LiveTV

Live

Opinion

ഇടതുപക്ഷത്തെ കൊല ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം

ഭരണകൂട മൂലധന ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരേയെല്ലാം ‘മാവോയിസ്റ്റ്’ ആക്കുക എന്നത്, അത്തരം പ്രവർത്തനങ്ങളെ ഭീകരവത്കരിച്ച് അടിച്ചമർത്തുക എന്ന സ്റ്റേറ്റ് തന്ത്രത്തിന്റെ ഭാഗം തന്നെയാണ്

ഇടതുപക്ഷത്തെ കൊല ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം

മൂന്നു വർഷം കൊണ്ട് 3 ഏറ്റുമുട്ടല്‍ കൊലപാതകങ്ങൾ. ഒരുപക്ഷേ സഖാവ് ശ്രീ പിണറായി വിജയൻ സർക്കാറിന്റെ മറ്റൊരു ഭരണനേട്ടം തന്നെയായിരിക്കണം അത്. കൊലചെയ്യപ്പെട്ടിരിക്കുന്നത് ചെങ്കൊടിയേന്തിയ മൂന്നു സഖാക്കളാണ് എന്നതാണ് ഇതില്‍ ഊന്നി പറയേണ്ട മറ്റൊരു നേട്ടം.

അതുകൊണ്ട് തന്നെയാണ് ചെഗുവേരയെ നിത്യ ജീവിതത്തിന്റെ ഭാഗമാക്കിയ മലയാളി പൊതുബോധം ‘ജലീൽ’ എന്ന് ഉറക്കെ പറയാൻ പോലും ഭയപ്പെടുന്നത്
ഇടതുപക്ഷത്തെ കൊല ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം

ചരിത്രത്തിലാദ്യമായൊന്നുമല്ല ഇടതുപക്ഷക്കാർ എന്ന് അവകാശപ്പെടുന്നവർ കമ്യൂണിസ്റ്റുകളായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ കശാപ്പു ചെയ്തു കളയുന്നത്. മാർക്സിസ്റ്റ് സൈദ്ധാന്തികരായ റോസ ലക്സംബർഗ്, കാൾലിബിൻ ഇസ്റ്റ്, ട്രോട്സ്കി എന്നിവരുടെ മരണങ്ങളും ആ ചരിത്രത്തെ തന്നെയാണ് രേഖപ്പെടുത്തുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തെ ഭീകരവത്ക്കരിക്കുകയല്ല ഈ ചരിത്രവസ്തുതകൾ ഓർമിച്ചെടുക്കലിന്റെ ലക്ഷ്യം, മറിച്ച് ആ സംഭവങ്ങളുടെ ചരിത്ര പശ്ചാത്തലങ്ങൾ ചൂണ്ടിക്കാണിക്കുകയാണ്.

ആ കമ്മ്യൂണിസ്റ്റ് കൊലപാതകങ്ങളുടെ രാഷ്ട്രീയ പശ്ചാത്തല പരിശോധനകൾ, അവിടെ നിലനിന്നിരുന്ന വ്യവസ്ഥാപിത സ്റ്റേറ്റ് കമ്മ്യൂണിസ്റ്റ്/സോഷ്യലിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ അപചയത്തെയാണ് കാണിച്ചുതരുന്നത്. അതായത്, പ്രത്യയശാസ്ത്രം കേവലം അലങ്കാരമാക്കി നിർത്തപ്പെടുമ്പോൾ, അത് തങ്ങളുടെ ജീവചര്യയാക്കി മാറ്റിയ സഖാക്കൾ -റോസയും ജലീലുമെല്ലാം- കപട ഇടതുഭരണകൂട ഭീകരതയുടെ ഇരകളായി മാറുന്നു.

വയലന്റ് എൻവയോൺമെന്റിന്റെ നിർമിതി

തരംതിരിക്കുകയും താരതമ്യം ചെയ്യുകയും ലേബൽ ചെയ്യുകയും ചെയ്യുന്നത് ഭരണകൂടത്തിന്റെ പ്രധാനപ്പെട്ട ഭരണമുറയാണ്. അതിന്റെ ഏറ്റവും ഉത്തുംഗതയിലാണ് ഇന്ത്യൻ ഭരണത്തിൽ പിടിമുറുക്കിയ ബ്രാഹ്മണിക്കൽ ഫാസിസ്റ്റ് സ്റ്റേറ്റ്, സാമൂഹിക രാഷ്ട്രീയ പ്രവർത്തകരെയും ജനകീയ ബുദ്ധിജീവികളെയും ‘അർബൻ നക്സൽ’ എന്ന് മുദ്രകുത്തി ജയിലിലടച്ചു കൊണ്ടിരിക്കുന്നത്.

‘മാവോയിസം’ എന്താണ് എന്നതിലുപരി അത് എന്തുകൊണ്ടാണ് എന്നുകൂടി നാം ചോദിക്കേണ്ടിയിരിക്കുന്നു
ഇടതുപക്ഷത്തെ കൊല ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം

തൊണ്ണൂറുശതമാനം വികലാംഗനായ ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ സായിബാബ, സാമൂഹിക പ്രവർത്തക സുധ ഭരദ്വാജ്, കവിതയിലൂടെ ജനങ്ങളെ ചിന്തിക്കാൻ പ്രേരിപ്പിച്ച വരവരറാവുമെല്ലാം തുറങ്കലിൽ അടയ്ക്കപെട്ടത് ഇങ്ങനെയാണ്. മാവോയിസം ആണ് ഏറ്റവും വലിയ ആഭ്യന്തര ഭീഷണിയെന്ന് ‘നവ ഉദാരവത്ക്കരണ സാമ്പത്തിക വ്യവസ്ഥിതി’യുടെ ഉപജ്ഞാതാവയ ഡോക്ടർ മൻമോഹൻസിംഗ് പറയുന്നതുമെല്ലാം അതേ സ്റ്റേറ്റ് ലോജിക്കിന്റെ ഭാഗമായാണ്.

ഭരണകൂട മൂലധന ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരേയെല്ലാം ‘മാവോയിസ്റ്റ്’ ആക്കുക എന്നത്, ജനകീയ പ്രശ്നങ്ങളെ മുഖ്യധാരയിൽ നിന്നും അപരവൽക്കരിക്കുക, അത്തരം പ്രവർത്തനങ്ങളെ ഭീകരവത്കരിച്ച് അടിച്ചമർത്തുക എന്ന സ്റ്റേറ്റ് തന്ത്രത്തിന്റെ ഭാഗം തന്നെയാണ്. അതുകൊണ്ടാണല്ലോ തന്റെ ഗവേഷണ മേഖല ബസ്തർ ആയത് കൊണ്ടുമാത്രം ഇടതുപക്ഷ ബുദ്ധിജീവിയായ ജെ.എൻ.യുവിലെ പ്രൊഫസർ അർച്ചന പ്രസാദിനെതിരെ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യാൻ ഛത്തീസ്ഗഢ് ഭരിച്ചിരുന്ന ബി.ജെ.പി സർക്കാർ ഒരുക്കം കൂട്ടിയത് !

ഇന്ത്യയുടെ “മാവോയിസ്റ്റ് ബാധിത” പ്രദേശങ്ങള്‍ രാജ്യത്തെ പ്രകൃതി വിഭവങ്ങളുടെ കലവറ കൂടിയാണ്. വിരോധാഭാസമെന്ന് പറയട്ടെ, ഈ പ്രദേശത്ത് തന്നെയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ടിണിയും ദാരിദ്ര്യവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഇടതുപക്ഷത്തെ കൊല ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം

അതു കൊണ്ടുതന്നെ, മാവോയിസം എന്താണ് എന്നതിലുപരി അത് എന്തുകൊണ്ടാണ് എന്നുകൂടി നാം ചോദിക്കേണ്ടിയിരിക്കുന്നു. അങ്ങനെ സ്റ്റേറ്റ് ഒരുക്കുന്ന മാവോയിസം ഡിബേറ്റുകളിലേക്ക് കടന്നുചെല്ലുമ്പോൾ, അടിസ്ഥാനപരമായി നാം ശ്രദ്ധിക്കേണ്ടത് ഇത്തരം മൂമെന്റുകളുടെ ഭൂമിശാസ്ത്രപരമായ ലൊക്കേഷനാണ്.

ഇന്ത്യൻ ആഭ്യന്തരവകുപ്പിന് ഇന്റലിജൻസ് റിപ്പോർട്ടുകളിൽ നിറഞ്ഞു നിൽക്കുന്ന “റെഡ്കോറിഡോർ” എന്നറിയപ്പെടുന്ന “മാവോയിസ്റ്റ് ബാധിത” പ്രദേശം ഇന്ത്യയുടെ പ്രകൃതി വിഭവങ്ങളുടെ കലവറ കൂടിയാണ്. വിരോധാഭാസമെന്ന് പറയട്ടെ, ഈ പ്രദേശത്ത് തന്നെയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ടിണിയും ദാരിദ്ര്യവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതായത്, രണ്ട് വിപരീത പ്രക്രിയകളുടെ സമ്മേളന ഭൂമികയാണ് ഈ ഇടങ്ങൾ.

സെന്റര്‍ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റിന്റെ പരിസ്ഥിതി പഠന റിപ്പോർട്ട് പറഞ്ഞുവെക്കുന്നത് പോലെ, ‘സമ്പന്നമായ ഭൂപ്രദേശവും ദരിദ്രരായ ജനതയും’ (rich land and poor people) എന്ന കൊടും വിരോധാഭാസം. ഈ വിരോധാഭാസ പ്രക്രിയയിലാണ് ആധുനിക നവ ഉദാരവൽക്കരണ മൂലധനത്തിന് സ്വയരക്ഷ എന്നുള്ളതാണ് മറ്റൊരു വസ്തുത.

ഇടതുപക്ഷത്തെ കൊല ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം
അതായത് രണ്ട് വിപരീത പ്രക്രിയകളുടെ സമ്മേളന ഭൂമികയാണ് ഈ ഇടങ്ങൾ. സെന്റര്‍ ഫോർ സയൻസ് ആൻഡ് എൻവയോൺമേന്റിന്റെ പരിസ്ഥിതി പഠന റിപ്പോർട്ട് പറഞ്ഞ് വയ്ക്കുന്നതു പോലെ ‘സമ്പന്നമായ ഭൂപ്രദേശവും ദരിദ്രരായ ജനതയും’ (rich land and poor people) എന്ന കൊടും വിരോധാഭാസം.

കോളനിവാഴ്ചയിൽ നിന്നും ജനാധിപത്യ രാഷ്ട്രങ്ങളുടെ നിർമ്മിതിയിലേക്ക് ലോകചരിത്രം വളർന്നപ്പോൾ അവിടെ അങ്കലാപ്പിലായത് മൂലധനം തന്നെയായിരുന്നു. അങ്ങനെ സ്വയം തീർക്കുന്ന പ്രതിസന്ധികളിൽ നിന്നും കരകയറുന്നതിനുള്ള ഇടം (sapce) മൂലധനത്തിന് നഷ്ടമായി. പുതിയ സ്ഥലങ്ങളിലേക്ക് വ്യാപികേണ്ടത് ആസന്നമായ ‘സ്പെഷ്യൽ ഫിക്സി’നെ (spatial fix) മറികടക്കുന്നതിന് വളരെ അത്യാവശ്യമാണ്, ഇത് മൂലധനത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന തത്വമാണ് എന്ന് മാർക്സിസ്റ്റ് ഭൂമി ശാസ്ത്രജ്ഞനായ ഡേവിഡ്ഹാർവി പറഞ്ഞു വെക്കുന്നുണ്ട്. അതിനാവശ്യമായ പുതിയ ഒരു സാധ്യതയാണ് ‘നവ ഉദാരവൽക്കരണം’ പ്രധാനം ചെയ്യുന്ന നവ കൊളോണിയൽ വാഴ്ച്ച.

ഇടതുപക്ഷത്തെ കൊല ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം

എഴുപതുകളോട് കൂടി താച്ചറും - റീഗനും കണ്ടെത്തി കൊടുത്ത ഈ മൂലധന അധിഷ്ഠിതമായ ഗൂഢാലോചന തൊണ്ണൂറുകളോടെ ഇന്ത്യയിലേക്കും എത്തപ്പെട്ടു. കാരണം, ഇന്ത്യയുടെ ഭൂവിഭവങ്ങളും ആഗോളമൂലധന വ്യവസ്ഥിതിയുടെ നിലനിൽപ്പിന് ഒഴിച്ചുകൂടാൻ പറ്റാത്തതായിരുന്നു.

കോളനിവാഴ്ചയിൽ നിന്നും ജനാധിപത്യ രാഷ്ട്രങ്ങളുടെ നിർമ്മിതിയിലേക്ക് ലോകചരിത്രം വളർന്നപ്പോൾ അവിടെ അങ്കലാപ്പിലായത് മൂലധനം തന്നെയായിരുന്നു

‘വികസനം’ അല്ലെങ്കിൽ ‘നിക്ഷേപം’ എന്നീ ലേബലുകളോടെ മൂന്നാം ലോകരാജ്യങ്ങളിലേക്ക് ചേക്കേറിയ നവ ഉദാരവൽക്കരണ മൂലധനം ‘കുടിയിറക്കി കൊണ്ടുള്ള കുമിഞ്ഞുകൂട്ടൽ’ (Accumulation by Dispossession) എന്ന പ്രക്രിയയിലൂടെ ഇന്ത്യയിലെ വിഭവങ്ങളെ ആഗോള കമ്പോളത്തിലേക്കായി ചൂഷണം ചെയ്യാൻ തുടങ്ങി. അങ്ങനെ കടല്‍ കടന്നുവന്ന വികസന നിക്ഷേപങ്ങൾ ഭരണകൂടത്തിന്റെ സർവ്വസഹായങ്ങളും ഉപയോഗിച്ച് രാജ്യത്തിന്റെ വിഭവ ഭൂപടത്തിലേക്ക് ചൂഴ്ന്നിറങ്ങിയപ്പോൾ, പാരമ്പര്യമായി അവിടങ്ങളിൽ അധിവസിക്കുന്നവരെ കുടിയിറക്കുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്യേണ്ടത് അത്യാവശ്യമായിത്തീർന്നു.

ഇടതുപക്ഷത്തെ കൊല ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം

കാരണം, യന്ത്രവൽക്കരണ വിപ്ലവം റോബോട്ട് വരെ എത്തി നിൽക്കുന്ന ആധുനികതയിൽ, കോളനി വാഴ്ചക്കാലത്തേതുപോലെ മൂന്നാം ലോകരാജ്യങ്ങളിലെ തൊഴിലാളികളെ അവർക്കിന്ന് വേണ്ട. മറിച്ച്, അവിടങ്ങളിലെ വിഭവങ്ങൾ മാത്രം മതി. ഇതുതന്നെയാണ് ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളിൽ നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയുടെ കാതൽ (Jobless Growth).

ജനാധിപത്യം ഉയർത്തുന്ന പരിമിതികൾ ഈ ‘അനാവശ്യമായി’ തീർന്ന മൂന്നാംലോക ജനതയെ പ്രത്യക്ഷമായി കശാപ്പ് ചെയ്ത് കളയുന്നതിൽ നിന്നും മൂലധനത്തെ പലപ്പോഴും പുറകോട്ടടിപിടിച്ചു. അങ്ങനെ വികസന നിക്ഷേപം പട്ടിണിയിലേക്ക് പടിയിറക്കിയ ജനത സമരങ്ങളിലേക്ക് സംഘടിക്കാൻ തുടങ്ങി. അവരുടെ സമരങ്ങളുടെ പ്രത്യയശാസ്ത്രം അതിജീവിക്കുക എന്നതായിരുന്നു എങ്കിലും, വെറിമൂത്ത മൂലധനവും ഏറാൻമൂളികളായ ഭരണകൂടവും അവരെ ‘മാവോയിസ്റ്റ് ഭീകരർ’ എന്ന് മുദ്രകുത്തി തുറങ്കലിൽ അടക്കാനും കൊന്നുകളയാനും തത്രപ്പാടു കൂട്ടാൻ തുടങ്ങി.

ഇടതുപക്ഷത്തെ കൊല ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം
അണകെട്ടിയും, ഖനനം ചെയ്തും, കയ്യേറിയും നടത്തുന്ന വികസന പ്രവർത്തനങ്ങൾ പശ്ചിമഘട്ടത്തെ പാരിസ്ഥിതികമായി മാത്രമല്ല മറിച്ച് അവിടുത്തെ പാരമ്പര്യ നിവാസികളുടെ സാമൂഹിക നിലനിൽപ്പിന് തന്നെ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്

അങ്ങനെയാണ് ഇന്ത്യയുടെ ‘മിനറൽ ട്രഫ്’ (mineral trough) എന്നറിയപ്പെടുന്ന ചോട്ടാ നാഗ്പൂർ വനാന്തരങ്ങളിൽ നരനായാട്ട് നടത്താൻ ‘ഓപ്പറേഷൻ ഗ്രീൻഹണ്ട്’ എന്ന പേരിൽ പ്രത്യേക സേനാവിഭാഗത്തെ ഒരുക്കാൻ തുടങ്ങിയത്.

മാവോയിസം കേരളത്തിലെത്തുമ്പോൾ

കേരളം ഉൾക്കൊള്ളുന്ന പശ്ചിമഘട്ടമേഖലയിൽ അടുത്തിടെയായി പറഞ്ഞുകൊണ്ടിരിക്കുന്ന ‘മാവോയിസ്റ്റ്’ സാന്നിധ്യം ഈ ഭൂവിഭാഗത്തിന് ആധുനിക ആഗോള സാമ്പത്തിക വ്യവസ്ഥയിലുള്ള പ്രാധാന്യത്തെയാണ് കാണിക്കുന്നത്. ദക്ഷിണേന്ത്യയിലെ ആദിവാസി സമൂഹങ്ങളുടെ സാംസ്കാരിക ഭൂമികയായ പശ്ചിമഘട്ടം എങ്ങനെയാണ് നവ ലിബറൽ മൂലധനത്തിന്റെ ചൂഷണ വ്യവസ്ഥിതിയിലേക്ക് സന്നിവേശിക്കപ്പെട്ടിരിപ്പിക്കുന്നത് എന്നതിന്റെ ഒരു സാക്ഷ്യപ്പെടുത്തലാണ് മാധവ് ഗാഡ്ഗിൽ റിപ്പോർട്ട്.

ഇടതുപക്ഷത്തെ കൊല ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം
ഇവിടെ ജനകീയ പ്രതിരോധങ്ങളെ ‘മാവോയിസം’ എന്ന പ്രത്യയശാസ്ത്രത്തിലേക്ക് ഒതുക്കിനിർത്തേണ്ടതും അത്തരം രാഷ്ട്രീയ ചോദ്യങ്ങളെ ഭീകരവൽക്കരിക്കപ്പെടേണ്ടതും ഒഴിച്ചുകൂടാൻ പറ്റാത്ത രാഷ്ട്രീയ അടവുനയമാണ്

അണകെട്ടിയും, ഖനനം ചെയ്തും, കയ്യേറിയും നടത്തുന്ന വികസന പ്രവർത്തനങ്ങൾ പശ്ചിമഘട്ടത്തെ പാരിസ്ഥിതികമായി മാത്രമല്ല മറിച്ച് അവിടുത്തെ പാരമ്പര്യ നിവാസികളുടെ സാമൂഹിക നിലനിൽപ്പിന് തന്നെ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഈ പശ്ചാത്തലത്തിലായിരിക്കണം ഇവിടങ്ങളിൽ നിന്നും അടുത്ത കാലത്തായി ഉയർന്നുവരുന്ന ജനകീയ സമരങ്ങളെ നാം നോക്കിക്കാണേണ്ടത്.

വർധിച്ചുവരുന്ന ജനകീയ പ്രതിരോധങ്ങൾ ബൂർഷ്വാ ജനാധിപത്യ ഭരണകൂടത്തിന് മുൻപിൽ വലിയ വെല്ലുവിളി തന്നെയാണ്. ഒരു വശത്ത് ആഗോളമൂലധനം മുന്നോട്ടു വയ്ക്കുന്ന അന്ത്യശാസനം, മറുവശത്ത് ‘ജനാധിപത്യമെന്ന’ മുഖംമൂടി ആവശ്യപ്പെടുന്ന നീക്കുപോക്കുകൾ. ഇവിടെ ജനകീയ പ്രതിരോധങ്ങളെ ‘മാവോയിസം’ എന്ന പ്രത്യയശാസ്ത്രത്തിലേക്ക് ഒതുക്കിനിർത്തേണ്ടതും അത്തരം രാഷ്ട്രീയ ചോദ്യങ്ങളെ ഭീകരവൽക്കരിക്കപ്പെടേണ്ടതും ഒഴിച്ചുകൂടാൻ പറ്റാത്ത രാഷ്ട്രീയ അടവുനയമാണ്.

ഇടതുപക്ഷത്തെ കൊല ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം

കാരണം അത്തരം അടവുനയങ്ങൾ പ്രധാനം ചെയ്യുന്ന സാധ്യതകൾ ചെറുതൊന്നുമല്ല. ഒരു വശത്ത് വിഭവസമൃദ്ധമായ ഇത്തരം പരിസ്ഥിതികളെ സൈനികവത്‍കരണം ചെയ്യുന്നതിനുള്ള ഒരു പൊതുബോധം രൂപീകരിക്കുന്നതിന് ഇത് സഹായിക്കുന്നു. മറുവശത്താണെങ്കിൽ അതിജീവന സമരങ്ങളെയാകെ ഭയപ്പെടുത്തി നിർത്താനും ഇതുവഴി സാധിക്കും. അതുകൊണ്ട് തന്നെയാണ് ചെഗുവേരയെ നിത്യ ജീവിതത്തിലെ ഭാഗമാക്കിയ മലയാളി പൊതുബോധം ‘ജലീൽ’ എന്ന് ഉറക്കെ പറയാൻ പോലും ഭയപ്പെടുന്നത്.

‘അനീതിക്കെതിരെ സമരം ചെയ്യാനുള്ള ഒരുമനസ്സു നിങ്ങൾക്കുണ്ടെങ്കിൽ നീയും എന്റെ സഖാവാണ്’ - ചെഗുവേര

സഖാവ് ജലീലിന്റെ കൊലപാതകം ഇത്തരത്തിൽ ഭരണകൂടം നടത്തുന്ന മറ്റൊരു താക്കീതാണ്. ജലീൽ മാവോയിസ്റ്റ് ആണോ, ആയുധധാരിയാണോ എന്നൊന്നും ഒരു പ്രശ്നമേ അല്ല മറിച്ച് അയാൾ മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്രം തങ്ങളുടെ കപട കമ്മ്യൂണിസ്റ്റ് മുഖംമൂടിക്ക് വെല്ലുവിളിയാവും എന്നതും, അത് ചിലപ്പോൾ ഈ ഇലക്ട്രൽ ജനാധിപത്യത്തിൽ തങ്ങളുടെ അധികാരസ്ഥാനങ്ങൾ നഷ്ടമാകാൻ കാരണമാകും എന്നുമുള്ള ഭയം തന്നെയാണ് പിണറായി വിജയന്റെ ഇടതുപക്ഷ സർക്കാരിനെ ‘തണ്ടർ ബോൾട്ട്’ ഓപ്പറേഷന് നേതൃത്വം കൊടുക്കാൻ പ്രേരിപ്പിക്കുന്നത്.

ഇടതുപക്ഷത്തെ കൊല ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം

അതായത് മാക്സ് പറഞ്ഞതുപോലെ ഇവിടെ ചരിത്രം ആവർത്തിക്കുക തന്നെയാണ്, ‘history repeats itself, first as tragedy second as farce’. അനീതിക്കെതിരെ സമരം ചെയ്യാനുള്ള ഒരുമനസ്സു നിങ്ങൾക്കുണ്ടെങ്കിൽ നീയും എന്റെ സഖാവാണ് (“If you tremble with indignation at every injustice, then you are a comrade of mine”- Che) എന്ന കമ്മ്യൂണിസ്റ്റ് തത്വം സൗകര്യപൂർവ്വം മറന്നു മറ്റൊരു സഖാവിന് നേരെ വെടിയുതിർക്കാൻ ആഹ്വാനം ചെയ്യുമ്പോൾ, തങ്ങൾ ഏർപ്പെട്ടിരിക്കുന്ന പ്രത്യയശാസ്ത്രപരമായ അപചയം അവരെ അധികകാലം സഹായിക്കില്ല എന്ന് തിരിച്ചറിയുന്നത് നല്ലതാണ്. കാരണം നിങ്ങൾ വലതുവൽക്കരിക്കപ്പെടാൻ മത്സരിക്കുന്നത് ഇമ്മിണി വലിയ വലതുപക്ഷക്കാരോടാണ്.

(ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ ജ്യോഗ്രഫി വിഭാഗത്തിൽ ഗവേഷക വിദ്യാർഥിയാണ് ലേഖകന്‍)