LiveTV

Live

Opinion

ഏകാധിപത്യത്തെ തോല്‍പ്പിച്ച് ഏകാധിപതിയായ ഓര്‍ട്ടേഗ 

ലാറ്റിനമേരിക്കന്‍ വിപ്ലവങ്ങള്‍ പോലെ തന്നെ ലോകത്തെ ഇടതുപക്ഷത്തെ ത്രസിപ്പിച്ച ഒന്നാണ് നികരാഗ്വയിലെ സാന്‍ഡിനിസ്റ്റ് വിപ്ലവം

 ഏകാധിപത്യത്തെ തോല്‍പ്പിച്ച് ഏകാധിപതിയായ ഓര്‍ട്ടേഗ 

ലാറ്റിനമേരിക്കന്‍ വിപ്ലവങ്ങള്‍ പോലെ തന്നെ ലോകത്തെ ഇടതുപക്ഷത്തെ ത്രസിപ്പിച്ച ഒന്നാണ് നികരാഗ്വയിലെ സാന്‍ഡിനിസ്റ്റ് വിപ്ലവം. നികരാഗ്വയിലെ അമേരിക്കന്‍ അധിനിവേശത്തിനെതിരെ പോരാടിയ അഗസ്റ്റോ സാന്‍ഡിനോയുടെ പേരിലറിയപ്പെടുന്ന സാന്‍ഡിനിസ്റ്റ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് അനസ്റ്റാസിയോ സോമോസയെ താഴെയിറക്കിയ ഗറില്ലാ പോരാട്ടം നടന്നത്. ഇതോടെയാണ് സോമോസ കുടുംബത്തിന്റെ ഏകാധിപത്യത്തിന് അറുതിയായത്. ആ പോരാട്ടത്തിന് നേതൃത്വം നല്‍കിയയാളായിരുന്നു ഇപ്പോഴത്തെ നികരാഗ്വന്‍ പ്രസിഡന്റ് ഡാനിയേല്‍ ഓര്‍ട്ടേഗ. ലാറ്റിനമേരിക്കന്‍ വിപ്ലവ ഭരണകൂടങ്ങളുടെ മാതൃകയില്‍ സാക്ഷരതാ-പൊതുജനാരോഗ്യ പദ്ധതികളിലൂടെ ലോകത്തെ ഇടതുപക്ഷ സര്‍ക്കാരുകളുടെ നയപരിപാടികളെ പോലും സ്വാധീനിച്ച ഭരണം കാഴ്ചവെച്ചു ഓര്‍ട്ടേഗയും. 90ല്‍ തെരഞ്ഞെടുപ്പില്‍ തോറ്റ് പത്ത് വര്‍ഷത്തോളം അധികാരത്തില്‍ നിന്ന് വിട്ടു നിന്ന ഓര്‍ട്ടേഗക്ക് പതിനേഴ് വര്‍ഷം പ്രതിപക്ഷത്ത് തുടരേണ്ടി വന്നു. 2007ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ ഓര്‍ട്ടേഗ തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷമാണ് പ്രസിഡന്‍റ് പദവിയില്‍.

 ഏകാധിപത്യത്തെ തോല്‍പ്പിച്ച് ഏകാധിപതിയായ ഓര്‍ട്ടേഗ 

രണ്ടാം വരവില്‍ ഓര്‍ട്ടേഗ ഇടതുമൂല്യങ്ങള്‍ കയ്യൊഴിഞ്ഞ് കുറച്ച് ഉദാര നയങ്ങള്‍ നടപ്പിലാക്കി. രാജ്യത്തെ ബിസിനസ് സമൂഹത്തിന്‍റെ പ്രിയങ്കരനായി മാറി. എന്നാല്‍ അധികാരം, മനുഷ്യനെ ദുഷിപ്പിക്കുന്നു, കൂടുതല്‍ അധികാരം കൂടുതല്‍ ദുഷിപ്പിക്കുന്നു എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതായിരുന്നു ഓര്‍ട്ടേഗയുടെ പില്‍ക്കാല പ്രവര്‍ത്തനങ്ങള്‍. 1979 മുതല്‍ കാമുകിയായിരുന്ന റോസാരിയോ മ്യൂറില്ലോയെ വിവാഹം കഴിച്ചു ഓര്‍ട്ടേഗ. തന്‍റെ ഭരണകൂടത്തിലെ ചീഫ് ഓഫ് സ്റ്റാഫാക്കി മാറ്റി അധികാരത്തിലേക്ക് കൊണ്ടു വന്നു. പിന്നീട് അവര്‍ രാജ്യത്തെ വൈസ് പ്രസിഡന്‍റായി. ഓര്‍ട്ടേഗയുടെ മക്കളും മരുമക്കളുമൊക്കെ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മേധാവികളായി മാറി. അധികാരം പൂര്‍ണമായും ഓര്‍ട്ടേഗ കുടുംബത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു.

 ഏകാധിപത്യത്തെ തോല്‍പ്പിച്ച് ഏകാധിപതിയായ ഓര്‍ട്ടേഗ 

ഓര്‍ട്ടേഗയുടെ രണ്ടാം വരവില്‍ ആഹ്ലാദിച്ച ആഗോള ഇടതുപക്ഷം നികരാഗ്വയെ കുറിച്ച് പിന്നീട് മൌനികളായി. ഇപ്പോഴിതാ, നികരാഗ്വയില്‍ ഓര്‍ട്ടേഗക്കെതിരെ കടുത്ത തെരുവ് പ്രക്ഷോഭം നടക്കുകയാണ്. ജനങ്ങള്‍ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നു. പ്രതിഷേധക്കാരെ ഓര്‍ട്ടേഗയുടെ സാന്‍ഡിനിസ്റ്റ് പാര്‍ട്ടിക്കാരും പൊലീസും ചേര്‍ന്ന് വെടിവെച്ചിടുന്നു. 170 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഓര്‍ട്ടേഗയും ഭാര്യ റോസാരിയോയും രാജിവെക്കണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് പ്രക്ഷോഭകാരികളുടെ ആവശ്യം. പ്രസിഡന്‍റിന്‍റെ പരമാവധി കാലാവധിയായ മൂന്ന് തവണ എന്നുള്ള ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്തു കഴിഞ്ഞു ഓര്‍ട്ടേഗ. മുതലാളിത്ത രാജ്യങ്ങളുടെ മാതൃകയില്‍ രാജ്യത്തെ ക്ഷേമപദ്ധതികള്‍ വെട്ടിച്ചുരുക്കാന്‍ ഓര്‍ട്ടേഗ തീരുമാനിച്ചതോടെയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. അവര്‍ക്ക് മടുത്തു കഴിഞ്ഞുവെന്ന് സാരം. ഓര്‍ട്ടേഗയുടെ പഴയ ഗറില്ലാ പോരാട്ട കഥകളൊക്കെ ജനം ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല.

 ഏകാധിപത്യത്തെ തോല്‍പ്പിച്ച് ഏകാധിപതിയായ ഓര്‍ട്ടേഗ 

കത്തോലിക്കാ രാജ്യമായ നികരാഗ്വയില്‍ സഭക്ക് നല്ല സ്വാധീനമുണ്ട്. അവര്‍ പ്രസിഡന്‍റുമായി ചര്‍ച്ച നടത്തിയെങ്കിലും രാജിയോ തെരഞ്ഞെടുപ്പോ സംബന്ധിച്ച് ഒരു ഉറപ്പും അവര്‍ക്ക് നല്‍കിയില്ല. പ്രക്ഷോഭകരെ വെടിവെച്ചു കൊന്നത് സംബന്ധിച്ച് അന്വേഷിക്കാം എന്ന് സഭാ പ്രതിനിധികളോട് പറഞ്ഞതല്ലാതെ മാധ്യമങ്ങളോട് പോലും ഓര്‍ട്ടേഗ ഒന്നും മിണ്ടുന്നില്ല. 1998-ല്‍ ഓര്‍ട്ടേഗ അധികാരത്തില്‍ നിന്നൊഴിഞ്ഞു നിന്ന സമയത്ത്, ഓര്‍ട്ടേഗയുടെ ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള മകള്‍ സോയിലമേരിക്ക നാര്‍വേസ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. അന്ന് മുപ്പത് വയസുള്ള സോയിലമേരിക്ക പറഞ്ഞത്, പതിനൊന്ന് വയസു മുതല്‍ ഓര്‍ട്ടേഗ തന്നെ ബലാല്‍സംഗം ചെയ്തു കൊണ്ടിരിക്കുകയാണെന്നാണ്. താന്‍ വിവാഹിതയായ ശേഷവും അത് തുടരുന്നുവെന്നും. ഈ ആരോപണം ഓര്‍ട്ടേഗ അന്ന് നിഷേധിച്ചു.

 ഏകാധിപത്യത്തെ തോല്‍പ്പിച്ച് ഏകാധിപതിയായ ഓര്‍ട്ടേഗ 

ഓര്‍ട്ടേഗയുടെ സാന്‍ഡിനിസ്റ്റ് പാര്‍ട്ടിയുടെ ആക്രമണം ഭയന്ന് അവര്‍ അയല്‍രാജ്യമായ കോസ്റ്റാറിക്കയില്‍ അഭയം തേടി. ഓര്‍ട്ടേഗയുടെ ഭാര്യയും സോയിലമേരിക്കയുടെ അമ്മയുമായ റോസാരിയോ മകള്‍ക്ക് ഭ്രാന്താണെന്ന സാന്‍ഡിനിസ്റ്റ് പാര്‍ട്ടിയുടെ ആരോപണത്തെ പിന്താങ്ങുകയാണ് ചെയ്തത്. സോയിലമേരിക്ക ആരോപണവുമായി വീണ്ടും രംഗത്തെത്തിയിട്ടുണ്ടെന്ന് മാത്രമല്ല, നിയമനടപടികള്‍ക്ക് നീങ്ങുകയും ചെയ്യുന്നു. ഈ ആരോപണത്തിന് ശേഷം രണ്ട് യുവതികള്‍ കൂടി സമാന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്തായാലും വെനസ്വേലയില്‍ നിക്കോളാസ് മദുറോക്കെതിരെ നടക്കുന്നതിനേക്കാള്‍ ശക്തമായ പ്രക്ഷോഭമാണ് നികരാഗ്വയില്‍ ഓര്‍ട്ടേഗക്കെതിരെ. ഇതിനെയെല്ലാം അമേരിക്കയുടെ ഗൂഢാലോചന എന്ന് പറഞ്ഞ് നേരിടാവുന്ന തരത്തിലല്ല കാര്യങ്ങള്‍. നികരാഗ്വയില്‍ ഓര്‍ട്ടേഗക്കെതിരെ നിലകൊള്ളുന്ന മുന്‍കാല സാന്‍ഡിനിസ്റ്റുകള്‍ തന്നെയാണ് പ്രക്ഷോഭത്തിന്‍റെ മുന്നിലും പിന്നിലുമെല്ലാം.