മലേഷ്യ മാസ്റ്റേഴ്സ്: സിന്ധു, സൈന, പ്രണോയ്, സമീര്‍ രണ്ടാം റൗണ്ടില്‍
അതേസമയം ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ശ്രീകാന്ത്, പി കശ്യപ്, സായ് പ്രണീത് എന്നിവര്‍ ആദ്യ റൗണ്ടില്‍തന്നെ തോറ്റു പുറത്തായി...

മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു രണ്ടാം റൗണ്ടില്‍. റഷ്യയുടെ ഇവ്ജീനിയ കൊസെറ്റ്സ്കായെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തോല്പിച്ചത്. സൈനയും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. പുരുഷവിഭാഗത്തില്‍ എച്ച്.എസ് പ്രണോയ്, സമീര്‍ വര്‍മ എന്നിവരും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. അതേസമയം ശ്രീകാന്ത്, പി കശ്യപ്, സായ് പ്രണീത് എന്നിവര്‍ ആദ്യ റൗണ്ടില്‍തന്നെ തോറ്റു.
ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി 2019 ഗംഭീരമാക്കിയ സിന്ധു ഫോം 2020ലും തുടരുന്ന കാഴ്ച്ചയാണ് കണ്ടത്. വെറും 35 മിനുറ്റുകള്‍ കൊണ്ടാണ് 21-15, 21-13ന് സിന്ധു കൊസെറ്റ്സ്കായെ തോല്പിച്ചത്. ആദ്യ ഗെയിമില്‍ ഒരവസരത്തില്‍ 8-6ന് റഷ്യന്‍ താരം ലീഡ് നേടിയിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി പോയിന്റുകള്‍ നേടി സൈന മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
നേരത്തെ ബെല്‍ജിയം താരം ലിയാനി താനിനെതിരെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്പിച്ച് സൈനയും രണ്ടാം റൗണ്ടിലെത്തിയിരുന്നു. സ്കോര്‍ 21-15, 21-17.

എച്ച്.എസ് പ്രണോയ് 21-9, 21-17നാണ് ജപ്പാന്റെ കാന്ത സുനെയാമയെ തോല്പിച്ചത്. പി കശ്യപിനെ തോല്പിച്ച ലോക ഒന്നാം നമ്പര്‍താരം കെന്റോ മൊമോട്ടയാണ് പ്രണോയിന്റെ രണ്ടാം റൗണ്ടിലെ എതിരാളി.
കശ്യപിനെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജാപ്പനീസ് താരം തോല്പിച്ചത്. സ്കോര്‍ 21-17, 21-16. കഴിഞ്ഞ സീസണില്‍ 10 കിരീടങ്ങള്‍ നേടിയ മൊമോട്ടക്ക് മുന്നില്‍ പിടിച്ചു നില്ക്കാന് കശ്യപിനായില്ല.
തായ്ലന്റ് താരത്തെ 21-16, 21-15ന് തോല്പിച്ചാണ് സമീര്‍ വര്‍മ്മ രണ്ടാം റൗണ്ടിലെത്തിയത്. മലേഷ്യന്‍ താരം ലീ സി ജിയയാണ് രണ്ടാം റൗണ്ടില്‍ സമീറിന്റെ എതിരാളി. മറ്റൊരു ഇന്ത്യന്‍ താരം കെ ശ്രീകാന്തിനും ആദ്യ റൗണ്ട് താണ്ടാനായില്ല. തായ്വാന്റെ ടിയാന് ചെന്‍ 21-17, 21-5 എന്ന സ്കോറിനാണ് ശ്രീകാന്തിനെ തോല്പിച്ചത്. ആദ്യ ഗെയിമില്‍ പിടിച്ചു നിന്ന ശ്രീകാന്തിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ലോക രണ്ടാം നമ്പര്‍ താരമായ ടിയാന് ചെന്‍ രണ്ടാം ഗെയിമില്‍ നടത്തിയത്.
ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കലമെഡല്‍ ജേതാവ് സായ് പ്രണീതിനെ ആദ്യ റൗണ്ടില്‍ തന്നെ ഡെന്മാര്ക്കിന്റെ റാസ്മസ് ജെംകെ തോല്പിച്ചു. 52 മിനുറ്റില്‍ 11-21, 15-21 എന്ന സ്കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സായ് പ്രണീതിന്റെ തോല്‍വി.