ബഹ്റൈനിലെ വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് പരിശോധന
രാജ്യത്ത് 759 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്
കോവിഡ് പ്രതിരോധത്തിനായുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിൻ്റെ ഭാഗമായി ബഹ്റൈനിൽ അയ്യായിരം വ്യാപാര സ്ഥാപനങ്ങളില്‍ അധിക്യതർ പരിശോധനകൾ പൂർത്തിയാക്കി. രാജ്യത്ത് 759 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് ശേഷം റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യുട്ടി പാര്‍ലറുകള്‍ എന്നീ സ്ഥാപനങ്ങളിലാണ് പരിശോധനകൾ കർശനമാക്കിയത്. 1345 റെസ്റ്റോറന്റുകള്‍ പരിശോധിക്കുകയും സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. നിയമ ലംഘനം നടത്തിയ ചില റെസ്റ്റോറന്റുകള്‍ അടച്ചു പൂട്ടാനും നിര്‍ദേശം നല്കി. 3275 ജെന്റ്സ്, ലേഡീസ് ബ്യൂട്ടി പാര്‍ലറുകളിലും പരിശോധന നടന്നു.
ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായി വ്യാപാര,വാണിജ്യ, ടൂറിസം മന്ത്രാലയത്തിലെ ഇന്സ്പെക്ഷന് ആന്‍ഡ് എച്ച്.ആര് വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ അസീസ് അല്‍ അഷ്റഫ് വ്യക്തമാക്കി. രാജ്യത്ത് രോഗബാധയിലുള്ള ആകെ മരണ സംഖ്യ 500 കവിഞ്ഞു. ചികിൽസയിൽ കഴിഞ്ഞ ഒരാൾ കൂടി ഇന്ന് മരിച്ചു. പുതുതായി കോവിഡ് സ്ഥിരീകരിച്ച 759 പേരിൽ 278പേരാണ് പ്രവാസികൾ. 6997 പേർ നിലവിൽ ചികിൽസയിൽ കഴിയുന്നുണ്ട്.