LiveTV

Live

Opinion

പാക് ജനാധിപത്യത്തിന്റെ പ്രതിസന്ധി

തുടര്‍ച്ചയായ രണ്ട് ജനാധിപത്യ സര്‍ക്കാരുകള്‍ കാലാവധി തികച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പാക് ജനത പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. പക്ഷേ ജനാധിപത്യവാദികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വാര്‍ത്തകളല്ല വരുന്നത്

 പാക് ജനാധിപത്യത്തിന്റെ പ്രതിസന്ധി

പാകിസ്താന്‍ ദേശീയ അസംബ്ലിയിലേക്കും നാല് പ്രവിശ്യാ നിയമനിര്‍മാണ സഭകളിലേക്കും ജൂലൈ 25ന് തെരഞ്ഞെടുപ്പ് നടക്കും. തുടര്‍ച്ചയായ രണ്ട് ജനാധിപത്യ സര്‍ക്കാരുകള്‍ കാലാവധി തികച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പാക് ജനത പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. ഒരു പതിറ്റാണ്ട് കാലത്തെ വിജയകരമായ ജനാധിപത്യ അനുഭവത്തിന് തുടര്‍ച്ച നല്‍കുന്ന ജനവിധി ഉണ്ടാകുമെന്നാണ് ആഗോള സമൂഹം ആശിക്കുന്നത്. എന്നാല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ ജനാധിപത്യവാദികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വാര്‍ത്തകളല്ല പാകിസ്താനില്‍ നിന്ന് വരുന്നത്. സൈന്യവും മത തീവ്രവാദ കക്ഷികളും ഒളിഞ്ഞും തെളിഞ്ഞും തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിക്കളിക്കുന്നുണ്ട്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഒരു തൂക്കുസഭയാണ് ജൂലൈ 25ലെ ജനവിധിയെങ്കില്‍ സൈന്യം ചരട് വലിക്കുന്ന ഒരു പാവ സര്‍ക്കാരിനെ സഹിക്കാനായിരിക്കും പാകിസ്താന്റെ വിധി.

ഏഴരപ്പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ യാത്രയില്‍ പകുതിയോളം കാലം പാകിസ്താന്‍ സൈനിക ഭരണത്തിന്‍ കീഴിലായിരുന്നു. രാഷ്ട്രീയ അനിശ്ചിതത്വങ്ങളും സൈന്യത്തിന്റെ അമിതാധികാര പ്രയോഗങ്ങളും നിരന്തരം അസ്വസ്ഥപ്പെടുത്തിയ പാക് ജനജീവിതത്തിന് മുകളില്‍ നാല് സൈനിക ഭരണാധികാരികള്‍ അധികാരം സ്ഥാപിച്ചു. 15 പ്രധാനമന്ത്രിമാര്‍ക്കാണ് കാലാവധി പൂര്‍ത്തിയാക്കാനാകാതെ അധികാരം വിട്ടൊഴിയേണ്ടി വന്നത്. 1947ല്‍ രൂപീകൃതമായ ആ ജനാധിപത്യ റിപ്പബ്ലിക്കിന് ഒരു പ്രധാനമന്ത്രി കാലാവധി തികക്കുന്നത് കാണാന്‍ ആറ് പതിറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. കഴിഞ്ഞ പത്ത് വര്‍ഷം പാക് ജനാധിപത്യത്തിന്റെ സുവര്‍ണകാലമായിരുന്നു. നിയമനിര്‍മാണ, ഭരണ നിര്‍വഹണ മേഖലയില്‍ പ്രത്യക്ഷ സൈനിക ഇടപെടലില്ലാതെ ഒരു പതിറ്റാണ്ട് ആ രാജ്യം അതിജീവിച്ചു. 2008ല്‍ അധികാരത്തിലേറിയ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി സര്‍ക്കാരാണ് പാകിസ്താന്റെ ചരിത്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ ജനാധിപത്യ ഭരണകൂടം. 2013ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ നവാസ് ഷെരീഫ് സര്‍ക്കാര്‍ രൂപീകരിച്ചതോടെ ആ ജനാധിപത്യ പരീക്ഷണത്തിന് തുടര്‍ച്ചയുണ്ടായി. 2017ല്‍ അഴിമതിക്കേസില്‍ നവാസ് ഷെരീഫ് പുറത്തായെങ്കിലും പാകിസ്താന്‍ മുസ്‍ലിം ലീഗ് സര്‍ക്കാര്‍ കാലാവധി തികച്ചു.

 പാക് ജനാധിപത്യത്തിന്റെ പ്രതിസന്ധി

രാഷ്ട്രീയ ചിത്രം മാറുന്നു

പാകിസ്താന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പരമ്പരാഗത ശാക്തിക ബലാബലത്തില്‍ മാറ്റം വരുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷത. സോഷ്യലിസ്റ്റ് ലിബറല്‍ ആശയങ്ങളെ പിന്തുടരുന്ന പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും പാരമ്പര്യ വാദികളായ പാകിസ്താന്‍ മുസ്‍ലിം ലീഗുമായിരുന്നു ആറ് പതിറ്റാണ്ടോളമായി പാകിസ്താനിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നിയന്ത്രിച്ചത്. 1971ന് ശേഷം ഈ രണ്ട് കക്ഷികള്‍ തമ്മിലുള്ള നേര്‍ക്ക് നേര്‍ പോരാട്ടമാണ് പാകിസ്താനില്‍ നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി ശക്തമായ വെല്ലുവിളി ഉയര്‍ത്തി ഒരു ത്രികോണ മത്സര പ്രതീതി ഉണ്ടാക്കിയെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇത്തവണ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി തീരെ ദുര്‍ബലരാണ്. പിപിപിയുടെ ശക്തികേന്ദ്രമായ സിന്ധില്‍ പോലും ഭൂട്ടോ കുടുംബത്തിന്റെ രാഷ്ട്രീയവേദി കടുത്ത മത്സരമാണ് നേരിടുന്നത്. അഴിമതിക്കേസില്‍ നവാസ് ഷെരീഫിനെയും കുടുംബത്തെയും അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യമിട്ടതോടെ പാകിസ്താന്‍ മുസ്‍ലിം ലീഗും കടുത്ത വെല്ലുവിളി നേരിടുകയാണ്. പഞ്ചാബ് പ്രവിശ്യയില്‍ പാര്‍ട്ടി വിട്ട് പോയവരുയര്‍ത്തുന്ന ഭീഷണി തെക്കന്‍ പഞ്ചാബ് മേഖലയിലെങ്കിലും മുസ്‍ലിം ലീഗിന് ദോഷം ചെയ്യും. ക്രിക്കറ്റ് താരം ഇമ്രന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടിയാണ് മുസ്‍ലിം ലീഗിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നത്. ഖൈബര്‍ പങ്ത്വൂങ്ക്വാക്ക് പുറത്തേക്ക് ഇമ്രാന്‍ ഖാന് സ്വാധീനമുറപ്പിക്കാന്‍ കഴിയുമോ എന്നതാണ് അറിയാനുള്ളത്.

 പാക് ജനാധിപത്യത്തിന്റെ പ്രതിസന്ധി

പുതിയ വോട്ടര്‍മാരുടെ രാഷ്ട്രീയം

ദേശീയ അസംബ്ലിയിലേക്കും നാല് പ്രവിശ്യാ ഭരണ സമിതികളിലേക്കുമുള്ള 849 സീറ്റുകളിലേക്ക് 11,855 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 342 അംഗ ദേശീയ അസംബ്ലിയിലേക്ക് 272 അംഗങ്ങളെയാണ് വോട്ടര്‍മാര്‍ നേരിട്ട് തെരഞ്ഞെടുക്കുന്നത്. ശേഷിക്കുന്ന 60 സീറ്റുകള്‍ സ്ത്രീകള്‍ക്കും പത്ത് സീറ്റുകള്‍ മതന്യൂനപക്ഷങ്ങള്‍ക്കും സംവരണം ചെയ്തിരിക്കുന്നു. 60 വനിതാ സംവരണ സീറ്റുകളില്‍ പൊതു തെരഞ്ഞെടുപ്പില്‍ ലഭിക്കുന്ന സീറ്റിന് ആനുപാതികമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അംഗങ്ങളെ തെരഞ്ഞെടുക്കാം. ഇതില്‍ തന്നെ 33 സംവരണ സീറ്റുകള്‍ പഞ്ചാബിനും 14 അംഗങ്ങള്‍ സിന്ധില്‍ നിന്നും 9 പേര്‍ ഖൈബര്‍ പങ്ത്വൂഖ്വായില്‍ നിന്നും നാല് പേര്‍ ബലൂചിസ്ഥാനില്‍ നിന്നും ദേശീയ അസംബ്ലിയിലെത്തും. 2013നെ അപേക്ഷിച്ച് ഇരുപത് ശതമാനത്തോളം വോട്ടര്‍മാര്‍ വര്‍ധിച്ചിട്ടുണ്ട്. ന്യൂനപക്ഷ വോട്ടര്‍മാരുടെ എണ്ണത്തില്‍ 31 ശതമാനത്തിന്റെ വര്‍ധനയുണ്ടായതാണ് ഇതില്‍ ശ്രദ്ധേയം. 36 ലക്ഷം ന്യൂനപക്ഷ വോട്ടര്‍മാരില്‍ പതിനേഴ് ലക്ഷത്തോളം ഹിന്ദുമത വിശ്വാസികളാണ്.

കഴിഞ്ഞ പത്ത് വര്‍ഷത്തെ ജനാധിപത്യാനുഭവങ്ങള്‍ തന്നെയാണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്ന വര്‍ധനവിനും പ്രധാന കാരണം. ന്യൂനപക്ഷമതവിഭാഗങ്ങളും യുവാക്കളും പാക് ജനാധിപത്യത്തിന്റെ പുതിയ പരീക്ഷണങ്ങളില്‍ കൂടുതല്‍ പങ്കാളികളാകുന്നുവെന്ന് വേണം കരുതാന്‍. മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ വോട്ട് ചേര്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ ഉത്സാഹം കാണിച്ചിട്ടുമുണ്ട്. 272 സീറ്റുകളില്‍ 88 സീറ്റുകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പതിനായിരത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജനവിധി നിര്‍ണയിച്ചത്. ഈ മണ്ഡലങ്ങളിലാണ് കൂടുതല്‍ പുതിയ വോട്ടര്‍മാര്‍ വന്നതും. ജനാധിപത്യം ശക്തിപ്രാപിക്കുന്നുവെന്ന തോന്നലില്‍ നേരത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് വിട്ടുനിന്നവര്‍‍ കൂടി റജിസ്റ്റര്‍ ചെയ്തതും യുവാക്കളുടെ വലിയ പങ്കാളിത്തവും ആണ് ന്യൂനപക്ഷ വോട്ടുകളുടെ വര്‍ധനവിന് പ്രധാന ഹേതു. എങ്കിലും ഈ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് ജനവിധിയില്‍ കാര്യമായ സ്വാധീനം ചെലുത്താനാകില്ല. മത,വംശീയ പരിഗണനകള്‍ക്കപ്പുറത്ത് പ്രാദേശികാവശ്യങ്ങളാണ് ഈ വോട്ടര്‍മാരെ സ്വാധീനിക്കുന്നത്. സിന്ധ് പ്രവിശ്യയിലെ ഉമര്‍കോട്ടും താര്‍പാകറുമാണ് ഹിന്ദു ന്യൂനപക്ഷത്തിന് കാര്യമായ സ്വാധീനമുള്ള രണ്ട് മേഖലകള്‍. എന്നാല്‍ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഇവിടെ ന്യൂനപക്ഷ വോട്ടര്‍മാര്‍ക്ക് ജനവിധി നിര്‍ണയിക്കാനാകില്ല. പാകിസ്താന്‍ മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ പഞ്ചാബിലും ഇത് തന്നെയാണ് അവസ്ഥ.

 പാക് ജനാധിപത്യത്തിന്റെ പ്രതിസന്ധി

ജീപ്പില്‍ വന്ന സ്വതന്ത്രര്‍

സ്വതന്ത്രരുടെ ആധിക്യമാണ് ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു സവിശേഷത. 160 സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ആണ് ദേശീയ അസംബ്ലിയിലേക്ക് ജനവിധി തേടുന്നത്. ഈ സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ ബഹുഭൂരിപക്ഷത്തിനും ജീപ്പ് ചിഹ്നമാണ് അനുവദിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരുകൌതുകം. ഇത് യാദൃച്ഛികമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. നവാസ് ഷെരീഫിന്റെ കടുത്ത വിമര്‍ശകനും അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന ചൌധരി നിസാറാണ് ആദ്യം ജീപ്പ് ആവശ്യപ്പെട്ടത്. പാക് സൈന്യത്തിന്റെ അനുഗ്രഹാശിസുകളോടെയാണ് ചൌധരി നിസാര്‍ മുസ്ലിം ലീഗില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഒരു തൂക്ക് സഭയാണ് ജൂലൈ 25ലെ ജനവിധിയെങ്കില്‍ ഈ സ്വതന്ത്രര്‍ മറ്റൊരു പാര്‍ട്ടിയായി രൂപാന്തരപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതുകൊണ്ട് തന്നെയാണ് അദൃശ്യശക്തികള്‍ ജനവിധി അട്ടിമറിക്കാന്‍ ‍ ശ്രമിക്കുന്നെന്ന പാകിസ്താന്‍ മുസ്ലിംലീഗിന്റെയും പിപിപിയുടെയും ആരോപണങ്ങള്‍ പ്രസക്തമാകുന്നത്.

തീവ്രവാദ കക്ഷികളുടെ രാഷ്ട്രീയപ്രവേശം

പാക് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള പല മത, തീവ്രവാദ സംഘടനകളുടെയും പങ്കാളിത്തം ഈ തെരഞ്ഞെടുപ്പില്‍ കാണാം. സൈന്യത്തിന്റെ പരോക്ഷ പിന്തുണയോടെ കര്‍ട്ടന് പിറകില്‍ ചരടുവലി നടത്തിയിരുന്ന തീവ്രമത സംഘടനകള്‍ പ്രത്യക്ഷ ദൈനംദിന രാഷ്ട്രീയത്തില്‍ സജീവമാണ്. ദേശീയ അസംബ്ലിയിലേക്കും വിവിധ പ്രവിശ്യാ ഭരണസമിതികളിലേക്കുമായി മത, തീവ്രവാദ പശ്ചാത്തലമുള്ള സംഘടനകളുടെ 3459 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുളളത്. ജമാഅത്തുദ്ദഅവയുടെ പിന്തുണയുള്ള അള്ളാഹു അക്ബര്‍ തെഹ്രീക്ക് മാത്രം 460 സ്ഥാനാര്‍ഥികളെയാണ് കളത്തിലിറക്കിയത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന ഹാഫീസ് സഈദാണ് ജമാഅത്തുദഅവ തലവന്‍. മറ്റൊരു മതാധിഷ്ഠിത കക്ഷിയായ തെഹ്രീക്ക് ലബൈക്ക് പാകിസ്താന്‍ 150 സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നു.

 പാക് ജനാധിപത്യത്തിന്റെ പ്രതിസന്ധി

മൌലാനാ ഫസലുറഹ്മാന്റെ മുത്തഹിദെ മജ് ലിസ് എ അമല്‍ 173 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നുണ്ട്. മത പണ്ഡിതന്‍ ഖാദിം ഹുസൈന്‍ റിസ് വിയുടെ തെഹ്രീക്ക് ലബൈക്ക് 178 സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിട്ടുണ്ട്. മൌലാനാ സമീഉല്‍ ഹഖ് നേതൃത്വം നല്‍കുന്ന ജാമിയത്ത് ഉലമാ ഇസ്ലാമി, ഷിബ്സാദാ ഹാമിദ് റാസായുടെ സുന്നി തെഹ്രീക് ഷിയാ ഗ്രൂപ്പായ മജ്ലിസെ വഹാദത്തുല്‍ മുസ്ലിമീന്‍ തുടങ്ങിയ ഒരു ഡസണോളം മത രാഷ്ട്രീയ പാര്‍ട്ടികളാണ് ഈ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിസന്ധിയും വോട്ടര്‍മാരുടെ ആശയക്കുഴപ്പവും തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഈ ചെറു കക്ഷികളുടെ പ്രതീക്ഷ.,

ചുരുക്കത്തില്‍ പാകിസ്താന്‍ മുസ്ലിം ലീഗിനോ പാകിസ്താന്‍ തെഹ്രീക്കേ ഇന്‍സാഫിനോ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ മറ്റൊരു രാഷ്ട്രീയ അനിശ്ചിതത്വമാകും ഈ തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രം. ഈ അനിശ്ചിതത്വത്തില്‍ നിന്ന് മുതലെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന സൈനിക നേതൃത്വം തന്നെയാകും ഈ ജനാധിപത്യ പ്രക്രിയയുടെ ആത്യന്തിക ഗുണഭോക്താവ്. അത് പാക് രാഷ്ട്രീയത്തിന് മാത്രമല്ല ദക്ഷിണേഷ്യന്‍ രാഷ്ട്രീയത്തിനാകമാനം തെറ്റായ സന്ദേശം നല്‍കുന്നതുമാകും. പാക് ജനത അങ്ങനെയൊരു സൈനിക ഭരണത്തിന് ഒരിക്കല്‍ കൂടി അവസരം ഒരുക്കില്ലെന്ന് തന്നെ പ്രത്യാശിക്കാം.