LiveTV

Live

Opinion

രോഹിത് വെമുലയും ഇന്ത്യൻ വിദ്യാർത്ഥി രാഷ്ട്രീയവും

ജാതി - വിരുദ്ധ പോരാട്ടത്തെ വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റെ കേന്ദ്ര സ്ഥാനത്തു കൊണ്ട് വന്നുവെന്നതാണ് ഹൈദരാബാദ് സര്‍വകലാശാലയില്‍ തുടക്കം കുറിച്ച രോഹിത് മൂവ്മെന്റിൻ്റെ പ്രസക്തി

രോഹിത് വെമുലയും ഇന്ത്യൻ വിദ്യാർത്ഥി രാഷ്ട്രീയവും

ഒന്ന്: മണ്ഡൽ അനന്തര വിദ്യാർത്ഥി രാഷ്ട്രീയം

സ്വാതന്ത്രാനന്തര ഇന്ത്യൻ ക്യാമ്പസുകളിലെ ജാതി വിടവിനെ അടയാളപ്പെടുത്തിയ സവിശേഷ സന്ദർഭമായിരുന്നു തൊണ്ണൂറുകളിലെ പിന്നാക്ക സമുദായ സംവരണവും മണ്ഡൽ പ്രക്ഷോഭവും. നെഹ്റുവിയൻ മതേതര - വികസന നയങ്ങളിലൂടെ സ്വയമേവ ഇല്ലാതാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ജാതി വ്യവസ്ഥ പൂർവ്വാധികം ശക്തിയോടെ ഇന്ത്യൻ സമൂഹത്തിൻ്റെ അടിത്തട്ടിൽ നിലനിൽക്കുന്നുണ്ടെന്നു കാണിച്ച് തന്നു എന്നത് കൂടിയാണ് മണ്ഡൽ, ആന്റി മണ്ഡൽ പ്രക്ഷോഭങ്ങളുടെ പ്രാധ്യാനം. പല സാമൂഹിക ശാസ്ത്രജ്ഞരും സൂചിപ്പിക്കുന്നത് പോലെ ഇന്ത്യൻ ക്യാമ്പസുകൾ ഇരു ചേരികളായി പിളർന്നു ഏറ്റുമുട്ടുകയും ഇന്ത്യൻ സാമൂഹിക വ്യവഹാരത്തിൽ ഒരു 'ജനാധിപത്യ-വിള്ളൽ' വീഴുകയും ചെയ്ത സന്ദർഭത്തെയാണ് മണ്ഡൽ പ്രക്ഷോഭം സൂചിപ്പിക്കുന്നത്.

മണിക്കൂറുകൾ കൊണ്ട് പാസ്സായ സാമ്പത്തിക സംവരണ ബില്ലിൽ നിന്നും വ്യത്യസ്തമായി ഏറെ കാലത്തെ പ്രക്ഷോഭ ഫലമായിട്ടാണ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ഭാഗികമായി അംഗീകരിക്കപ്പെടുന്നതും പിന്നാക്ക സമുദായങ്ങൾക്ക് 27 ശതമാനം സംവരണം യാഥാർഥ്യമാകുന്നതും. അതിനെ തുടർന്ന് പിന്നാക്ക സമുദായങ്ങളുടെ എണ്ണത്തിൽ സാവകാശമാണെങ്കിലും വർദ്ധനവുണ്ടാവുകയും അത് വിദ്യാർത്ഥി രാഷ്ട്രീയത്തെ പുതിയ ദിശകളിലേക്ക് നയിക്കുകയും ചെയ്തു. എന്നാൽ സവർണ ഫ്യൂഡൽ മാനസികാവസ്ഥയിൽ നിന്നും വിടുതൽ നേടിയിട്ടില്ലാത്ത അധികാരി വർഗം പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ മറ്റു രീതികളിൽ പീഡിപ്പിക്കാൻ തുടങ്ങി.

മണിക്കൂറുകൾ കൊണ്ട് പാസ്സായ സാമ്പത്തിക സംവരണ ബില്ലിൽ നിന്നും വ്യത്യസ്തമായി ഏറെ കാലത്തെ പ്രക്ഷോഭ ഫലമായിട്ടാണ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ഭാഗികമായി അംഗീകരിക്കപ്പെടുന്നതും പിന്നാക്ക സമുദായങ്ങൾക്ക് 27 ശതമാനം സംവരണം യാഥാർഥ്യമാകുന്നതും

ഒരു സംയുക്ത ലേഖനത്തിൽ പ്രൊഫ.സത്യനാരായണയും ഉമ ഭൃഗുബന്ദയും അസ്മ റഷീദും പറയുന്നത് ഇവിടെ പ്രസ്താവ്യമാണ്: "ഒരു വശത്ത്, പട്ടികജാതി-പട്ടികവർഗ-ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് രാജീവ് ഗാന്ധി നാഷണൽ ഫെലോഷിപ്പ്, മൗലാന ആസാദ് നാഷണൽ ഫെല്ലോഷിപ്പ് തുടങ്ങിയ വിദ്യാഭ്യാസ സ്കോളർഷിപ്പ് സ്കീമുകളിലൂടെ വിദ്യാഭ്യാസ അവസരങ്ങളിൽ നിന്ന് ഒഴിവാക്കപെട്ടിട്ടുള്ള ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിനും വളർത്തിക്കൊണ്ടുവരുന്നതിനുമുള്ള പ്രാധാന്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ മറുവശത്ത്, അതിന് തത്തുല്യമായ സഥാപന സംസ്കാരം ഉയർത്തി കൊണ്ട് വരുന്നതിന് സാധിച്ചിട്ടില്ല. വരേണ്യതയും ജാതീയതയും ലിംഗ-വിവേചനവും പഴയപടി തന്നെ സർവകലാശകളിൽ നിലനിൽക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടന്നു വരുന്ന പുതിയ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ അവ തയ്യാറാകുന്നില്ല. ദലിത് വിദ്യാർത്ഥികളുടെ അധികരിച്ച ആത്മഹത്യകളെ കുറിച്ചുള്ള അസ്വസ്ഥപ്പെടുത്തുന്ന പഠനങ്ങൾ ഇതിനെ അടിവരയിടുന്നുണ്ട്".

രോഹിത് വെമുലയും ഇന്ത്യൻ വിദ്യാർത്ഥി രാഷ്ട്രീയവും

സാംസ്‌കാരിക ബഹുത്വത്തെ ഉദ്‌ഘോഷിക്കുമ്പോഴും സർവകലാശാലകളുടെ കേന്ദ്ര സ്ഥാനമായി നിൽക്കുന്നത് വരേണ്യ കാമനകളാണ്. അതുകൊണ്ട് തന്നെ, അധികാരികളുടെ വിവേചനം സഹിക്ക വയ്യാതെ പഠനം നിർത്തി പോകേണ്ടി വന്നവരുടെ എണ്ണം ഇതിലും എത്രയോ മടങ്ങാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പട്ടിക ജാതി-പട്ടിക വർഗ വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പഠിച്ച സുഖദിയോ തോറട് കമ്മിറ്റിയുടെ കണ്ടെത്തലുകൾ ഇതിലേക്ക് വെളിച്ചം വീശുന്നുണ്ട്. സവർണ മേൽക്കോയ്മയുടെ അവശിഷ്ടങ്ങൾ ഭൂതകാലത്തെ തമ്പ്രാൻ്റെ എച്ചിൽ പാത്രത്തിൽ മാത്രമല്ല, എയിംസിലെയും ഐ.ഐ.ടി.കളിലെയും ലാബുകളിലും ഹോസ്റ്റലുകളിലും വരെയുണ്ടെന്നാണ് തോറട് നമ്മോട് വിളിച്ചു പറഞ്ഞത്.

ഇത്തരത്തിലുള്ള ജാതി മേധാവിത്വത്തെ പ്രതിരോധിച്ചു കൊണ്ടാണ് കീഴാള വിദ്യാർത്ഥി ഇടപെടലുകൾ ക്യാമ്പസുകളിൽ രൂപം കൊണ്ടിട്ടുള്ളത്. മുന്നാക്ക സമുദായ ജാതി വാലുകൾ വളരെയധികം 'സ്വാഭാവികമായ' ക്യാമ്പസുകളിൽ കീഴാള വിദ്യാർത്ഥികളുടെ അസ്സെർട്ടീവ് ഇടപെടലുകൾ അങ്ങേയറ്റം അസ്വാഭാവികമായിട്ടാണ് കണ്ടത്. "ഞാൻ ശാന്തനാകാൻ ശ്രമിച്ചു, പക്ഷേ എന്റെ ചരിത്രം എന്നെ അനുവദിക്കില്ല" എന്ന് രോഹിത് വെമുല പറഞ്ഞതിനെ അന്വർത്ഥമാക്കുന്നതാണ്‌ കീഴാള വിദ്യാർത്ഥി ഇടപെടലുകൾ.

രോഹിത് വെമുലയും ഇന്ത്യൻ വിദ്യാർത്ഥി രാഷ്ട്രീയവും

വരേണ്യതയെ വെല്ലുവിളിച്ചു കൊണ്ട് ദലിത് - ബഹുജൻ - മുസ്‍ലിം വിദ്യാർഥികൾ നടത്തിയ ബീഫ് ഫെസ്റ്റ്, അസുര വീക്ക് എന്നിവയെല്ലാം അത്തരത്തിലുള്ള പോരാട്ടങ്ങളുടെ തുടർച്ചയാണ്. വരേണ്യ വിഭാഗങ്ങളോട് പോരടിച്ചു തന്നെ ഉന്നത പഠന സങ്കേതങ്ങളില്‍ തങ്ങളുടെ സ്ഥാനം അടയാളപെടുത്തിയ സാമൂഹികമായി പിറകില്‍ നിന്നിരുന്ന സമുദായങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ, പ്രത്യേകിച്ചും ദലിത്‌ - മുസ്‌ലിം വിഭാഗങ്ങളുടെ, എണ്ണത്തിലുള്ള ഗണ്യമായ വര്‍ധന പിന്നാക്ക പക്ഷ രാഷ്ട്രീയത്തെ ‘പ്രണയിക്കാനും’ ‘പുല്‍കാനും’ മുഖ്യധാരാ ഇടത്-വലത് വിദ്യാര്‍ഥി സംഘടനകളെ പോലും നിര്‍ബന്ധിതമാക്കിയിരിക്കുന്നു. അംബേദ്‌കര്‍ എ.ബി.വി.പിയുടെ പോസ്റ്ററിലും മാല്‍ക്കം എക്സ് എസ്.എഫ്.ഐയുടെ ബാന്നറിലും ഇടം പിടിക്കാനുള്ള കാരണവും അത് തന്നെ.

രണ്ട്: രോഹിത് അനന്തര വിദ്യാർത്ഥി രാഷ്ട്രീയം

ഇത്തരമൊരു സാഹചര്യത്തിൽ നിന്ന് കൊണ്ട് വേണം രോഹിത് വെമുലയുടെ ജീവത്യാഗത്തെയും അതിനെ തുടർന്ന് ഇന്ത്യൻ ക്യാമ്പസുകളിൽ ഉയർന്നു വന്ന പുതിയ വിദ്യാർത്ഥി രാഷ്ട്രീയത്തേയും മനസിലാക്കാൻ. ജാതിയെ കുറിച്ച് അഞ്ജത നടിച്ചുകൊണ്ട് സവർണ മേധാവിത്വത്തെ നിലനിർത്തുന്ന വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുള്ള മുന കൂർത്ത ചോദ്യമാണ് രോഹിത് വെമുല ഉയർത്തുന്നത്. ജാതി-വിരുദ്ധ പോരാട്ടത്തെ വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റെ കേന്ദ്ര സ്ഥാനത്തു കൊണ്ട് വന്നുവെന്നതാണ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ തുടക്കം കുറിച്ച രോഹിത് മൂവ്മെന്റിൻ്റെ പ്രസക്തി. ആധുനിക-പുരോഗമന സ്ഥാനത്ത് ജാതീയമായ അടയാളങ്ങളില്ലാതെ നില്‍ക്കാൻ കഴിഞ്ഞിരുന്ന സവർണ സമുദായങ്ങളെ തങ്ങളുടെ ജാതി അധികാരത്തെ കുറിച്ച് ബോധവാന്മാരാക്കാനും അതിന് കഴിഞ്ഞു.

“വെളിവാട”യെന്ന് വിളിച്ചത് രോഹിത് വെമുല തന്നെയായിരുന്നു. ഗ്രാമങ്ങളുടെ ഓരങ്ങളിൽ നിലനിന്നിരുന്ന “വെളിവാട”യെ (ദലിത് ചേരി) ഒരു സർവകലാശാലയുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോൾ അതിൻ്റെ അർത്ഥതലങ്ങളിൽ തന്നെ കാര്യമായ മാറ്റങ്ങളുണ്ടായി. അടിമത്തത്തിൻ്റെ അടയാളത്തിൽ നിന്നും മാറി അതിജീവനത്തിൻ്റെയും പ്രതിരോധത്തിൻ്റെയും പ്രതീകമായിട്ടാണ് ‘വെളിവാട’ മാറിയത്

യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ അപ്പ റാവു രോഹിത് വെമുലയടക്കം അഞ്ച് ദലിത് ഗവേഷക വിദ്യാർത്ഥികളുടെ മേൽ ചുമത്തിയ സാമൂഹിക ഭൃഷ്ടിനെ തുടർന്നാണ് ക്യാമ്പസിൻ്റെ മധ്യത്തിൽ അവർ താമസം തുടങ്ങിയത്. അതിനെ "വെളിവാട"യെന്ന് വിളിച്ചത് രോഹിത് വെമുല തന്നെയായിരുന്നു. ഗ്രാമങ്ങളുടെ ഓരങ്ങളിൽ നിലനിന്നിരുന്ന "വെളിവാട"യെ (ദലിത് ഗെറ്റോ) ഒരു സർവകലാശാലയുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോൾ അതിൻ്റെ അർത്ഥതലങ്ങളിൽ തന്നെ കാര്യമായ മാറ്റങ്ങളുണ്ടായി. അടിമത്തത്തിൻ്റെ അടയാളത്തിൽ നിന്നും മാറി അതിജീവനത്തിൻ്റെയും പ്രതിരോധത്തിൻ്റെയും പ്രതീകമായിട്ടാണ് 'വെളിവാട'മാറിയത്. ഇന്ത്യൻ വിദ്യാർത്ഥി രാഷ്ട്രീയത്തെ പുനർ നിർണയിച്ച കേന്ദ്രമാണ് ഇന്ന് വെളിവാട. ജാതി വിവേചനത്തിൻ്റെ അടയാളമായും ജാതി വിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായും വെളിവാട ഉയർന്നു വരുമ്പോൾ പോസ്റ്റ്-മണ്ഡൽ കാലത്തു നിന്നും പോസ്റ്റ് - രോഹിത് കാലത്തേക്കുള്ള ദൂരമാണ് വെളിവാടയുടെ സ്ഥാന മാറ്റം സൂചിപ്പിക്കുന്നത്.

രോഹിത് വെമുലയും ഇന്ത്യൻ വിദ്യാർത്ഥി രാഷ്ട്രീയവും

ഫാഷിസം രാഷ്ട്രീയാധികാരം കയ്യാളുന്ന കാലയിടത്തിലാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ഈ സ്ഥാന ചലനം സംഭവിക്കുന്നത് എന്നത് പോസ്റ്റ്-രോഹിത് കാലത്തെ കുറച്ചുകൂടെ സൂക്ഷ്മമായി നിരീക്ഷിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ഫാഷിസത്തിനെതിരെ വിശാല സഖ്യങ്ങൾ രൂപം കൊള്ളേണ്ട ആവശ്യകത നിലനിൽക്കുമ്പോൾ തന്നെ അതൊരിക്കലും കീഴാള ജീവിതങ്ങളുടെ രാഷ്ട്രീയ അസ്തിത്വത്തെ ചോദ്യം ചെയ്തുകൊണ്ടായിരിക്കരുത് എന്ന താക്കീതു കൂടിയാണിത്. ഇത് ഇന്ത്യയിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റെ കരുത്താണെന്നു ആവേശ പൂർവം പ്രസംഗിച്ച വിദ്യാർത്ഥി നേതാവിനെ കൊണ്ട് ഇത് ദലിത് രാഷ്ട്രീയം വിദ്യാർത്ഥി രാഷ്ട്രീയവുമായി കൂടി ചേരുന്ന സന്ദർഭമാണെന്നു തിരുത്തിപ്പിച്ചത് ഇവിടെ ചേർത്ത് വായിക്കണം.

മൂന്ന്: രോഹിത് വെമുലയുടെ ജാതിയും സ്വത്വ രാഷ്ട്രീയ ചോദ്യങ്ങളും

പട്ടികജാതി മാല വിഭാഗത്തിൽ പെടുന്ന രാധിക വെമുലയുടെയും ഒ.ബി.സി വദേര വിഭാഗത്തിൽ പെടുന്ന മണി കുമാറിൻ്റെയും മകനായിട്ടാണ് രോഹിത് വെമുല ജനിക്കുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ കയ്യൊഴിഞ്ഞ രാധിക വെമുല വദേര വിഭാഗത്തിൽ പെടുന്ന അഞ്ജനി ദേവിയുടെ ദത്തു പുത്രിയാണെന്നതും അവരുടെ കൈ മാറ്റത്തിനു ദേശ രാഷ്ട്രത്തിൻ്റെ നിയമ വ്യവസ്ഥക്ക് പറ്റുന്ന ഡോക്യുമെന്ററി എവിഡൻസില്ലായെന്നതും ജാതി ചോദ്യത്തെ ഏറെ കുഴക്കുന്നുണ്ട്. അങ്ങനെയെങ്കിൽ രോഹിത് വെമുലയുടെ ജാതി എന്താണ് എന്നതാണ് ഒന്നാമത്തെ ചോദ്യം. ഒരാളുടെ ജാതിയെന്നത് ജനനം കൊണ്ട് നിർണിതമാണോ? അതല്ല, അനുഭവപരതക്ക് അതിൽ പങ്കുണ്ടോ? അതിൽ നിന്നും മാറി ഈ ജാതി പോലീസിംഗിൻ്റെ പുറത്തു കടക്കാൻ/നിൽക്കാൻ ഒരാൾക്ക് കഴിയുമോ എന്നതാണ് അതിലും തീവ്രമായ ചോദ്യം.

രോഹിത് വെമുലയും ഇന്ത്യൻ വിദ്യാർത്ഥി രാഷ്ട്രീയവും

ഇന്ത്യൻ ദേശ-രാഷ്ട്ര നിര്‍മിതിയും അതിൻ്റെ നിയമപരതയും സമുദായങ്ങളെ നിലനിർത്തുന്നത് ആധുനികമായ അടയാളങ്ങളിലൂടെയാണ്. നിയമപരമായ ഡോക്യുമെന്റ് കൊണ്ടല്ലാതെ അതിൻ്റെയകത്ത് അന്തസ്സാർന്ന നിലനിൽപ്പ് സാധ്യമല്ല. പലപ്പോഴും പുറമെ നിന്നുള്ള അടയാളപ്പെടുത്തലുകളാണ് അവിടെ സ്വത നിർണയത്തിന് മാനദണ്ഡമാകുന്നതും. അത് കൊണ്ടാണ്, രോഹിത് വെമുല ദലിതനല്ലെന്ന് ജില്ലാ കളക്ടറും രൂപൻവാല കമ്മീഷനും വീണ്ടും വീണ്ടും ആവർത്തിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. അതിനുമപ്പുറം കടന്നാൽ, രോഹിത് വെമുലയുടെ നിയമപരമായ ജാതി തെലങ്കാന കോടതി വ്യവാരത്തിലാണ്. ഇത്തരത്തിൽ പുറമെ നിന്നുള്ള ജാതി പോലീസിങ്ങിനെ മറികടന്നു കൊണ്ട് സമുദായങ്ങൾക്ക് സ്വത രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ട് പോകാൻ കഴിയേണ്ടതുണ്ട്.

അവിടെയാണ്, പാർശ്വവത്കൃത രാഷ്ട്രീയത്തെ അഭിസംബോധനം ചെയ്യുന്നവർ സ്വയം നവീകരണം സാധ്യമാകുന്ന സാമുദായികതയെപ്പറ്റി ആലോചിക്കുന്നത്. ജാതി വിശുദ്ധിയിലല്ല, അതിൻ്റെ പുറത്തു കടക്കുന്ന ജാതി നിർമൂലന രാഷ്ട്രീയത്തിലാണ് അധഃസ്ഥിത രാഷ്ട്രീയം സ്ഥാനം കണ്ടെത്തേണ്ടത്. ഏകീകൃത ഹിന്ദുവെന്ന പരികല്പനയിലേക്ക് ജാതി വിരുദ്ധ രാഷ്ട്രീയത്തെ കൂടെ ചേർത്ത് വെക്കാൻ ശ്രമങ്ങൾ നടക്കുന്ന സമയത്തു അത്തരത്തിലുള്ള ആലോചനകളാണ് കീഴാള സമുദായങ്ങൾ തേടുന്നത്. എങ്കിൽ മാത്രമാണ് ജനനം തന്നെ മരണമാകുന്ന ഹിന്ദു ജാതി വ്യവഹാരത്തിൽ നിന്നും പുറത്തു കടക്കാൻ നമുക്ക് സാധിക്കുകയുള്ളു.