കൊതിപ്പിക്കുന്ന മൈലേജില്‍ പുത്തന്‍ വെര്‍ണ എത്തി; വിലയും പ്രത്യേകതകളും അറിയാം

അണിഞ്ഞൊരുങ്ങി കൂടുതല്‍ സുന്ദരനായി ഹ്യുണ്ടായ് വെര്‍ണ എത്തി. ജനപ്രീതിയും വിശ്വാസ്യതയും കൈമുതലാക്കിയാണ് വെര്‍ണയുടെ പുത്തന്‍ മുഖം എത്തുന്നത്. വെര്‍ണയുടെ അഞ്ചാം തലമുറയാണ് ഇന്ത്യന്‍ നിരത്തില്‍ എത്തിയിരിക്കുന്നത്. മുന്‍ഗാമികളെക്കാള്‍ വിലക്കുറവിലാണ് പുത്തന്‍ വെര്‍ണ എത്തുന്നത് എന്നതാണ് കൂടുതല്‍ ആകര്‍ഷകം. 7.99 ലക്ഷം രൂപ മുതല്‍ 12.61 ലക്ഷം രൂപ വരെയാണ് പുതിയ വെര്‍ണയുടെ ഡല്‍ഹിയിലെ എക്സ്ഷോറൂം വില. എന്നാല്‍ ആദ്യം വില്‍ക്കുന്ന 20000 കാറുകള്‍ക്ക് മാത്രമായിരിക്കും ഈ വിലക്കുറവിന്റെ ആനുകൂല്യം ലഭിക്കുക. പിന്നീട് കമ്പനി ഈ വില വര്‍ധിപ്പിക്കും. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ E, EX, SX, SX (O) എന്നീ വകഭേങ്ങളിലാണ് വെര്‍ണ നിരത്തിലെത്തുന്നത്.

എതിരാളികളില്‍ പ്രമുഖരായ ഹോണ്ട സിറ്റി, മാരുതി സിയസ് എന്നിവരോടാണ് പുത്തന്‍ വെര്‍ണ ഏറ്റുമുട്ടുക. അതിനുള്ള സകല പടയൊരുക്കങ്ങളും ഹ്യുണ്ടായ് പുതിയ വെര്‍ണയില്‍ നടത്തിയിട്ടുണ്ട്. മുന്‍ഗാമികളേക്കാള്‍ കുറച്ച് വലുപ്പക്കൂടുതലുണ്ട് പുതുമുഖത്തിന്. വലുപ്പം കൂടുതലിന് അനുസരിച്ച് ഉള്‍ഭാഗത്തെ സ്ഥലവും കൂടി. ഡീസലിലും പെട്രോളിലും കൂടുതല്‍ ഓട്ടോമാറ്റിക് വേരിയന്റുകള്‍ നിരത്തിലേക്ക് എത്തിക്കാനാണ് ഹ്യുണ്ടായ് നീക്കം. യാത്രാസൌകര്യങ്ങളുടെ കാര്യത്തില്‍ മറ്റൊരു വെല്ലുവിളിയുണ്ടാകാന്‍ പാടില്ലാത്ത തരത്തിലാണ് ഈ സെഗ്മന്റില്‍ വെര്‍ണ സജ്ജമായിരിക്കുന്നത്. കൂള്‍ഡ് ഫ്രണ്ട് സീറ്റുകള്‍, സണ്‍റൂഫ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ തുടങ്ങിയവയൊക്കെ പുത്തന്‍ വെര്‍ണയിലുണ്ട്.
നേരത്തെയുണ്ടായിരുന്ന 1.4 ലിറ്റര്‍ എന്ജിന് പുതിയ പതിപ്പിനില്ല. 1.6 ലിറ്റര്‍ VTVT പെട്രോള്‍, 1.6 ലിറ്റര്‍ U2 CRDi ഡീസല്‍ എന്‍ജിനുമാണ് വെര്‍ണയുടെ കരുത്ത്. പെട്രോള്‍ എന്ജിന് 123 ബിഎച്ച്പി കരുത്തും 151 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ ഡീസല്‍ എന്ജിന് 128 ബിഎച്ച്പി പവറും 260 എന്‍എം ടോര്‍ക്കുമേകും. ഈ സെഗ്മന്റില്‍ വിപണിയിലുള്ള ഹോണ്ട സിറ്റിയേക്കാളും മാരുതി സിയസിനെക്കാളും കൂടുതല്‍ കരുത്തന് വെര്‍ണ തന്നെയാണ്. നേരത്തെ 4 സ്പീഡ് ഓട്ടോമാറ്റിക് ആയിരുന്നു വെര്‍ണയില്‍ ഹ്യുണ്ടായ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമായി ഉയര്‍ത്തിയിട്ടുണ്ട്. സിറ്റിയും സിയസും ഡീസല്‍ എന്‍ജിനില്‍ ഓട്ടോമാറ്റിക് ട്രാന്സ്മിഷന് വേരിയന്റ് ഇറക്കുന്നില്ല. എന്നാല്‍ വെര്‍ണ പെട്രോളിലും ഡീസലിലും ഓട്ടോമാറ്റിക് വേരിയന്റ് എത്തും.

മുന്‍ മോഡലിനെക്കാള്‍ കൂടുതല്‍ ഇന്ധനക്ഷമതയും 2017 വെര്‍ണ നല്‍കും. ഡീസല്‍ മാനുവലില്‍ 24.75 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമ്പോള്‍ ഡീസല്‍ ഓട്ടോമാറ്റിക്കില്‍ 21.02 കിലോമീറ്റര്‍ ലഭിക്കും. മാനുവല്‍ പെട്രോള്‍ പതിപ്പില്‍ 17.70 കിലോമീറ്ററും ഓട്ടോമാറ്റിക്കില്‍ 15.92 കിലോമീറ്ററും ഇന്ധനക്ഷമത ലഭിക്കും. K2 പ്ലാറ്റ്ഫോമില്‍ അഡ്വാന്‍സ്ഡ് ഹൈ സ്ട്രെങ്ത്ത് സ്റ്റീല്‍ ഉപയോഗിച്ചുള്ള നിര്‍മാണം വെര്‍ണയുടെ പുറംമോടിക്ക് കൂടുതല്‍ കരുത്തേകും. ഡാഷ്ബോര്‍ഡില്‍ കാര്യമായ മാറ്റങ്ങളുണ്ട്. ഏഴ് ഇഞ്ച് ടച്ച് സ്ക്രീന്‍ ഡിസ്പ്ലേ പ്രീമിയം ലുക്ക് നല്‍കും. കൂടാതെ പവര്‍ മിററുകള്‍, റിവേഴ്സ് കാമറ, ക്ലൈമറ്റ് കണ്ട്രോള്, സൂര്യപ്രകാശത്തെ പ്രതിരോധിക്കാനുള്ള സംവിധാനം, സുരക്ഷക്ക് രണ്ട് എയര്‍ബാഗുകള്‍, എബിഎസ് എന്നിവയും വെര്‍ണയിലുണ്ട്. SX (O) വേരിയന്റില്‍ ആറ് എയര്‍ബാഗുകളാണുള്ളത്. ഏഴു നിറങ്ങളില്‍ വെര്‍ണ ലഭ്യമാണ്.