LiveTV

Live

Bahrain

വിനോദ് കുമാറിന് മോചന വഴി തെളിയുന്നു; സഹായിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ

വിനോദ് കുമാറിന് മോചന വഴി തെളിയുന്നു; സഹായിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ

കഴിഞ്ഞ ആറുമാസക്കാലമായി ദുരിതമയമായ പ്രവാസ ജീവിതം നയിച്ചിരുന്ന മലയാളിക്ക് സമാശ്വാസമായി ബഹ് റൈൻ പ്രധാനമന്ത്രിയുടെ ഇടപെടൽ. നിയമ പ്രശ്നങ്ങളിൽ പെട്ട് നാട്ടിലേക്ക് പോകാൻ കഴിയാതെ വിഷമിച്ച ആലപ്പുഴ കലവൂര്‍ സ്വദേശി വിനോദ് കുമാറിനാണ് നാട്ടിലേക്ക് എത്താനുള്ള വഴി തെളിയുന്നത്.

ബഹ്റൈനിലെ ആലിയിലുള്ള ഒരു ഗാരേജിനോട് ചേർന്നുള്ള ഇടുങ്ങിയ മുറിയിൽ ഒറ്റപ്പെട്ട് ജീവിക്കുകയായിരുന്നു ആലപ്പുഴ കലവൂർ സ്വദേശി വിനോദ്കുമാർ. കഴിഞ്ഞ 30 വര്‍ഷത്തോളമായി ബഹ്‌റൈനില്‍ ജോലി ചെയ്ത് വരികയായിരുന്ന ഇദ്ദേഹം രോഗങ്ങളും പട്ടിണിയും കാരണം കഴിഞ്ഞ ആറുമാസക്കാലമായി അവശനിലയിലായിരുന്നു. ചില നിയമപ്രശ്നങ്ങളിലും കടബാധ്യതയിലും പെട്ടതിനെത്തുടർന്ന് ഇദ്ദേഹത്തിന് യാത്രാനിരോധവും നേരിടേണ്ടി വന്നു. ഇത് ശ്രദ്ധയിൽ പെട്ട ഷിജു എന്ന ചെറുപ്പക്കാരൻ താമസിക്കുന്ന സ്ഥലത്തിന്റെ ശോചനീയാവസ്ഥ വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഈ പ്രവാസിയുടെ ദുരിതങ്ങളെക്കുറിച്ച് പുറം ലോകമറിഞ്ഞത്. തുടർന്ന് ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ ഓഫീസ് തന്നെ ഇദ്ദേഹത്തെ സഹായിക്കാൻ നേരിട്ട് ഇടപെട്ടു. വിനോദ് കുമാറിൻ്റെ കണ്ണിലിപ്പോൾ നാടണയാൻ കഴിയുമെന്ന പ്രതീക്ഷയുടെ തിളക്കമുണ്ട്. വിനോദിനെതിരേയുള്ള യാത്രാവിലക്കും പിഴയും ഒഴിവാക്കി എത്രയും വേഗം വിനോദിനെ നാട്ടിലെത്തിക്കുവാനാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. തൻ്റെ പ്രവർത്തനം വഴി ഒരു പ്രവാസിയുടെ ജീവിത ദുരിതത്തിന് അറുതിയാകുന്നതിൽ ഏറെ സന്തോഷവാനാണിപ്പോൾ ഷിജു. ബഹ് റൈനിലെ വിവിധ സാമൂഹിക പ്രവർത്തകരും സംഘടനകളും വിനോദ് കുമാറിന് സഹായങ്ങളുമായി എത്തി. വാർത്തയറിഞ്ഞ് സഹായിക്കാൻ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികൾ തയ്യാറായതോടെ ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണിപ്പോൾ. ഐ.സി.ആര്‍.എഫ് അംഗം സുധീര്‍ തിരുനിലത്ത്, സാമൂഹിക പ്രവര്‍ത്തകരായ സിയാദ് ഏഴംകുളം, മനോജ് വടകര, ബാദുഷ, നവാസ് കുണ്ടറ തുടങ്ങിയവരാണ് വിനോദിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്