വിടവാങ്ങിയത് പ്രവാസികളോട് കരുതലും സ്നേഹവും കാണിച്ച ഭരണാധികാരി
മനുഷ്യത്വപരവും സ്നേഹാർദ്രവുമായ നിലപാടുകൾ കൊണ്ട് പ്രവാസികൾക്കും ഏറെ പ്രിയങ്കരനായിരുന്നു പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ

ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വേർപാടിൽ സ്വദേശി ജനതയോടൊപ്പം ദു:ഖം പങ്കിടുകയാണ് രാജ്യത്തെ പ്രവാസികളും. മനുഷ്യത്വപരവും സ്നേഹാർദ്രവുമായ നിലപാടുകൾ കൊണ്ട് പ്രവാസികൾക്കും ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം.
പല ഘട്ടങ്ങളിലും പ്രവാസികൾക്ക് സഹായകരമായി നിലകൊണ്ട ഭരണാധികാരി വിടവാങ്ങുമ്പോൾ രാജ്യത്തെ ഇന്ത്യക്കാരും സ്വദേശികളോടൊപ്പം ഏറെ ദു:ഖം അനുഭവിക്കുന്നുണ്ട്. കാരുണ്യവും സഹാനുഭൂതിയും പ്രകടമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകൾ. ക്ഷയരോഗ ബാധിതയായി മരിച്ച ഭാര്യയുടെ മൃതദേഹം ചുമക്കേണ്ടി വന്ന് നിസ്സഹായതയുടെ പ്രതീകമായിത്തീർന്ന ഒഡീഷയിലെ ദനാ മജ്ഹിയുടെ വാർത്ത പ്രാദേശിക അറബ് പത്രം റിപ്പോർട്ട് ചെയ്തപ്പോൾ ഉടൻ തന്നെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ആ കുടുംബത്തെ സഹായിക്കാൻ അദ്ദേഹം സന്നദ്ധനായി. ദുരിതമനുഭവിച്ച നിരവധി പ്രവാസികൾക്ക് നാടണയുന്നതിനും വിവിധ സന്ദർഭങ്ങളിലായി അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ ഇടപെടലുകളുണ്ടായി.
ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും അഗാധമായ ദു:ഖം രേഖപ്പെടുത്തി. ഇന്ത്യന്‍ സമൂഹത്തോട് കരുതലും സ്നേഹവും കാട്ടിയ ഭരണാധികാരിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകളും പ്രധാന മന്ത്രിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.
Adjust Story Font
16