LiveTV

Live

Opinion

വേനലവധിക്കാലം അപകടരഹിതവും ആസ്വാദ്യവുമാക്കാം

വേനലവധിക്കാലം നമ്മുടെ കുട്ടികള്‍ക്ക് എങ്ങനെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിമിഷങ്ങളാക്കി മാറ്റാം?

വേനലവധിക്കാലം അപകടരഹിതവും ആസ്വാദ്യവുമാക്കാം

ഒരു മധ്യവേനല്‍ അവധിക്കാലം കൂടി നമ്മുടെ കുട്ടികള്‍ക്ക് മുന്നില്‍ സംജാതമായിരിക്കുന്നു. മധ്യവേനല്‍കാലം എന്നും നമുക്ക് പേടി സ്വപ്നം തന്നെ. സ്‌കൂള്‍ ദിവസങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ഒരു പരിധിവരെ മനഃസമാധാനം ഉള്ള സ്ഥിതിയായിരുന്നു. എന്നാല്‍ ആധുനിക കാലഘട്ടത്തിലെ അവധിക്കാലം പല കാരണങ്ങള്‍ കൊണ്ട് ആധിയുടെയും അങ്കലാപ്പിന്റെയും നേര്‍കാഴ്ചയാവുകയാണ്.

കഴിഞ്ഞ കാലങ്ങളില്‍ അവധിക്കാലത്തെ പലവിധ അപകടങ്ങളിലൂടെ മാത്രം നമുക്ക് നഷ്ടപ്പെട്ടത് നിരവധി വിലപ്പെട്ട ജീവനുകളാണ്. വേനലവധിക്കാലം നമ്മുടെ കുട്ടികള്‍ക്ക് എങ്ങനെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിമിഷങ്ങളാക്കി മാറ്റാം?

നീരൊഴുക്ക് അറിയാതെ

ജലാശയങ്ങളിലെ അപകടങ്ങള്‍ ആണ് അവധിക്കാലത്ത് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് മിക്കതും സംഭവിച്ചിട്ടുള്ളത് രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ പോയിട്ടുള്ളവര്‍ക്കുമാണ്. ആയതിനാല്‍ നീന്തല്‍ വശമില്ലാത്ത കുട്ടികളെ ഒരു കാരണവശാലും രക്ഷിതാക്കളുടെയോ മറ്റ് ഉത്തരാവാദിത്ത്വപ്പെട്ടവരുടെയോ സാന്നിധ്യം ഇല്ലാതെ ജലാശയങ്ങളില്‍ പോകാന്‍ അനുവദിക്കരുത്. ജലാശയങ്ങളുടെ ആഴവും പരപ്പും മറ്റ് പ്രത്യേകതകളും വ്യക്തമായി മനസിലാക്കിയതിന് ശേഷം മാത്രം പോവുക. ഒഴിവുകാലത്ത് നീന്തല്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങളില്‍ പോയി പഠനമാകാം.

സോഷ്യല്‍മീഡിയ പിടിമുറുക്കുമ്പോള്‍

ഈ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് കുട്ടികളില്‍ സോഷ്യല്‍മീഡിയകളുടെ ദുരുപയോഗം. പതിനെട്ട് വയസ്സ് തികയാത്ത ഒരു കുട്ടിയും മൊബൈല്‍ ഉപയോഗിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തുക. രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ വ്യക്തമായ സമയ മാനദണ്ഡത്തോടെ കമ്പ്യൂട്ടര്‍ ഗെയിമോ കാര്‍ട്ടൂണുകളോ മറ്റ് താല്‍പര്യമുള്ള ആപ്ലിക്കേഷനുകളോ പരിചയപ്പെടുത്താം. രക്ഷിതാക്കള്‍ കിട്ടുന്ന സമയം അവരുടെ സന്തോഷത്തിനായി മാറ്റിവെയ്ക്കുക. കാരണം അധ്യയന സമയത്ത് കൂടുതല്‍ സമയവും അവര്‍ സ്‌കൂളിലാണല്ലോ. ഇത് ബന്ധങ്ങള്‍ കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ നല്ലതാണ്.

വേനലവധിക്കാലം അപകടരഹിതവും ആസ്വാദ്യവുമാക്കാം

വീട്ടിലെ ഏകാന്തത

പല വീടുകളിലും പകല്‍ സമയങ്ങളില്‍ രക്ഷിതാക്കള്‍ ഇല്ലാത്ത അവസ്ഥയുണ്ട്. ഇത് മറ്റൊരു വലിയ പ്രതിസന്ധിയാണ്. ഈ കാലഘട്ടത്തില്‍ ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെ വീട്ടില്‍ ഒറ്റക്കിരുത്തി പോകുന്നത് അപകടകരമാണ്. ഇക്കാലത്ത് എല്ലാ ബന്ധുവീടുകളും കൂട്ടുകാരുടെ വീടുകളും ഒരേപോലെ സുരക്ഷിതമാണെന്ന് പറയാന്‍ കഴിയില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി നമ്മുടെ പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ ഓരോ വാര്‍ഡുകളിലും കുട്ടികളുടെ സംരക്ഷണത്തിനായി താല്‍ക്കാലിക സൗകര്യങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം ഓരോ കുട്ടിയുടെയും സുരക്ഷിതത്വം രക്ഷാകര്‍ത്താക്കള്‍ തന്നെ ഏറ്റെടുത്തേ മതിയാകൂ.

അവധിക്കാലത്തെ കൂട്ടുകെട്ടുകള്‍

തന്റെ കുട്ടി ഇപ്പോള്‍ എവിടെയാണ്? എപ്പോള്‍ പോകുന്നു? എപ്പോള്‍ വരുന്നു? കൂടെയുള്ളതാരാണ്? അവനെന്തൊക്ക കഴിക്കുന്നു? കുടിക്കുന്നു? ഏതൊക്കെ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നു? ഇത്യാദി കാര്യങ്ങളിലൊക്കെ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. മോശമായ കൂട്ടുകെട്ടുകളിലൂടെയാണ് ഒരു കുട്ടി നല്ലതോ ചീത്തയോ ആകുന്നത്.

മയക്കുമരുന്ന് ലോബികള്‍ നമ്മുടെ കൊച്ചുകേരളത്തെ ശക്തമായി പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു. ഇത്തരം ലോബിയെ നിലക്ക് നിര്‍ത്തുവാന്‍ ഭരണകൂടം മാത്രം വിചാരിച്ചാല്‍ പോരാ. ഓരോ രക്ഷിതാവും ചിന്തിക്കുന്നത് എന്റെ കുട്ടി അങ്ങനെ പോകില്ല എന്നാണ്. എന്നാല്‍ ഇത് നാളെ നമ്മുടെ കുട്ടിയ്ക്ക് വന്നുകൂടായ്കയില്ല. നമ്മുടെ കുട്ടികളെ രക്ഷിക്കേണ്ട ഉത്തരവാദിത്വം നാമോരോരുത്തരും ഏറ്റെടുക്കണം.

നിരത്തുകളിലെ നെടുവീര്‍പ്പുകള്‍

പതിനഞ്ചില്‍ താഴെ മാത്രം പ്രായമുള്ള കുട്ടികളെക്കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ചിട്ട്, തലയുയര്‍ത്തിപ്പിടിച്ച് വളരെ അഭിമാനത്തോടെ പിറകില്‍ ഇരിക്കുന്ന രക്ഷിതാക്കള്‍ ഇന്ന് നമ്മുടെ നിരത്തുകളിലെ സ്ഥിരം കാഴ്ചയാണ്. ഇതിനാലകം നിരവധി അപകടങ്ങളാണ് ഇത്തരത്തില്‍ ഉണ്ടായിട്ടുള്ളത്. ഈ കേസുകളില്‍ കുറ്റക്കാരായ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ നിയമ നിര്‍മ്മാണം നടത്തിയിട്ടുണ്ടെങ്കിലും രാഷ്ട്രീയ അതിപ്രസരം മൂലം പല കേസുകളിലും നടപടി എടുക്കുവാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

വേനലവധിക്കാലം അപകടരഹിതവും ആസ്വാദ്യവുമാക്കാം

ഇരുചക്ര വാഹനം ഓടിക്കുവാനുള്ള ലൈസന്‍സ് ലഭിച്ചതിന് ശേഷം മാത്രമേ വാഹനം കൊടുത്തുവിടൂ എന്ന തീരുമാനം ഓരോ രക്ഷിതാക്കളും എടുക്കണം. ചില വീടുകളിലെ കുട്ടികള്‍ മൊബൈല്‍, ബൈക്ക് തുടങ്ങിയവക്ക് വേണ്ടി ആത്മഹത്യാ ഭീഷണിമുഴക്കുകയും അത് നേടിയെടുക്കുന്നതില്‍ വിജയിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം നിര്‍ബന്ധങ്ങളുടെ പ്രധാന കാരണം ചെറുപ്പം മുതല്‍ കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ചു രക്ഷിതാക്കള്‍ ഓരോന്നും ചെയ്തു കൊടുക്കുന്നത് മാത്രമാണ്.

ചെറുപ്പത്തിലേ കുട്ടികളുമായി നല്ല ബന്ധം വളര്‍ത്തിയെടുക്കുവാന്‍ ശ്രദ്ധിച്ചാല്‍ അത്തരം നിര്‍ബന്ധബുദ്ധികളില്‍ നിന്നും നമ്മുടെ കുട്ടികളെ രക്ഷിക്കുവാന്‍ സാധിക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും ഒരു നല്ല വേനല്‍ അവധിക്കാലം ആശംസിക്കുന്നു.

(സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവാണ് ലേഖകന്‍)