LiveTV

Live

Badminton

എച്ച്. എസ് പ്രണോയിക്ക് കാരണം കാണിക്കല്‍ നോട്ടീസ്, മാപ്പു ചോദിച്ച ശ്രീകാന്തിന് ഖേല്‍രത്‌ന ശുപാര്‍ശ

മലയാളി താരം എച്ച്.എസ് പ്രണോയ് 15 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്...

എച്ച്. എസ് പ്രണോയിക്ക് കാരണം കാണിക്കല്‍ നോട്ടീസ്, മാപ്പു ചോദിച്ച ശ്രീകാന്തിന് ഖേല്‍രത്‌ന ശുപാര്‍ശ

അര്‍ജുന പുരസ്‌കാരത്തിന് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ശുപാര്‍ശ നല്‍കാതിരുന്നത് പരസ്യമായി വിമര്‍ശിച്ച മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ് പ്രണോയിക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ്. 15 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്. അതേസമയം ഫെബ്രുവരിയില്‍ നടന്ന ഏഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാതിരുന്ന കിഡംബി ശ്രീകാന്തിനെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്‌നക്ക് ബായ് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാത്തതിന് ശ്രീകാന്ത് മാപ്പു പറഞ്ഞിരുന്നു. ഇതോടെയാണ് ശ്രീകാന്തിന്റെ പേര് ഖേല്‍രതനയ്ക്ക് നിര്‍ദേശിച്ചത്. ഏഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ എച്ച്.എസ് പ്രണോയിയും കളിച്ചിരുന്നില്ല. പകരം ശ്രീകാന്തും പ്രണോയിയും ബാഴ്‌സലോണയില്‍ മറ്റൊരു ടൂര്‍ണമെന്റ് കളിച്ചു. അനുമതിയില്ലാതെ ചാമ്പ്യന്‍ഷിപ്പിനിടെ മറ്റൊരു ടൂര്‍ണമെന്റ് കളിക്കാന്‍ പോയതിനാണ് ഇരുവരോടും അസോസിയേഷന്‍ വിശദീകരണം തേടിയത്. ശ്രീകാന്ത് ഇ-മെയില്‍ വഴി വിശദീകരണം നല്‍കുകയും വീഴ്ച്ചയില്‍ മാപ്പ് ചോദിക്കുകയും ചെയ്തുവെന്നാണ് അസോസിയേഷന്‍ പറയുന്നത്.

സിംഗിള്‍സ് താരമായ സമീര്‍ വര്‍മ, ഡബിള്‍സ് താരങ്ങളായ സാത്വിക് സായ്രാജ് റങ്കി റെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവരെയാണ് അസോസിയേഷന്‍ ഇക്കുറി അര്‍ജ്ജുന പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്. പ്രധാന ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുക പോലും ചെയ്യാത്തവരെ ബാഡ്മിന്റണ്‍ അസോസിയേഷന്‍ അര്‍ജുനക്ക് ശുപാര്‍ശ ചെയ്തതിനെയാണ് എച്ച്.എസ് പ്രണോയ് പരസ്യമായി വിമര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷവും പ്രണോയിയുടെ പേര് അസോസിയേഷന്‍ പരിഗണിച്ചിരുന്നില്ല.