LiveTV

Live

Opinion

ജൈവ ഉല്‍പന്നങ്ങള്‍ക്കെന്താ ഇത്ര വില?

ജൈവ ഉല്‍പ്പനങ്ങള്‍ക്ക് എന്തുകൊണ്ടാണ് കൂടുതല്‍ വില? ജൈവകര്‍ഷകനും ജൈവകര്‍ഷക സമിതി ജോയിന്റ് സെക്രട്ടറിയുമായ കെ.പി ഇല്യാസ് എഴുതുന്നു...

ജൈവ ഉല്‍പന്നങ്ങള്‍ക്കെന്താ ഇത്ര വില?

ഈ വിഷയത്തെ കുറിച്ച് മുമ്പ് എഴുതിയതാണെങ്കില്‍ പോലും വീണ്ടും ചര്‍ച്ചയായതു കൊണ്ട് വിശദീകരിക്കുന്നു.

1970കളില്‍ ഒരു സര്‍ക്കാര്‍ ജോലിക്കാരന്റെ ഏറ്റവും കുറഞ്ഞ ശമ്പളം 250-300 രൂപയായിരുന്നു. ഇന്ന് അത് 23,000 രൂപയായി വര്‍ധിച്ചിട്ടുണ്ട്. ഒരു സാധാരണ ക്ലര്‍ക്കിനു കിട്ടുന്ന ശമ്പളത്തില്‍ പോലും ഏകദേശം 80 ഇരട്ടി വര്‍ദ്ധന. ഇപ്പോഴത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉയര്‍ന്ന ശമ്പളം 1,20,000 രൂപയാണ്. കൂടാതെ ഇവര്‍ക്കെല്ലാം ശമ്പള സ്‌കെയിലനുസരിച്ചുള്ള പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നു. എന്നാല്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടക്ക് ഭക്ഷ്യ കൃഷി ചെയ്യുന്ന കര്‍ഷകരുടെ വരുമാനത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായിട്ടില്ല. ഈ മേഖലയില്‍ നിന്നും കര്‍ഷകര്‍ അകലാനുണ്ടായ പ്രധാന കാരണവും ഇതാണ്.

നിങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ 25 രൂപയ്ക്ക് അരി ലഭിക്കുന്നുണ്ടെങ്കില്‍ അത് കര്‍ഷകരെ പിഴിഞ്ഞെടുക്കുന്ന ഭക്ഷണമാണ്. രാസകൃഷിയാണെങ്കില്‍ പോലും ചെലവില്‍ കാര്യമായ മാറ്റമൊന്നും ഇല്ല.

1978 ല്‍ അരിവില 4 രൂപയാണെങ്കില്‍ ഇന്ന് മാര്‍ക്കറ്റില്‍ കിട്ടുന്ന ബ്രാന്റ് അരികള്‍ക്ക് വില 40 രൂപയുടെ അടുത്താണ്. 10 ഇരട്ടി മാത്രം വര്‍ദ്ധന. 25 രൂപയ്ക്കും 30 രൂപയ്ക്കുമൊക്കെ അരി മാര്‍ക്കറ്റില്‍ ലഭ്യമാണ്. കൂടാതെ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ഭാഗമായി ഒന്നും രണ്ടും രൂപയ്ക്ക് സര്‍ക്കാര്‍ ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് അരി ലഭ്യമാക്കുന്നുമുണ്ട്.

ഒരു കിലോ നെല്ലുല്‍പാദിപ്പിക്കാനുള്ള ചെലവ് ഇന്ന് ഏറ്റവും ചുരുങ്ങിയത് 20-25 രൂപയാണ്. ഇത് അരിയായി മാറുമ്പോഴേക്കും 55-60 രൂപയാകും. പ്രദേശത്തിനനുസരിച്ചും ഇനത്തിനനുസരിച്ചും വിളവില്‍ ഏറ്റ ക്കുറച്ചിലുകളുമുണ്ടാകാം. താങ്ങുവില 26 രൂപയാണ്(കേരളത്തില്‍ മാത്രം, മറ്റു സംസ്ഥാനങ്ങളില്‍ കുറവാണ്)

നിങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ 25 രൂപയ്ക്ക് അരി ലഭിക്കുന്നുണ്ടെങ്കില്‍ അത് കര്‍ഷകരെ പിഴിഞ്ഞെടുക്കുന്ന ഭക്ഷണമാണ്. രാസകൃഷിയാണെങ്കില്‍ പോലും ചെലവില്‍ കാര്യമായ മാറ്റമൊന്നും ഇല്ല. നെല്‍കൃഷിയെ സംബന്ധിച്ചിടത്തോളം 80 ശതമാനത്തോളം ചെലവും പണിക്കൂലിയാണ്. വളത്തിന്റെയും കീടനാശിനിയുടെയും കാര്യത്തില്‍ മാത്രമാണ് വ്യത്യാസം. കര്‍ഷകര്‍ക്ക് കന്നുകാലികളുണ്ടെങ്കില്‍ ഈ ചെലവ് കുറക്കാം. ജൈവവളം പുറത്തു നിന്നും വാങ്ങുമ്പോള്‍ വില കൂടും. രാസവളങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കുന്നതു കൊണ്ടാണ് വില കുറവ്. അല്ലെങ്കില്‍ നല്ല വിലയുണ്ട്.

ജൈവ ഉല്‍പന്നങ്ങള്‍ക്കെന്താ ഇത്ര വില?

രാസകൃഷിയാണെങ്കിലും ജൈവകൃഷിയാണെങ്കിലും ചെലവൊക്കെ ഒന്നു തന്നെ. പിന്നെയെന്തുകൊണ്ട് ജൈവ ഉല്‍പന്നങ്ങള്‍ക്ക് വില കൂടുതലെന്ന് ചോദിച്ചാല്‍ ജൈവകര്‍ഷകര്‍ക്ക് ഭക്ഷ്യ കൃഷി ഉപേക്ഷിക്കാനോ ആത്മഹത്യ ചെയ്യാനോ താല്‍പര്യമില്ലാത്തതു കൊണ്ടാണത്!

അരിവില സര്‍ക്കാര്‍ ജോലിക്കാരന്റെ ശമ്പളത്തിനനുസരിച്ച് വര്‍ദ്ധിക്കുകയാണെങ്കില്‍(80 മടങ്ങ്) ഇന്ന് ഒരു കിലോ അരിക്ക് 320 രൂപയെങ്കിലും നല്‍കണം. മറ്റുല്‍പന്നങ്ങളുടെ കാര്യവും ഇതൊക്കെ തന്നെയാണ്. എന്തായാലും അത്രയൊന്നും ജൈവകര്‍ഷകര്‍ എടുക്കാറില്ല. അല്‍പം വിളവുള്ള ജൈവമട്ടയരികള്‍ക്ക് 70 മുതല്‍ 120 രൂപ വരെയാണ് ഇപ്പോഴത്തെ വില. നവരയ്ക്കും രക്തശാലിക്കുമൊക്കെ വില കൂടും. കാരണം വിളവ് കുറവാണ്. എന്നാല്‍ ചെലവില്‍ മാറ്റമൊന്നുമില്ല.

ഇത് സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റില്ലെന്നാണല്ലോ മറ്റൊരു വാദം.

കൂലിപ്പണിക്കാരെയാണല്ലോ ഏറ്റവും പാവപ്പെട്ടവരായി വിശേഷിപ്പിക്കാറ്.

1975-76 കാലഘട്ടത്തില്‍ ഒരു കൂലിപ്പണിക്കാരന് ദിവസവേതനം 68 രൂപയായിരുന്നു. അത് ഇന്ന് കേരളത്തില്‍ 700- 800 രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്. അതായത് 90 മടങ്ങ് വര്‍ദ്ധന. ഒരു ദിവസത്തെ കൂലി കൊണ്ട് 10 കിലോ ജൈവ അരി വാങ്ങാം. ഒരു മാസത്തേയ്ക്കു വേണ്ട അരിക്ക് മൂന്നു ദിവസത്തെ കൂലി ധാരാളം!

ഇനി അതിനു പറ്റാത്തവര്‍ക്കാണെങ്കില്‍ ഒന്നരലക്ഷം ഹെക്ടര്‍ തരിശു കിടക്കുന്ന വയലുകള്‍ കേരളത്തിലുണ്ട്. മിക്ക പഞ്ചായത്തിലും അല്‍പമെങ്കിലും വയലുകള്‍ കാണും. അരയേക്കര്‍ സ്ഥലവും 30 ദിവസവും മതി ഒരു കുടുംബത്തിന് ഒരു വര്‍ഷത്തേക്കാവശ്യമായ അരിയുണ്ടാക്കാന്‍. എങ്ങിനെയാണ് കൃഷി ചെയ്യേണ്ടതെന്ന് ഞങ്ങള്‍ പറഞ്ഞു തരാം! വയല്‍ ലഭിക്കാന്‍ സാധ്യതയില്ലാത്തവര്‍ക്ക് പറമ്പില്‍ അത്യാവശ്യം മറ്റു വിളകള്‍ കൃഷി ചെയ്ത് അരി വാങ്ങാനുള്ള വരുമാനം ഉണ്ടാക്കാനുള്ള വഴിയും പറഞ്ഞു തരാന്‍ തയ്യാറാണ്.

ജൈവ ഉല്‍പന്നങ്ങള്‍ക്കെന്താ ഇത്ര വില?

ഒരു നിവൃത്തിയുമില്ലാത്തവരെ പുലര്‍ത്തേണ്ട ചുമതല സര്‍ക്കാരിനാണ്. അത് നാട്ടിലെ കര്‍ഷകര്‍ക്കു മാത്രമല്ല. അതിനാണ് സര്‍ക്കാരിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

എങ്കില്‍ പോലും അരി വാങ്ങാന്‍ കഴിവില്ലാത്തവരെ സഹായിക്കാനും ഞങ്ങള്‍ തയ്യാറാണ്. കേരളാ ജൈവകര്‍ഷക സമിതിയുടെ പ്രസിഡണ്ടായ പട്ടാമ്പിയിലെ ശ്രീ അഭയം കൃഷ്‌ണേട്ടന്റെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന 'അഭയം' കൊപ്പം പഞ്ചായത്തിലെ ഒരു നിവൃത്തിയുമില്ലാത്ത പാവപ്പെട്ടവര്‍ക്ക് അഭയത്തില്‍ ഉല്‍പാദിപ്പിച്ച ജൈവഅരി സൗജന്യമായി നല്‍കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം പൊന്നാനിയില്‍ സഹകരണ ബാങ്കുകളുടെ സഹായത്തോടെ 70 രൂപയുടെ ജൈവഅരി കര്‍ഷകര്‍ 55 രൂപയ്ക്ക് നല്‍കുയുണ്ടായി. സഹകരണ ബാങ്കുകള്‍ മെഡിക്കല്‍ ഷോപ്പുകള്‍ നടത്തുന്നതിന് പകരം ഇത്തരം പ്രവര്‍ത്തനങ്ങളാണേറ്റെടുക്കേണ്ടത്. രോഗം വന്ന് ചികിത്സിക്കുന്നതിന് പകരം ആരോഗ്യമുള്ള ഭക്ഷണം ലഭ്യമാക്കി രോഗം വരാതിരിക്കുവാനുള്ള ശ്രമമല്ലേ നമ്മള്‍ നടത്തേണ്ടത്.

എന്തുകൊണ്ട് ജൈവ ഉല്‍പന്നങ്ങള്‍ക്ക് വില കൂടുതലെന്ന് ചോദിച്ചാല്‍... ജൈവകര്‍ഷകര്‍ക്ക് ഭക്ഷ്യ കൃഷി ഉപേക്ഷിക്കാനോ ആത്മഹത്യ ചെയ്യാനോ താല്‍പര്യമില്ലാത്തതു കൊണ്ടാണത്!

35 രൂപ വില വരുന്ന അരി രണ്ടു രൂപയ്ക്ക് കൊടുത്ത് ഉപഭോക്താക്കള്‍ക്ക് 33 രൂപ സബ്‌സിഡി നല്‍കുന്ന സര്‍ക്കാരിന് എന്തുകൊണ്ട് ഒരു കിലോ അരിയുടെ മേല്‍ ഒരു ഇരുപത് രൂപയെങ്കിലും കര്‍ഷകര്‍ക്ക് സബ്‌സിഡി കൊടുത്തു കൂടാ?

ഒരു സര്‍ക്കാര്‍ ജോലിക്കാരന്റെയോ മറ്റു ശമ്പളക്കാരന്റെയോ അവസ്ഥയല്ല ഒരു കര്‍ഷകരുടേത്. ഒരു ഗ്യാരണ്ടിയുമില്ലാത്ത തൊഴിലാണ് അവര്‍ ഏറ്റെടുത്തിരിക്കുന്നത്. കാലാവസ്ഥ, വിപണി ഇതെല്ലാം എപ്പോള്‍ വേണമെങ്കിലും മാറിമറിയാം. ഇതെല്ലാം അവരുടെ വരുമാനത്തെ ബാധിക്കും. പ്രളയം വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് കര്‍ഷകര്‍ക്കാണ്. നഷ്ടപരിഹാരമെന്നൊക്കെ പറഞ്ഞ് തുച്ഛമായ തുകയാണ് ലഭിക്കുക. അതുപോലും പലര്‍ക്കും ലഭിച്ചിട്ടില്ല. ഏതൊരു നിര്‍മ്മാതാവിനും അവരുടെ ഉല്‍പന്നത്തിന്റെ വില നിശ്ചയിക്കാനുള്ള അവകാശമുണ്ട്. കര്‍ഷകര്‍ അത് ചെയ്യാന്‍ പാടില്ലെന്നു പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്?

കടപ്പാട്: കെ.പി ഇല്യാസിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്. ഓര്‍ഗാനിക് ഫാമിംങ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും ജൈവകര്‍ഷക സമിതി ജോയിന്റ് സെക്രട്ടറിയുമാണ് കെ.പി ഇല്യാസ്.

ജൈവ ഉൽപന്നങ്ങൾക്കെന്താ ഇത്ര വില? ഈ വിഷയത്തെ കുറിച്ച് മുമ്പ് എഴുതിയതാണെങ്കിൽ പോലും വീണ്ടും ചര്‍ച്ചയായതു കൊണ്ട്...

Posted by Illias KP on Friday, February 8, 2019