ഇഎംസിസി ധാരണാപത്രം റദ്ദാക്കിയത് ജനങ്ങള്‍ തെറ്റിദ്ധരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍: മുഖ്യമന്ത്രി
ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കോര്‍പ്പറേറ്റുകളെ അനുവദിക്കില്ലെന്നതാണ് സര്‍ക്കാരിന്റെ ഫിഷറീസ് നയമെന്നും സർക്കാർ മത്സ്യതൊഴിലാളികളുടെ ഒപ്പമാണെന്നും മുഖ്യമന്ത്രി

ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഇഎംസിസിയുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടുവെന്നത് അടിസ്ഥാന രഹിതമായ ആരോപണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങള്‍ തെറ്റിദ്ധരിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ധാരണപത്രം റദ്ദാക്കിയത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കോര്‍പ്പറേറ്റുകളെ അനുവദിക്കില്ലെന്നതാണ് സര്‍ക്കാരിന്റെ ഫിഷറീസ് നയമെന്നും സർക്കാർ മത്സ്യതൊഴിലാളികളുടെ ഒപ്പമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്..
ഈ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണ്. അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സാധ്യമായതെല്ലാം ചെയ്യും. ഇഎംസിസി (ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) എന്ന കമ്പനിയുമായി ആഴക്കടല്‍ മത്സ്യബന്ധനത്തിന് കേരള സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ തകര്‍ക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. അതില്‍നിന്ന് ചില തിരുത്തലുകള്‍ അദ്ദേഹം പിന്നീട് വരുത്തി. അദ്ദേഹം മാറിമാറി ഉന്നയിച്ച ഓരോ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. സംഭവങ്ങളുടെ നാള്‍വഴി പരിശോധിച്ചാല്‍ അത് തെളിയും.
അസെന്റ് കേരള 2020ല്‍ 117 താല്പര്യപത്രങ്ങളും 34 ധാരണാപത്രങ്ങളും സംരംഭകരുമായി സര്‍ക്കാര്‍ ഒപ്പുവെച്ചിട്ടുണ്ട്. കേരളത്തില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യപ്പെട്ടുവരുന്ന സംരംഭകരുമായി ഒരു സ്റ്റാന്‍ഡേര്‍ഡ് ഫോര്‍മാറ്റിലുള്ള ധാരണാപത്രമാണ് ഒപ്പുവെച്ചിട്ടുള്ളത്. അതില്‍ കേരള സര്‍ക്കാര്‍, സര്‍ക്കാര്‍ നയങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അനുസൃതമായുള്ള പ്രോത്സാഹനവും പിന്തുണയും നല്‍കുമെന്നാണ് പറഞ്ഞിട്ടുള്ളത്.
ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കോര്‍പ്പറേറ്റുകള്‍ ഉള്‍പ്പെടെയുള്ള ഒരുവിധ കോര്‍പ്പറേറ്റുകളെയും അനുവദിക്കില്ല എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഫിഷറീസ് നയം. ആ നിലയ്ക്ക് കെഎസ്ഐഡിസി എംഡി ഒപ്പിട്ട ധാരണാപത്രം ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രോത്സാഹനം നല്കുന്ന ഒന്നല്ല. സര്‍ക്കാര്‍ നയങ്ങള്‍ക്കനുസൃതമായ പിന്തുണയും സഹകരണവുമാണ് ധാരണാപത്രത്തില്‍ വാഗ്ദാനം ചെയ്യുന്നത്. സര്‍ക്കാര്‍ നയങ്ങള്‍ക്കു വിരുദ്ധമായ ഒരു കാര്യത്തിന് ഈ പിന്തുണ ലഭ്യമാകില്ല. അതിനാല്‍ തന്നെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് കേരള സര്‍ക്കാര്‍ പിന്തുണയും സഹകരണവും നല്കുന്നു എന്ന ആരോപണത്തിന് വസ്തുതകളുടെ പിന്‍ബലമില്ല.
തീര്‍ത്തും തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്ന പ്രതിപക്ഷ നേതാവ് പൊതുമണ്ഡലത്തില്‍ ഉന്നയിക്കുമ്പോള്‍ മത്സ്യത്തൊഴിലാളികളും പൊതുസമൂഹവും തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടയുണ്ട്. ആ കാരണത്താല്‍ അതീവ ജാഗ്രതയുടെ ഭാഗമായി സര്‍ക്കാര്‍ ഈ ധാരണാപത്രം റദ്ദാക്കാന്‍ കെഎസ്ഐഡിസി മാനേജിങ് ഡയറക്ടര്‍ക്ക് വ്യവസായമന്ത്രി നിര്‍ദേശം നല്കിക്കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ചെയ്ത എന്തെങ്കിലും തെറ്റായ കാര്യമല്ല റദ്ദാക്കുന്നത്. പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണയുടെ ഒരു കണികപോലും അവശേഷിക്കരുത് എന്ന നിര്‍ബന്ധമുള്ളതുകൊണ്ടാണ് ധാരണാപത്രം റദ്ദാക്കിയത് എന്ന് ഇവിടെ വ്യക്തമാക്കട്ടെ.
Adjust Story Font
16