മോദിയുടെ 'മെയ്ക്ക് ഇൻ ഇന്ത്യക്ക്' തിരിച്ചടി; ഇന്ത്യയില്‍ ഇനി നിക്ഷേപത്തിനില്ലെന്ന് ടൊയോട്ട
കേന്ദ്ര സർക്കാരിന്റെ ഉയര്‍ന്ന നികുതി നിരക്കാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ ടോയൊട്ടയെ പ്രേരിപ്പിച്ചത്

നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യക്ക് തിരിച്ചടിയായി ടൊയോട്ടയുടെ പുതിയ നിലപാട്. ഇന്ത്യയില്‍ ഇനി കൂടുതല്‍ നിക്ഷേപം നടത്താനില്ലെന്നാണ് ബ്ലൂംബര്‍ഗ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ടൊയോട്ട മോട്ടോർ കോർപ്പറേഷൻ വൈസ് ചെയർമാൻ ശേഖർ വിശ്വനാഥന് വ്യക്തമാക്കിയത്. കേന്ദ്ര സർക്കാരിന്റെ ഉയര്‍ന്ന നികുതി നിരക്കാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ ടോയൊട്ടയെ പ്രേരിപ്പിച്ചത്. നികുതി വര്‍ദ്ധവിനെ തുടര്‍ന്ന് കമ്പനികള്‍ക്ക് ലാഭകരമായി പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യമാണ് രാജ്യത്തുള്ളതെന്നാണ് ടൊയോട്ട വൃത്തങ്ങളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ ഒഴികെ കാറുകൾ, ഇരുചക്രവാഹനങ്ങൾ, സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള മോട്ടോർ വാഹനങ്ങക്ക് 28 ശതമാനം വരെ ഉയർന്ന നികുതിയാണ് ഈടാക്കുന്നത്.
ടൊയോട്ടയുടെ പല ഫാക്ടറികളിലും ഉല്‍പ്പാദനം വെട്ടിച്ചുരുക്കി. തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണെന്നും കമ്പനി വൃത്തങ്ങള്‍ പറയുന്നു. നിലവില്‍ 20 ശതമാനം ഉല്‍പ്പാദന ശേഷി മാത്രമാണ് ടൊയോട്ട യൂണിറ്റുകള്‍ വിനിയോഗിക്കുന്നുള്ളൂവെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു പുതിയ നിക്ഷേപം ഉണ്ടാകില്ലെങ്കിലും രാജ്യത്തെ പ്രവര്‍ത്തനം ടൊയോട്ട അവസാനിപ്പിക്കില്ലെന്നും ശേഖര്‍ വിശ്വനാഥന് പറയുന്നു.
ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ടൊയോട്ടയുടെ വിപണി വിഹിതം കുറഞ്ഞു. 2019 ല്‍ അഞ്ചു ശതമാനം വിപണി വിഹിതം ടൊയോട്ട നേടിയിരുന്നു. എന്നാല്‍ ടൊയോട്ടയുടെ മാര്‍ക്കറ്റ് ഷെയര്‍ 2.6 ശതമാനമായാണ് ആഗസ്റ്റ് മാസത്തില്‍ കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും പകുതിയോളമാണ് ടൊയോട്ടയുടെ വിപണി വിഹിതം ഇടിഞ്ഞിരിക്കുന്നത്.
ബിഎസ് 4 ൽ നിന്ന് ബിഎസ് 6 ലേക്ക് മാറുന്നതിനിടയിൽ എത്തിയോസ്, എത്തിയോസ് ലിവ, എത്തിയോസ് ക്രോസ്, കൊറോള ആൽറ്റിസ് തുടങ്ങി നിരവധി കാറുകള്‍ ടൊയോട്ട നിര്‍ത്തി. എന്നാല്‍ പകരം മറ്റ് മോഡലുകള്‍ ടൊയോട്ട വിപണിയില്‍ അവതരിപ്പിച്ചില്ലെന്നതും ടൊയോട്ടക്ക് തിരിച്ചടിയാവും എന്നാണ് വാഹനവിപണിയിലെ വിദഗ്ദ്ധര്‍ പറയുന്നത്.