LiveTV

Live

Opinion

തരംഗങ്ങളില്ലാത്ത തെരഞ്ഞെടുപ്പ്, പക്ഷേ അടിയൊഴുക്കുകള്‍ വ്യക്തം

ഭരണം മാറുമെന്നു തന്നെയാണ് മധ്യപ്രദേശിലുടനീളമുള്ള വികാരം. ബി.ജെ.പിയും കോണ്‍ഗ്രസും മാത്രമുള്ള സംസ്ഥാനത്ത് അധികാരമാറ്റം നടക്കുമ്പോള്‍ സ്വാഭാവികമായും, അടുത്ത വെച്ചുമാറ്റം അവര്‍ക്കിടയില്‍ തന്നെ ആവണമല്ലോ.

തരംഗങ്ങളില്ലാത്ത തെരഞ്ഞെടുപ്പ്, പക്ഷേ അടിയൊഴുക്കുകള്‍ വ്യക്തം

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍നിന്നു പുറത്തായതിനുശേഷം നടക്കുന്ന നാലാമത്തെ അസംബ്ലി തെരഞ്ഞെടുപ്പാണിത്. 1993 മുതല്‍ 2003 വരെ 10 വര്‍ഷം ഭരിച്ച ദിഗ്‌വിജയ് സിംഗ് ആയിരുന്നു സംസ്ഥാനത്തെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി. ഇത്തവണ ഭരണം മാറുമെന്നു തന്നെയാണ് സംസ്ഥാനത്തുടനീളം കാണാനുള്ള വികാരം. ബി.ജെ.പിയും കോണ്‍ഗ്രസും മാത്രമുള്ള ഒരു സംസ്ഥാനത്ത് അധികാര മാറ്റം നടക്കുമ്പോള്‍ സ്വാഭാവികമായും, അടുത്ത വെച്ചുമാറ്റം അവര്‍ക്കിടയില്‍ തന്നെ ആവണമായിരുന്നല്ലോ. ബി.ജെ.പിയില്‍ ബാബുലാല്‍ ഗൗറും ഉമാഭാരതിയും മുഖ്യമന്ത്രി കസേരയിലിരുന്ന് പരാജയപ്പെട്ട രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം നീണ്ട 13 വര്‍ഷം സംസ്ഥാനം ഭരിച്ച് ശിവരാജ് സിംഗ് ചൗഹാന്‍ നാലാമൂഴത്തിന് തയ്യാറെടുക്കുകയാണ്. അത് സംഭവിക്കാനുള്ള സാധ്യത തീര്‍ത്തും വിദൂരമാണ് ഇന്നത്തെ മധ്യപ്രദേശില്‍. ഇത്രയും പ്രകടമായ ഭരണകൂടവിരുദ്ധ വികാരം അടുത്തൊന്നും മറ്റൊരു സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പിലും ഇന്ത്യ കണ്ടിട്ടില്ല.

ദിഗ്‌വിജയ് സിംഗ്
ദിഗ്‌വിജയ് സിംഗ്

സ്ഥാനമൊഴിയുന്ന ദിഗ് വിജയ്സിംഗ് കണക്കാക്കിയത് ഈ ഭരണമാറ്റം പത്ത് വര്‍ഷത്തിനു ശേഷം സംഭവിക്കുമെന്നായിരുന്നു. അദ്ദേഹം പ്രതീക്ഷിച്ചതു പോലെ 2013ല്‍ തന്നെ ബി.ജെ.പി കളം വിടുമായിരുന്നു, കോണ്‍ഗ്രസുകാര്‍ കാലുവാരി അന്യോന്യം തോല്‍പ്പിച്ചില്ലായിരുന്നെങ്കില്‍. കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ, സുരേഷ് പച്ചൗരി, അജയ് സിംഗ് എന്നിവരുടെ ചെറിയ ഗ്രൂപ്പുകളും ദിഗ്‌വിജയ് സിംഗിന്റെ വലിയ ഗ്രൂപ്പും പരസ്പരം പടവെട്ടി 'ശഹീദായി'. ബി.എസ്.പി പിടിച്ച വോട്ടുകള്‍ കൂടി കോണ്‍ഗ്രസിന് ലഭിച്ചിരുന്നുവെങ്കില്‍ ബി.ജെ.പി ഇന്നുള്ളതിന്റെ പകുതിയിലും താഴെ സീറ്റിലേക്ക് ചുരുങ്ങുമായിരുന്നു. പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഒറ്റക്കെട്ടായി നിന്നും കുറെക്കൂടി നല്ല സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയും കോണ്‍ഗ്രസ് കാണിച്ച വിജയദാഹം തന്നെയാണ് ഇത്തവണ മാറ്റത്തിന്റെ കാരണമായി മാറുന്നതും.

ശിവരാജ് സിംഗ് ചൗഹാന്‍
ശിവരാജ് സിംഗ് ചൗഹാന്‍

ചൗഹാന്‍ ഇത് തിരിച്ചറിയുന്നുണ്ടെന്ന് വ്യക്തം. ഭോപാലില്‍ പത്രക്കാരും സാമൂഹിക പ്രവര്‍ത്തകരുമൊക്കെ ഒത്തുകൂടുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ന്യൂമാര്‍ക്കറ്റിലെ ഇന്ത്യന്‍ കോഫീ ഹൗസ്. ഈ കോഫീ ഹൗസില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ചൗഹാന്‍ കാപ്പി കുടിക്കാനെത്തിയത് നവംബര്‍ 28ലെ തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമാപനത്തിനു ശേഷമായിരുന്നു. താന്‍ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്ന കാലത്ത് കോഫീ ഹൗസിലെ നിത്യസന്ദര്‍ശകനായിരുന്ന ചൗഹാന്‍ തെരഞ്ഞെടുപ്പു ബഹളത്തിനു ശേഷം അല്‍പ്പം മാനസികോല്ലാസത്തിനായി കോഫീ ഹൗസില്‍ വന്നുവെന്ന് തീര്‍ത്തും ലളിതമായ വ്യാഖ്യാനം വേണമെങ്കില്‍ ഈ സന്ദര്‍ശനത്തിനു നല്‍കാം. അതേസമയം പിന്നിട്ട വഴികളിലേക്ക് മടങ്ങാന്‍ ചൗഹാന്‍ തയ്യാറെടുക്കുന്നതിന്റെ പ്രതീകാത്മക സന്ദര്‍ശനമായും ഇതിനെ വിലയിരുത്താമായിരുന്നു. മാനസികോല്ലാസം മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ മുഖ്യമന്ത്രി പദവിയിലിരിക്കുന്ന ഒരാള്‍ക്ക് പ്രാപ്യമായ എത്രയെങ്കിലും മികച്ച കോഫീ ഷോപ്പുകള്‍ ഭോപാല്‍ നഗരത്തിലുണ്ടായിരുന്നല്ലോ.

ശിവരാജ് സിംഗ് ചൗഹാന്‍ കുടുംബത്തിനൊപ്പം ഇന്നലെ ന്യൂമാര്‍ക്കറ്റിലെ ഇന്ത്യന്‍ കോഫീ ഹൗസിലെത്തിയപ്പോള്‍
ശിവരാജ് സിംഗ് ചൗഹാന്‍ കുടുംബത്തിനൊപ്പം ഇന്നലെ ന്യൂമാര്‍ക്കറ്റിലെ ഇന്ത്യന്‍ കോഫീ ഹൗസിലെത്തിയപ്പോള്‍

താന്‍ പരാജയപ്പെടുമെന്ന് ചൗഹാന്‍ ഉറപ്പിക്കുന്നത് ഒക്‌ടോബര്‍ മാസത്തിലായിരിക്കണം. ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെടുമെന്ന രഹസ്യ പോലീസിന്റെ റിപ്പോര്‍ട്ട് വരുന്നതിനുമൊക്കെ മുമ്പെ തന്നെ ചൗഹാന് പരാജയം മണക്കാന്‍ തുടങ്ങിയിരുന്നു. കോലാറസ്, മുംഗേലി ഉപതെരഞ്ഞെടുപ്പുകള്‍ തൊട്ടേ മധ്യപ്രദേശ്, ചൗഹാന്‍ ഭരണത്തോടുള്ള പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അടുത്ത സര്‍ക്കാറിലേക്ക് സംസ്ഥാനം നീങ്ങിയാല്‍ ഉണ്ടാവുന്ന അപകടങ്ങളെ മറികടക്കാനുള്ള നീക്കങ്ങള്‍ ചൗഹാന്‍ അപ്പോള്‍ മുതല്‍ ആരംഭിച്ചതായാണ് സൂചന. ഭാര്യാ സഹോദരനും തന്റെ സ്വത്തുവകകളുടെ ബിനാമിയുമായിരുന്ന സഞ്ജയ് സിംഗ് മസാനിയെ ചിന്ത്‌വാഡക്കു സമീപം വാരാസിയോനിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാക്കി പറഞ്ഞയച്ചു.

സഞ്ജയ് മസാനി; മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ ഏറ്റവും വിലപിടിച്ച കാലുമാറ്റക്കാരന്‍
Also Read

സഞ്ജയ് മസാനി; മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ ഏറ്റവും വിലപിടിച്ച കാലുമാറ്റക്കാരന്‍

കമല്‍നാഥ്
കമല്‍നാഥ്

ചിന്ത്‌വാഡയുടെ പ്രാധാന്യം കമല്‍നാഥുമായാണ് ബന്ധപ്പെട്ടു കിടന്നത്. അദ്ദേഹമായിരിക്കും കോണ്‍ഗ്രസിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന തോന്നല്‍ രാഷ്ട്രീയവൃത്തങ്ങളില്‍ സജീവമായിരുന്നു. മധ്യപ്രദേശ് രാഷ്ട്രീയത്തിന്റെ ചാലക ശക്തികളിലൊരാളും സംസ്ഥാനത്തെ ഖനി മാഫിയാ നേതാവുമായ തെണ്ടുഖേഡയിലെ സഞ്ജയ് ശര്‍മ്മയും ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തി. വ്യാപം കേസിലെ പ്രതികളില്‍ ചിലരും ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത് സംസ്ഥാനത്ത് ഭരണമാറ്റം ആസന്നമാണെന്ന തോന്നലിന് ആക്കം കൂട്ടി.

തരംഗങ്ങളില്ലാത്ത തെരഞ്ഞെടുപ്പ്, പക്ഷേ അടിയൊഴുക്കുകള്‍ വ്യക്തം

പ്രധാനമന്ത്രി മോദിയുടെ മധ്യപ്രദേശ് റാലികള്‍ സൂക്ഷ്മമായി പഠിച്ചാല്‍ സംസ്ഥാനത്ത് എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിന്റെ ഉത്തരമുണ്ട്. ബീഹാറില്‍ 40ലേറെ റാലികള്‍ നടത്തിയ മോദി, മധ്യപ്രദേശിന് നല്‍കിയത് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമായിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും കോണ്‍ഗ്രസിനെ എതിരിടുകയാണെന്ന് താനെന്നുമാണ് മോദിയുടെ ഓരോ പ്രസംഗവും അടിവരയിട്ടത്. സംസ്ഥാനത്തെ ബാധിച്ച നോട്ട് നിരോധം, പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം ഇതൊന്നും നരേന്ദ്ര മോദി പരാമര്‍ശിച്ചതേയില്ല. മോദി, ചൗഹാനെ മധ്യപ്രദേശില്‍ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന സംശയത്തിന് ആക്കം കൂട്ടുന്നതായിരുന്നു ഇതെല്ലാം.

തരംഗങ്ങളില്ലാത്ത തെരഞ്ഞെടുപ്പ്, പക്ഷേ അടിയൊഴുക്കുകള്‍ വ്യക്തം

വാജ്‌പേയിക്കു ശേഷം ബി.ജെ.പിയുടെ സൗമ്യമുഖമായി പ്രധാനമന്ത്രി പദവിയിലേക്ക് ചൗഹാന്‍ കണ്ണുവെക്കുന്നുണ്ടോ എന്ന സംശയം ആര്‍.എസ്.എസിനുമുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ വോട്ടെടുപ്പിന് ആറു ദിവസം മാത്രം ബാക്കി നില്‍ക്കെ അര്‍ധരാത്രിയില്‍ ശിവ്‌രാജ് സിംഗ് ചൗഹാന്‍, ഭോപാലിലെ ആര്‍.എസ്.എസ് കാര്യാലയത്തിലെത്തി. 60 മുതല്‍ 100 വരെ സിറ്റിംഗ് സീറ്റുകള്‍ ബി.ജെ.പിക്ക് നഷ്ടമാകുമെന്ന ആഭ്യന്തര റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അവസാന നിമിഷം സംഘുമായി ഒത്തു തീര്‍പ്പുണ്ടാക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. വിമതരെ അനുനയിപ്പിക്കാനും സംഘ് പ്രവര്‍ത്തകരെ അവസാന നിമിഷങ്ങളില്‍ സജീവമാക്കാനും ഡല്‍ഹി നേതാക്കളായ വിനയ് സഹസ്രബുദ്ധയും രാംലാലും ഇടപെട്ടു തുടങ്ങിയത് ഈ ചര്‍ച്ചക്കു ശേഷമായിരുന്നു.

തരംഗങ്ങളില്ലാത്ത തെരഞ്ഞെടുപ്പ്, പക്ഷേ അടിയൊഴുക്കുകള്‍ വ്യക്തം

അധികാര വികേന്ദ്രീകരണ മേഖലയില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച മാതൃകയായിരുന്ന ദിഗ്ഗി സര്‍ക്കാറിനു ശേഷം പതിനഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ മധ്യപ്രദേശ് ഇന്നെത്തി നില്‍ക്കുന്നത് മുതലാളിത്ത കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയുടെയും അതിന്റെ ഉപോല്‍പ്പന്നമായ അഴിമതിയുടെയും ഏറ്റവും വൃത്തിശൂന്യമായ ഉദാഹരണങ്ങളിലൊന്നായാണ്. ഓരോ പഞ്ചായത്തിലെയും ജനങ്ങളുമായി 15 വര്‍ഷം മുമ്പെ സര്‍ക്കാര്‍ നേരിട്ട് ഉണ്ടാക്കിയെടുത്ത നാഭീനാള ബന്ധമല്ല ഇന്ന്. അതിനിടയില്‍ അഴിമതിക്കാരായ നിരവധി ഇടയാളുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

വിധിഷയിലെ എം.എല്‍.എ മുകേഷ് ടണ്ടന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായി നടത്തിയ ഒരു ഫോണ്‍സംഭാഷണം ചോര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ആളെ കിട്ടുന്നില്ലെന്നും നമ്മുടെ പ്രവര്‍ത്തകര്‍ തനിത്തെമ്മാടികളായി മാറിയിട്ടുണ്ടെന്നുമാണ് ടണ്ടന്‍ പരിതപിച്ചത്. 500 രൂപ കൊടുക്കാതെ ഒരുത്തനെയും കിട്ടുന്നില്ലത്രെ. കിമ്പളം വാങ്ങാതെ ജനത്തിന് വേണ്ടി പണിയെടുക്കുന്ന ഒറ്റ എം.എല്‍.എയും മധ്യപ്രദേശ് ബി.ജെ.പിയില്‍ ഇല്ലെന്നാണ് ആരോപണമുയര്‍ന്നത്. പുതിയ നേട്ടങ്ങളെന്നു പറയാന്‍ കാര്യമായി ചൗഹാന് ഒന്നും കയ്യിലുണ്ടായിരുന്നില്ല. 90 കളിലെ പഴയ സടക് ബിജ്‌ലി പാനി (വൈദ്യുതി, റോഡ്, കുടിവെള്ളം) മുദ്രാവാക്യമായിരുന്നു ചൗഹാന്റെ റാലികളില്‍ കൂടുതലും കേള്‍ക്കാനുണ്ടായിരുന്നത്.

മുകേഷ് ടണ്ടന്‍
മുകേഷ് ടണ്ടന്‍

2003ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളുകളിലൊന്നില്‍ ഗുണയിലെ ഒരു ചെറിയ എയര്‍സ്ട്രിപ്പില്‍ വെച്ചാണ് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ദിഗ് വിജയ് സിംഗിനെ കണ്ടത്. ബിജ്‌ലി, സടക്, പാനി വിഷയങ്ങളെ ചൊല്ലിയായിരുന്നു ബി.ജെ.പി അന്ന് അദ്ദേഹത്തെ എതിരിട്ടു കൊണ്ടിരുന്നത്. 80 ശതമാനം റോഡുകളും ദേശീയ പാതകളായ മധ്യപ്രദേശില്‍ അവ തകര്‍ന്നു തരിപ്പണമായതിന് താന്‍ പ്രതിക്കൂട്ടിലാവുന്നതിന്റെ വിരോധാഭാസം അദ്ദേഹം പങ്കുവെച്ചു. വാജ്‌പേയി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതായിരുന്നു ആ റോഡുകള്‍ തകരാനുണ്ടായ കാരണം. വൈദ്യുതിയുടെ കാര്യത്തിലും ദിഗ്‌വിജയ് സര്‍ക്കാര്‍ മികച്ച നേട്ടം കൈവരിക്കുന്നുണ്ടായിരുന്നു.

തരംഗങ്ങളില്ലാത്ത തെരഞ്ഞെടുപ്പ്, പക്ഷേ അടിയൊഴുക്കുകള്‍ വ്യക്തം

പക്ഷേ തുടക്കമിട്ട പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഹ്രസ്വമായ വഴിദൂരം ബാക്കി നില്‍ക്കെയാണ് ദിഗ്‌വിജയ് പടിയിറങ്ങിയത്. ശിവ്‌രാജ് സിംഗ് ചൗഹാന്‍ പിന്നീട് ഈ പദ്ധതികള്‍ ഒന്നൊന്നായി കമ്മീഷന്‍ ചെയ്തുവെന്നു മാത്രം. ദിഗ്‌വിജയ് വിട്ടുപോയ അവസ്ഥയില്‍ നിന്നും ഇന്നത്തെ മധ്യപ്രദേശ് ഒരുപാട് വികസിച്ചിട്ടുണ്ട്. എല്ലായിടത്തും മനോഹരമായ റോഡുകള്‍. വൈദ്യുതി ക്ഷാമത്തെ കുറിച്ച് വലിയ പരാതികളൊന്നും സംസ്ഥാനത്ത് കേള്‍ക്കാനില്ല. എന്നാല്‍ റോഡുകളുടെ കാര്യം അതല്ല. ഖനികളുള്ള നഗരങ്ങളിലേക്കല്ലാത്തവ ഇന്നും മെച്ചപ്പെട്ടവയല്ല. ചൗഹാന്‍ വീമ്പിളക്കുന്ന 'അമേരിക്കന്‍ മാതൃകയിലുള്ള' റോഡുകളില്‍ ഒരു കിലോമീറ്ററിന് ശരാശരി രണ്ടര രൂപയാണ് മധ്യപ്രദേശിലെ ടോള്‍. നടുവൊടിയാതെ യാത്ര ചെയ്യാന്‍ തീരുമാനിച്ചാല്‍ പോക്കറ്റ് കീറും.

തരംഗങ്ങളില്ലാത്ത തെരഞ്ഞെടുപ്പ്, പക്ഷേ അടിയൊഴുക്കുകള്‍ വ്യക്തം
മധ്യപ്രദേശ് ബി.ജെ.പി പാളയത്തില്‍ പട; കാരണം ഇതാണ്...
Also Read

മധ്യപ്രദേശ് ബി.ജെ.പി പാളയത്തില്‍ പട; കാരണം ഇതാണ്...

മോദി തരംഗം അപ്രത്യക്ഷമായി കഴിഞ്ഞ മധ്യപ്രദേശില്‍ സര്‍ക്കാറിന് അനുകൂലമായ ഒരു തരംഗവും അനുഭവപ്പെടുന്നുണ്ടായിരുന്നില്ല. ഒരു നല്ല ഭരണാധികാരി എന്ന നിലയില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രീതി സമ്പാദിക്കാന്‍ ചൗഹാന് കഴിയുമ്പോഴും ജനങ്ങളുമായുള്ള മോശം ബന്ധത്തിന്റെ പേരില്‍ 64 സിറ്റിംഗ് എം.എല്‍.എമാര്‍ക്കും മൂന്ന് മന്ത്രിമാര്‍ക്കും സീറ്റ് നിഷേധിക്കേണ്ടി വന്ന ദുരവസ്ഥയിലായിരുന്നു മുഖ്യമന്ത്രി. കേഡര്‍ പാര്‍ട്ടിയായിട്ടും ഈ എം.എല്‍.എമാരും ടിക്കറ്റ് മോഹിച്ചെത്തിയ മറ്റു കേഡറുകളുമൊക്കെ ചേര്‍ന്ന് വിമത നീക്കങ്ങള്‍ സജീവമാക്കുക കൂടി ചെയ്തതോടെ കോണ്‍ഗ്രസിന് 55 വര്‍ഷം കൊണ്ടുണ്ടായ നിലവാരത്തകര്‍ച്ചയിലേക്ക് വെറും 15 വര്‍ഷം കൊണ്ട് ബി.ജെ.പി മൂക്കുകുത്തി വീണു. പാര്‍ട്ടിയെ അനുകൂലിച്ച് സംസാരിക്കുന്നവരുടെ എണ്ണം ഇത്തവണ സംസ്ഥാനത്ത് അതിശയകരമാം വിധം കുറഞ്ഞു പോയിരുന്നു. ചമ്പല്‍, ഗ്വാളിയോര്‍, ബുന്ദേല്‍ഖണ്ട്, വിന്ധ്യ, മഹാകൗശല്‍, മധ്യഭാരത്, മാല്‍വ, നിമാര്‍ മുതലായ എല്ലാ മേഖലകളിലും ഗ്രാമീണ ജനത വ്യക്തമായി ഭരണമാറ്റം വേണമെന്ന് തുറന്നു പറഞ്ഞു. ബി.ജെ.പിയുടെ കൊടികെട്ടിയ ഗ്രാമങ്ങളില്‍ പോലും ജനം കോണ്‍ഗ്രസിന് വോട്ടുചെയ്യുമെന്നായിരുന്നു പറയുന്നുണ്ടായിരുന്നത്. നഗരങ്ങളിലെ വോട്ടര്‍മാരില്‍ മാത്രമായിരുന്നു നേരിയ ആശയക്കുഴപ്പം കാണാനുണ്ടായിരുന്നത്. അവര്‍ പോലും നെടുകെ പിളര്‍ന്ന അവസ്ഥയിലുമായിരുന്നു. മധ്യപ്രദേശിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് 36ല്‍ 30 സീറ്റും 2013ല്‍ നേടിയ ബി.ജെ.പിക്ക് ഇത്തവണ തൂത്തുവാരാന്‍ കഴിയില്ലെന്ന് പകല്‍പോലെ വ്യക്തമായിരുന്നു.

തരംഗങ്ങളില്ലാത്ത തെരഞ്ഞെടുപ്പ്, പക്ഷേ അടിയൊഴുക്കുകള്‍ വ്യക്തം

തെരഞ്ഞെടുപ്പ് വിലയിരുത്തുന്നതില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉപയോഗിക്കാറുള്ള എല്ലാ മാപിനികളും ഇക്കുറി മധ്യപ്രദേശില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തു വിട്ടത്. വോട്ടെണ്ണല്‍ യന്ത്രങ്ങള്‍ പുറത്തുവിടുന്ന അന്തിമവിധിയെ കുറിച്ച അനിശ്ചിതത്വം മാത്രമാണ് ഇനി ബാക്കിയുള്ളത്.

അഴിമതി, തൊഴിലില്ലായ്മ, കർഷക ആത്മഹത്യ.. മധ്യപ്രദേശ് ആര്‍ക്കൊപ്പം?
Also Read

അഴിമതി, തൊഴിലില്ലായ്മ, കർഷക ആത്മഹത്യ.. മധ്യപ്രദേശ് ആര്‍ക്കൊപ്പം?