LiveTV

Live

Opinion

അയ്യപ്പന്‍ ചര്‍ച്ചകളില്‍ നിറയുമ്പോള്‍, ഓര്‍മകളില്‍ അയ്യപ്പന്‍

നീ തന്നെ ഞാനെന്ന സത്യവുമായി ഏറെ ദിവസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം കഠിനവഴികള്‍ താണ്ടി അയ്യപ്പനെ തേടി ഒരു ജനക്കൂട്ടം മലകയറുമ്പോള്‍, ഓരോ വീടിന്റെ അകത്തളങ്ങളിലേക്കും അയ്യപ്പന്‍ കടന്നുചെല്ലുകയായിരുന്നു.

അയ്യപ്പന്‍ ചര്‍ച്ചകളില്‍ നിറയുമ്പോള്‍, ഓര്‍മകളില്‍ അയ്യപ്പന്‍

നിത്യബ്രഹ്മചാരിയായ അയ്യപ്പന്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍, അയ്യപ്പന്റെ ആത്മീയതയ്ക്ക് ഭംഗം വരുമെന്ന കാരണത്താല്‍ തത്വമസി എന്നെഴുതിയ ദൈവികസാന്നിധ്യത്തിലേക്ക് യുവതികള്‍ക്ക് പ്രവേശനം അസാധ്യമാകുമ്പോള്‍, മനുഷ്യകുലത്തെ ആകമാനം തത്വമസിയുടെ ചരടില്‍ കോര്‍ത്ത്, നിത്യഹരിത നായകനായി, സര്‍വതന്ത്രസ്വതന്ത്രനായി, ആരോടും കടവും കടപ്പാടുമില്ലാതെ, ഏകാന്തനായി, മലയാളത്തിന്റെ തെരുവുകള്‍ തോറും മറ്റൊരു അയ്യപ്പന്‍ അലഞ്ഞുനടന്നിരുന്നു.

നെറ്റിയിലേക്ക് പാറിവീണ മുടിയിഴകളും ഇടയ്ക്കിടെ അത് കോതിയൊതുക്കുന്ന വിരല്‍ മുനകളും പ്രപഞ്ചത്തിന് താളം പിടിച്ചു. ജോണിന് ശേഷം അയ്യപ്പന്റെ വരികള്‍ക്ക് പിറകെ ഒരു വലിയ വായനാസമൂഹം ആവേശത്തോടെ നടന്നുനീങ്ങി.

പ്രണയത്തില്‍ മുങ്ങിമരിച്ചവനായിരുന്നു അയ്യപ്പന്‍. കണ്ണീരിന്റെ പ്രളയത്തെ ആഘോഷമാക്കിയവനായിരുന്നു അവന്‍. പ്രളയം അഭയാര്‍ത്ഥികളെ നാടുകടത്തുമ്പോള്‍ കൂടെ അയ്യപ്പനുണ്ടായിരുന്നെങ്കില്‍ അഭയാര്‍ത്ഥികളുടെ ഭയാശങ്കകകള്‍ നിറഞ്ഞ ആ യാത്രയെയും അയ്യപ്പന്‍ ഒരു ആഘോഷമാക്കി മാറ്റുമായിരുന്നു. ദുരിതങ്ങളെ ആഘോഷമാക്കി മാറ്റിയവനായിരുന്നു അയ്യപ്പന്‍.

അയ്യപ്പന്‍ ചര്‍ച്ചകളില്‍ നിറയുമ്പോള്‍, ഓര്‍മകളില്‍ അയ്യപ്പന്‍

നഗരങ്ങള്‍ക്ക് പരിചിതമായ അയ്യപ്പനെ കേരളത്തിന് പരിചിതമാവാന്‍ മരണം ആവശ്യമായി വന്നു. ജീവിച്ചിരിക്കുമ്പോള്‍ തിരിഞ്ഞുനോക്കാതെ കടന്നുപോകുന്ന ഭരണകൂടവും പ്രത്യയശാസ്ത്രങ്ങളും മരണശേഷം കൊടിത്തോരണങ്ങളും ആര്‍പ്പുവിളികളുമായി കടന്നുവരും. ഒരു ശവശരീരം സംഘടനകള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും പാര്‍ട്ടി വളര്‍ത്താന്‍, സ്ഥാപനം വളര്‍ത്താന്‍, അത്യാവശ്യമായി വരുന്ന കാഴ്ച.

കെട്ടുകാഴ്ചകള്‍ക്ക് വഴങ്ങിക്കൊടുക്കാത്ത വ്യക്തിത്വമായിരുന്നു അയ്യപ്പന്റേത്. ഒരു സംഘടനയിലും അയ്യപ്പന്‍ അംഗത്വമെടുത്തില്ല. ഒരു മതത്തിന്റെയും ജാതിയുടെയും സന്ദേശവാഹകനായില്ല. തലകീഴായ ലോകത്തെ നേര്‍ക്കുനേരെ നോക്കിക്കാണുവാന്‍ അയ്യപ്പന് ലഹരിയുടെ പിന്തുണ വേണമായിരുന്നു. ഫെയ്സ് അഹമ്മദ് ഫെയ്സ് എന്ന കവി ഒരിക്കല്‍ ഇങ്ങനെ കുറിച്ചു:

“കുടിയനെന്ന് എന്നെ വിളിക്കരുത് -ഞാന്‍ കുടിച്ച കണ്ണീരോളം വരില്ലത്”

അയ്യപ്പന്റെ ജീവിതത്തോടും കവിതയോടും നമുക്കീ വരികള്‍ ചേര്‍ത്തുപിടിക്കേണ്ടതുണ്ട്. തന്റെ ജീവിതം അയ്യപ്പന്‍ കവിതയ്ക്ക് വേണ്ടി മാത്രം സമര്‍പ്പിച്ചു. അയ്യപ്പന്റെ കവിതയ്ക്ക് അതിര്‍ത്തികള്‍ ഉണ്ടായിരുന്നില്ല. വിസയും പാസ്പോര്‍ട്ടും ആവശ്യമായിരുന്നില്ല. മാനവികതയ്ക്ക് വേണ്ടി, സമാധാനത്തിന് വേണ്ടി, മുറിവേറ്റ് പിടയുന്ന കിളികള്‍ക്ക് വേണ്ടി അയ്യപ്പനെപ്പോഴും പാടിക്കൊണ്ടിരുന്നു.

തന്റെ ബലിക്കുറിപ്പുകള്‍ എന്ന കവിതാസമാഹാരത്തിന് ആമുഖമായി എഡ്വേര്‍ഡ് ആല്‍ബിയുടെ വരികളാണ് അയ്യപ്പന്‍ എഴുതിച്ചേര്‍ത്തത്.

''“ഞാന്‍ ബലിയാടായി തുടരുക തന്നെ ചെയ്യും ആരെങ്കിലും അതാകേണ്ടിയിരിക്ക''

ഓരോ ജീവിതവും ഈ ഒരു കറുത്ത കാലഘട്ടത്തില്‍ മാറ്റിവെക്കപ്പെടുന്ന ആത്മഹത്യകളാണെന്ന് ഒരു സിനിമയുമായി ബന്ധപ്പെട്ട പ്രഭാഷണത്തില്‍ സംവിധായകന്‍‌ ടി.വി ചന്ദ്രന്‍ മുന്നിലിരിക്കുന്ന മാധ്യമപ്രവര്‍ത്തകരോട് തുറന്നുപറയുന്നുണ്ട്. അയ്യപ്പന്റെ ജീവിതം ഓരോ നിമിഷവും മാറ്റിവെക്കപ്പെട്ട ആത്മഹത്യയായിരുന്നു. വേദനിക്കുന്ന ഓരോ ജീവിത സാഹചര്യത്തിനും നേരെ കവിതയുടെ ഒരു കണ്ണാടി അയ്യപ്പന്‍ എന്നും ഉയര്‍ത്തിപ്പിടിച്ചു. അതില്‍ ജയിലുകള്‍ നിറഞ്ഞു. ജയിലില്‍ ഒരു ചെടി നട്ടുവളര്‍ത്തുകയും അതിന് വെളളമൊഴിച്ച് കൊടുക്കുകയും ചെയ്തു. ചിലപ്പോള്‍ ജനലഴികള്‍ക്കുള്ളിലൂടെ കാറ്റിനോട് സംസാരിച്ചു. മതിലുകളില്‍ കാതോര്‍ത്ത് ആരോ പ്രതീക്ഷയുടെ കെടാവിളക്കുമായി കടന്നുവരുന്നുണ്ടെന്ന് സ്വപ്നം കണ്ടു.

അയ്യപ്പന്‍ ചര്‍ച്ചകളില്‍ നിറയുമ്പോള്‍, ഓര്‍മകളില്‍ അയ്യപ്പന്‍

അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലില്‍ അയ്യപ്പന്റെ വരവിന് വേണ്ടി ആസ്വാദകര്‍ ആവേശത്തോടെ കാത്തിരുന്നു. തീയേറ്ററുകളുടെ വലിയ പടവുകളില്‍ അയ്യപ്പന്‍ കവിത പാടി, കഥ പറഞ്ഞ് ഇരിക്കുന്നത് ഫെസ്റ്റിവലിന്റെ ഊര്‍ജപ്രവാഹമായിരുന്നു. കഴിഞ്ഞ ഫെസ്റ്റിവലുകളില്‍ അയ്യപ്പന്റെ അഭാവം ശരിക്കും ഒരു ശൂന്യതയായി ആസ്വാദകര്‍ തിരിച്ചറിഞ്ഞു.

നിഷ്കളങ്കമായിരുന്നു അയ്യപ്പന്റെ ചിരി. ഉള്ളിലുള്ളത് തന്നെ അദ്ദേഹം പുറത്തു കാണിച്ചു. ഒരു സദാചാരത്തോടും അയ്യപ്പന്‍ സന്ധി ചെയ്തില്ല. ഒരു നിയമത്തെയും അനുസരിച്ചില്ല. ചികിത്സകരായി വന്നവരെയും ഔദാര്യവുമായി പുറത്ത് കാത്തുനിന്നവരെയും കവിതകള്‍ കൊണ്ടാണ് അയ്യപ്പന്‍ നേരിട്ടത്.

കോഴിക്കോട് മള്‍ബറിയില്‍ ഷെല്‍വിയുടെ അടുത്തു വന്നിരുന്ന് കലഹിക്കുകയും, ഒടുവില്‍ പരസ്പരം ഒത്തുതീര്‍പ്പായി ഷെല്‍വിയുടെ തോളില്‍ കയ്യിട്ട് നടന്നുനീങ്ങുകയും ചെയ്യുന്ന അയ്യപ്പന്റെ ചിത്രം സുഹൃത്ത് നൌഷാദ് കൃത്യമായി വരച്ചുകാണിച്ചിട്ടുണ്ട്.

നീ തന്നെ ഞാനെന്ന സത്യവുമായി ഏറെദിവസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം കഠിനവഴികള്‍ താണ്ടി അയ്യപ്പനെ തേടി ഒരു ജനക്കൂട്ടം മലകയറുമ്പോള്‍, ജീവിതം തന്നെയാണ് കവിത എന്ന സത്യം ഉള്‍ക്കൊണ്ടുകൊണ്ട്, മാനവികതയുടെ പൊരുള്‍ പകര്‍ന്നുകൊണ്ട് ഓരോ വീടിന്റെ അകത്തളങ്ങളിലേക്കും അയ്യപ്പന്‍ കടന്നുചെല്ലുകയായിരുന്നു.