LiveTV

Live

Opinion

നജീബ് അഹ്‍മദ്: തിരോധാനത്തിന്റെ രണ്ടു വർഷങ്ങൾ

നജീബിന്റെ തിരോധാനത്തിൽ, നിസ്സഹായാവസ്ഥയിൽ നിൽക്കുന്നത് നമ്മളോരോരുത്തരുമാണ്. ധാരാളം തിരോധാനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത്, നജീബിനെ വ്യത്യസ്തനാക്കുന്നത് അവന്റെ പ്രത്യേക സാമൂഹിക ഇടമാണ്.

നജീബ് അഹ്‍മദ്: തിരോധാനത്തിന്റെ രണ്ടു വർഷങ്ങൾ

‘നജീബ് അഹ്‍മദ്’: ഈ പേര് നമുക്ക് മുന്നിൽ ചോദ്യ ചിഹ്നമായി നില്‍ക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് രണ്ടു വർഷമാകുന്നു. ന്യൂ ഡൽഹിയിലെ പ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ നിന്നും 2016 ഒക്ടോബര് 15 നാണ് എം.എസ്.സി വിദ്യാർത്ഥിയായിരുന്ന നജീബ് അഹ്‍മദിനെ, എ.ബി.വി.പി സംഘടിത അക്രമത്തെ തുടര്‍ന്ന് കാണാതാവുന്നത്. അതിനു ശേഷം ഇന്നോളം സി.ബി.ഐ അടക്കമുള്ള ഉന്നത കുറ്റാന്വേഷണ ഏജൻസികൾ വരെ ഈ തിരോധാന കേസിനു മുമ്പിൽ നിഷ്ക്രിയമായി മുട്ടു മടക്കുമ്പോൾ, യഥാർത്ഥ പ്രതികളെയോ അവർക്ക് പിന്തുണ നൽകുന്ന സംഘ്പരിവാര്‍ രാഷ്ട്രീയ നേതൃത്വത്തേയോ ഒന്ന് തൊടാൻ പോലും നമ്മുടെ രാജ്യത്തെ നീതിന്യായ സ്ഥാപനങ്ങൾ മടിക്കുന്നു. നജീബിന്റെ മാതാവിന് നൽകിയ ഓരോ ഉറപ്പുകളും ലംഘിക്കപ്പെടുമ്പോൾ, വ്യവസ്ഥിയില്‍ തന്നെയുള്ള വിശ്വാസമാണ് ദിനേന നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്.

നജീബ് അഹ്‍മദ്: തിരോധാനത്തിന്റെ രണ്ടു വർഷങ്ങൾ

രാജ്യ തലസ്ഥാനത്ത് നിന്നും കാണാതായ ഒരു മുസ്‍ലിം വിദ്യാർത്ഥിയെ കുറിച്ചുള്ള ചർച്ചകൾ, തീർച്ചയായും സമകാലിക ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയ സാഹചര്യത്തിലാണ് നാം ഊന്നേണ്ടത്. ജെ.എൻ.യുവിലെ ഹോസ്റ്റൽ ഇലക്ഷന്‍ സമയത്ത് രാത്രി നജീബിന്റെ മുറിയിലെത്തിയ എ.ബി.വി.പി പ്രവർത്തകർ ചെറിയൊരു വാക്കുതർക്കത്തിന് ശേഷം സംഘടിച്ചെത്തുകയും അവനെ ബാത്‌റൂമിൽ പൂട്ടിയിട്ട് മർദ്ദിക്കുകയുമായിരുന്നു. പിന്നീട് വാര്‍ഡന്റെ റൂമിലെത്തും വരെ ഈ 15 ഓളം എ.ബി.വി.പി പ്രവര്‍ത്തകര്‍ മുസ്‍ലിം വിരുദ്ധ പദപ്രയോഗങ്ങളാൽ അധിക്ഷേപിക്കുകയും, ഇരുമ്പു വളകൾ ഉപയോഗിച്ച് നജീബിനെ ആക്രമിക്കുകയും ചെയ്തു.

അവിടെ നിന്നും നജീബിനെ കുറ്റക്കാരനാക്കി കൊണ്ടുള്ള ഒരു ലെറ്റർ സംഘടിപ്പിച്ചിട്ടാണ് എ.ബി.വി.പിക്കാർ മടങ്ങിയത്. നജീബിനെ അടിയന്തരമായി ഹോസ്റ്റലിൽ നിന്ന് പുറത്താക്കാൻ കല്പിച്ചു കൊണ്ടുള്ള ആ ലേറ്ററിൽ അന്നത്തെ സ്റ്റുഡന്റസ് യൂണിയൻ പ്രസിഡന്റ്, ഹോസ്റ്റൽ പ്രസിഡന്റ് എന്നിവർ ഒപ്പു വെച്ചിട്ടുണ്ടായിരുന്നു.

രാവിലെ തന്റെ മാതാവിനെ വിളിച്ച നജീബ്, പെട്ടെന്ന് തന്നെ ക്യമ്പസില്‍ എത്താൻ ആവശ്യപ്പെട്ടെങ്കിലും, ഉത്തർ പ്രദേശിലെ ബദായൂനിൽ നിന്നും എത്തിയ മാതാവ് ഫാത്തിമ നഫീസിന് മകനെ കാണുവാൻ കഴിഞ്ഞില്ല

അന്ന് രാത്രി തന്നെ സമീപത്തുള്ള ആശുപത്രിയിൽ ചികിത്സ തേടിയ നജീബ് ഹോസ്റ്റലിൽ തിരിച്ചുവന്നു. രാവിലെ തന്റെ മാതാവിനെ വിളിച്ച നജീബ്, പെട്ടെന്ന് തന്നെ ക്യമ്പസില്‍ എത്താൻ ആവശ്യപ്പെട്ടെങ്കിലും, ഉത്തർ പ്രദേശിലെ ബദായൂനിൽ നിന്നും എത്തിയ മാതാവ് ഫാത്തിമ നഫീസിന് മകനെ കാണുവാൻ കഴിഞ്ഞില്ല. രാവിലെ 11 മണിയോടെ കാണാതായ നജീബിനെ കുറിച്ചുള്ള ഒരു വിവരവും ആർക്കും അറിയില്ല. തന്റെ മകന് എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ജിജ്ഞാസയോടെ സമര മുഖങ്ങളിൽ നെട്ടോട്ടമോടുന്ന ഫാത്തിമ ഒടുവിൽ പറഞ്ഞു വെക്കുന്നു: ‘എന്റെ മകനെ കണ്ടെത്തിയാൽ അവനെ അക്രമിച്ച എല്ലാവർക്കും ഞാൻ പൊറുത്തു കൊടുക്കും’.

നജീബിന്റെ തിരോധാനത്തിൽ, നിസ്സഹായാവസ്ഥയിൽ നിൽക്കുന്നത് മാതാവ് ഫാത്തിമ മാത്രമല്ല, നമ്മളോരോരുത്തരുമാണ്. ധാരാളം തിരോധാനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത്, നജീബിനെ വ്യത്യസ്തനാക്കുന്നത് അവന്റെ പ്രത്യേക സാമൂഹിക ഇടമാണ്. അവന്റെ സ്വത്വങ്ങൾ (Identity) നജീബിനെ അടയാളപ്പെടുത്തുന്നത്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നും ഡൽഹിയിലെ ജെ.എന്‍.യുവിൽ എത്തിച്ചേർന്ന ഒരു മുസ്‍ലിം ശാസ്ത്ര-വിദ്യാർത്ഥിയായിട്ടാണ്. ഇതിലെ ഓരോ ഘടകവുമെടുത്തു പരിശോധിച്ചാൽ മാത്രമേ നജീബിന്റെ തിരോധാനം സൃഷ്ടിച്ച പ്രത്യാഘാതം മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ.

‘’ജെ.എന്‍.യുവില്‍ അഡ്മിഷന്‍ ലഭിച്ച വിവരം വന്നപ്പോള്‍ വളരെയേറെ സന്തോഷവാനായിരുന്നു നജീബ്. ഞങ്ങളുടെ മൊഹല്ലയില്‍ ആദ്യമായി ജെ.എന്‍.യുവില്‍ അഡ്മിഷന്‍ ലഭിച്ചത് നജീബിനാണ്’’

കേവലം മൂന്നു ശതമാനം മാത്രം മുസ്‍ലിം വിദ്യാർഥികളുള്ള ജെ.എന്‍.യുവില്‍, പ്രത്യേകിച്ച് ശാസ്ത്ര വിഭാഗത്തിൽ അഡ്മിഷൻ ലഭിച്ച നജീബ് എന്ന പ്രതിഭാശാലി, ഒരു കമ്മ്യൂണിറ്റിയുടെ ശാക്തീകരത്തിന്റെ പ്രതീകമാണ്. മാതാവ് ഫാത്തിമ നഫീസ് ഓർത്തെടുക്കുന്നു:

‘നജീബ് പഠനത്തില്‍ മിടുക്കനായിരുന്നു. ‘മദര്‍ അഥീന സ്‌കൂളി’ല്‍നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ്ടു പാസ്സായി. ശേഷം മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷക്കുള്ള തയ്യാറെടുപ്പിലായിരുന്നു. പക്ഷേ, ഉദ്ദേശിച്ച സ്ഥാപനത്തില്‍ അഡ്മിഷന്‍ ശരിയായില്ല. അങ്ങനെ കുറച്ച് വര്‍ഷങ്ങള്‍ നഷ്ടമായി. പിന്നീടാണ് ബറേലിയിലെ ‘ഇന്‍വെര്‍ട്ടിസ് യൂനിവേഴ്‌സിറ്റി’ല്‍ ബി.എസ്.സി ബയോ ടെക്‌നോളജിക്ക് ചേര്‍ന്നത്. നല്ല മാര്‍ക്കോടെ ബി.എസ്.സി പാസായി. അവിടെയുണ്ടായിരുന്ന ഒരു അധ്യാപകനാണ് എം.എസ്.സിക്ക് ജെ.എന്‍.യുവില്‍ അഡ്മിഷന് ശ്രമിക്കണമെന്ന് ഉപദേശിച്ചതും. അദ്ദേഹം തന്നെ എന്‍ട്രന്‍സിന് പഠിക്കേണ്ട പുസ്തകങ്ങളും നോട്ടുകളും നല്‍കി’.

നജീബ് അഹ്‍മദ്: തിരോധാനത്തിന്റെ രണ്ടു വർഷങ്ങൾ

‘ജെ.എന്‍.യുവില്‍ അഡ്മിഷന്‍ ലഭിക്കുക അവന്റെ സ്വപ്‌നമായിരുന്നു. അതിനായി അവന്‍ നന്നായി പരിശ്രമിച്ചു. ജെ.എന്‍.യു, ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ, അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ജാമിഅ ഹംദര്‍ദ് എന്നീ നാല് യൂനിവേഴ്‌സിറ്റികളില്‍ എം.എസ്.സി ബയോ ടെക്‌നോളജിക്ക് വേണ്ടി പ്രവേശന പരീക്ഷ എഴുതി. നാല് യൂനിവേഴ്‌സിറ്റികളിലും അവന് അഡ്മിഷന്‍ ലഭിച്ചു. പക്ഷേ, അവന്‍ ജെ.എന്‍.യു തെരഞ്ഞെടുത്തു. ജെ.എന്‍.യുവില്‍ അഡ്മിഷന്‍ ലഭിച്ച വിവരം വന്നപ്പോള്‍ വളരെയേറെ സന്തോഷവാനായിരുന്നു നജീബ്. ഞങ്ങളുടെ മൊഹല്ലയില്‍ ആദ്യമായി ജെ.എന്‍.യുവില്‍ അഡ്മിഷന്‍ ലഭിച്ചത് നജീബിനാണ്’.

അക്രമികളായ എ.ബി.വി.പി പ്രവർത്തകരുടെ മൊബൈൽ ഫോണുകളുടെ പാറ്റേൺ ലോക്ക് തുറക്കുവാനോ പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കാനോ ഇന്നേവരെ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ല

എന്നാൽ അസ്തിത്വം തന്നെ രാഷ്ട്രീയം (mere existence is political ) ആയ ഒരു മുസ്ലിം വിദ്യാർത്ഥിയെ ക്യാമ്പസ്സിൽ നിന്നും അപ്രത്യക്ഷനാക്കുവാൻ സംഘ് പരിവാർ ശ്രമിച്ചപ്പോൾ അതിനു പല രീതിയിലും പരസ്പര പൂരകമായിട്ടായിരുന്നു ജെ.എന്‍.യു യൂണിയനും വിദ്യാർത്ഥി ഭൂരിപക്ഷവും പെരുമാറിയിരുന്നത്. മുൻ JNUSU പ്രസിഡന്റ് കന്‍ഹയ്യ കുമാർ വിഷയത്തെ ഒരു സാധാരണ വിദ്യാർത്ഥിയുടെ പ്രശ്നമായി -ഇന്ന് നജീബ് നാളെ എല്ലാവരും എന്ന രീതിയിൽ- കണ്ടാൽ മതി എന്നായിരുന്നു പറഞ്ഞത്. ക്യാമ്പസിലെ മുസ്‍‍ലിം വിദ്യാർത്ഥി സംഘടനകൾ #MuslimLivesMatter എന്ന മുദ്രാവാക്യം ഉയർത്തിയപ്പോൾ അത് പ്രശ്നത്തെ വര്‍ഗീയവത്കരിക്കലാണ് എന്ന മുദ്ര കുത്താനാണ് ഇടതുപക്ഷമുള്‍പ്പടെയുള്ള മുഖ്യധാരാ സംഘടനകള്‍ ശ്രമിച്ചത്.

നജീബ് അഹ്‍മദ്: തിരോധാനത്തിന്റെ രണ്ടു വർഷങ്ങൾ

എന്നാൽ പിന്നീട് ദേശീയ മാധ്യമങ്ങൾ നജീബിന്റെ മുസ്‍ലിം-ഇസ്‍ലാം സ്വത്വത്തെ കേന്ദ്രീകരിച്ചു അദ്ദേഹത്തിന് എെ.എസ്.എെ.എസ് ബന്ധമുണ്ടെന്ന് കുപ്രചരണം നടത്തിയപ്പോൾ ഇവർക്കാര്‍ക്കും മറുപടിയില്ലായിരുന്നു. സംഘ്പരിവാർ ആക്രമണങ്ങൾ ഒരു പ്രത്യേക സ്വത്വത്തിനും സമുദായത്തിനും നേരെ ഉയരുമ്പോൾ ‘മുസ്‍ലിം’ എന്നത് മുഖ്യധാരാ പാർട്ടികൾക്ക് തൊട്ടുകൂടായ്മയുടെ നേർരൂപമാവുന്നത്, ഇസ്‍‍ലാമോഫോബിയയുടെ ഒരു ഇന്ത്യൻ പതിപ്പാണ്.

നജീബ് അഹ്‍മദ്: തിരോധാനത്തിന്റെ രണ്ടു വർഷങ്ങൾ

വിവിധ സമരങ്ങളുടെ ഫലമായി ഡൽഹി പൊലീസിനും ക്രൈംബ്രാഞ്ചിനും ശേഷം ശേഷം സി.ബി.ഐ കേസ് ഏറ്റെടുത്ത് അന്വേഷിച്ചെങ്കിലും, യാതൊരു പുരോഗതിയും അതില്‍ ഉണ്ടായില്ല. ഇപ്പോൾ ഡൽഹി ഹൈക്കോടതി, കേസ് അവസാനിപ്പിക്കാനുള്ള സി.ബി.ഐയുടെ ആവശ്യത്തെ അംഗീകരിച്ചിരിക്കുകയാണ്. നാം പലപ്പോഴും നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങൾ പോലും സി.ബി.ഐക്ക് നടത്തുവാൻ സാധിച്ചിട്ടില്ല. അക്രമികളായ എ.ബി.വി.പി പ്രവർത്തകരുടെ മൊബൈൽ ഫോണുകളുടെ പാറ്റേൺ ലോക്ക് തുറക്കുവാനോ പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കാനോ ഇന്നേവരെ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ല.

ജാമിയ മില്ലിയ ഇസ്ലാമിയ-ദർഭംഗ-ഐസിസ്- സിറിയ എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നജീബിനുമേല്‍ ഭീകരവാദ ബന്ധം ആരോപിച്ച ടെെംസ് ഓഫ് ഇന്ത്യ, ഇന്ത്യ ടുഡെ, ദില്ലി ആജ് തക്, ടെെംസ് നൌ എന്നീ മാധ്യമങ്ങൾ, അവരുടെ നുണപ്രചരണങ്ങൾ പിൻവലിച് മാപ്പു പറയണമെന്ന് ഹൈക്കോടതി കല്പിച്ചത് ഈ അടുത്താണ്.

പ്രശസ്തരായ വക്കീലുമാരുടെ സഹായത്തോടെ എ.ബി.വി.പി പിന്നീട് കോടതികളിൽ തങ്ങൾക്ക് അനുകൂലമായ വിധി സമ്പാദിച്ചപ്പോൾ, നിസ്സഹായരായി നോക്കി നിൽക്കുവാനേ രാജ്യത്തെ ഉന്നത കുറ്റാന്വേഷകർക്ക് സാധിച്ചുള്ളൂ. ജെ.എന്‍.യു അഡ്മിനിസ്ട്രേഷനാകട്ടെ, കേവലം ഹോസ്റ്റൽ മാറ്റം മാത്രം ശിക്ഷയായി നൽകി പ്രതികളെ ക്യാമ്പസ്സിൽ പഠനം തുടരാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അനുവാദം നല്‍കി. രാജ്യത്തെ ഉന്നത കലാലയങ്ങള്‍ പോലും മുസ്‍‍ലിംകൾ ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിത്വം ഉറപ്പുനൽകുന്നില്ല എന്ന യാഥാർഥ്യത്തിലേക്കാണ് ഇതൊക്കെയും വിരല്‍ ചൂണ്ടുന്നത്. ജാമിയ മില്ലിയ ഇസ്ലാമിയ-ദർഭംഗ-ഐസിസ്- സിറിയ എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നജീബിനുമേല്‍ ഭീകരവാദ ബന്ധം ആരോപിച്ച ടെെംസ് ഓഫ് ഇന്ത്യ, ഇന്ത്യ ടുഡെ, ദില്ലി ആജ് തക്, ടെെംസ് നൌ എന്നീ മാധ്യമങ്ങൾ, അവരുടെ നുണപ്രചരണങ്ങൾ പിൻവലിച് മാപ്പു പറയണമെന്ന് ഹൈക്കോടതി കല്പിച്ചത് ഈ അടുത്താണ്.

നജീബിനെ മറവിക്ക് വിട്ടുകൊടുത്തുകൊണ്ട് രാജ്യത്തെ ഭരകൂടവും അന്വേഷണ ഏജൻസികളും കേസ് അവസാനിപ്പിക്കുമ്പോൾ, നജീബിന്റെ ക്യാമ്പസ്സിൽ ഞാൻ എത്രത്തോളം സുരക്ഷിതയാണ് എന്ന് മുസ്‍‍ലിം വിദ്യാർത്ഥികൾ ചോദിക്കുമ്പോൾ, മറുപടി ഇല്ലാതെ ഇവയൊക്കെയും ചോദ്യങ്ങളായി തന്നെ അവശേഷിക്കുകയാണ്. എന്നാൽ പ്രതീക്ഷകൾ മാത്രം കൈമുതലായുള്ള മാതാവ് ഫാത്തിമാ നഫീസ് ഉരുവിടുന്നത് ‘ഇന്‍ഷാ അല്ലാഹ്, നജീബ് തിരിച്ചു വരും’ എന്നു തന്നെയാണ്.

ഈയൊരു അവസരത്തില്‍, കേവലം വാചാടോപങ്ങൾക്കും അപ്പുറം സമകാലിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ അരക്ഷിത സാഹചര്യങ്ങളെ നേരിടാൻ അവരോടൊപ്പം ചേർന്ന് നിന്നുകൊണ്ട് കരുത്തുപകരുകയാണ് പൊതുസമൂഹം ചെയ്യേണ്ടത്.

ഹിശാമുൽ വഹാബ്

(ജെ.എന്‍.യു സെന്റര്‍ ഫോര്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)