LiveTV

Live

Opinion

​ഗവേഷണ മേഖലയെ കാവിവത്കരിക്കുന്ന മോദി നയങ്ങള്‍

സര്‍വകലാശാലകളില്‍ ​ഗവേഷണങ്ങൾക്കായി ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ മാത്രമേ തെരഞ്ഞെടുക്കാന്‍ പാടുകയുള്ളൂവെന്ന എം.എച്ച്.ആര്‍.ഡിയുടെ നിര്‍ദേശത്തിനെതിരെ വിവിധയിടങ്ങളിൽ പ്രതിഷേധമുയർന്നിരിക്കുകയാണ്

​ഗവേഷണ മേഖലയെ കാവിവത്കരിക്കുന്ന മോദി നയങ്ങള്‍

രാജ്യത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഹൈന്ദവ-കാവി രാഷ്ട്രീയം പ്രത്യക്ഷമായി കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ഒരു സാമൂഹിക സ്ഥിതിവിശേഷത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നു പോയികൊണ്ടിരിക്കുന്നത്. നിലവിലെ എന്‍.ഡി.എ ഭരണകൂടം അധികാരത്തില്‍ വന്നത് മുതല്‍ വിവിധ കേന്ദ്ര സര്‍വ്വകലാശാലകളുടെ തലപ്പത്ത് സംഘപരിവാര്‍ അനുകൂല വ്യക്തിത്വങ്ങളെ നിയമിച്ചു കൊണ്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ഭരണകൂടം ആരംഭിച്ചിരുന്നു.

​ഗവേഷണ മേഖലയെ കാവിവത്കരിക്കുന്ന മോദി നയങ്ങള്‍

അക്കാദമിക രംഗത്ത് രോഹിത് വെമുല, അനിത എന്നിവരുടേതുള്‍പ്പെടെ സ്ഥാപനവത്കൃത കൊലപാതകങ്ങള്‍ക്ക് നാം സാക്ഷ്യം വഹിക്കേണ്ടതായി വന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണം, ദലിത്-പിന്നോക്ക-ന്യൂനപക്ഷ വിദ്യാര്‍ഥികളെ വ്യവസ്ഥാപിതമായി ബഹിഷ്കരിച്ച് കൊണ്ട് സര്‍വ്വകലാശാലകളിലെ ബ്രാഹ്മണ അധീശത്വം കൂടുതല്‍ ബലപ്പെടുത്തി. കീഴാള-അധസ്ഥിത സാമൂഹിക പരിസരങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ഒട്ടും പ്രാപ്യമല്ലാത്ത രീതിയില്‍ പുന:ക്രമീകരിക്കുന്നതില്‍ സംഘപരിവാര്‍ രാഷ്ട്രീയം ഏറക്കുറെ വിജയിച്ചിട്ടുണ്ട് എന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം.

മാത്രമല്ല 2016ന് ശേഷം ഇത് വരെയും എസ്.സി വിദ്യാര്‍ഥികള്‍ക്കായുള്ള ഫെലോഷിപ്പ് ക്ഷണിക്കാന്‍ ഭരണകൂടം തയ്യാറായിട്ടില്ല

എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് ഗവേഷണം നടത്താന്‍ നല്‍കി വന്നിരുന്ന ഒരു ഫെലോഷിപ്പാണ് ‘രാജീവ് ഗാന്ധി നാഷണല്‍ ഫെലോഷിപ്പ്’. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ‘മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പും’ യു.ജി.സി നല്‍കി വന്നിരുന്നു. ഈ രണ്ടു ഫെലോഷിപ്പുകളുടെയും പ്രധാന ഉദ്ദേശം പി.എച്ച്.ഡി/എം.ഫില്‍ പ്രവേശന പരീക്ഷകള്‍ എഴുതാതെ തന്നെ വിദ്യാര്‍ഥികള്‍ക്ക് ഗവേഷണത്തിന് പ്രവേശനം നല്‍കുക എന്നതാണ്. എന്നാല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ആദ്യം ചെയ്തത് ഈ ചട്ടം ഭേദഗതി ചെയ്യുക എന്നതായിരുന്നു.

​ഗവേഷണ മേഖലയെ കാവിവത്കരിക്കുന്ന മോദി നയങ്ങള്‍

എന്‍ട്രന്‍സ് പരീക്ഷകള്‍ പാസായതിന് ശേഷം മാത്രം ഫെലോഷിപ്പ് അനുവദിച്ചാല്‍ മതിയെന്ന് ഫെലോഷിപ്പിന്‍റെ ചട്ടങ്ങള്‍ അവരാദ്യം തിരുത്തിയെഴുതി. മാത്രമല്ല 2016ന് ശേഷം ഇത് വരെയും എസ്.സി വിദ്യാര്‍ഥികള്‍ക്കായുള്ള ഫെലോഷിപ്പ് ക്ഷണിക്കാന്‍ ഭരണകൂടം തയ്യാറായിട്ടില്ല. ഈ രീതിയില്‍ ഗവേഷണ മേഖലയെ പൂര്‍ണ്ണമായും തകര്‍ക്കുകയും അതോടൊപ്പം പാര്‍ശ്വവത്കൃത വിദ്യാര്‍ഥികളെ കൂടുതല്‍ ചൂഷണങ്ങള്‍ക്ക് വിധേയരാക്കുകയും ബ്രാഹ്മണവര്‍ഗ്ഗ താത്പര്യങ്ങളെ പരിപോഷിപ്പിച്ച് സര്‍വ്വകലാശാല അഗ്രഹാരങ്ങളെ കൂടുതല്‍ ‘ശുദ്ധീ’കരിക്കുകയുമാണ് സത്യത്തില്‍ എന്‍.ഡി.എ ഭരണകൂടം ചെയ്തു കൊണ്ടിരിക്കുന്നത്.

‘അറിവ് ഉദ്പാദിപ്പിക്കുക’ എന്ന വരേണ്യ ഇടപാടിലേക്ക് ഇരുണ്ട, കീഴാള ശരീരങ്ങള്‍ കടന്നു വരുന്നത് തന്നെ രാഷ്ട്രീയമായ പൊളിച്ചെഴുത്തുകളുടെ പ്രാരംഭ ഘട്ടമായി അധീശ വ്യവഹാരങ്ങള്‍ മനസിലാക്കുന്നുണ്ട്

ദേശീയത, ശുദ്ധി, ബ്രാഹ്മണ അധീശത്വം തുടങ്ങിയ വ്യവഹാരങ്ങളില്‍ നിന്ന് കൊണ്ട് വിദ്യാഭ്യാസ ഇടങ്ങളെ എങ്ങനെ ‘അഗ്രഹാര’ങ്ങളായി സുസ്ഥിരപ്പെടുത്താം എന്നതാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ബി.ജെ.പി ഭരണകൂടം നമുക്ക് മുന്നില്‍ തെളിയിച്ചു കൊണ്ടിരുന്നത്. ഈ മൂന്ന് വ്യവഹാരങ്ങളും അപരങ്ങളെ സൃഷ്ടിച്ച് കൊണ്ട് ആശയപരവും രാഷ്ട്രീയവുമായ അധീശത്വം സ്ഥാപനവത്കരിക്കുന്നുണ്ട്.

അപരങ്ങളെ സൃഷ്ടിക്കാതെ അധീശത്വത്തിന് നിലനില്‍പ്പില്ല എന്നത് ബി.ജെ.പി ഭരണകൂടത്തിന്‍റെ ഇടപെടലുകള്‍ നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്. രാഷ്ട്രീയ, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലെല്ലാം ഇത്തരം അപരവത്കരണങ്ങള്‍ വളരെ സ്വാഭാവികമെന്നോണം നടപ്പില്‍ വരുത്താന്‍ അവര്‍ക്ക് കഴിഞ്ഞു എന്നത്, ബ്രാഹ്മണിക വ്യവഹാര മണ്ഡലത്തിന്‍റെ കരുത്തും സ്വാധീനവുമാണ് വ്യക്തമാക്കുന്നത്.

​ഗവേഷണ മേഖലയെ കാവിവത്കരിക്കുന്ന മോദി നയങ്ങള്‍

അക്കാദമികമായി ‘വിദ്യ അഭ്യസിക്കുക’ എന്നത് തന്നെ ഒരു ബ്രാഹ്മണിക സങ്കല്പമാണെന്നിരിക്കെ, കീഴാള ജനതയിലെ ഒന്നാം തലമുറ ഗവേഷണ വിദ്യാര്‍ഥികളും ജൈവ ബുദ്ധിജീവികളും ചേര്‍ന്ന് രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന തുറന്ന ചിന്താമണ്ഡലം, സത്യത്തില്‍ അധീശ ശക്തികളെ കാര്യമായി ആലോസരപ്പെടുത്തുന്നുണ്ട് എന്ന് വേണം കരുതാന്‍. അവര്‍ നിര്‍മ്മിക്കുന്ന ആശയധാരകള്‍, അപ:നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വ്യവസ്ഥാപിത സാംസ്കാരിക ഇടപാടുകള്‍, കീഴാള ചരിത്ര പഠനങ്ങള്‍/വീണ്ടെടുപ്പുകള്‍ തുടങ്ങിയ ബൗദ്ധികപരമായ ഉയിര്‍പ്പുകള്‍ സവര്‍ണ്ണ ആശയ മണ്ഡലത്തെ കാര്യമായ പൊളിച്ചെഴുത്തിനു വിധേയമാക്കുന്നുണ്ട്.

ഇപ്രകാരമുള്ള തിരിച്ചറിവുകള്‍ തന്നെയാണ് ഗവേഷണ പ്രബന്ധങ്ങള്‍ ദേശീയ താത്പര്യമുള്ള അഥവാ ‘ബ്രാഹ്മണ താത്പര്യമുള്ള’ വിഷയങ്ങളിലേക്ക് ചുരുക്കിക്കൊണ്ടുവരാന്‍ ഭരണകൂടത്തിന്‍റെ പിന്‍ബലത്തില്‍ അധീശ സാംസ്കാരിക ശക്തികള്‍ തയാറെടുക്കുന്നതും

വിവിധ കീഴാളധാരകള്‍ അക്കാദമിക മേഖലയില്‍ സമ്മിശ്രമായി ഉദ്പാദിപ്പിക്കുന്ന കാഴ്ചകള്‍, അതിന്‍റെ രാഷ്ട്രീയം, കൂടിച്ചേരല്‍ തുടങ്ങിയ ഇടപാടുകളും സാംസ്കാരികപരമായ മാറ്റങ്ങള്‍ക്ക് അടിത്തറ പാകുന്നുണ്ട്. ‘അറിവ് ഉദ്പാദിപ്പിക്കുക’ എന്ന വരേണ്യ ഇടപാടിലേക്ക് ഇരുണ്ട, കീഴാള ശരീരങ്ങള്‍ കടന്നു വരുന്നത് തന്നെ രാഷ്ട്രീയമായ പൊളിച്ചെഴുത്തുകളുടെ പ്രാരംഭ ഘട്ടമായി അധീശ വ്യവഹാരങ്ങള്‍ മനസിലാക്കുന്നുണ്ട്.

ജൈവീകമായ ജ്ഞാനോല്പാദനത്തിന് മുന്‍പില്‍ വ്യവസ്ഥാപിത ആശയ ലോകങ്ങള്‍ തകര്‍ക്കപെടുമെന്നതിന്‍റെ ഉത്തമ ഉദാഹരണങ്ങളാണ് അംബേദ്കറും, പെരിയാറും, അയ്യങ്കാളിയും എല്ലാം ഉള്‍പ്പെടുന്നവര്‍ സൃഷ്ടിച്ച കീഴാള ധാരകള്‍. ഈ ധാരകളുടെ തുടര്‍ച്ചകളോടുള്ള ഏറ്റുമുട്ടലുകളില്‍, ‘അഗ്രഹാരങ്ങള്‍’ക്ക് ചുറ്റിലുമായി കറങ്ങിക്കൊണ്ടിരിക്കുന്ന ജ്ഞാനമണ്ഡലങ്ങളും അതിന്‍റെ സൃഷ്ടാക്കളുമെല്ലാം നിരന്തരം ചോദ്യം ചെയ്യപ്പെടുകയും അപഹസിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്നതാണ് സത്യം.

​ഗവേഷണ മേഖലയെ കാവിവത്കരിക്കുന്ന മോദി നയങ്ങള്‍

അതായത്, കീഴാള മുന്നേറ്റങ്ങളോടും ആശയ ലോകത്തേക്കുള്ള അപര സമുദായങ്ങളുടെ കടന്നുവരവിനോടുമുള്ള അസഹിഷ്ണുതയുടെ ഒരു പരിണതഫലമാണ് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ മാത്രം ഗവേഷണ വിഷയങ്ങളായി തെരഞ്ഞെടുക്കാന്‍ പാടുകയുള്ളൂവെന്ന തരത്തില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ (എം.എച്ച്.ആര്‍.ഡി) നിര്‍ദേശം വ്യക്തമാക്കുന്നത്. അവിടെയാണ് വീണ്ടും മുന്‍പ് സൂചിപ്പിച്ച തരത്തിലുള്ള ദേശീയതയുടെ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.

‘ദേശീയത’ എന്ന സങ്കല്‍പം തന്നെ വലിയൊരു വിഭാഗം ജനതയെ അപരവത്കരിക്കുകയും, അവരുടെ സ്വത്വം, രാഷ്ട്രീയം സാമൂഹികമായ നിലനില്പ് തുടങ്ങിയവയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നതാണെന്നിരിക്കെ ‘ദേശീയ പ്രാധാന്യമുള്ള’ ഗവേഷണ പ്രബന്ധങ്ങള്‍ മാത്രം സര്‍വ്വകലാശാലകളില്‍ ഉദ്പാദിപ്പിച്ചാല്‍ മതിയെന്ന നിര്‍ദേശത്തിലെ അപകടവും അജണ്ടകളും നിര്‍ബന്ധമായും എതിര്‍ക്കപ്പെടേണ്ടതുണ്ട്.

നിലവില്‍ എം.എച്ച്.ആര്‍.ഡിയുടെ നിര്‍ദേശ പ്രകാരം കേരള കേന്ദ്ര സര്‍വ്വകലാശാലയിലും ഗുജറാത്ത് കേന്ദ്ര സര്‍വ്വകലാശാലയിലും ദേശീയ പ്രാധാന്യമുള്ള ഗവേഷണങ്ങള്‍ മാത്രമേ അനുവദിക്കാവൂ എന്ന ഉത്തരവ് നടപ്പിലാക്കി കഴിഞ്ഞിരിക്കുന്നു

സംഘപരിവാര്‍-ബ്രാഹ്മണ ഭരണകൂടത്തിന്‍റെ, അധീശ വ്യവഹാരത്തിന്‍റെ ആശയാടിത്തറയില്‍ വിള്ളല്‍ വീഴ്ത്താന്‍ ഗവേഷണ മേഖലകളിലേക്ക് കടന്നു വരുന്ന ജൈവ ബുദ്ധിജീവികള്‍ക്ക് കഴിയുന്നുണ്ടെന്ന വസ്തുത നിസാരവത്കരിക്കേണ്ടതല്ല. ജാതിനിയമങ്ങളെ അതിലംഘിച്ചുകൊണ്ട് അപര ശരീരങ്ങള്‍ നിര്‍മ്മിക്കുന്ന ജ്ഞാനോല്പാദനം ഹൈന്ദവ ദേശീയതയെയും അതിന്‍റെ സംവിധാനങ്ങളെയും മുറിപ്പെടുത്തുന്നുണ്ട്. അയ്യങ്കാളി, പഞ്ചമിയെ സ്കൂളില്‍ പ്രവേശിപ്പിച്ചത് കായികശേഷിയുടെ കരുത്തു കൊണ്ടാണെന്ന പോപ്പുലര്‍ വായനകളും ആ അര്‍ത്ഥത്തില്‍ തിരസ്കരിക്കപ്പെടേണ്ടതുണ്ട് എന്ന് തോന്നുന്നു.

‘സ്കൂള്‍’ എന്ന വ്യാവഹാരിക മണ്ഡലത്തിലേക്ക് പ്രവേശിക്കുക എന്നത് തന്നെ കീഴാള ജനതയെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ ഒരു തിരിച്ചറിവാണെന്നിരിക്കെ, അത്തരമൊരു ബോധത്തിലേക്ക് അയ്യങ്കാളി എത്തിച്ചേരുന്നതിനിടയില്‍ നേരിട്ടിരിക്കാവുന്ന മാനസിക-സാമൂഹിക സംഘര്‍ഷങ്ങളെ/ബോധ്യങ്ങളെ റദ്ദ് ചെയ്തുകൊണ്ട് കായിക ശേഷിയിലേക്ക് മാത്രമായി കാര്യങ്ങളെ ചുരുക്കി വായിക്കുന്ന പോപ്പുലര്‍ ഇടപാടുകള്‍, അധ:സ്ഥിത ജനതയുടെ ജ്ഞാനോല്പാദനം കേവലമായ കായിക വിജയം മാത്രമാണെന്ന വരേണ്യ ബോധത്തെ അരക്കിട്ടുറപ്പിക്കലാണ്.

​ഗവേഷണ മേഖലയെ കാവിവത്കരിക്കുന്ന മോദി നയങ്ങള്‍

അതേസമയം, അയ്യങ്കാളിയടക്കമുള്ളവര്‍ തുടങ്ങിവെച്ച കീഴാള ധാരകള്‍ കായിക ബാലാബലങ്ങള്‍ക്കപ്പുറം നവീനമായ ആശയ രൂപീകരണത്തിനും സൈന്ധാന്തികമായ അടിത്തറകള്‍ നിര്‍മ്മിക്കുന്നതിനും കരുത്ത് നേടിയിട്ടുണ്ടെന്ന് അധീശ ശക്തികള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞു തുടങ്ങിയതായി കാണാം. ഇപ്രകാരമുള്ള തിരിച്ചറിവുകള്‍ തന്നെയാണ് ഗവേഷണ പ്രബന്ധങ്ങള്‍ ദേശീയ താത്പര്യമുള്ള അഥവാ ‘ബ്രാഹ്മണ താത്പര്യമുള്ള’ വിഷയങ്ങളിലേക്ക് ചുരുക്കിക്കൊണ്ടുവരാന്‍ ഭരണകൂടത്തിന്‍റെ പിന്‍ബലത്തില്‍ അധീശ സാംസ്കാരിക ശക്തികള്‍ തയാറെടുക്കുന്നതും. ദേശ-രാഷ്ട്രത്തിന് താത്പര്യമില്ലാത്ത ഒരു ജനത ഇവിടെ ജീവിച്ചിരിക്കുമ്പോള്‍ ദേശീയ താത്പര്യമുള്ള ഗവേഷണങ്ങള്‍ ഉണ്ടാകണമെന്ന് പറയുന്ന ഭരണകൂട നിലപാട് സത്യത്തില്‍ യുക്തിരാഹിത്യത്തെക്കാള്‍ ഹിംസാതമാകമായാണ് വിലയിരുത്തപ്പെടേണ്ടത്.

സര്‍വ്വകലാശാലകളെ കൂടുതല്‍ ‘ശുദ്ധീ’കരിക്കാന്‍ ബ്രാഹ്മണ-അധികാര വര്‍ഗ്ഗം നടത്തുന്ന എല്ലാ കുത്സിതശ്രമങ്ങളും രാഷ്ട്രീയമായി തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്

നിലവില്‍ എം.എച്ച്.ആര്‍.ഡിയുടെ നിര്‍ദേശ പ്രകാരം കേരള കേന്ദ്ര സര്‍വ്വകലാശാലയിലും ഗുജറാത്ത് കേന്ദ്ര സര്‍വ്വകലാശാലയിലും ദേശീയ പ്രാധാന്യമുള്ള ഗവേഷണങ്ങള്‍ മാത്രമേ അനുവദിക്കാവൂ എന്ന ഉത്തരവ് നടപ്പിലാക്കി കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഇത് വരെ കാര്യമായ പ്രതിഷേധങ്ങള്‍ ഒന്നും തന്നെ ഈ നടപടിക്കെതിരെ ഉയര്‍ന്നു വന്നിട്ടില്ലെന്നതും ഗൗരവമായി കാണേണ്ടതുണ്ട്. ‘ദേശീയത’യോട് ചേര്‍ന്ന് നില്‍ക്കാതെ രാഷ്ട്രീയം പറച്ചില്‍ സാധ്യമാകാത്ത ഒരു സാമൂഹികാവസ്ഥയിലേക്കാണ് നാം പോകുന്നതെന്ന് ഈ നിശബ്ദത വ്യക്തമാക്കുന്നുണ്ട്. ആപല്‍ക്കരമായ ഇത്തരം നിശബ്ദതകളിലാണ് സാംസ്കാരിക ഫാസിസം കൂട് കൂട്ടുന്നതെന്ന് രാഷ്ട്രീയ സമൂഹം തിരിച്ചറിയേണ്ടതുണ്ട്.

വിദ്യാഭ്യാസ മേഖലയിലേക്കുള്ള ഫണ്ടുകള്‍ വെട്ടിക്കുറച്ചും, ഫെലോഷിപ്പുകള്‍ അനുവദിക്കാതെയും, ഗവേഷണ സീറ്റുകളുടെ എണ്ണം ക്രമാതീതമായി കുറച്ചുമെല്ലാം ഭരണകൂടം ഉയര്‍ന്ന വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ അഗ്രഹാരവല്‍ക്കരിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. സര്‍വ്വകലാശാലകളെ കൂടുതല്‍ ‘ശുദ്ധീ’കരിക്കാന്‍ ബ്രാഹ്മണ-അധികാര വര്‍ഗ്ഗം നടത്തുന്ന എല്ലാ കുത്സിതശ്രമങ്ങളും രാഷ്ട്രീയമായി തന്നെ ചോദ്യം ചെയ്യപ്പെടേണ്ടത് അംബേദ്‌കര്‍ അടക്കമുള്ളവര്‍ തുടങ്ങി വെച്ച കീഴാള ധാരകളുടെ, ജനാധിപത്യ സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണ്.

കേരള കേന്ദ്രസര്‍വ്വകലാശാല പുറപ്പെടുവിച്ച സര്‍ക്കുലറിനെതിരെ പ്രതിഷേധിച്ചു കൊണ്ട് രാജി വെച്ച പ്രഫ. മീന.ടി.പിള്ളയെ പോലുള്ളവര്‍ സ്വീകരിച്ച നിലപാടുകള്‍ രാഷ്ട്രീയ സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്. ജ്ഞാനോല്പാദനം എന്നത് കലര്‍പ്പുകളുടെ, വിയോജിപ്പുകളുടെ, ഭിന്ന സ്വരങ്ങളുടെ, അപര സമുദായങ്ങളുടെ കൂട്ടായ ഇടപെടലുകളില്‍ നിന്നും സംഭവിക്കുന്നതാണെന്ന ബൗദ്ധികപരമായ ഉണര്‍വ്വില്‍ നിന്ന് കൊണ്ട്, ഗവേഷണ പ്രബന്ധങ്ങളെ ദേശീയ താത്പര്യങ്ങളിലേക്കും അത് വഴി ദേശീയതയിലേക്കും നിര്‍ബന്ധിതമായി പരിമിതപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സാധ്യമായ എല്ലാ വഴികളിലൂടെയും പ്രതിരോധിക്കേണ്ടത് മികച്ച പഠനങ്ങളും ചരിത്ര വായനകളും നിര്‍മ്മിക്കേണ്ട ജനാധിപത്യ സമൂഹത്തിന്‍റെ ആവശ്യകതയാണ്.

ശ്രുതീഷ് കണ്ണാടി

(പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയിൽ മാസ് കമ്മ്യൂണിക്കേഷന്‍ ഗവേഷണ വിദ്യാർഥിയാണ് ലേഖകന്‍)