LiveTV

Live

Opinion

സംവരണ രാഷ്ട്രീയം: എത്ര പിന്നോക്കമാണ് മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍?

സിവില്‍ സര്‍വീസ് തസ്തികകളില്‍ പത്തു ശതമാനം ഒഴിവുകള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മേല്‍ജാതികള്‍ക്ക് സംവരണം ചെയ്യണമെന്ന് 1991-ല്‍ നരസിംഹ റാവു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു

സംവരണ രാഷ്ട്രീയം: എത്ര പിന്നോക്കമാണ് മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍?

മുന്നോക്ക സംവരണത്തെ 'ജുംമല'യെന്നോ (കള്ള വാഗ്ദാനം) രാഷ്ട്രീയ പ്രഹരമെന്നോ വിളിക്കാം. പക്ഷേ ചൊവ്വാഴ്ച്ച പാര്‍ലമെന്റില്‍ തിരക്കിട്ട് അവതരിപ്പിച്ച സംവരണ ബില്ലിനെ സംബന്ധിച്ചു തറപ്പിച്ചു പറയാവുന്ന ഒരുകാര്യമെന്താണെന്നാല്‍, അത് സംവരണ നയത്തിന്റെ ആത്മാവിന് എതിരാണെന്നാണ്.

നരസിംഹ റാവു സര്‍ക്കാറാണ് സവര്‍ണ സംവരണത്തിന്റെ ഉപജ്ഞാതാക്കള്‍. സര്‍ക്കാറിന് കീഴിലെ സിവില്‍ സര്‍വീസ് തസ്തികകളില്‍ പത്തു ശതമാനം ഒഴിവുകള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മേല്‍ജാതികള്‍ക്ക് സംവരണം ചെയ്യണമെന്ന് 1991-ല്‍ നരസിംഹ റാവു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ സുപ്രീം കോടതി വളരെ പെട്ടെന്നു തന്നെ പ്രസ്തുത നീക്കത്തിനു തടയിട്ടു. ജാതിക്കു മാത്രമായും അതുപോലെ തന്നെ സാമ്പത്തിക പരിഗണനകള്‍ക്കും സംവരണത്തിന്റെ അടിസ്ഥാനമാകാന്‍ കഴിയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കേവലം ദാരിദ്ര്യം കൊണ്ടു മാത്രം പിന്നോക്കാവസ്ഥയെ അളക്കാന്‍ കഴിയില്ലെന്നാണ് ഇത് അര്‍ഥമാക്കുന്നത്.

നരസിംഹ റാവു, അടല്‍ ബിഹാരി വാജ്‍പോയി
നരസിംഹ റാവു, അടല്‍ ബിഹാരി വാജ്‍പോയി

അന്നും - ഭൂസ്വത്തും വരുമാനവുമായിരുന്നു സാമ്പത്തിക പിന്നോക്കാവസ്ഥ അളക്കാനുള്ള മാനദണ്ഡങ്ങള്‍. ഉദാഹരണത്തിന്, 2014-ല്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ ജാട്ടുകള്‍ക്കു സംവരണം നല്‍കിയത് എടുക്കാം. പൊതു തെരഞ്ഞെടുപ്പു തിയ്യതികള്‍ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ് മാത്രമാണു, ഒമ്പതു സംസ്ഥാനങ്ങളില്‍ നിന്നുള്ള ജാട്ടുകളെ യു.പി.എ സര്‍ക്കാര്‍ കേന്ദ്ര ഒ.ബി.സി ക്വോട്ടയില്‍ ഉള്‍പ്പെടുത്തിയത്.

ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്റെ (എന്‍.സി.ബി.സി) മാര്‍ഗനിര്‍ദ്ദേശത്തിന് എതിരായിരുന്നു പ്രസ്തുത തീരുമാനം. ഇന്ദിര സാഹ്നി വിധിയുടെയും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും പശ്ചാത്തലത്തില്‍ എന്‍.സി.ബി.സി ഒരുകൂട്ടം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിച്ചിരുന്നു. പ്രസ്തുത മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഇന്നു സംവരണത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ക്കു രൂപംനല്‍കിയത്. ഇതുപ്രകാരം, 3:2:1 എന്ന അനുപാതത്തില്‍ ആപേക്ഷിക വെയിറ്റേജ് ഉള്ള സാമൂഹികമായ പിന്നോക്കാവസ്ഥ, വിദ്യഭ്യാസ സ്ഥിതി, സാമ്പത്തിക സ്ഥിതി എന്നിവയാണ് ഒ.ബി.സി സംവരണത്തിന്റെ മര്‍മ്മത്തെ രൂപപ്പെടുത്തുന്നത്.

രണ്ടു ശതമാനം ജാട്ടുകളിലെ സാമ്പിള്‍ സര്‍വ്വെയിലൂടെ ജാട്ടുകളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥ പഠിക്കാനായി ഒരു വിദഗ്ധ സമിതി എന്ന നിലയില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച്-നെ എന്‍.സി.ബി.സി നിയോഗിച്ചിരുന്നു. ജാട്ടുകള്‍ സാമൂഹിക പിന്നോക്കാവസ്ഥ അനുഭവിക്കുന്നവരല്ല എന്നായിരുന്നു വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. കൂടാതെ അവര്‍ വിദ്യാഭ്യാസപരമായി പിന്നോക്കക്കാരല്ലെന്നും പൊതു തൊഴില്‍രംഗത്തും സൈന്യത്തിലും സര്‍ക്കാര്‍ സര്‍വീസുകളിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും മതിയായ പ്രാതിനിധ്യം അവര്‍ക്കുണ്ടെന്നും സമിതി വ്യക്തമാക്കിയിരുന്നു.

മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ നിര്‍ണയിക്കുന്ന ഈ നിര്‍ദ്ദേശകങ്ങള്‍ കൃത്യമായി നിര്‍വചിക്കപ്പെടേണ്ടതില്ലെ? ഉണ്ട് എന്നാണ് ഉത്തരമെങ്കില്‍, ഏത് അതോറിറ്റിയാണ് അതു കാര്യക്ഷമമായി നിര്‍വചിക്കുക?

ഉപജീവനത്തിന് അവിദഗ്ധ തൊഴില്‍ മേഖലയെ ആശ്രയിക്കല്‍, ശിശുമരണനിരക്ക്, മാതൃമരണനിരക്ക്, വീട്ടുപ്രസവം തുടങ്ങിയ പ്രധാന വെയിറ്റേജ് അളവുകോലുകള്‍ ഉള്‍വഹിക്കുന്ന സാമൂഹിക പദവി വെച്ചു നോക്കുമ്പോള്‍ ജാട്ടുകള്‍ സാമൂഹിക പദവിയുടെ കാര്യത്തില്‍ നല്ല നിലയിലാണെന്നു കണ്ടെത്തിയിരുന്നു. ഈ കാരണങ്ങള്‍ ചൂണ്ടികാണിച്ചാണ് സുപ്രീം കോടതി 2015-ല്‍ ജാട്ട് സംവരണം അനുവദിക്കാതിരുന്നത്.

ജാട്ട് പ്രക്ഷോഭം
ജാട്ട് പ്രക്ഷോഭം

ഇന്ദിര സാഹ്നി വിധിയുടെ ആത്മാവു കിടക്കുന്നത് വിദഗ്ധ സമിതിയുടെ ഭരണഘടനയില്‍ അല്ലെങ്കില്‍ പിന്നോക്കാവസ്ഥ പഠിക്കുന്ന ഒരു കമ്മീഷനിലാണ്. ഇന്നത്തെ സാഹചര്യത്തില്‍ പിന്നോക്കാവസ്ഥ എന്നു പറയുന്നതു മേല്‍ ജാതികളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 10 ശതമാനത്തിന്റെ പിന്നോക്കാവസ്ഥയാണ്.

ഭരണഘടനയുടെ അനുച്ഛേദം 15(4) ഇങ്ങനെ വായിക്കാം:

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെയും അല്ലെങ്കില്‍ സാമൂഹികമായും വിദ്യഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെയും ഉന്നമനത്തിനു വേണ്ടി എന്തെങ്കിലും തരത്തിലുള്ള പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കുന്നതില്‍ നിന്നും സ്‌റ്റേറ്റിനെ ഈ അനുച്ഛേദമോ, അനുച്ഛേദം 29(2)-ഓ തടയുന്നില്ല.

സാമൂഹികവും വിദ്യഭ്യാസപരവുമായ സ്ഥിതിയെ കുറിച്ച് കൃത്യമായി പരമാര്‍ശിക്കുന്ന ഈ അനുച്ഛേദം പക്ഷേ, ഒരളവുകോല്‍ എന്ന നിലയില്‍ സാമ്പത്തിക സ്ഥിതിയെ പരാമര്‍ശിക്കുന്നില്ലെന്ന് കാണാം. ഈ വിടവു നികത്താനാണു ബി.ജെ.പി സര്‍ക്കാര്‍ നോക്കുന്നത്. പിന്നോക്കാവസ്ഥ നിര്‍ണയിക്കുന്ന മൂന്നു മൂലക്കല്ലുകളെ - സാമൂഹികം, വിദ്യാഭ്യാസപരം, സാമ്പത്തികം- വേറെ വേറെയായി വായിക്കാന്‍ കഴിയുമെന്ന് ഈ ഭേദഗതി കൊണ്ട് അര്‍ഥമാക്കുന്നില്ല.

അനുച്ഛേദം 16(4) പറയുന്നു:

ഭരണകൂടത്തിന്റെ അഭിപ്രായത്തില്‍, സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് തസ്തികകളില്‍ വേണ്ടത്ര പ്രാതിനിധ്യമില്ലാത്ത ഏതെങ്കിലും പിന്നോക്ക വിഭാഗങ്ങള്‍ക്ക് അനുകൂലമായി നിയമനങ്ങളോ തസ്തികകളോ സംവരണം ചെയ്യുന്നതിനു വേണ്ടി വ്യവസ്ഥ ഉണ്ടാക്കുന്നതില്‍ നിന്നും ഭരണകൂടത്തെ ഈ അനുച്ഛേദത്തിലെ യാതൊന്നു തടയുകയില്ല.

ഒ.ബി.സി വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയെ നിര്‍ണയിക്കുന്ന അളവുകോല്‍ മണ്ഡല്‍ കമ്മീഷനും ഇന്ദിര സാഹ്നി വിധിയും മുന്നോട്ടുവെക്കുന്നുണ്ട്, അതേസമയം മേല്‍ജാതിയിലെ 10 ശതമാനത്തിന്റെ പിന്നോക്കാവസ്ഥ എന്താണെന്ന് നിര്‍വചിക്കാതെയാണു പുതിയ ഭേദഗതി പാസാക്കപ്പെട്ടത്.

1000 സ്‌ക്വയര്‍ ഫീറ്റില്‍ താഴെയുള്ള വീടും അഞ്ച് ഏക്കറില്‍ കുറഞ്ഞ ഭൂമിയും 8 ലക്ഷത്തില്‍ താഴെ വാര്‍ഷികവരുമാനവുമുള്ള ജനറല്‍ വിഭാഗത്തിലെ 10 ശതമാനം ജനറല്‍ വിഭാഗത്തിലെ 90 ശതമാനത്തിന്റെ അവസ്ഥയിലേക്ക് എളുപ്പം എത്തിച്ചേരും.

ഈ 10 ശതമാനത്തിന് പൊതുമേഖല ജോലികളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൈന്യത്തിലുമുള്ള പ്രാതിനിധ്യത്തെ കുറിച്ചു പഠിക്കേണ്ടതും അറിയേണ്ടതും അനിവാര്യമാണ്. വസ്തുനിഷ്ഠമായ പഠനത്തിന്റെ അഭാവത്തില്‍, 8 ലക്ഷത്തിനു താഴെ വാര്‍ഷിക വരുമാനമുള്ള എല്ലാ കുടുംബങ്ങളെയും ഒരൊറ്റ വിഭാഗമായി പരിഗണിക്കാന്‍ കഴിയുകയില്ല.

ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടനയെ ബൈപാസ് ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍, രാഷ്ട്രീയവും ഭരണഘടനാ നടപടികളും രണ്ടും രണ്ടാണെന്ന അടിസ്ഥാന നിയമം അവരെ ഓര്‍മപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്

മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ നിര്‍ണയിക്കുന്ന ഈ നിര്‍ദ്ദേശകങ്ങള്‍ കൃത്യമായി നിര്‍വചിക്കപ്പെടേണ്ടതില്ലെ? ഉണ്ട് എന്നാണ് ഉത്തരമെങ്കില്‍, ഏത് അതോറിറ്റിയാണ് അതു കാര്യക്ഷമമായി നിര്‍വചിക്കുക? നിശ്ചിത വിഭാഗത്തിനു സംവരണം നല്‍കുക എന്നതു മാത്രമാണോ ഏക ഉത്തരം? വിദ്യഭ്യാസ ഫീസുകള്‍ വെട്ടിക്കുറക്കുന്നതിനും സ്‌കോളര്‍ഷിപ്പുകള്‍, ക്ഷേമ പദ്ധതികള്‍ എന്നിവയ്ക്കും നിയമപരമായ ബദല്‍ പരിഹാരമാര്‍ഗങ്ങളാവാന്‍ കഴിയില്ലേ?

എല്ലാത്തിനുമുപരി, 50 ശതമാനം റൂള്‍ 'ജനറല്‍ വിഭാഗങ്ങള്‍'ക്കു ബാധകമല്ലെന്നു കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാദിക്കുകയുണ്ടായി. വിരോധാഭാസമെന്നു പറയട്ടെ, സംവരണമില്ലാത്ത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു വേണ്ടിയുള്ള സമാനമായ സംവരണത്തെ ന്യായീകരിച്ചുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാറിന്റെ വാദവും അതുതന്നെയായിരുന്നു.

എസ്.സി /എസ്.ടി/ ഒ.ബി.സി വിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള സംവരണങ്ങള്‍ക്കു മാത്രമേ 50 ശതമാനം റൂള്‍ ബാധകമാവുകയുള്ളു എന്ന ഗുജറാത്ത് സര്‍ക്കാറിന്റെ വാദം ഹൈക്കോടതി തള്ളികളയുകയും 50 ശതമാനത്തിലധികം സംവരണം പാടില്ലെന്ന വ്യവസ്ഥ ചൂണ്ടികാട്ടുകയും ചെയ്തു. കൂടാതെ വിദഗ്ധരുടെ നേതൃത്വത്തില്‍ ഏതെങ്കിലും തരത്തിലുള്ള വിശദമായ ശാസ്ത്രീയ പഠനമോ, വിവര ശേഖരണമോ നടത്തിയിട്ടുണ്ടോയെന്ന് ഹൈക്കോടതി ചോദിക്കുകയും ചെയ്തിരുന്നു. ഉത്തരം ഇല്ല എന്നായിരുന്നു.

സാമ്പത്തിക പിന്നോക്കാവസ്ഥ സംവരണം നല്‍കാന്‍ സംസ്ഥാനത്തിനു അധികാരം നല്‍കിയേക്കാമെന്നും, ഇത്തരം വര്‍ഗങ്ങളുടെ പ്രാതിനിധ്യമില്ലായ്മ പഠിക്കാനുള്ള സംവിധാനം അതിനു കണ്ടെത്താന്‍ കഴിയുമെന്നും ഇന്ദിര സാഹ്നി വിധിയില്‍ സുപ്രീം കോടതി പറഞ്ഞിരുന്നു. ചോദ്യമിതാണ്- മേല്‍ജാതികളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെന്നു പറയപ്പെടുന്ന 10 ശതമാനത്തിന്റെ പ്രാതിനിധ്യത്തിലെ അപര്യാപ്ത ഏത് ഏജന്‍സിയാണ് നിര്‍ണയിച്ചത്? ആരും തന്നെ നിര്‍ണയിച്ചിട്ടില്ല എന്നാണ് ഉത്തരം.

രാഷ്ട്രീയത്തില്‍ ജാതി സുപ്രധാന പങ്കുവഹിക്കുകയോ വഹിക്കാതിരിക്കുകയോ ചെയ്‌തേക്കാം, പക്ഷേ രാഷ്ട്രീയവും ഭരണഘടനാ നടപടികളും ഒന്നല്ല. ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടനയെ ബൈപാസ് ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍, രാഷ്ട്രീയവും ഭരണഘടനാ നടപടികളും രണ്ടും രണ്ടാണെന്ന അടിസ്ഥാന നിയമം അവരെ ഓര്‍മപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍ |അവലംബം: thewire.in