''ബലം നോ'' അല്ല ബെലേനൊ
സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഫേസ്ബുക്ക് പോലെയുള്ള സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു അപകട വാര്‍ത്തയുടെ ചിത്രങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്താണ് ഈ അപകടം നടന്നത്. അപകടത്തില്‍ പെട്ടത് മാരുതി സുസൂക്കിയുടെ ബെലേനൊ കാര്‍. നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിക്ക് പിന്നിലേക്ക് ബെലേനൊ ഇടിച്ചുകയറുകയായിരുന്നു. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറയുന്നത് പോലെ ആ കാറിന് പിന്നിലേക്ക് മറ്റൊരു ലോറിയും ഇടിച്ചുകയറി.

അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. ഒറ്റനോട്ടത്തില്‍ വാഹനത്തിലുണ്ടായിരുന്ന ആരും ജീവിച്ചിരിക്കില്ലെന്നേ പറയൂ. 'ഒറ്റ ഇടിയില്‍ പപ്പടം പൊടിയുന്ന പോലെ പൊടിയുന്ന കാര്‍' എന്ന തലക്കെട്ടോടുകൂടിയാണ് ഈ വാര്‍ത്ത സേഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

പിന്നെ സ്വാഭാവികമായും ട്രോളുകളായി, റോസ്റ്റിങ്ങായി, സംഗതി വൈറലായി. ഇത് മാത്രമല്ല ഗൂഗിളില്‍ വെറുതേ ഒന്ന് തിരഞ്ഞാല്‍ ഇതുപോലെ ബെലേനൊ ഉള്‍പ്പെട്ട നിരവധി അപകട വാര്‍ത്തകള്‍ കാണാനാകും. ഒമ്പത് ലക്ഷത്തിന് മുകളില്‍ വില വരുന്ന ഒരു കാര്‍ ഒറ്റ ഇടിയില്‍ ഇങ്ങനെ തകര്‍ന്നാല്‍ ആളുകള്‍ പ്രതികരിക്കില്ലേ? പ്രതികരിക്കും, തീര്‍ച്ചയായും പ്രതികരിക്കും. ഇനി അതല്ല ഇതിനെല്ലാം പിന്നില്‍ എന്തെങ്കിലും ശാസ്ത്രീയതയുണ്ടോ? മാരുതിയുടെ ഗുണനിലവാരമില്ലായ്മയാണോ ഇത് കാണിക്കുന്നത്? ഇക്കാര്യങ്ങളൊക്കെയാണ് നമ്മള് പരിശോധിക്കുന്നത്.

നമ്മള് ഓടിക്കുന്ന വാഹനം അപകടത്തില്‍പെട്ടാല്‍ അതിനകത്തിരിക്കുന്ന നമ്മുടെ പരിക്കിന്റെ ആഴത്തെ തീരുമാനിക്കുന്ന പ്രധാന ഘടകം സമയമാണ്. വണ്ടി ഓടിക്കുന്ന നമ്മുടെ സമയമല്ല. പറഞ്ഞു വരുന്നത് മറ്റൊരു സമയത്തെ കുറിച്ചാണ്. നമ്മള് ഓടിക്കുന്ന വാഹനം അത് ഓടിക്കൊണ്ടിരിക്കുന്ന വേഗത്തില്‍ നിന്നും പൂജ്യത്തിലെത്താന്‍ എടുക്കുന്ന സമയം. ആ സമയമാണ് അതിനകത്തിരിക്കുന്ന നമ്മുടെ പരിക്കിന്റെ ആഘാതം നിര്‍ണ്ണയിക്കുന്നത്. ഈ സമയം കൂടുതലാണെങ്കില്‍ നമുക്കുണ്ടാകുന്ന പരിക്കിന്റെ ആഘാതം കുറവായിരിക്കും. ഇനി അതല്ല ഈ സമയം കുറവാണെങ്കില്‍ നമുക്കുണ്ടാകുന്ന പരിക്ക് കൂടുതലായിരിക്കും. കണ്ഫൂഷനായല്ലേ?
കുറച്ചുകൂടെ ലളിതമായി പറയാം.
നിങ്ങള്‍ ഒരു പത്ത് നില കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടുകയാണ് എന്ന് സങ്കല്‍പ്പിക്കുക. അങ്ങനെ ചാടുന്ന നിങ്ങള്‍ ഒരേ വേഗതത്തിലായിരിക്കും താഴേക്ക് കുതിക്കുക. പൊടുന്ന ഒരൊറ്റ സെക്കന്റില്‍ നിങ്ങളുടെ ശരീരം തറയില്‍ തട്ടി നില്ക്കുന്നു. അതു വരെ ഒരേ വേഗതയില്‍ താഴേക്ക് വരുന്ന നിങ്ങളുടെ ശരീരത്തിന്റെ വേഗത ഒരൊറ്റ സെക്കന്റില്‍ പൂജ്യമാകുന്നുവെന്ന് ചുരുക്കം. അതുകൊണ്ട് തന്നെ നിങ്ങള്‍ക്കുണ്ടാകുന്ന പരിക്കും വളരെ വലുതായിരിക്കും. ഇനി ഇതേ കെട്ടിടത്തിന് മുകളില്‍ നിന്നും നിങ്ങള്‍ ചാടുന്നത് നിവര്‍ത്തിപ്പിടിച്ച ഒരു വലയിലേക്കാണ് എന്ന് വിചാരിക്കുക അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്കുണ്ടാകുന്ന പരിക്കിന്റെ അളവ് താരതമ്യേന കുറവായിരിക്കും.

കാരണം നിങ്ങളുടെ ശരീരം വലയില്‍ തട്ടുന്ന നിമിഷം തന്നെ അതിന്റെ വേഗത പൂജ്യത്തിലെത്തുന്നില്ല. പതിയെ വേഗം കുറഞ്ഞാണ് ശരീരത്തിന്റെ വേഗം പൂജ്യത്തിലെത്തുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്കുണ്ടാകുന്ന പരിക്കും കുറയുന്നു. ഇനി നിങ്ങള്‍ വെള്ളത്തിലേക്ക് ചാടിയാലും ഇത് തന്നെയാണ് അവസ്ഥ. കാരണം ഈ രണ്ട് സാഹചര്യങ്ങളിലും ശരീരത്തിന്റെ വേഗം ഒരൊറ്റ സെക്കന്റില്‍ പൂജ്യത്തിലെത്തുന്നില്ല. എന്തുകൊണ്ടാണ് അപകടത്തില്‍ സമയം ഇത്ര വലിയ ഘടകമായി മാറുന്നത്? എങ്ങിനെയാണ് സമയത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ അപകടത്തിന്റെ തീവ്രതയെ ഇത്രയധികം സ്വാധീനിക്കുന്നത്?

ഇതിനെക്കുറിച്ച് വ്യക്തമായി പറയുന്നത് ന്യൂട്ടന്റെ ഒന്നാം ചലനനിയമത്തിലാണ്.
ഏതൊരു വസ്തുവും അതിന്റെ അവസ്ഥ തുടരാന്‍ ആഗ്രഹിക്കുന്നു എന്നുള്ളതാണ്.
അതായത് ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവാണെങ്കില്‍ അത് ചലിച്ചുകൊണ്ടെയിരിക്കാനും നിശ്ചലാവസ്ഥയുള്ള വസ്തുവാണെങ്കില്‍ അത് നിശ്ചലാവസ്ഥ തുടരാനും ആഗ്രഹിക്കുന്നുവെന്ന് ചുരുക്കം.
വാഹനം ഒരിടത്ത് ഇടിച്ച് നിന്നാലും അതിനുള്ളില്‍ ആ വാഹനത്തിനൊപ്പം സഞ്ചരിച്ച നമ്മള് പിന്നെയും മുന്നോട്ട് സഞ്ചരിക്കുന്നു. അങ്ങനെ സഞ്ചരിച്ച് വാഹനത്തിന്റെ സ്റ്റിയറിംഗ് വീലിലോ ഡാഷ്ബോര്‍ഡിലോ ഇടിച്ച് നില്ക്കുന്നു. ഇനി നമ്മള് നിന്നാലും നമ്മുടെ ആന്തരികാവയവയങ്ങള്‍ പിന്നെയും മുന്നോട്ട് സഞ്ചരിച്ച് അതിന്റെ തന്നെ രക്ഷാകവചങ്ങളായ വാരിയെല്ലിലോ മറ്റോ ഇടിക്കുന്നു. തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടാവുകയും മരണത്തിന് പോലും കാരണമാവുകയും ചെയ്യുന്നു. ഇങ്ങനെയാണ് ഭൂരിഭാഗം അപകടങ്ങളിലും മരണം സംഭവിക്കുന്നത്.
ഇത്രയും പറഞ്ഞത് ഒരു അപകടത്തില്‍ സമയം എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന് മനസിലാക്കാന്‍ വേണ്ടിയാണ്. ഇത്ര നിര്‍ണായകമായ സമയം കൂട്ടാന്‍ സാധിച്ചല്ലോ. അപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങള് എത്രയേറെ കുറക്കാന്‍ സാധിക്കുമല്ലേ. തീര്‍ച്ചയായും സാധിക്കും. ഇനി അതെങ്ങനെ കുറക്കാമെന്ന് നോക്കാം.
സംഗതി സിംപിളാണ്. നമ്മുടെ കാറിന് മുന്നില്‍ ഒരു മെത്ത വെച്ച് കെട്ടിയാല്‍ മതി. അങ്ങനെയാവുമ്പോള്‍ കാര്‍ ഒരു തടസത്തില്‍ ഇടിക്കുമ്പോള്‍ മുന്നിലെ മെത്ത അമരുകയും ആ സമയം കാറിന് അധികമായി ലഭിക്കുകയും അപകടത്തിന്റെ ആഘാതം കുറയുകയും ചെയ്യുന്നു. ഒറ്റ കേള്‍വിയില്‍ സംഗതി എന്ത് വിഢിത്തമാണെന്ന് തോന്നാം. ശരിയാണ് ഇത് ഇങ്ങനെ പറയുമ്പോള്‍ വിഢിത്തമാണെന്ന് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് 1985 മെര്‍സിഡിസ് ബെന്‍സിന്റെ എഞ്ചിനിയര്‍മാര്‍ ക്രംമ്പിള്‍ സോണ്‍ എന്ന ആശയവുമായി രംഗത്ത് വന്നത്.
എന്താണ് ക്രംമ്പിള്‍ സോണ്‍?
ഒരു കാറിന്റെ ബോഡിയെ പ്രധാനമായും മൂന്ന് ഭാഗങ്ങളാക്കി തിരിക്കാം. ഫ്രണ്ട് ക്രംമ്പിള്‍ സോണ്‍,(front crumple zone) സേഫ്റ്റി സെല്‍ (safty sell), റിയര്‍ ക്രംമ്പിള്‍ സോണ്‍ (rear cruple Zone) എന്നിങ്ങനെ. അതുകൊണ്ട് തന്നെ കാറിന്റെ എല്ലാ ഭാഗങ്ങളും ഒരേ ബലത്തിലുമുള്ള ഫ്രെയിമുകള്‍ ഉപയോഗിച്ചായിരിക്കില്ല നിര്‍മ്മിക്കുന്നത്. ചിലത് ബലം കൂട്ടിയും ചിലത് ബലം കുറച്ചുമാണ് നിര്‍മ്മിക്കുന്നത്. അങ്ങനെ ബലം കുറഞ്ഞ ഫ്രെയിമുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വാഹനത്തിന്റെ ഭാഗങ്ങളാണ് ക്രംമ്പിള്‍ സോണ്‍.

ഇനി എന്താണ് ക്രംമ്പിള്‍ സോണ്‍ എന്ന് നോക്കാം. നമ്മള് നേരത്തെ പറഞ്ഞ ഉദാഹരണത്തിലെ മെത്തയുടെ ജോലിയാണ് ഇവിടെ ക്രംമ്പിള്‍ സോണ്‍ ചെയ്യുന്നത്. വാഹനം തടസത്തില്‍ ഇടിക്കുമ്പോള്‍ ആദ്യം ക്രംമ്പിള്‍ സോണ്‍ ചളുങ്ങി അമരുകയും അത്രയും സമയം വാഹനത്തിന് അധികമായി ലഭിക്കുകയും അപകടത്തില്‍ ആളുകള്‍ക്കുണ്ടാവുന്ന പരിക്ക് കുറയുകയും ചെയ്യുന്നു. എന്നാല്‍ സേഫ്റ്റി സെല്‍ ഉണ്ടാക്കിയിരിക്കുന്നത് ബലമുള്ള ഫ്രെയിമുകള്‍ ഉപയോഗിച്ചാണ്. ഇടിയുടെ ആഘാതം എത്ര തന്നെ കൂടിയാലും സേഫ്റ്റി സെല്ലിന് കോട്ടമൊന്നും സംഭവിക്കാന്‍ പാടില്ല.
കാരണം അതിനകത്താണല്ലോ മനുഷ്യര്‍ ഇരിക്കുന്നത്.

ഇനി റിയര്‍ ക്രംമ്പിള്‍ സോണ്‍. എന്നാല്‍ ഇവിടെ ഒരു പ്രശ്നമുണ്ട് സെഡാന് പോലുള്ള കാറുകളില്‍ മാത്രമാണ് റിയര്‍ ക്രംമ്പിള്‍ സോണ്‍ സാധ്യമാവുക. ഹാച്ച് ബാക്കുകളില്‍ ഇത്തരമൊരു സംവിധാനം ഉള്‍പ്പെടുത്തുക ഏറെ ശ്രമകരമാണ്. അപ്പോള്‍ പിന്നെ എന്ത് ചെയ്യും. അങ്ങനെ പിന്നില്‍ നിന്നും ഒരു വാഹനമിടിച്ചാല്‍ ആ ഇടിക്കുന്ന വാഹനത്തിന്റെ front crumple zone നാണ് ആ അപകടത്തിന്റെ ആഘാതം ലഘൂകരിക്കേണ്ട ഉത്തരവാദിത്വം. ഇനി നമുക്ക് വീണ്ടും താരശ്ശേരിയിലെ അപകട വാര്‍ത്തയിലേക്ക് വരാം.

ഇവിടെ വാഹനത്തിന്റെ മുന്നില്‍ നിന്നുള്ള ഇടിയുടെ ആഘാതം ഏറ്റുവാങ്ങുക എന്നതാണ് ബെലേനൊയുടെ front crumple zone ന്റെ ജോലി. അത് മാത്രമേ ഈ അപകടത്തിലും സംഭവിച്ചിട്ടുള്ളൂ. ട്രേളന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ പപ്പടം പോലെ പൊടിഞ്ഞ് ചളുങ്ങിയമര്ന്ന് പോയത് ബെലേനൊയുടെ Front crumple zone ആണ്. അത് ചളുങ്ങിയമരാന് വേണ്ടി തന്നെ ഡിസൈന്‍ ചെയ്തിട്ടുള്ളതാണ്. ഇനി അപകടത്തിന്റെ ചിത്രങ്ങളിലേക്കൊന്ന് സൂക്ഷിച്ച് നോക്കിയാല്‍ മനസിലാകും ബെലേനൊയുടെ സേഫ്റ്റി സെല്ലിന് കാര്യമായ ഒരു കോട്ടവും സംഭവിച്ചിട്ടില്ല.

അതുകൊണ്ട് തന്നെ അതിനകത്തിരുന്ന് സഞ്ചരിച്ചവര്‍ക്കും സാരമായ പരിക്കുകളുമില്ല. കാര്യമായ ഒരപകടമുണ്ടായാല്‍ സാധാരണഗതിയില്‍ ഏത് വണ്ടിയും ചളുങ്ങും എന്നത് വസ്തുതയാണ്. അപ്പോള്‍ പിന്നെ രണ്ടു വഴികളാണുള്ളത്. ഒന്നുകില്‍ വണ്ടി ചളുങ്ങുക, അല്ലെങ്കില്‍ മനുഷ്യന് ചളുങ്ങുക. ഇതില്‍ വണ്ടി ചളുങ്ങുന്നതാണ് നല്ലത് എന്ന് മനസിലാക്കിയാണ് എഞ്ചിനിയര്‍മാര്‍ ക്രംമ്പിള്‍ സോണുകള്‍ അവരവരുടെ വാഹനങ്ങളില്‍ ഉള്‍ക്കൊള്ളിച്ചത്.
ഇനി ഒരു കാറപകടം കണ്ടാല്‍ ഉടനെ വണ്ടിയെ പപ്പടം എന്ന് വിളിച്ച് കളിയാക്കുന്നതിന് മുമ്പ് ആ വാഹനത്തിന്റെ സേഫ്റ്റി സെല്ലിന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് നോക്കണം. അങ്ങനെ സംഭവിച്ചിട്ടില്ലെങ്കില്‍ അതിനകത്തിരുന്ന് യാത്ര ചെയ്തവര്‍ക്കും കാര്യമായ പരിക്കുകളുണ്ടാകാന് സാധ്യതയില്ല.