LiveTV

Live

Automobile

പെട്രോള്‍ വില സെഞ്ച്വറിയിലേക്ക്; ഇന്ധനം ലാഭിക്കാന്‍ ആറ് മാര്‍ഗങ്ങള്‍

പെട്രോള്‍ വില സെഞ്ച്വറിയിലേക്ക്; ഇന്ധനം ലാഭിക്കാന്‍ ആറ് മാര്‍ഗങ്ങള്‍
Summary
തുടര്‍ച്ചയായി പതിനഞ്ചാം ദിവസവും പെട്രോള്‍, ഡീസല്‍ വില ഉയരുമ്പോള്‍ സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂടിയാണ് കൂടുന്നത്.

തുടര്‍ച്ചയായി പതിനഞ്ചാം ദിവസവും പെട്രോള്‍, ഡീസല്‍ വില ഉയരുമ്പോള്‍ സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂടിയാണ് കൂടുന്നത്. ബെല്ലും ബ്രേക്കുമില്ലാത്ത ഈ വര്‍ധനയെ നേരിടാന്‍ സര്‍ക്കാര്‍ എന്തെങ്കിലും ഉടന്‍ ചെയ്യുമെന്ന് പ്രതീക്ഷ വേണ്ട. അപ്പോള്‍ പിന്നെ പൊതുഗതാഗതത്തെ ആശ്രയിക്കുന്നതാണോ ഇതിനൊരു പരിഹാരം ? തീര്‍ച്ചയായും അല്ല എന്നായിരിക്കും ബഹുഭൂരിപക്ഷത്തിന്‍റെയും ഉത്തരം. അങ്ങനെയെങ്കില്‍ ഇന്ധനചെലവ് കുറക്കുക മാത്രമാണ് മുന്നിലുള്ള ഏക വഴി. ഇതിനുള്ള ആറ് മാര്‍ഗങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.

കൃത്യമായ സര്‍വീസ്

വാഹനം പഴയതോ പുതിയതോ ആയിക്കോട്ടെ, പക്ഷേ കൃത്യമായ സര്‍വീസ് നടത്തിയാല്‍ ഇന്ധനച്ചെലവ് കുറക്കാന്‍ കഴിയുമെന്നാണ് വിദഗ്ധാഭിപ്രായം. കാറാണെങ്കില്‍ 10,000 - 15,000 കിലോമീറ്റര്‍ പിന്നിട്ടാല്‍ ഉറപ്പായും സര്‍വീസ് നടത്തണം. ഇതുവഴി എന്‍ജിന്‍റെ പ്രവര്‍ത്തന ക്ഷമത ഉറപ്പാക്കാനും ഇന്ധനച്ചെലവ് കുറയ്ക്കാനും കഴിയും. എയര്‍, ഫ്യുവല്‍ ഫില്‍റ്ററുകള്‍ വൃത്തിയാക്കി സൂക്ഷിക്കണം. സ്പാര്‍ക്ക് പ്ലഗുകള്‍ ശരിയായ വിധത്തിലാണെന്ന് ഉറപ്പു വരുത്തണം.

ട്രാഫിക് സിഗ്നലുകളില്‍ എന്‍ജിന്‍ ഓഫ് ആക്കുക

നഗരങ്ങളിലെ ഗതാഗതക്കുരുക്കില്‍പെട്ടാണ് മിക്കവര്‍ക്കും കൂടുതല്‍ ഇന്ധനച്ചെലവുണ്ടാകുന്നത്. ഇതില്‍ ട്രാഫിക് സിഗ്നലുകളാണ് വലിയ വില്ലന്‍. സിഗ്നലുകളില്‍ പച്ച ലൈറ്റ് കത്താന്‍ 50- 60 സെക്കന്‍റില്‍ കൂടുതല്‍ സമയമുണ്ടെങ്കില്‍ മടിക്കാതെ എന്‍ജിന്‍ ഓഫാക്കുക. എന്നാല്‍ എസി പ്രവര്‍ത്തിപ്പിക്കേണ്ടി വരുന്ന വേനല്‍ കാലത്ത് ഇതൊരു പരിഹാരമാകില്ല.

ടയര്‍ പരിശോധിക്കുക

ടയറിലെ കാറ്റിന്‍റെ സമ്മര്‍ദം ദിവസവും പരിശോധിക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. ടയറിലെ വായു സമ്മര്‍ദം കുറവാണെങ്കില്‍ നിങ്ങളുടെ വാഹനം കൂടുതല്‍ ഇന്ധനം ഉപയോഗിക്കും. ഇതുമൂലം ഇന്ധനക്ഷമതയില്‍ രണ്ടു ശതമാനത്തിലേറെ കുറവുണ്ടാകും. ഓരോ വാഹനത്തിനും താങ്ങാന്‍ കഴിയുന്ന കൃത്യമായ ഭാരമുണ്ട്. അതില്‍ കൂടുതലായാലും ഇന്ധനം കൂടുതല്‍ ചെലവാകും. കാറിന്‍റെ ബൂട്ടില്‍ അനാവശ്യമായ ഭാരങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അതൊഴിവാക്കുന്നതും ഗുണം ചെയ്യും.

ചെറുയാത്രകള്‍ ഒഴിവാക്കുക

വീട്ടില്‍ നിന്നോ തൊഴിലടങ്ങളില്‍ നിന്നോ അരകിലോമീറ്റര്‍ അകലെയുള്ള സ്ഥലം വരെ പോകണമെങ്കില്‍ പോലും കാറെടുത്ത് പോകുന്നത് വാഹനങ്ങളുള്ളവരില്‍ പൊതുവെ കാണുന്ന ഒരു പ്രവണതയാണ്. ഒരു കിലോമീറ്റര്‍ താഴെ ദൂരമുള്ള സ്ഥലത്തേക്ക് കാര്‍ യാത്ര ഒഴിവാക്കുന്നതാണ് നിങ്ങളുടെ പോക്കറ്റിന് നല്ലത്. ഇനിയും ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ രണ്ടു മൂന്നു യാത്രകള്‍ ഒരുമിച്ചാക്കാന്‍ ശ്രമിക്കുക.

ഗിയര്‍ മാറ്റം

ചെറിയ ഗിയറുകളില്‍ എല്ലായിപ്പോഴും കൂടുതല്‍ ഇന്ധനം ആവശ്യം വരും. പരമാവധി ഉയര്‍ന്ന ഗിയറില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കണം. തെറ്റായ ഗിയറില്‍ വാഹനം ഓടിക്കുന്നതുമൂലം 20 ശതമാനംവരെ ഇന്ധന നഷ്ടമുണ്ടാക്കും. താഴ്ന്ന ഗിയറുകളില്‍ വേഗത വര്‍ധിപ്പിക്കാന്‍ പെട്ടെന്ന് ആക്‌സലറേറ്റ് നല്‍കുന്നതും ഇന്ധനക്ഷമത കുറയ്ക്കും. വേഗതക്ക് അനുസരിച്ച് കൃത്യമായ ഗിയര്‍ ഉപയോഗിക്കണം. ക്ലച്ചില്‍ അനാവശ്യമായി കാല്‍ വച്ച് വാഹനമോടിക്കുന്നത് ഒഴിവാക്കണം.

ഗതാഗത തിരക്കേറിയ സമയത്തെ യാത്ര ഒഴിവാക്കുക

ഗതാഗത കുരുക്കുകള്‍ നിങ്ങളുടെ വാഹനത്തിന്‍റെ ഇന്ധനടാങ്ക് വറ്റിക്കും. അതുകൊണ്ട് തന്നെ ഓഫീസിലേക്കോ മറ്റെവിടേക്കെങ്കിലുമോ പോകുമ്പോള്‍ ഗതാഗത തിരക്കേറിയ സമയത്തെ യാത്ര ഒഴിവാക്കുക. തിരക്കേറിയ വഴി ഒഴിവാക്കി കുറച്ച് ദൈര്‍ഘ്യം കൂടിയ റോഡുകള്‍ ഉപയോഗിക്കുന്നതും അഭികാമ്യമാണ്.