LiveTV

Live

Opinion

ബി.ജെ.പി പ്രകടന പത്രിക: നിറവേറ്റിയ വാഗ്ദാനങ്ങളും വസ്തുതകളും 

സംഘടിത കൊള്ള നിയമപരമായ കവര്‍ച്ചഎന്നൊക്കെ മന്മോഹന്‍ സിങ് വിശേഷിപ്പിച്ചത് നോട്ടുനിരോധത്തിനെ മാത്രമല്ല ഈ സര്‍ക്കാരിന്റെ ഭരണത്തെ കുറിച്ച് തന്നെയാണ്.കൊള്ളയടിക്കാന്‍ വന്നവര്‍ക്കെന്ത് തെരഞ്ഞെടുപ്പ് വാഗ്ദാനം

ബി.ജെ.പി പ്രകടന പത്രിക:  നിറവേറ്റിയ വാഗ്ദാനങ്ങളും വസ്തുതകളും 

ഒരു മറാഠി ചാനലിന്റെ വിനോദ പരിപാടിക്കിടെയാണ് കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരി ആ സത്യം വിളിച്ചു പറഞ്ഞത്. തെരഞ്ഞെടുപ്പ് സമയത്ത് ധാരാളം വ്യാജവാഗ്ദാനങ്ങള്‍ നല്‍കേണ്ടിവന്നുവെന്നും അത് ജയിക്കുമെന്നും ഇപ്പോള്‍ ജനങ്ങള്‍ അതേക്കുറിച്ച് ചോദിക്കുമ്പോള്‍ ചിരിച്ച് ഒഴിഞ്ഞ് മാറുകയേ നിവൃത്തിയുള്ളൂവെന്നുമാണ് തമാശ രൂപേണ ഗഡ്കരി പറഞ്ഞത്. ഹിന്ദി നടന്‍ നാനാ പടേക്കറൊക്കെയുള്ളതായിരുന്നു രംഗം. തോല്‍ക്കുമെന്നുറപ്പിച്ചാണ് വ്യാജവാഗ്ദാനങ്ങള്‍ നല്‍കിയതെന്നായിരുന്നു ഗഡ്കരി പറഞ്ഞത്.

തെരഞ്ഞെടുപ്പ് സമയത്ത് ധാരാളം വ്യാജവാഗ്ദാനങ്ങള്‍ നല്‍കേണ്ടിവന്നുവെന്നും അത് ജയിക്കുമെന്നും ഇപ്പോള്‍ ജനങ്ങള്‍ അതേക്കുറിച്ച് ചോദിക്കുമ്പോള്‍ ചിരിച്ച് ഒഴിഞ്ഞ് മാറുകയേ നിവൃത്തിയുള്ളൂവെന്നുമാണ് തമാശ രൂപേണ ഗഡ്കരി പറഞ്ഞത്.

രാഹുല്‍ ഗാന്ധി ഇതിനെ കളിയാക്കി രംഗത്തെത്തിയതോടെ ഗഡ്കരി വിശദീകരണവുമായെത്തി. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെ കുറിച്ചാണ് താന്‍ പറഞ്ഞതെന്നും ദേശീയപാതാ ടോള്‍ ഇല്ലാതാക്കുന്നത് തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച ഗോപിനാഥ് മുണ്ടെ ആശങ്ക ഉന്നയിച്ചപ്പോള്‍ അദ്ദേഹത്തോട് നമ്മള്‍ ജയിക്കുമെന്ന് കരുതുന്നുണ്ടോയെന്ന് ചോദിച്ചതായും നിഥിന്‍ ഗഡ്കരി വിശദീകരിക്കുന്നു. ഒരേ വര്‍ഷമാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും നടന്നത്, 2014ല്‍.

നരേന്ദ്രമോദി അധികാരത്തിലെത്തി രണ്ട് മാസത്തിനകം ഗോപിനാഥ് മുണ്ടെ മരിച്ചു. പിന്നീടാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രകടപത്രിക തയ്യാറാക്കുന്ന പരിപാടി ബിജെപിക്കില്ല. അപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് തന്നെയാണ് നിഥിന്‍ ഗഡ്കരി ഉദ്ദേശിച്ചതെന്ന് വ്യക്തം. മോദിക്കെതിരെ മോഹന്‍ ഭാഗവതിന്റെ അടുപ്പക്കാരനായ ഗഡ്കരിയുടെ ഉള്‍പ്പാര്‍ട്ടി കലാപമായി ഇതിനെ വ്യാഖ്യാനിച്ചവരുണ്ട്.

ബി.ജെ.പി പ്രകടന പത്രിക:  നിറവേറ്റിയ വാഗ്ദാനങ്ങളും വസ്തുതകളും 

എന്നാല്‍, ഇത് ഒരു ഫ്രോയിഡിയന്‍ സ്ലിപ് ആയി കരുതുന്നതാണ് യുക്തിസഹം. കാരണം, മോദി സര്‍ക്കാരിന്റെ പ്രകടനപത്രികയും പോയ നാലര വര്‍ഷത്തെ പ്രകടനവും പരിശോധിച്ചാല്‍ തന്നെ ഇത് വ്യക്തമാകും. അതിലും എളുപ്പം മോദി സര്‍ക്കാര്‍ പ്രകടനപത്രകയില്‍ നടപ്പാക്കിയ വാഗ്ദാനങ്ങള്‍ ഏതെന്ന് നോക്കുന്നതാണ്. അതാദ്യം പരിശോധിക്കാം.

1. കോടതിക്ക് പുറത്ത് കേസുകള്‍ തീര്‍പ്പാക്കാന്‍ സംവിധാനമുണ്ടാക്കും. മൂന്നരലക്ഷം കേസുകള്‍ തീര്‍പ്പാക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു

2. കാലഹരണപ്പെട്ട നിയമങ്ങള്‍ പരിശോധിച്ച് കാലക്രമത്തില്‍ ഒഴിവാക്കും. 2016ലെ നിയമം റദ്ദാക്കല്‍ നിയമത്തിലൂടെ 758 വസ്തു ഏറ്റെടുക്കല്‍ നിയമങ്ങള്‍ റദ്ദാക്കി.

3. ബൌദ്ധിക സ്വത്തവകാശ തര്‍ക്കങ്ങള്‍ക്കായി പ്രത്യേക കോടതി സ്ഥാപിക്കും. പ്രത്യേക കോടതി ഇനിയും സ്ഥാപിച്ചിട്ടില്ലെങ്കിലും 2015ലെ വാണിജ്യ കോടതി നിയമം വഴി വാണിജ്യ കോടതികള്‍ വഴി തര്‍ക്കം പരിഹരിക്കുമെന്ന് നയത്തില്‍ രേഖപ്പെടുത്തി.

4. യോഗക്കും ആയുഷിനും വേണ്ടി പൊതുഫണ്ട് കൂടുതല്‍ ചെലവഴിക്കും. ഇതിനായി പ്രത്യേക വകുപ്പ് തന്നെ ആരംഭിച്ചു. 2017-18ല്‍ വകയിരുത്തിയത് 1428 കോടി

5. ആരോഗ്യനയം രൂപീകരിച്ചു. എന്നാല്‍ ബജറ്റ് വിഹിതത്തിലെ വര്‍ധനയെക്കുറിച്ച് ഒന്നും പറയാനില്ല. നയത്തില്‍ തര്‍ക്കമുള്ള കാര്യങ്ങള്‍ വേറെ.

6. ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകളാരംഭിച്ചു. സ്വയം എന്ന പേരിലുള്ള ഈ പാഠ്യപദ്ധതി എല്ലാ ഇന്ത്യക്കാര്‍ക്കും സൌജന്യമാണ്

7. പഠിക്കുമ്പോള്‍ തന്നെ തൊഴില്‍ ചെയ്യാവുന്ന രീതിയില്‍ അപ്രന്‍റീസ്ഷിപ്പ് ആക്ട് ഭേദഗതി ചെയ്തു.

8. ദേശീയ ഇ ലൈബ്രറി സ്ഥാപിച്ചു. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടുത്താവുന്ന വെബ്സൈറ്റുകളാരംഭിച്ചു. ഇത് എത്രപേര്‍ ഉപയോഗിക്കുന്നുവെന്ന കണക്ക് ലഭ്യമല്ല.

9. കാര്‍ഷികവിളകള്‍ക്കായി വിലസ്ഥിരതാ ഫണ്ട്. 500 കോടി അനുവദിച്ചു. പിന്നീട് അത് 900 കോടിയാക്കി.

10 . കാര്‍ഷികമേഖലയിലും ഗ്രാമീണ മേഖലയിലും കൂടുതല്‍ തുക ചെലവഴിക്കും. 2017-18ല്‍ 1.6 ലക്ഷം കോടി നീക്കിവെച്ചു

11. യുജിസിക്ക് പകരം ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍. പക്ഷേ വിമര്‍ശനങ്ങളനവധി. ഉന്നതവിദ്യാഭ്യാസ രംഗത്തെ സ്വയം ഭരണസ്വഭാവം ഇല്ലാതാക്കുന്നതാണെന്ന് പ്രധാന വിമര്‍ശം.

12. ആരോഗ്യ ഇന്‍ഷുറന്‍സ്. അവസാന വര്‍ഷം പ്രഖ്യാപിച്ചെങ്കിലും കണ്ണില്‍പൊടിയിടല്‍ പ്രഖ്യാപനമെന്ന് വ്യാപകവിമര്‍ശനം. സംസ്ഥാനങ്ങള്‍ ഇപ്പോള്‍ നടത്തുന്ന പദ്ധതികളെ തകിടം മറിക്കുമെന്നും ആക്ഷേപം.

ഈ നേട്ടങ്ങളില്‍ പലതും കേന്ദ്രത്തിന്റെ അവകാശവാദം മുഖവിലക്കെടുത്താണ് നേട്ടങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടുള്ളത്. ബജറ്റിലെ നീക്കിയിരുപ്പും യഥാര്‍ത്ഥ ചെലവാക്കലും തമ്മില്‍ അന്തരമുണ്ട്.

ബി.ജെ.പി പ്രകടന പത്രിക:  നിറവേറ്റിയ വാഗ്ദാനങ്ങളും വസ്തുതകളും 

ഇനി നടപ്പാക്കാത്ത വാഗ്ദാനങ്ങള്‍ പരിശോധിക്കാം. പക്ഷേ, അത് മുഴുവന്‍ ചൂണ്ടിക്കാട്ടുക അസാധ്യമാണ്. എന്നാല്‍, പ്രസക്തമായവ മാത്രം ചൂണ്ടിക്കാട്ടാം.

1. ക്രിമിനല്‍ രാഷ്ട്രീയക്കാര്‍ക്കെതിരായ കേസുകള്‍ അതിവേഗം തീര്‍പ്പാക്കും.

ഒരു വര്‍ഷം കൊണ്ട് കേസുകള്‍ തീര്‍പ്പാക്കുമെന്ന് പാര്‍ലമെന്റിലെ കന്നി പ്രസംഗത്തില്‍ മോദി പറഞ്ഞിരുന്നു. ബി.ജെ.പിക്കാരായ എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കുമെതിരെയുള്ള കേസുകള്‍ പോലും തീര്‍ക്കാന്‍ പോലും മോദിക്ക് സാധിച്ചില്ലെന്ന് മാത്രമല്ല, സാധിക്കാത്തത്ര അധികമാണ് കേസുകളുടെ എണ്ണം. മോദിയുടെ കാബിനറ്റിലെ 31 ശതമാനം മന്ത്രിമാര്‍ക്കുമെതിരെ ക്രിമിനല്‍ കേസുകളുണ്ട്. ഇതില്‍ 18 ശതമാനവും ഗൗരവമുള്ള കുറ്റങ്ങളാണ്.

വധം, വധശ്രമം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവ. ഇത് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യഹരജിയില്‍ നിലവിലെ കോടതികളെ അതിവേഗ കോടതികളാക്കി പരിവര്‍ത്തിപ്പിക്കാമെന്ന് കേന്ദ്രം നിലപാട് അറിയിച്ചു. ഉള്ള കോടതികള്‍ക്ക് വേറെ പണിയുണ്ടെന്നും വേറെ കോടതികളുണ്ടാക്കി കേസ് തീര്‍ക്കണമെന്നും കോടതി പറഞ്ഞു. അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ നിയമനിര്‍മാണം നടത്താമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടും മോദി ഭരണകൂടം അനങ്ങിയില്ല

2. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പാദനച്ചെലവിനേക്കാള്‍ അമ്പത് ശതമാനം കൂടുതല്‍ താങ്ങുവില ഉറപ്പു വരുത്തും. തൊഴിലുറപ്പ് പദ്ധതി കാര്‍ഷികമേഖലയിലേക്ക് വ്യാപിപ്പിക്കും.

ഇത് സംബന്ധിച്ച് എം.എസ് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ വിപണിയെ ദോഷകരമായി ബാധിക്കുമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് വാഗ്ദാനം ബിജെപി തന്നെ വിഴുങ്ങി. രാജ്യം മുഴുവന്‍ രൂക്ഷമായ കര്‍ഷകരോഷത്തിനിത് ഇടയാക്കി. കര്‍ഷകരുടെ ലോങ്മാര്‍ച്ചുകള്‍ രാജ്യത്തെ നഗരങ്ങളെ പ്രകമ്പനം കൊള്ളിച്ചു.

ഹോര്‍ട്ടിക്കള്‍ച്ചര്‍, ഫ്ലോറികള്‍ച്ചര്‍, എപ്പികള്‍ച്ചര്‍ എന്നിവ പ്രോല്‍സാഹിപ്പിക്കുമെന്ന വാഗ്ദാനം പാലിച്ചില്ല. എപ്പികള്‍ച്ചറിലും അക്വാകള്‍ച്ചറിലും 2016ല്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചു. ഹോര്‍ട്ടിക്കള്‍ച്ചറിന് ഫണ്ട് വകയിരുത്തിയെങ്കിലും ഗുണഭോക്താക്കളെ കുറിച്ച് ഒരു വിവരവും ലഭ്യമല്ല. ഇക്കാര്യത്തില്‍ മാത്രമല്ല, ബജറ്റിലനുവദിക്കുന്ന ഫണ്ട് ചെലവാക്കുന്നില്ലെന്ന് ഇത് സംബന്ധിച്ച പാര്‍ലമെന്ററി കമ്മിറ്റികള്‍ നിരന്തരം ചൂണ്ടിക്കാട്ടുന്നുണ്ട്.

3. ബഹുബ്രാന്‍ഡ് റീട്ടെയില്‍ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കില്ല.

കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ ബഹുബ്രാന്‍ഡ് റീട്ടെയില്‍ മേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ചിരുന്നു. പ്രകടനപത്രികയില്‍ ഇത് സമ്മതിക്കില്ലെന്ന് എഴുതിവെച്ച ബി.ജെ.പി സര്‍ക്കാര്‍ 2016-17ല്‍ നൂറ് ശതമാമാക്കി ഇതുയര്‍ത്തി.

4. ജഡ്ജിമാരുടെ നിയമനത്തിനായി ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ സ്ഥാപിക്കും.

ഇതിന് വേണ്ടി കൊണ്ടുവന്ന നിയമം ഭരണഘടനാ വിരുദ്ധവും ജുഡീഷ്യറിയുടെ സ്വതന്ത്രമായ നിലനില്‍പിനെ അപകടപ്പെടുത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കി. പ്രധാനമന്ത്രിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമുള്‍ക്കൊള്ളുന്ന കമ്മീഷനിലേക്ക് നിലവിലെ കൊളീജിയം സമ്പ്രദായം അവസാനിപ്പിച്ച് ജഡ്ജി നിയമനം കൈമാറാനായിരുന്നു സര്‍ക്കാര്‍ നീക്കം. പിന്നീടുണ്ടായതെല്ലാം രാജ്യം കണ്ടതാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രക്കെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ കോടതിക്ക് പുറത്തിറങ്ങി വാര്‍ത്താ സമ്മേളനം നടത്തി.

അമിത് ഷാ പ്രതിയായ സോറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് വിചാരണ ചെയ്ത ജഡ്ജിയുടെ വധം സംബന്ധിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് ഇടപെട്ട് തനിക്കിഷ്ടമുള്ള ബെഞ്ചിലേക്ക് വിളിച്ചുവരുത്തി, ഇനിയൊരന്വേഷണം ഉണ്ടാവാത്ത വിധം തള്ളുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു ബെഞ്ചുകള്‍ തീരുമാനിക്കുന്നത് സംബന്ധിച്ച് രാജ്യത്തെ നീതിന്യായ ചരിത്രത്തിലുണ്ടാവാത്ത വിവാദങ്ങളുണ്ടായത്. ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ കുറിച്ച് രാജ്യത്ത് ഇത്രയും ആശങ്കയുയര്‍ന്ന സാഹചര്യം സ്വാതന്ത്ര്യാനന്തരം ഉണ്ടായിട്ടില്ല. ചരിത്രത്തിലാദ്യമായി ഒരു ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ പാര്‍ലമെന്റില്‍ ശ്രമമുണ്ടായതും ചരിത്രത്തിലാദ്യം.

ബി.ജെ.പി പ്രകടന പത്രിക:  നിറവേറ്റിയ വാഗ്ദാനങ്ങളും വസ്തുതകളും 

5. സര്‍ക്കാര്‍ നടപടികള്‍ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യും. ഇതുവരെ അത്തരം ഒരു തീരുമാനവും സര്‍ക്കാരെട‌ുത്തിട്ടില്ല

6. ഭരണഘടനക്കകത്ത് നിന്ന് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള ശ്രമം നടത്തും. ഈ സര്‍ക്കാരിന്റെ കാലത്ത് ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല. പക്ഷേ, ബാബരി-അയോധ്യപ്രശ്നം അടുത്ത തെരഞ്ഞെടുപ്പിലേക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ സുപ്രീം കോടതിയില്‍ അതിന്റെ വിചാരണ ഉടനാരംഭിക്കും. വിധി എന്തായാലും അത് ബിജെപി അടുത്ത തെരഞ്ഞെടുപ്പിലേക്ക് ഉപയോഗിക്കുമെന്നുള്ള കാര്യം ഉറപ്പ്.

7. പോലീസിനെ കേസന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കും വിധം ശക്തിപ്പെടുത്തും. കേസന്വേഷണത്തിനും ക്രമസമാധാനപാലനത്തിനും പൊലീസിനെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ കേരളമുള്‍പ്പടെ ചില സംസ്ഥാനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഒരു മാതൃകാ- മാതൃ-പോലീസ് ബില്‍ ഇനിയും കേന്ദ്രം കൊണ്ടുവന്നിട്ടില്ല

8. തെരഞ്ഞെടുപ്പ് ചെലവുകളുടെ പരിധി പരിശോധിക്കും. ഇപ്പോഴും ഒരു ലോക്സഭാ സ്ഥാനാര്‍ത്ഥിയുടെ പരമാവധി ചെലവ് 70 ലക്ഷം തന്നെയാണ്.

9. നിയമങ്ങള്‍ കാലാനുസൃതമായി പുനപ്പരിശോധിക്കുന്നതിന് സംവിധാനം. ഇതിനായി ഒരു കമ്മിറ്റിയോ കമ്മീഷനോ രൂപപ്പെടുത്തിയില്ല

10 . രാജ്യത്ത് ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വിത്ത് സുരക്ഷക്കും വിത്ത് ലാബറട്ടറി സ്ഥാപിക്കും. ഒന്നുമുണ്ടായില്ല.

11. ‍‍ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കുറവ് പരിഹരിക്കും. ബിജെപി സര്‍ക്കാരിന്റെ ഒരോ വര്‍ഷവും എണ്ണം കുറഞ്ഞുവരികയാണ് ചെയ്തത്. എന്നാല്‍ ആശ ഹെല്‍ത്ത് വര്‍ക്കര്‍മാരുടെ എണ്ണം കൂടി. ആരോഗ്യമേഖലക്ക് ഒരു സംയോജിത നിയന്ത്രണ സംവിധാനം കൊണ്ടുവരുമെന്ന വാഗ്ദാനവും പാലിച്ചില്ല.

12. ആരോഗ്യം , പോഷകാഹാരം, കുടുംബക്ഷേമം, വനിതാ-ശിശുസുരക്ഷ എന്നിവ ഒറ്റ മന്ത്രാലയത്തിന് കീഴിലാക്കും. ഇപ്പോഴും വ്യത്യസ്ത മന്ത്രാലയങ്ങളാണ് ഈ കാര്യങ്ങള്‍ നോക്കുന്നത്.

13. പരിസ്ഥിതി നിയമങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കാത്ത വിധം പരിഷ്കരിച്ച് എളുപ്പത്തില്‍ ക്ലിയറന്‍സ് സാധ്യമാക്കും. 2015ല്‍ ഇതിനായി കൊണ്ടുവന്ന ബില്ലില്‍ ഒന്നുമുണ്ടായില്ല. നൂറോളം നിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് നിലച്ചു

14. ബഹുരാഷ്ട്ര വിദ്യാര്‍ത്ഥി കൈമാറ്റ പദ്ധതി. സ്കൂള്‍ വിദ്യാര്‍ത്ഥികളെ കൈമാറുന്ന ഈ പദ്ധതിയെ കുറിച്ച് പിന്നീട് മിണ്ടിയിട്ടില്ല.

15. മെഗാ പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ഒരു മെക്കാനിസം രൂപപ്പെടുത്തും. അത്തരം മെക്കാനിസമൊന്നുമുണ്ടായില്ല. മെഗാ പദ്ധതികളുമുണ്ടായില്ല.

16. കയറ്റുമതി പ്രോല്‍സാഹന മിഷന്‍ തുടങ്ങും. തുടങ്ങിയില്ലെന്ന് മാത്രമല്ല, രാജ്യത്തിന്റെ വാണിജ്യക്കമ്മി (കയറ്റുമതി -ഇറക്കുമതി അന്തരം ) പതിനൊന്നു ശതമാനത്തില്‍ നിന്ന് 33 ശതമാനത്തിലേക്ക് കൂപ്പുകുത്തി. വ്യാവസായിക ഉല്‍പാദനം തകര്‍ന്നു.

17. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ ശേഖരണം, സംസ്കരണം, വിതരണം എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിക്കും. നടന്നില്ല

18. ജഡ്ജിമാരുടെ കുറവ് നികത്തും. ജഡ്ജി നിയമനം സംബന്ധിച്ച് സുപ്രീം കോടതിയും സര്‍ക്കാരും തമ്മിലുണ്ടായ വിവാദം ജസ്റ്റിസ് കെ. എം ജോസഫിന്റെ നിമനകാര്യത്തില്‍ കണ്ടതാണ്. രാജ്യത്തെ ഹൈക്കോടതികളില്‍ 41 ശതമാനവും ജില്ലാ കോടതികളില്‍ 21 ശതമാനവും ജഡ്ജിമാരുടെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഹൈക്കോടതി ജഡ്ജിമാരുടെ തസ്തികകള്‍ ബിജെപി അധികാരത്തിലെത്തും മുന്പ് 20 ശതമാനമേ ഒഴിഞ്ഞു കിടന്നുള്ളൂ. രാജ്യത്തെ കോടതികള്‍ ഡിജിറ്റലൈസ് ചെയ്യാനുള്ള യുപിഎ സര്‍ക്കാരിന്‍റെ പദ്ധതിയും ഇക്കാലയളവില്‍ മന്ദഗതിയിലായി.

19. രാജ്യത്തെ പഞ്ചായത്തുകളിലെല്ലാം ബ്രോഡ്ബാന്‍ഡ് സംവിധാനമൊരുക്കുമെന്ന പ്രഖ്യാപനം പൂര്‍ത്തിയായില്ല. ഇതിനായി കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭാരത് നെറ്റ് പദ്ധതി ഈ സര്‍ക്കാര്‍ തുടര്‍ന്നെങ്കിലും പകുതി പോലും പൂര്‍ത്തിയായില്ല.

20. അസംബ്ലി- ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ ഒരേ സമയത്താക്കും. ഇത് നടപ്പായില്ലെങ്കിലും നടപ്പാക്കണമെന്ന് ബിജെപി നന്നായി ആഗ്രഹിക്കുന്നുണ്ട്. രാഷ്ട്രീയ കക്ഷികള്‍ ഇക്കാര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാഷ്ട്രീയ സമവായമുണ്ടായിട്ടില്ല.

21. വിലക്കയറ്റം നിയന്ത്രിക്കും. ഇതെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയേണ്ടതില്ല. ഇന്ധനവിലക്കയറ്റം നാടിന്റെ നട്ടെല്ലൊടിക്കുകയാണ്. ഡോളറിന്റെ വില കൂപ്പുകുത്തി. ജനജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. നോട്ട് നിരോധനം തീര്‍ത്ത ദുരിതത്തിന് പിറകെയാണ് ഇന്ധനവിലക്കയറ്റമെന്നുമോര്‍ക്കണം.

സംഘടിത കൊള്ള, നിയമപരമായ കവര്‍ച്ച എന്നൊക്കെ ഡോ. മന്‍മോഹന്‍ സിങ്‌ വിശേഷിപ്പിച്ചത് നോട്ടു നിരോധത്തിനെ മാത്രമല്ല, ഈ സര്‍ക്കാരിന്റെ ഭരണത്തെ കുറിച്ച് തന്നെയാണ്. കൊള്ളയടിക്കാന്‍ വന്നവര്‍ക്കെന്ത് തെരഞ്ഞെടുപ്പ് വാഗ്ദാനം?

ഇത്രയും ചൂണ്ടിക്കാട്ടിയത് കാര്യമുണ്ടായിട്ടൊന്നുമല്ല. മിക്ക പാര്‍ട്ടികളും തെര‍ഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പൂര്‍ണമായും അധികാരത്തിലെത്തിയാല്‍ പാലിക്കാറില്ല. എന്നാല്‍, വാഗ്ദാനം നല്‍കി അതിന് കടകവിരുദ്ധമായ നിലപാട് അവര്‍ സ്വീകരിക്കാറില്ല. കര്‍ഷകരുടെ കാര്യത്തിലും.

മുരളീമനോഹര്‍ ജോഷി അധ്യക്ഷനായ പ്രകടനപത്രികാ കമ്മിറ്റിയുടെ 52 പേജുള്ള 2014ലെ ബിജെപി പ്രകടനപത്രികയുടെ ആദ്യത്തെ ഇനം വിലക്കയറ്റമായിരുന്നു. പ്രകടനപത്രിക തയ്യാറാക്കിയ മുരളീ മനോഹര്‍ ജോഷിയുടെ വില ബിജെപിയില്‍ ഇടിഞ്ഞുവെന്നത് സത്യമാണ്. പക്ഷേ രാജ്യത്തെങ്ങും വില കുറഞ്ഞില്ല. പ്രകടനപത്രികയില്‍ വാഗ്ദാനങ്ങള്‍ നല്‍കുന്പോള്‍ അത് നടപ്പാക്കാനുള്ള ആത്മാര്‍ത്ഥ ഇല്ല എന്നത് മാത്രമായിരുന്നില്ല ബിജെപി സര്‍ക്കാര്‍ നേരിട്ട പ്രതിസന്ധി.

ഇന്ത്യ പോലെ , ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന , ലോകത്തെ ഏറ്റവും വലിയ സാന്പത്തിക ശക്തിയായ, ഏറ്റവും വലിയ വിപണികളിലൊന്നായ, കാര്‍ഷിക മേഖലയെ കാര്യമായി ആശ്രയിക്കുന്ന, ഗ്രാമീണ സന്പദ്ഘടന ശക്തമായിരുന്ന ഒരു രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഭരണവൈഭവമുള്ളവരോ വിദഗ്ധരോ മോദിക്കൊപ്പമുണ്ടായിരുന്നില്ല.

ഇന്ത്യയുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ നോട്ട് നിരോധനത്തിലൂടെ തകര്‍ത്ത് തരിപ്പിണമാക്കിയത് കൂടാതെ, ഇന്ധനവില വര്‍ധനവിലൂടെ രാജ്യത്തെ വാണിജ്യരംഗവും പൗരന്മാരുടെ ദൈനം ദിന ജീവിതവും മുച്ചൂടും മുടിച്ചു. ഇന്ധനവില വര്‍ധനവിലൂടെ സര്‍ക്കാരിലേക്കെത്തിയ നികുതി മുഴുവന്‍ കോര്‍പ്പറേറ്റുകള്‍ക്കിളവ് നല്‍കി മുടിച്ചു. ബാക്കിയുള്ളത് ബാങ്ക് തട്ടിപ്പിലൂടെയും കിട്ടാക്കടത്തിലൂടെയും കോര്‍പ്പറേറ്റുകള്‍ കൊളളയടിച്ചു.

സംഘടിത കൊള്ള, നിയമപരമായ കവര്‍ച്ച എന്നൊക്കെ ഡോ. മന്‍മോഹന്‍ സിങ്‌ വിശേഷിപ്പിച്ചത് നോട്ടു നിരോധത്തിനെ മാത്രമല്ല, ഈ സര്‍ക്കാരിന്റെ ഭരണത്തെ കുറിച്ച് തന്നെയാണ്. കൊള്ളയടിക്കാന്‍ വന്നവര്‍ക്കെന്ത് തെരഞ്ഞെടുപ്പ് വാഗ്ദാനം?