LiveTV

Live

Opinion

ബാബരി മസ്ജിദിന്റെ മൃതദേഹം ഇനിയും വികൃതമാക്കണോ?

ഭരണഘടനയെ എങ്ങനെ വ്യാഖ്യാനിക്കണം എന്ന കാര്യത്തിൽ ഗൗരവകരമായ ചോദ്യങ്ങൾ ഉയരുന്ന എല്ലാ കേസിലും വിധി പറയാൻ ഭരണഘടനാ ബെഞ്ച് രൂപീകരിക്കണം എന്നാണ് ഭരണഘടനയിലെ ആർടിക്ൾ 145(3) നിർദ്ദേശിക്കുന്നത്

ബാബരി മസ്ജിദിന്റെ മൃതദേഹം ഇനിയും വികൃതമാക്കണോ?

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസുമാരായ അശോഷ് ഭൂഷണും അബ്ദുൽ നസീറുമടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ബാബരി മസ്ജിദ് കേസ് ഇതിനോടകം പത്തു തവണ കേട്ടു കഴിഞ്ഞു. പക്ഷെ കേസ് അഞ്ചോ അതിൽ കൂടുതലോ ന്യായാധിപരടങ്ങുന്ന ഭരണഘടനാ ബെഞ്ചിന് വിട്ടു കൊടുക്കണോ എന്ന കാര്യത്തിൽ ഒരു അന്തിമ തീരുമാനമെടുക്കാൻ അവർക്കിന്നും സാധിച്ചിട്ടില്ല.

ഭരണഘടനയെ എങ്ങനെ വ്യാഖ്യാനിക്കണം എന്ന കാര്യത്തിൽ ഗൗരവകരമായ ചോദ്യങ്ങൾ ഉയരുന്ന എല്ലാ കേസിലും വിധി പറയാൻ ഭരണഘടനാ ബെഞ്ച് രൂപീകരിക്കണം എന്നാണ് ഭരണഘടനയിലെ ആർടിക്ൾ 145(3) നിർദ്ദേശിക്കുന്നത്. മതപരമായ വിഷയങ്ങൾ കയറിവരുന്ന സത്രീകളുടെ ശബരിമല നട പ്രവേശനം തുടങ്ങിയ കേസുകളിലും ഭരണഘടനാ ബെഞ്ച് തന്നെയാണ് വിധി പറഞ്ഞത് എന്നിരിക്കെ അത്യന്തം വിവാദാത്മകവും വെല്ലുവിളി ഉയർത്തുന്നതുമായ ബാബരി മസ്ജിദ് കേസ് ഉയർന്ന ബെഞ്ചിന് വിട്ടു കൊടുക്കാനുള്ള വൈമുഖ്യം അത്ഭുതപ്പെടുത്തുന്നതാണ്. ഇപ്പോഴുള്ള മൂന്നംഗ ബെഞ്ച് കൈകാര്യം ചെയ്താൽ കേസ് ഭരണഘടനാ വിഷയങ്ങളിലേക്ക് കടക്കാതെ വെറും വസ്തു തർക്കത്തിൽ ഒതുങ്ങിപ്പോവുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടാകും.

പൊതു പ്രശ്നത്തെ ‘സ്വകാര്യവത്’കരിക്കുമ്പോൾ

ബാബരി മസ്ജിദ് പ്രശ്നത്തെ ഒരു വസ്തു തർക്കമായി കൈകാര്യം ചെയ്യുന്നത് വിഷയത്തിന്റെ വ്യാപ്തി ചുരുക്കാനുള്ള ഒരു തന്ത്രമാണ്. ഇതൊരു എളുപ്പ വഴിയാണെങ്കിലും ശരിയായ വഴിയല്ല.

ചരിത്ര രേഖകളും പ്രമാണപത്രങ്ങളും കൊണ്ട് പരിഹരിക്കാവുന്ന ഒരു വസ്തുതർക്കമായി ബാബരി മസ്ജിദിനെ കാണുന്നതിലൂടെ പ്രസക്തമായ എല്ലാ ചോദ്യങ്ങളും ഉന്നയിക്കാനും ഇന്ത്യയുടെ ‘മുറിവേറ്റ ആത്മാവിന്റെ’ മുറിവുണക്കാനും സുപ്രീം കോടതിക്ക് സാധിക്കുമോ? അലഹാബാദ് ഹൈകോടതി വിധി ഉയർത്തിയ ആശങ്കകളും എതിരഭിപ്രായങ്ങളും പരിഗണിക്കാനും അതിൽ അന്തർലീനമായ പ്രശ്നങ്ങളെ വിമർശനാത്മകമായി പരിശോധിക്കാനും സാധിക്കുമോ? ഭരണഘടനാ വിഷയങ്ങളിലെ അവസാന വാക്ക് എന്ന സുപ്രീം കോടതിയുടെ പദവി അതിന് ഏതു സങ്കീർണമായ പ്രശ്നത്തെയും നേരിടാനും പരിഹരിക്കാനുമുള്ള ഭരണപരവും ഭരണഘടനാപരവുമായ എല്ലാ അധികാരങ്ങളും നൽകുന്നുണ്ട്. ‘രണ്ടാം വിഭജനം’ എന്ന് അറിയപ്പെടുന്ന ഈ കേസ് അർഹിക്കുന്ന രീതിയിൽ തീർപ്പാക്കാൻ വേണ്ട ദൃഢനിശ്ചയവും അധികാരവും പ്രകടിപ്പിക്കാത്ത ഒരു സുപ്രീം കോടതിയെ നമുക്ക് ആവശ്യമില്ല.

വലതുപക്ഷ ഹിന്ദുത്വ അജണ്ടകളെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ മാറിവരുന്ന സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി കോടതിയിലെ കക്ഷികളുടെ വാദങ്ങളിലും മാറ്റങ്ങൾ വരുന്നുണ്ട് എന്നതാണ് നിരാശാജനകമായ മറ്റൊരു കാര്യം.

അയോധ്യയിലെ ഭൂമിയുടെ അവകാശം ഹിന്ദു മഹാസഭ, സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാറ എന്നീ മൂന്ന് വിഭാഗങ്ങൾക്ക് പങ്കിടാമെന്ന അലഹാബാദ് കോടതിയുടെ വിധി വസ്തുതകളെ അടിസ്ഥാനമാക്കിയല്ല, പകരം മതവികാരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. മതവികാരങ്ങളെ പരിഗണിക്കുക എന്നത് ഒരു കാര്യമാണ്; അവകാശങ്ങൾ നിർണയിക്കപ്പെടുന്ന കോടതിവിധികൾക്കു വേണ്ടി മതവികാരങ്ങൾ ഉപയോഗപ്പെടുത്തുക എന്നത് മറ്റൊരു കാര്യമാണ്.

ഹിന്ദു വിഭാഗത്തിന് അയോധ്യയിലെ ഭൂമിയുടെ മേലുള്ള അവകാശത്തിന് കൂടുതൽ പ്രാധാന്യം കൽപിച്ചു കൊണ്ടും ബാബരി മസ്ജിദിന്റെ മേൽക്കൂര സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന് കീഴിൽ ശ്രീ റാം ലല്ലക്കുള്ള അവകാശം വകവെച്ചു കൊടുത്തു കൊണ്ടും അലഹാബാദ് കോടതി ഭരണഘടനയുടെ ഈ തത്ത്വം ചവിട്ടിമെതിക്കുകയാണ് ചെയ്തത്. ഇസ്‍ലാമിൽ പള്ളി അത്ര പ്രധാനപ്പെട്ട ഒരു കാര്യമല്ല എന്ന സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇങ്ങനെയൊരു അഭിപ്രായത്തിൽ എത്തിച്ചേരുന്നത്. 1949 മുതൽ ബാബരി മസ്ജിദ് പള്ളിയായി ഉപയോഗിക്കപ്പെട്ടിട്ടില്ല എന്ന വാദം ഉന്നയിക്കുമ്പോൾ പള്ളിയുടെ ഉപയോഗം വിലക്കിക്കൊണ്ടുള്ള ഉത്തരവുകളും അത് പാലിക്കാൻ മുസ്‍ലിംകൾ കാണിച്ച സന്നദ്ധതയുമാണ് സൌകര്യപൂർവം മറക്കപ്പെടുന്നത്. 1949ൽ അവിടേക്ക് വിഗ്രഹങ്ങൾ കടത്തപ്പെടുന്ന കാലത്ത് അത് പള്ളിയായി ഉപയോഗിക്കപ്പെടുകയായിരുന്നു എന്നത് തന്നെയാണ് വാസ്തവം.

എന്നാൽ പള്ളികളിൽ പ്രാർത്ഥിക്കാനുള്ള അവകാശം ഇസ്‍ലാമിൽ അത്ര പ്രധാനമല്ലെന്നും അതു കൊണ്ടു തന്നെ അതിന് ഭരണഘടനാപരമായ സംരക്ഷണം നൽകാനാവില്ലെന്നുമുള്ള കോടതിയുടെ നിരീക്ഷമാണ് ഇതിനേക്കാൾ ദൌർഭാഗ്യകരം. എല്ലാ മതക്കാരെയും പോലെ മുസ്‍ലിംകൾക്കും ആരാധനാലയം എന്നത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. എന്നാൽ മുസ്‍ലിംകൾ എന്ത് വിശ്വസിക്കുന്നു എന്നതിലപ്പുറം കോടതി അതേ വിശ്വാസങ്ങളെ എങ്ങനെ വ്യാഖ്യാനിച്ചു എന്നതാണ് പ്രസക്തം.

രാമൻറെ ജന്മഭൂമി ഏതാണെന്ന ഹിന്ദു വിശ്വാസം പരിശോധിക്കുക എന്ന “അസാധ്യമായ” കർത്തവ്യം ചെയ്യാൻ 2010ൽ കോടതി വിസമ്മതിച്ചത് ഓർക്കുമ്പോൾ തെരഞ്ഞെടുത്ത വിഷയങ്ങളിൽ മാത്രം ഇത്തരമൊരു കാഴ്ചപ്പാട് വെച്ചു പുലർത്തുന്ന കോടതിനയം സംശയാസ്പദമായി തോന്നാം.

ബാബരി കേസിൽ കോടതിവിധി വരുന്നതോടു കൂടി അണപൊട്ടിയൊഴുകാൻ സാധ്യതയുള്ള വികാരങ്ങളെയും പ്രത്യാഘാതങ്ങളെയും ഒതുക്കിനിർത്താനുള്ള ഒരു മധ്യസ്ഥത (മോഡസ് വിവാൻഡി) ആയി വേണമെങ്കിൽ നമുക്കിതിനെ വ്യാഖ്യാനിക്കാം. എന്നാൽ തുടക്കം മുതൽ അത്യന്തം ജനകീയവും രാഷ്ട്രീയവത്കരിക്കപ്പെട്ടതുമായ ഒരു കേസ് ഇങ്ങനെ കൈകാര്യം ചെയ്യുന്നത് നിരാശ മാത്രമേ നൽകൂ. കേസിൽ ഉന്നയിക്കപ്പെട്ട വാദങ്ങളുടെ പ്രകൃതം തെറ്റായി വ്യാഖ്യാനിക്കുകയും നിയമത്തിൻറെ സാങ്കേതികകൾ മാത്രം അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ഒരു വിധിക്ക് അതുമായി ബന്ധപ്പെട്ട സാമൂഹിക-രാഷ്ട്രീയ തർക്കങ്ങളെ അമർത്തിവെക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുകയുമാണ് കോടതി ഇവിടെ ചെയ്യുന്നതെന്ന് തോന്നുന്നു. വലതുപക്ഷ ഹിന്ദുത്വ അജണ്ടകളെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ മാറിവരുന്ന സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി കോടതിയിലെ കക്ഷികളുടെ വാദങ്ങളിലും മാറ്റങ്ങൾ വരുന്നുണ്ട് എന്നതാണ് നിരാശാജനകമായ മറ്റൊരു കാര്യം.

ബാബരി മസ്ജിദിന്റെ മൃതദേഹം ഇനിയും വികൃതമാക്കണോ?

ബാബരി തർക്കത്തിന്റെ പൂർവ്വ ചരിത്രം

ബാബരി മസ്ജിദ് ശ്രീരാമന്റെ ജന്മസ്ഥലത്തിനു മുകളിൽ പണിതതാണെന്ന് ഓർത്താൽ തന്നെയും നാലു നൂറ്റാണ്ടുകളായി ഉപയോഗിച്ചു വന്നിരുന്ന ഒരു പള്ളി ചുറ്റികയും ശൂലവുമുപയോഗിച്ച് നിലംപരിശാക്കുകയായിരുന്നു എന്ന വസ്തുത മനഃപൂർവം മറന്നു കളയാൻ സാധിക്കില്ല. കോടതിയിൽ കയറിയ കാലം മുതൽ വലതുപക്ഷ ഹിന്ദുത്വ അജണ്ടകളെ പിന്തുണക്കുന്ന തരത്തിലാണ് കേസിന്റെ സഞ്ചാരം. ജില്ലാ കോടതിയും മറ്റു കീഴ്കോടതികളും കേന്ദ്ര-സംസ്ഥാന സർക്കാരുകളും അടങ്ങുന്ന ഭരണകൂട സംവിധാനങ്ങൾ അവർക്ക് മാപ്പു കൊടുത്തു കൊണ്ടോ മൌനം പാലിച്ചു കൊണ്ടോ മാറിനിന്നു കൊണ്ടോ ഈ പ്രക്രിയയെ സഹായിച്ചിട്ടുണ്ട്.

ഉദാഹരണം നോക്കാം:

ഒന്ന്, 1949 ഡിസംബര്‍ 22 രാത്രി പള്ളിയുടെ അകത്തേക്ക് വിഗ്രഹങ്ങൾ കടത്താൻ ജില്ലാ മജിസ്ട്രേറ്റ് സഹായിച്ചു. ‘മഹാത്ഭുതം’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ സംഭവത്തിനു ശേഷം ഹിന്ദു ആരാധകർ അവിടേക്ക് ഒഴുകിയെത്താൻ തുടങ്ങി.

രണ്ട്, അധികാരികളുടെ അഭ്യർത്ഥന മാനിച്ച് മുസ്‍ലിംകൾ പള്ളിയിൽ പ്രാർത്ഥിക്കുന്നത് നിർത്തിവെച്ചു. എന്നാൽ ഹിന്ദു ആരാധന മുറകൾ തുടർന്നു.

മൂന്ന്, 1986ൽ രാജീവ് ഗാന്ധി സർക്കാർ ബാബരി മസ്ജിദിന്റെ വാതിലുകൾ എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നുകൊടുത്തു. എന്നാൽ അപ്പോഴും നിയമത്തിന്റെ ഗതി മാനിച്ച് മുസ്‍ലിംകൾ അവിടെ പ്രാർത്ഥിക്കുന്നതിൽ നിന്ന് വിട്ടുനിന്നു.

നാല്, കേന്ദ്ര സർക്കാരും ഉത്തർ പ്രദേശ് സർക്കാരും സുപ്രീം കോടതിക്ക് നൽകിയ ഉറപ്പുകൾ കാറ്റിൽ പറത്തിക്കൊണ്ട് 1992 ഡിസംബർ 6ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. തകർന്നടിഞ്ഞ പള്ളിയുടെ സ്ഥാനത്ത് കർസേവകർ താത്കാലികമായി ഒരു ക്ഷേത്രം പടുത്തുയർത്തി.

അഞ്ച്, ‘അക്വിസിഷൻ ഓഫ് സെർട്ടൻ ഏരിയ എറ്റ് അയോധ്യ ആക്ട്’ എന്ന് പിന്നീട് വിളിക്കപ്പെട്ട ഓർഡിനൻസിലൂടെ ബാബരി കോംപ്ലക്സ് കേന്ദ്ര സർക്കാർ ഏറ്റെടുത്തു. ഈ ആക്ടിലെ ഏഴാമത്തെ വകുപ്പ് പ്രകാരം ഡിസംബർ 6, 1992ന് പകരം ജനുവരി 6, 1993ൽ ഉണ്ടായിരുന്ന സാഹചര്യം നിലവിലെ സാഹചര്യം (Status Quo) ആയി അംഗീകരിക്കപ്പെട്ടു. അതായത് താത്കാലികമായി പടുത്തുയർത്തിയ ക്ഷേത്രത്തിൽ പ്രാർത്ഥന അനുവദിക്കപ്പെട്ടപ്പോൾ 400 വർഷമായി ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിലേക്ക് പ്രവേശിക്കാൻ പോലും മുസ്‍ലിംകൾക്ക് അനുമതി ഇല്ലാതായി. സത്യത്തിൽ പുതിയ ക്ഷേത്രം തൊടാതിരുന്നത് വഴി അന്ന് അവിടെ നടന്ന തേർവാഴ്ചക്ക് സമ്മതി നൽകുകയാണ് ഭരണകൂടം ചെയ്തത്.

ആറ്, മേൽപറഞ്ഞ ആക്ടിന് അംഗീകാരം നൽകുകയും അതിനപ്പുറം നമസ്കാരം എവിടെയും നിർവഹിക്കാം എന്ന സ്ഥിതിക്ക് മുസ്‍ലിം പള്ളിക്ക് ഇസ്‍ലാമിൽ വലിയ പ്രാധാന്യമില്ലെന്ന് വാദിക്കുകയും ചെയ്തതു വഴി സുപ്രീം കോടതി മുസ്‍ലിം മനസ്സുകളിൽ കൂടുതൽ ആഴത്തിലുള്ള മുറിവേൽപ്പിക്കുകയും ചെയ്തു.

ആർകിയോളൊജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) പിന്നീട് ബാബരി ഭൂമിയിൽ നടത്തിയ അന്വേഷണത്തിൽ പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതും 1526ന് മുൻപ് ക്ഷേത്രം ഉണ്ടായതിന്റെ തെളിവായി അലാഹാബാദ് ഹൈകോടതി അംഗീകരിച്ചു. ഇതേക്കുറിച്ച് അന്തരിച്ച പ്രമുഖ നിയമവിദഗ്ധൻ ടി.ആർ അന്ത്യാരുചിനയുടെ നിരീക്ഷണം ഇതായിരുന്നു, “ഏതെങ്കിലുമൊരു കക്ഷി കാര്യങ്ങൾ തങ്ങളുടെ വഴിയിലേക്ക് തിരിച്ചുവിടാൻ വേണ്ടി നിയമം കൈയിലെടുക്കുകയാണെങ്കിൽ (പള്ളി പൊളിച്ചത് വഴി ഹിന്ദു കക്ഷികൾക്ക് ലഭിച്ച നേട്ടം പോലെ) അങ്ങനെ ഒരു നേട്ടം അവർക്ക് ലഭിക്കില്ലെന്ന് കോടതി ഉറപ്പുവരുത്തണം. തികച്ചും പ്രാഥമികമായ ഈ നിയമമാണ് അലാഹാബാദ് കോടതി അവഗണിച്ചത്.”

പള്ളി തകർത്തതിലെ തെറ്റ് പരിശോധിക്കാതെ അതിനു പകരം ഗംഭീരമായ രാമക്ഷേത്രം പണിയുന്നതിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ മാറിപ്പോയിരിക്കുന്നു. എന്നു മുതലാണ് ഇത്രയും മരവിപ്പ് നമ്മളെ പിടികൂടിയത്? ബാബരി ഭൂമി കുഴിച്ചുനോക്കുന്നതിലൂടെ എ.എസ്.ഐയും അവർ ശേഖരിച്ച വിവരങ്ങൾ ഉപയോഗിക്കുന്നതിലൂടെ കോടതിയും ബാബരിയുടെ മൃതദേഹം വികൃതമാക്കുകയാണ് ചെയ്തത്.

കൂട്ടത്തിൽ ഇസ്മായിൽ ഫറൂഖി കേസിന്റെ പ്രേതം മുഴുവൻ നിയമവ്യവസ്ഥയെയും മലിനമാക്കുന്നതിന് മുൻപ് അതിനെ ആവാഹിക്കേണ്ട ഉത്തരവാദിത്ത്വവും കോടതിയുടേതാണ്. 1940ൽ നടന്ന മസ്ജിദ് ശാഹിദ് ഗഞ്ജ് vs ശിരോമണി ഗുരുദ്വാര പ്രബന്ധക്ക് കമ്മിറ്റി, അമൃത്സർ എന്ന കേസാണ് ഫറൂഖി കേസിൽ വിധി പറയാൻ കോടതി അടിസ്ഥാനപ്പെടുത്തിയത്. “ഒരു മുസ്‍ലിം പള്ളിക്കു മേൽ മറ്റു മതസ്ഥർ ചില ഉപാധികളോടെ ഉടമസ്ഥാവകാശം ചുമത്തിയാൽ പള്ളിയുടെ സവിശേഷ പ്രകൃതം ഇല്ലാതാവുകയാണ് ചെയ്യുന്നത്. ഒരിക്കൽ പള്ളിയായി ഉപയോഗിക്കപ്പെട്ടിരുന്നു എന്ന പേരിൽ എല്ലാ കാലത്തും അത് ഒരു ആരാധനാലയമായി പരിഗണിക്കണം എന്ന തത്ത്വം ഇന്ത്യൻ കോടതികൾ അംഗീകരിച്ച മുഹമ്മദൻ നിയമത്തിന്റെ ഭാഗമല്ല,” എന്നാണ് അന്ന് പ്രസ്താവിക്കപ്പെട്ടത്. ഇതിനെ കൂട്ടു പിടിച്ച് ഫറൂഖി കേസിൽ കോടതി കൂടുതൽ വിനാശകരമായ ഒരു പ്രസ്താവന കൂടി നടത്തി, “പള്ളി എന്നത് ഇസ്‍ലാമിന്റെയോ നമസ്കാരത്തിന്റെയോ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമല്ല. മുസ്‍ലിംകൾക്ക് (പ്രാർത്ഥന) എവിടെയുമാകാം. തുറസ്സായ സ്ഥലങ്ങളിൽ പോലും. അതുകൊണ്ട് ഒരു പള്ളി സ്വന്തമാക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ തത്ത്വങ്ങൾക്ക് വിപരീതമായി നിൽക്കുന്ന പ്രവൃത്തിയല്ല.”

പള്ളികളെക്കുറിച്ചുള്ള ഈ നിരീക്ഷണം പുനഃപരിശോധിക്കണെമെന്ന് മുതിർന്ന അഭിഭാഷകനായ രാജീവ് ധവൻ പല തവണ നിലവിലെ ബെഞ്ചിനു മുന്നിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. അയോധ്യക്ക് ഹിന്ദുക്കളുടെ ഇടയിൽ ‘പ്രത്യേക സ്ഥാനമു’ണ്ടെന്നാണ് മെയ്17ന് രാം ലല്ലക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ പരസരൻ വാദിച്ചത്. മുസ്‍ലിം തീർത്ഥാടകർ മക്കയും മദീനയും കാണുന്നതു പോലെയാണ് ഹൈന്ദവ തീർത്ഥാടകർ അയോധ്യയെ കാണുന്നതെന്ന് അദ്ദേഹം വാദിച്ചു. ബാബരി-അയോധ്യ താരതമ്യത്തിൽ അയോധ്യക്കുള്ള മേൽകൈ കാണിക്കാനാണ് ഇങ്ങനെയൊരു വാദം. എന്നാൽ കോടതി ഈ കെണിയിൽ വീണുകൊണ്ട് മതവിഭാഗങ്ങൾക്കിടയിൽ ഇടനില നിൽക്കുന്ന സാഹചര്യം ഉണ്ടാവരുത്. വിവിധ മതവിശ്വാസങ്ങളെ താരതമ്യം ചെയ്തുകൊണ്ടു തീരുമാനമെടുക്കുന്ന ഒരു കോടതി രീതി നാശത്തിലേക്കുള്ള യാത്രക്കാണ് തുടക്കം കുറിക്കുക.

പള്ളികളെക്കുറിച്ചുള്ള ഈ നിരീക്ഷണം പുനഃപരിശോധിക്കണെമെന്ന് മുതിർന്ന അഭിഭാഷകനായ രാജീവ് ധവൻ പല തവണ നിലവിലെ ബെഞ്ചിനു മുന്നിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

പകരം, നിയമപരമായ കാര്യങ്ങൾ നിശ്ചയിക്കുന്നതിൽ മതവിശ്വാസങ്ങൾ എത്രത്തോളം പ്രധാനമാണ് എന്നതിന്റെ പരിധി നിശ്ചയിക്കുന്നതിനാണ് കോടതി ഈ അവസരം ഉപയോഗപ്പെടുത്തേണ്ടത്. ഇസ്മായിൽ ഫറൂഖി കേസിൽ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ച് ചർച്ച ചെയ്ത വിഷയങ്ങൾ തന്നെയാണ് ബാബരി വിഷയത്തിലും മുന്നിട്ടു നിൽക്കുന്നത്. കീഴ്‍വഴക്കം എന്ന പേരിൽ ഫറൂഖി കേസിലെ നിരീക്ഷണങ്ങൾ പരിശോധിക്കാതിരിക്കുന്നത് വഴി കോടതി ഉത്തരവാദിത്വം ഒഴിയുകയാണ് ചെയ്യുന്നത്. മാത്രമല്ല, ഒരു സമുദായത്തിന്റെ മൊത്തം ആശങ്കകളെ പരിഹസിക്കുകയും ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപിടിക്കുന്നതിനുള്ള ‘അവസാന പ്രതീക്ഷ’ എന്ന സ്വന്തം സ്ഥാനത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മുഖം തിരിക്കുകയും ചെയ്യുന്നു.

കോടതിയോടുള്ള ബഹുമാനം ഇന്നും ബാക്കി നിൽക്കുന്നതു കൊണ്ടു മാത്രമാണ് സാമൂഹികമായോ രാഷ്ട്രീയമായോ ഈ വിഷയത്തിൽ തീർപ്പുകൽപിക്കാൻ ഇന്നും ആളുകൾ തുനിയാത്തത്. ‘നിയമഭരണം’ എന്ന ആശയം വ്യാഖ്യാനിക്കപ്പെടുന്ന രീതി തന്നെ മാറ്റാൻ കഴിവുള്ള ഒരു കേസാണ് ബാബരി മസ്ജിദ്. നിയമത്തിന്റെ പരമാധികാരം വെറും ആൾബലത്തിന്റെ പേരിൽ ദുർബ്ബലപ്പെടുന്ന ഒരു കാഴ്ചയാണ് ഇവിടെ അരങ്ങേറുന്നത്. ഭൂമിയുടെ അവകാശം ആർക്കാണ് എന്ന് പരിശോധിക്കുമ്പോഴും അന്നവിടെ അരങ്ങേറിയ കിരാതവാഴ്ചയെ മറന്നുകൂടാ.

കടപ്പാട്: ദി വയർ