LiveTV

Live

Bahrain

വിദേശത്ത് നിന്ന് വരുന്നവര്‍ക്കുള്ള കോവിഡ് പരിശോധനാ ഫീസ് കുറച്ച് ബഹ്റെെന്‍

നിരക്കിൽ കുറവ് വരുത്തിയത് കേരളത്തിൽ നിന്ന് ബഹ്റൈനിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആശ്വാസകരമാകും.

വിദേശത്ത് നിന്ന് വരുന്നവര്‍ക്കുള്ള കോവിഡ് പരിശോധനാ ഫീസ് കുറച്ച് ബഹ്റെെന്‍

ബഹ്‌റൈനിലേക്ക് വിദേശത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്കുള്ള കോവിഡ് പരിശോധനാ ഫീസ് കുറച്ചു. നിരക്കിൽ കുറവ് വരുത്തിയത് കേരളത്തിൽ നിന്ന് ബഹ്റൈനിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആശ്വാസകരമാകും.

ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള കോവിഡ് പരിശോധനാ നിരക്ക് 60 ദിനാറില്‍ നിന്ന് 40 ദിനാറായാണ് കുറച്ചത്. വിമാനത്താവളത്തിൽ എത്തുമ്പോഴും 10 ദിവസം കഴിഞ്ഞും നടത്തേണ്ട കോവിഡ് പി.സി.ആർ പരിശോധനകൾക്കായി ഇനി പുതിയ നിരക്കിലുള്ള ഫീസ് നൽകിയാൽ മതിയാകും. സ്വദേശികൾക്കും പ്രവാസികൾക്കും സന്ദർശകർക്കും ഇത് ബാധകമാണ്. കോവിഡ് പ്രതിരോധത്തിനുള്ള മെഡിക്കൽ ടാസ്ക് ഫോഴ്സ് ആണ് തീരുമാനം അറിയിച്ചത്. ഇന്ന് മുതൽ തീരുമാനം പ്രാബല്യത്തിലായി. അതേസമയം മറ്റു നിബന്ധനകളിൽ മാറ്റമില്ലെന്നും ടാസ്ക് ഫോഴ്സ് വ്യത്തങ്ങൾ അറിയിച്ചു.

ജൂലൈ 1നാണ് ബഹ്റൈൻ ഇൻറർനാഷണൽ എയർപോർട്ടിൽ എത്തുന്ന യാത്രക്കാർ കോവിഡ് പരിശോധനയുടെ ചെലവ് സ്വയം വഹിക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിന്‍റെ തീരുമാനമുണ്ടായത്. എയർപോർട്ടിലെത്തുന്ന യാത്രക്കാർക്ക് 'ബി അവെയർ ബഹ്റൈൻ' എന്ന മൊബൈൽ ആപ്പിലുടെയോ ഇലക്ട്രോണിക് പേയ്മെൻറ് ആയോ ക്യാഷ് ആയോ പണം അടക്കാനും സൗകര്യം ഏർപ്പെടുത്തിയിരുന്നു. ആദ്യ പരിശോധനയുടെ ഫലം നെഗറ്റീവ് ആകുന്നവർ പത്താം ദിവസം വീണ്ടും പരിശോധന നടത്തണമെന്നാണ് നിലവിലുള്ള നിബന്ധന. കോവിഡ് ടെസ്റ്റ് നിരക്ക് വെട്ടിക്കുറച്ചത് ബഹ്റൈനിലേക്ക് വരുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകും.