർമ്മയിലുണ്ടാകും.

 പ്രകൃതിക്കൊരു വോട്ട്; പ്രകൃതി സംരക്ഷകനൊരു വോട്ട്

പ്രളയ സമയത്ത് ഗവണ്മെന്റ് കാര്യമായി തന്നെ ഇടപ്പെട്ടിട്ടുണ്ട് എന്ന യാഥാർഥ്യം നിലനിൽക്കെ തന്നെ, അതിന് മുൻപ് ചെയ്തുകൂട്ടിയ ചെയ്തികളുടെ ഫലമാണ് അന്നൊരിക്കല്‍‍ നമ്മെ തേടിയെത്തിയ ആ പ്രളയം. കാശ്മീർ മുതൽ കന്യാകുമാരി വരെ, വലിയ പ്രകൃതി ക്ഷോഭങ്ങളാണ് കഴിഞ്ഞ കാലങ്ങളിലായി രാജ്യമൊട്ടാകെ ഉണ്ടായിട്ടുള്ളത്.

ഭൂകമ്പം, ഉരുൾപൊട്ടലുകൾ, പ്രളയം, മഞ്ഞ് മലകളുടെ തകർച്ച, കടൽ ക്ഷോഭങ്ങൾ, കാട്ടുതീ എന്നുവേണ്ട എല്ലാത്തരത്തിലുമുള്ള പ്രകൃതി ക്ഷോഭങ്ങൾ ഈ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യുമ്പോൾ നമുക്ക് ഓർമ്മിക്കാം. മോദിക്ക് കീഴിലുള്ള കേന്ദ്ര സർക്കാർ കഴിഞ്ഞ തവണ അധികാരത്തിലേറുമ്പോൾ പ്രകൃതി സംരക്ഷണത്തിനായി ധാരാളം വാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ ഇതെല്ലാം മറന്നാണ് പ്രവർത്തിച്ചത്.

വോട്ടിങ് അവസാന നിമിഷത്തേക്ക് കടക്കുന്ന നിമിഷങ്ങളിലെങ്കിലും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്, നാം ചെയ്യുന്ന ഓരോ വോട്ടും നമ്മുടെ തന്നെ നാശത്തിനുള്ളതല്ലെന്ന്

കാർബൺ ബഹിർഗമനം കുറയ്ക്കാൻ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഒട്ടുമിക്ക രാജ്യങ്ങളും മുന്നോട്ട് വന്നപ്പോള്‍ ഇന്ത്യ പക്ഷേ അതിന് തയ്യാറായില്ല. ലോകത്തിലെ ഏറ്റവും മലിന വായുവുള്ള നഗരമായി നമ്മുടെ രാജ്യ തലസ്ഥാനം മാറിയതും അടുത്തകാലത്താണ്. നമ്മുടെ വിരൽ തുമ്പിൽ മഷി പുരട്ടുമ്പോൾ ഈ കാര്യങ്ങൾ കൂടി നാം ഓർക്കേണ്ടതുണ്ട്.

 പ്രകൃതിക്കൊരു വോട്ട്; പ്രകൃതി സംരക്ഷകനൊരു വോട്ട്

ഏത് രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കണമെന്നും ആർക്ക് വോട്ട് നൽകണമെന്നും എന്നതെല്ലാം വ്യക്തി സ്വാതന്ത്രം മാത്രമാണ്. എന്നാൽ ചെയ്ത് കൂട്ടിയ ക്രൂരതകൾ എല്ലാം മനപ്പൂർവം മറന്ന്‌ കൊണ്ട് വോട്ട് ചെയ്യുമ്പോൾ ഓർക്കുക, അധികം വൈകാതെ ഇനിയും ഒരു പ്രളയത്തിനായി നമുക്ക് കാത്തിരിക്കാം. ഒന്ന് മാറി ചിന്തിക്കാന്‍ അന്ന് പക്ഷേ സമയമുണ്ടാകില്ലെന്ന് മാത്രം.

വോട്ടിങ് അവസാന നിമിഷത്തേക്ക് കടക്കുന്ന നിമിഷങ്ങളിലെങ്കിലും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്, നാം ചെയ്യുന്ന ഓരോ വോട്ടും നമ്മുടെ തന്നെ നാശത്തിനുള്ളതല്ലെന്ന്. പ്രകൃതി സംരക്ഷണം നമ്മുടെ ആവശ്യമാണ്. അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുന്നവന് വോട്ട് നൽകിയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. സാക്ഷര കേരളത്തിൽ എല്ലാം നേടിയെന്ന അഹങ്കരിക്കുന്നവർ ഒന്നോർക്കുക... അടിസ്ഥാനാവശ്യങ്ങളിൽ പ്രകൃതിയും ഉൾപ്പെട്ട് തുടങ്ങിയിരിക്കുന്നു. നമ്മുടെ വിരൽ തുമ്പിൽ ഇന്ന് പുരട്ടുന്ന മഷി ഈ കാര്യങ്ങൾ കൂടി നാം ഓർത്തുകൊണ്ടാകണം.