LiveTV

Live

Opinion

‘എന്തുകൊണ്ട് ഞങ്ങള്‍ക്ക് പുറത്തിറങ്ങിക്കൂടാ...?’

‘ഏറ്റവും ഭീകരമായ ‘സുരക്ഷ’ വരുന്നത് രാത്രിയിലാണ്. ഒമ്പതേ മുക്കാൽ ആയാൽ ഹോസ്റ്റലിലെ സെക്യൂരിറ്റി എല്ലാവരെയും ഹോസ്റ്റല്‍ ബ്ലോക്കിനകത്ത് പൂട്ടിയിടും’

‘എന്തുകൊണ്ട് ഞങ്ങള്‍ക്ക് പുറത്തിറങ്ങിക്കൂടാ...?’

കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിൽ നിന്നും രാത്രിയിൽ സിനിമക്ക് പോകുന്നതിൽ നിന്നും തടയാനാകില്ലെന്ന് കഴിഞ്ഞ ദിവസം കേരള ഹെെകോടതി ചൂണ്ടിക്കാണിക്കുകയുണ്ടായി. മൊറാലിറ്റിയുടെയും സുരക്ഷയുടെയും കാരണം പറഞ്ഞ് പൗരന്റെ മൗലികാവകാശങ്ങൾക്ക് മേൽ കത്തി വെക്കുന്നത്, പ്രത്യേകിച്ചും ഇതിന്റെ പേരിൽ വിദ്യാർഥിനികളോട് വിവേചനപരമായി പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കോടതി തീർത്ത് പറഞ്ഞത്.

‘എന്തുകൊണ്ട് ഞങ്ങള്‍ക്ക് പുറത്തിറങ്ങിക്കൂടാ...?’

തൃശ്ശൂർ കേരളവർമ്മ കോളേജ് വിദ്യാർഥിനിയായിരുന്ന അഞ്ജിത കെ ജോസ് കോളേജിലെ ഈ വിവേചനത്തെ ചോദ്യം ചെയ്ത് നൽകിയ ഹരജിയിലായിരുന്നു കോടതിയുടെ ഇടപെടൽ. വിവേചന വ്യവസ്ഥകൾക്കെതിരെ കോടതി കയറിയ അഞ്ജിത ജോസ് സംസാരിക്കുന്നു:

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നൊക്കെ പറയപ്പെടുന്ന സ്ഥലത്ത്, രാഷ്ട്രീയമൊക്കെയുള്ള ക്യാമ്പസിൽ പഠിക്കാമെന്ന ആഗ്രഹം കൊണ്ടാണ് തൃശ്ശൂർ കേരളവർമ്മയിൽ എത്തിപ്പെടുന്നത്. പക്ഷെ അഡ്മിഷനെടുക്കാൻ ഹോസ്റ്റലിൽ എത്തിയപ്പോൾ വാർഡൻ ആദ്യം കയ്യിലേക്ക് തരുന്നത് രണ്ട് പേജ് നിറയെ നിയമങ്ങൾ ആണ്. രാഷ്ട്രീയം പാടില്ല എന്നതൊക്കെ ആയിരുന്നു അതില്‍ പ്രധാനപ്പെട്ടത്‌ !

കേരള ‘വർമ്മ’ കോളേജ് ആയത് കൊണ്ടാവും ഈ സമരം ചുരുക്കം ചില വിദ്യാർഥികൾ ഒറ്റക്ക് മുന്നോട്ട് കൊണ്ട് പോകേണ്ടി വന്നത്

ഒരു വ്യക്തിക്ക് രാഷ്ട്രീയം പാടില്ലെന്ന് പറയുന്ന 'രാഷ്ട്രീയ പ്രബുദ്ധമായ' കലാലയത്തിലെ ഹോസ്റ്റൽ. രാഷ്ട്രീയ ചിന്തകളും അനുഭവങ്ങളും രൂപപ്പെടേണ്ട കോളേജ് കാലഘട്ടത്തിൽ വിദ്യാര്‍ഥികള്‍ക്ക് ഇതൊന്നും പാടില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നല്ല, പെൺകുട്ടികൾ രാഷ്ട്രീയം പറയേണ്ട എന്ന് തന്നെയാണ് അതിനർത്ഥം. അതോ പെൺകുട്ടികളുടെ ഹോസ്റ്റലിൽ രാഷ്ട്രീയ ചർച്ചകൾ നടക്കില്ലെന്നോ?

എങ്കിലും കേരളവർമ്മ കോളേജ് വനിതാ ഹോസ്റ്റലിലെ കുട്ടികളൊന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമായിട്ടില്ലെന്നല്ല. നിയമങ്ങൾ വക വെക്കാതെ പല സംഘടനകളിൽ പ്രവർത്തിച്ചിരുന്ന കുട്ടികൾ ഉണ്ടെങ്കിലും എല്ലാവരുടെയും രാഷ്ട്രീയപ്രവര്‍ത്തനം നാല് മണിക്ക് മുമ്പായി അവസാനിപ്പിക്കണമായിരുന്നു.

‘എന്തുകൊണ്ട് ഞങ്ങള്‍ക്ക് പുറത്തിറങ്ങിക്കൂടാ...?’

മനസ്സിന്റെ ഉള്ളിൽ കണ്ടിരുന്ന കിടു ക്യാമ്പസ് എന്നതൊക്കെ വെറും സ്വപ്നങ്ങളാണെന്നും പെണ്‍കുട്ടികള്‍ക്ക് അങ്ങനൊരു സ്പേസൊന്നും കേരളത്തിലെ കലാലയങ്ങളില്‍ ഇല്ലെന്നുമൊക്കെ മനസിലാക്കുന്നത് കേരളവർമ്മയിൽ എത്തിച്ചേര്‍ന്നതിന് ശേഷമാണ്. നമ്മുടെ പ്രബുദ്ധമായ ക്യാമ്പസുകളിൽ എത്രത്തോളം സവര്‍ണത നിലനിൽക്കുന്നുണ്ടെന്ന് മനസിലാക്കുന്നതും അവിടെവെച്ചാണ്. കാലങ്ങളായി ഇടതുപക്ഷ പുരോഗമന സംഘടന ഭരിക്കുന്ന ക്യാമ്പസ്സിലെ  മുസ്‍ലിം -ദലിത് -സ്ത്രീ വിരുദ്ധത പലപ്പോഴും പ്രകടമായിരുന്നു.

വർഷങ്ങളായി കോളേജിലെ യൂണിയൻ കൈകാര്യം ചെയ്തിട്ടും ‘പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന്റെ’ ചെങ്കോട്ട ആയിരുന്നിട്ടും ഹോസ്റ്റൽ വിഷയത്തിൽ ഈ കാലം വരെ അവർ ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല 

ഇവിടുത്തെ ഇറ്റഫോകും (International Theatre Festival of Kerala) വിബ്ജിയോറും സാഹിത്യ അക്കാദമിയും, പിന്നെ ഇടക്കുള്ള സിനിമക്ക് പോക്കും ഒക്കെ പ്രതീക്ഷിച്ച് വരുന്നവരാണ് മിക്ക ആളുകളും. ചുരുക്കം ചിലർ പുറത്ത് മറ്റ് താമസ സൗകര്യങ്ങൾ നോക്കിയിരുന്നു, പക്ഷേ അവർക്കും 6 മണി ആവുമ്പോഴേക്ക്‌ അവരവരുടെ ആ ഹോസ്റ്റലുകളിൽ കേറേണ്ട അവസ്ഥ തന്നെ ആയിരുന്നു.

ഞായറാഴ്ചകളിൽ പള്ളിയിൽ പോകാൻ പോലും വാർഡന്റെ അനുമതി വേണം. ആരെയെങ്കിലും കൂടെ കൊണ്ടുപോവുകയും വേണം, എവിടേക്ക് ആയാലും ഒറ്റക്ക് പോകാൻ അനുവാദമുണ്ടായിരുന്നില്ല. ശനിയാഴ്ചകളിൽ  വൈകീട്ട് രണ്ടര മണിക്കൂർ ആണ് പുറത്തേക്ക്  ഇറങ്ങാൻ അനുമതിയുണ്ടായിരുന്നത്. ഞായറഴ്ച്ചയോ മറ്റു അവധി ദിവസങ്ങളോ പുറത്തേക്ക് പോകുന്നത് ആലോചിക്കുകയേ വേണ്ട...

‘എന്തുകൊണ്ട് ഞങ്ങള്‍ക്ക് പുറത്തിറങ്ങിക്കൂടാ...?’

ഏതെങ്കിലും അമ്പലത്തിൽ  പൂരമോ താലപ്പൊലിയോ തൃശ്ശൂരിൽ  പുലിക്കളിയോ മറ്റോ നടക്കുന്നുണ്ടങ്കില്‍ പിന്നെ പറയാതിരിക്കുന്നതാണ് ഭേദം. പുറത്ത് പോകാൻ ഹോസ്റ്റൽ നിയമപ്രകാരം അനുവാദമുള്ള ദിവസമാണെങ്കിൽ കൂടി, പെൺകുട്ടികളുടെ പ്രൊട്ടക്ഷൻ മൊത്തമായും  ചില്ലറയായും ഹോസ്റ്റൽ വാര്‍ഡന്‍ വാങ്ങിച്ചു വെക്കും. അന്നിനി എന്ത്  ആവശ്യം ഉണ്ടെങ്കിലും പുറത്ത് പോവണ്ട എന്ന് വാർഡൻ അങ്ങ് തീരുമാനിക്കും. ടൗണിൽ ഒക്കെ തിരക്ക് ആയിരിക്കുമല്ലോ, ആ തിരക്കിലേക്ക് ഞങ്ങളെ വിടാൻ വാർഡന് ധൈര്യം ഇല്ല പോലും.

ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇത്രയും ഫ്രീഡം തന്നെ അധികമാണ്, ഇതിൽ അധികമൊന്നും നിങ്ങൾ പെൺകുട്ടികളെ  ‘കയറൂരി വിടാൻ’ പറ്റില്ല എന്നൊക്കെയുള്ള പുതിയ പുതിയ മറുപടികളായിരുന്നു ഓരോ തവണയും കിട്ടികൊണ്ടിരുന്നത്

മൂന്നരക്ക് ക്ലാസും കഴിഞ്ഞ്, പുറത്ത് പോവാനായി ഹോസ്റ്റലിൽ ചെന്ന് രജിസ്റ്ററിൽ പേരും സ്ഥലവും കാരണവുമൊക്കെ എഴുതി ഇറങ്ങുമ്പോഴേക്ക്‌ സമയം നാല് മണിയാവും. അത് കഴിഞ്ഞാല്‍ എം.ജി റോഡിലെ ബ്ലോക്കും താണ്ടി റൌണ്ട് എത്താൻ തന്നെ അര മണിക്കൂറെടുക്കും. സമാധാനമായിട്ട് ഒരു ജ്യൂസ് കുടിക്കാനോ, എന്തെങ്കിലും വാങ്ങിക്കാൻ ഉണ്ടെങ്കിൽ അതിനുപോലും സമയം ഇല്ല. തിരിച്ച് രസായിട്ട്‌ നടന്ന് പോവാ എന്ന് വെച്ചാൽ, എല്ലാം കഴിഞ്ഞ് തിരികെ എത്തുമ്പോൾ ആറ് മണി കഴിയും. ചുരുക്കി പറഞ്ഞാൽ ഓട്ടോ വിളിക്കാൻ കാശ് ഉണ്ടെങ്കിലേ പുറത്ത് പോവാൻ പറ്റൂ.

‘എന്തുകൊണ്ട് ഞങ്ങള്‍ക്ക് പുറത്തിറങ്ങിക്കൂടാ...?’

ഹോസ്റ്റലില്‍ 6 മണിക്ക് ബെല്ലടിക്കുന്നതിന് മുൻപ് ഓടി വാർഡന്റെ മുറിയുടെ മുൻപിലെങ്കിലും എത്തിയാൽ ചെറിയ കൺസെഷൻ കിട്ടും. ഒപ്പിട്ട്, തിരിച്ചെത്തിയ സമയവും എഴുതി, ചെറിയൊരു ഉപദേശവും കേട്ട്  റൂമിൽ പോകാം. രണ്ട് മിനിറ്റ് വൈകിയാൽ പിന്നെ ഉപദേശം, വഴക്ക്, പെണ്ണിന് വേണ്ട ഗുണഗണങ്ങൾ... ചിലപ്പോൾ ഫൈൻ വരെ കിട്ടും. അവസാനം ലേറ്റ് ആയതിന് കാരണം എഴുതി കൊടുക്കയും വേണം.

പി.ജിക്കാരായ കുറച്ച് വിദ്യാർഥിനികൾ സാഹിത്യ അക്കാദമി ലൈബ്രറി ഉപയോഗിക്കാൻ പോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, ഡിപ്പാർട്ട്മെന്റ് പെർമിഷൻ എടുത്തിട്ട് പോലും നിഷേധിച്ച അവസരങ്ങളും ഉണ്ടായിട്ടുണ്ട് .
‘ദിശ’ എന്ന സംഘടനയുടെ മീറ്റിംഗിന് പോവാൻ ഞങ്ങൾ ശ്രമിച്ചപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. മിക്കപ്പോഴും വീട്ടിൽ നിന്ന് വിളിച്ചാലും  കാര്യമില്ല.

ഏറ്റവും ഭീകരമായ ‘സുരക്ഷ’ വരുന്നത് രാത്രിയിലാണ്. ഒമ്പതേ മുക്കാൽ ആയാൽ ഹോസ്റ്റലിലെ സെക്യൂരിറ്റി എല്ലാവരെയും ഹോസ്റ്റല്‍ ബ്ലോക്കിനകത്ത് പൂട്ടിയിടും. വീട്ടിൽ വൈകുന്നേരം കോഴിയെ കൂട്ടിൽ കയറ്റി അടക്കുന്ന പോലുള്ളൊരു അവസ്ഥ. ചുറ്റു മതിലുള്ള ഹോസ്റ്റലിന്റെ ക്യാമ്പസിൽ പോലും ഇരിക്കാൻ അവകാശമുണ്ടായിരുന്നില്ല. ഹോസ്റ്റല്‍ പൂട്ടിയ ശേഷം കൂട്ടത്തില്‍ ആർക്കെങ്കിലും ഒന്ന് വയ്യാണ്ടായാൽ വാതിൽ  തുറപ്പിക്കുന്നത് ഒരു പണി തന്നെ ആണ്.

ഇതിങ്ങനെ സഹിക്കാൻ വയ്യാഞ്ഞിട്ട്, നമ്മൾ ചോദ്യം ചെയ്താല്‍ ഇതൊക്കെ മാറും എന്ന മണ്ടൻ പ്രതീക്ഷയും വെച്ചാണ് പോരാടാന്‍ ഇറങ്ങിയത്. പല  കാലഘട്ടങ്ങളിലായി പലരും ശ്രമിച്ചു പരാജയപ്പെട്ടതാണെന്ന് അറിഞ്ഞിട്ടും ഓരോ ആവശ്യവുമായി, പരാതികളുമായി ഞങ്ങൾ വാര്‍ഡനെയും ഹോസ്റ്റൽ സ്റ്റാഫിനെയും  പ്രിൻസിപ്പാളിനെയും പോയി കാണും. ഇതല്ലാതെ ഹോസ്റ്റലിൽ വേറെ ചെയ്യാൻ ഒന്നും ഇല്ലായിരുന്നല്ലോ.

രണ്ട് ദിവസം കൊണ്ട് ആ പേടി അസ്ഥാനത്താണെന്ന് കേരളവര്‍മയിലെ പെൺകുട്ടികൾ കാണിച്ചു തന്നു. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന പോരാട്ടത്തിലൂടെ അവർ ഹോസ്റ്റൽ കർഫ്യൂ മാറ്റി നിശ്ചയിച്ചു

ചിലപ്പോള്‍ ഭയങ്കര സ്നേഹത്തോടെ നമുക്ക് നോക്കാം എന്നൊക്കെ പറഞ്ഞ് അവര്‍ നമ്മളെ അങ്ങ് ഒഴിവാക്കും. ചിലപ്പോള്‍ ഭയങ്കര പുച്ഛം ആയിരിക്കും മറുപടി.

ആദ്യ വർഷം ‘ആര്‍ഷ ഭാരത സംസ്കാരം’ കൊണ്ട് നടക്കുന്ന പ്രിൻസിപ്പൽ ആയിരുന്നു കോളേജിലുണ്ടായിരുന്നത്. അവർക്ക് പെൺകുട്ടികൾ 5 മണി ഒക്കെ കഴിഞ്ഞ് പുറത്ത് ഇറങ്ങുന്നത് ആലോചിക്കാൻ തന്നെ പറ്റില്ലായിരുന്നു. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇത്രയും ഫ്രീഡം തന്നെ അധികമാണ്, ഇതിൽ അധികമൊന്നും നിങ്ങൾ പെൺകുട്ടികളെ  ‘കയറൂരി വിടാൻ’ പറ്റില്ല എന്നൊക്കെയുള്ള പുതിയ പുതിയ മറുപടികളായിരുന്നു ഓരോ തവണയും കിട്ടികൊണ്ടിരുന്നത്.

‘എന്തുകൊണ്ട് ഞങ്ങള്‍ക്ക് പുറത്തിറങ്ങിക്കൂടാ...?’

രാത്രി പത്ത് മണിക് ശേഷം ഹോസ്റ്റല്‍ ബ്ലോക്കിൽ നിന്ന് ഒച്ചയൊന്ന്  ഉയർന്ന് പോയാൽ, ഒരു കൂട്ടച്ചിരി ഉണ്ടായാൽ പിറ്റേന്ന് അതിനും കിട്ടും ഉപദേശം. ഇതൊക്കെയാണ് അവസ്ഥയെങ്കില്‍ പിന്നെ ഞങ്ങളൊക്കെ എന്തിനാണ് കോളേജിൽ വരുന്നത്. കോളേജിലെ എസ്.എഫ്.ഐയുടെ ഭാഗം അല്ലാത്തത് കൊണ്ട്, നമ്മൾ ഹോസ്റ്റലിൽ ഈ വിഷയം ഉയർത്തുമ്പോൾ കൂടെ നിൽക്കാൻ ആളുകള്‍ കുറവായിരുന്നു.

വർഷങ്ങളായി അവിടെ യൂണിയൻ കൈകാര്യം ചെയ്തിട്ടും ‘പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന്റെ’ ചെങ്കോട്ട ആയിരുന്നിട്ടും ഹോസ്റ്റൽ വിഷയത്തിൽ ഈ കാലം വരെ അവർ ഒന്നും ചെയ്തിട്ടുമുണ്ടായിരുന്നില്ല. പകരം സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവൾ ആണെന്ന ബ്രാഹ്മണിക്കൽ ബോധം തന്നെയാണ് അവര്‍ കൊണ്ട് നടന്നിരുന്നത്.

കേരളവര്‍മയിലെ രണ്ടാം വർഷാവസാനമാണ് കോടതിയിൽ പെറ്റീഷൻ കൊടുക്കാം എന്ന തീരുമാനത്തിൽ എത്തുന്നത്. കോടതിയിൽ പോയാൽ ഹോസ്റ്റലിൽ മാറ്റം വരും എന്ന പ്രതീക്ഷ കൊണ്ടൊന്നുമല്ല, എനിക്ക് കോളജിനകത്ത് ഇനി വേറെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന നിരാശാബോധത്തിൽ നിന്നാണ് കേസുമായി മുന്നോട്ട് പോവാൻ തീരുമാനിക്കുന്നത്. അങ്ങനെയാണ് ‘യുവര്‍ ലോയര്‍ ഫ്രണ്ട്’ (your Lawyer Friend) എന്ന സംഘടനയുടെ സഹായത്തോടെ കേരള ഹൈകോടതിയിൽ റിട്ട് പെറ്റീഷന്‍ ഫയൽ ചെയ്യുന്നത്. എന്റെ പഠിത്തം കഴിഞ്ഞപ്പോൾ കേസ് തള്ളി പോകും എന്ന് പേടിച്ചിരിക്കുമ്പോഴാണ് റിൻഷ തസ്നി അത് ഏറ്റെടുക്കാൻ തയ്യാറാവുന്നത്. അതിന് മുമ്പ് കേസ് നടത്തിക്കൊണ്ട് പോകാന്‍ അന്ന് ഒരുപാട് പേരെ ഞാൻ സമീപിച്ചെങ്കിലും എല്ലാവർക്കും കോളേജ് അധികൃതരെ പേടി ആയിരുന്നു.

ഹോസ്റ്റല്‍ പൂട്ടിയ ശേഷം കൂട്ടത്തില്‍ ആർക്കെങ്കിലും ഒന്ന് വയ്യാണ്ടായാൽ വാതിൽ  തുറപ്പിക്കുന്നത് ഒരു പണി തന്നെ ആണ്

ഒന്നര വർഷങ്ങൾക്ക് ഇപ്പുറം വിധി വന്നപ്പോൾ അതിൽ സന്തോഷത്തോടൊപ്പം ഒരുപാട് അവ്യക്തതകളും ഉണ്ടായിരുന്നു. കോടതി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ അവകാശം ഉണ്ടെന്ന് നിരീക്ഷിക്കുമ്പോഴും, ഹോസ്റ്റലിൽ സമയം നിശ്ചയിക്കാനുള്ള അധികാരം പ്രിൻസിപ്പലിന് തന്നെ ആയിരുന്നു.

പക്ഷേ പെൺകുട്ടികൾക്ക് മാത്രമായി, അവരുടെ സുരക്ഷാ കാരണം മാത്രം പറഞ്ഞ് കൊണ്ട് മാനേജ്മെന്റിന്റെ മൊറാലിറ്റി വിദ്യാർഥികളുടെ മേൽ അടിച്ചേപ്പിക്കാൻ പറ്റില്ല എന്നും, ഹോസ്റ്റലിന്റെ അച്ചടക്കവും വിദ്യാർഥികളുടെ അഭിപ്രായവും പരിഗണിച്ച് പുതിയ ഒരു സമയം നിശ്ചയിക്കണം എന്നും കോടതി നിരീക്ഷിച്ചിരുന്നു. പക്ഷേ ഇത് ഒരു കടലാസ് കഷ്ണം മാത്രമായി അവേശേഷിക്കും എന്നാണ് ഞാൻ കരുതിയിരുന്നത്. മാനേ്മെന്റിന്റെ മേലെ നിരന്തരമായ സമ്മർദം  ചെലുത്താതെ ഇത് നടപ്പിൽ വരില്ല. രണ്ട് ദിവസം കൊണ്ട് ആ പേടി അസ്ഥാനത്താണെന്ന് കേരളവര്‍മയിലെ പെൺകുട്ടികൾ കാണിച്ചു തന്നു. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന പോരാട്ടത്തിലൂടെ അവർ ഹോസ്റ്റൽ കർഫ്യൂ മാറ്റി നിശ്ചയിച്ചു.

‘എന്തുകൊണ്ട് ഞങ്ങള്‍ക്ക് പുറത്തിറങ്ങിക്കൂടാ...?’

മൂന്ന് ദിവസം നീണ്ട് നിന്ന ഹോസ്റ്റൽ സമരത്തിനെ പറ്റിയോ അധ്യാപകർ നടത്തിയ സ്ത്രീ വിരുദ്ധവും വിദ്യാർത്ഥി വിരുദ്ധവുമായ പ്രസ്താവനകളെ പറ്റിയോ കോടതി അലക്ഷ്യ തീരുമാനങ്ങൾ എടുക്കുന്ന ദേവസം ബോർഡ് മാനേജ്മെന്റിനെ പറ്റിയോ ഏതെങ്കിലും പ്രമുഖ സംഘടനകളോ അല്ലെങ്കിൽ സോഷ്യൽ മീഡിയയിലെ ലിബറൽ ഇടങ്ങളോ കാര്യമായ ആകുലതകളും ചർച്ചകളും നടത്തി കണ്ടിട്ടില്ല. അതേസമയം ഫാറൂഖ് കോളേജോ അതല്ലങ്കില്‍ ഇത്തരം പ്രിവിലേജുകള്‍ക്ക് പുറത്ത് നില്‍ക്കുന്ന മറ്റേതെങ്കിലും കോളേജോ ആയിരുന്നെങ്കിൽ ഈ വിഷയം കാര്യമായ ചർച്ച ആയേനെ. കേരള 'വർമ്മ' കോളേജ് ആയത് കൊണ്ടാവും ഈ സമരം ചുരുക്കം ചില വിദ്യാർഥികൾ ഒറ്റക്ക് മുന്നോട്ട് കൊണ്ട് പോകേണ്ടി വന്നത്.

കോടതി വിധി കൊണ്ട് അത്ര പെട്ടന്നൊന്നും മാറ്റം വരില്ല. പക്ഷേ കേരളവർമ്മയിൽ വിധി നടപ്പിലാക്കാൻ വേണ്ടി ഈ പെണ്ണുങ്ങൾ ഒരുമിച്ച് ഇറങ്ങുകയും അവർ ഒരു മൂവ്മെന്റ് സാധ്യമാക്കുകയും ചെയ്തു. ആദ്യത്തെ ദിവസത്തിന് ശേഷം കോളേജ് യൂണിയൻ എല്ലാ രീതിയിലും പെൺകുട്ടികളുടെ പോരാട്ടത്തോട് ചേർന്ന് നിൽക്കുകയും ചെയ്തു. ഇത്തരം മുന്നേറ്റങ്ങളിലൂടെ ഉണ്ടാവുന്ന മാറ്റം ആണ് കൂടുതൽ പ്രതീക്ഷയും ആവേശവും നൽകുന്നത്. കേരളവർമ്മ ഹോസ്റ്റലിലെ ഓരോ വിദ്യാർഥിയും ആ മാറ്റത്തിന്റെ ഭാഗമായിരിക്കുന്നു. ഹോസ്റ്റൽ സമരത്തിന്റെ ആവേശമുള്‍ക്കൊണ്ട് ഇത്രയും ശക്തമായ ഒരു മൂവ്മെന്റ് സാധ്യമാക്കിയ അവരോടെനിക്ക് അങ്ങേയറ്റം  ആരാധനയാണ്.

(ശ്രീ കേരളവര്‍മ്മ കോളേജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ അഞ്ജിത ജോസ് നിലവില്‍ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ പി.ജി വിദ്യാര്‍ഥിനിയാണ്)