LiveTV

Live

Bahrain

കോവിഡ് രോഗ വിമുക്തി: ഗൾഫ് മേഖലയിൽ ബഹ്റൈൻ മുന്നിൽ   

പകുതിയിലധികം പേർ സുഖം പ്രാപിച്ചു  

കോവിഡ് രോഗ വിമുക്തി: ഗൾഫ് മേഖലയിൽ ബഹ്റൈൻ  മുന്നിൽ   

കോവിഡ് രോഗബാധയിൽ നിന്ന് പൂർണ സുഖം പ്രാപിച്ചവരുടെ എണ്ണത്തിൽ ബഹ് റൈൻ മറ്റെല്ലാ ഗൾഫ് രാഷ്ട്രങ്ങളെക്കാളും മുന്നിൽ. രോഗ ബാധയുടെ വ്യാപനം ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നതിൽ രാജ്യം കൈക്കൊള്ളുന്ന നടപടികൾ ഫലപ്രദമാകുന്നതിൻ്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഫെബ്രുവരി 24ന് ആദ്യത്തെ കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ട രാജ്യത്ത് ഇതിനകം രോഗവിമുക്തി നേടിയവരുടെ എണ്ണം 272 ആയി. ആകെ 495 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ പകുതിയിലധികം പേർക്ക് സുഖം പ്രാപിച്ച് ചികിൽസാലയങ്ങളിൽ നിന്ന് ഡിസ്ചാർജ് നേടി.

അൻപത് ശതമാനത്തിലധികം പേർക്ക് രോഗവിമുക്തി ലഭിച്ചതാണ് ബഹ്റൈനെ ഗൾഫ് മേഖലയിൽ തന്നെ ഈ വിഷയത്തിൽ ശ്രദ്ധാകേന്ദ്രമാക്കുന്ന ഘടകം. സൗദി അറേബ്യയിൽ 1104ൽ 35 പേരും (3.17 ശതമാനം) യു.എ.ഇയിൽ 405ൽ 55 പേരും (13.58 ശതമാനം) ഒമാനിൽ 152ൽ 23 പേരും (15.13 ശതമാനം) കുവൈത്തിൽ 235ൽ 64 പേരും (27.23 ശതമാനം) ഖത്തറിൽ 562ൽ 43 പേരും (7.65 ശതമാനം) ആണ് സുഖം പ്രാപിച്ചത്.22 ശതമാനമാണ് ആഗോള തലത്തിലെ രോഗവിമുക്തി.

കോവിഡ് രോഗ വ്യാപനം തടയാൻ നാഷണൽ ടാസ്ക് ഫോഴ്സിൻ്റെ നേത്യത്വത്തിലാണ് രോഗ പ്രതിരോധ നടപടികൾ പുരോഗമിക്കുന്നത്. രോഗ നിർണയത്തിനുള്ള ടെസ്റ്റുകളുടെ കാര്യത്തിലും ബഹ് റൈൻ സജീവ ശ്രദ്ധ നൽകുന്നു. ഇതിനകം 31526 പേരെ രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിക്കഴിഞ്ഞു.