എറണാകുളത്ത് കോണ്‍ഗ്രസ് സാധ്യത പട്ടികയായി; സിറ്റിങ് സീറ്റുകളില്‍ മാറ്റമില്ല
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താനും നഷ്ടപ്പെട്ടവ പിടിച്ചെടുക്കാനുമുള്ള തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് കോണ്‍ഗ്രസ്

തദ്ദേശതെരഞ്ഞെടുപ്പിലും വലിയ കോട്ടം സംഭവിക്കാത്ത ജില്ല എന്നതിനാല്‍ തന്നെ എറണാകുളം കോണ്‍ഗ്രസും യുഡിഎഫും ഏറ്റവും അധികം പ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന മണ്ഡലമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താനും നഷ്ടപ്പെട്ടവ പിടിച്ചെടുക്കാനുമുള്ള തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് കോണ്‍ഗ്രസ്. പല പേരുകള്‍ പല കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നുവെങ്കിലും മൂന്ന് പേര് വീതം അടങ്ങുന്ന സാധ്യത പട്ടികയും ഒടുവില്‍ തയാറായിക്കഴിഞ്ഞു. എ.ഐ.സിസി നേതൃത്വത്തിന്റെ കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ ഇതിനെ മറികടന്നുള്ള സ്ഥാനാര്‍ഥികള്‍ രംഗപ്രവേശനം ചെയ്യാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. സാധ്യത ലിസ്റ്റിലെ ഒന്നാം പേരുകാരന് തന്നെ നറുക്ക് വീഴുമെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റഎ പ്രതീക്ഷ.
സിറ്റിങ് സീറ്റുകളില്‍ ഇളക്കം വേണ്ട
എറണാകുളം ജില്ലയിലെ 14 നിയമസഭ സീറ്റുകളില്‍ 11 ഇടങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ ഏഴ് സിറ്റിങ് സീറ്റുകളിലും നിലവിലെ സ്ഥാനാര്‍ഥികള്‍ തന്നെ തുടരാനാണ് സാധ്യത. സിറ്റിങ് സീറ്റുകളില്‍ പ്രചാരണം ആരംഭിക്കാന്‍ കെപിസിസി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൊച്ചി പഴയ കൊച്ചിയല്ല
പൊതുവേ കോണ്‍ഗ്രസ് അനുകൂല മണ്ഡലമെന്നാണ് കൊച്ചിയെ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിമതന് കെ ജെ ലീനസ് പിടിച്ച 7588 വോട്ടുകളുടെ കൂടി ബലത്തിലാണ് കെ ജെ മാക്സി 1086 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച് കയറിയത്. കൊച്ചിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ കുപ്പായം തേച്ച് തയാറായവര്‍ നിരവധിയാണെങ്കിലും മുന്‍ മേയര്‍ ടോണി ചമ്മണി, മുന്‍ കൗണ്‍സിലര്‍ ഷൈനി മാത്യു, ഡിസിസി സെക്രട്ടറി സ്വപ്ന പെട്രോണിക്സ് എന്നിരാണ് അവസാന റൗണ്ടിലേക്ക് ഓടിക്കയറിയത്. ഗ്രൂപ്പ് സമവാക്യങ്ങളുടെ കൂടി പിന്‍ബലത്തില്‍ ടോണി ചമ്മണി തന്നെ സ്ഥാനാര്‍ഥിയാകുമെന്നാണ് കരുതാനാവുക. വനിത സ്ഥാനാര്‍ഥിക്കായി കെ വി തോമസ് അടക്കം പിടിമുറുക്കുന്നുണ്ട് എന്നതാണ് ടോണിക്ക് വിലങ്ങ് തടിയാവുക.
മൂന്ന് പേരില്‍ മൂവാറ്റുപുഴയില്‍ നീന്താന്‍ ആര്
മൂവാറ്റുപുഴയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്, കെപിസിസി സെക്രട്ടറി ജെയ്സണ്‍ ജോസഫ്, മാത്യു കുഴല്നാടന് എന്നി പേരുകളാണ് അന്തിമപട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട നേതാവാണ് ജോസഫ് വാഴക്കന്. പ്രാദേശിക നേതാക്കളില്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പാണ് ജോസഫ് വാഴക്കന് തിരിച്ചടിയാകാന്‍ സാധ്യതയുള്ള പ്രധാനഘടകം. കെപിസിസി സെക്രട്ടറി ജെയ്സണ്‍ ജോസഫ് സ്ഥാനാര്ഥിയാവുന്നതില് ഉമ്മന്ചാണ്ടിക്കടക്കം താല്പര്യമുണ്ട് എന്നതിനാലും ആദ്യ പേരുകാരനാണെങ്കിലും ജോസഫ് വാഴക്കന്റെ സ്ഥാനാര്‍ഥിത്വം എളുപ്പമാകില്ല. ജോസഫ് വാഴക്കനും ജെയ്സണ്‍ ജോസഫും തമ്മിലുള്ള താരതമ്യങ്ങള്‍ക്കിടയില്‍ മാത്യുകുഴല്നാടന് പിന്നോട്ട് പോകാന്‍ തന്നെയാണ് സാധ്യത.
വൈപ്പിന്‍ കോട്ട തകര്‍ക്കാന്‍
വൈപ്പിനില്‍ ഇടത് പക്ഷത്തിന്റെ കോട്ട പിടിക്കാന്‍ ഒരു ഡസന്‍ പേരുകളാണ് ഉയര്‍ന്ന് കേട്ടത്. ഒട്ടുമിക്ക നേതാക്കന്മാരും പരിഗണന ലിസ്റ്റില്‍പ്പെടാന്‍ ഓടി നടന്നുവെങ്കിലും ഐഎന്‍ടിയുസി നേതാവ് അഡ്വ. കെ പി ഹരിദാസ്, യുഡിഎഫ് ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന്, ലാലി വിന്‍സെന്റ് എന്നിവരുടെ പേരുകളിലേക്കാണ് ചര്‍ച്ചകള്‍ ചുരുങ്ങിയിരിക്കുന്നത്. മൂന്ന് പേരുകാരിലില്ലെങ്കിലും കെ പി ധനപാലനെ പരിഗണിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്.
ബാബു അല്ലെങ്കില്‍ വനിത
2016 ല്‍ എം സ്വരാജിലൂടെ ഇടതുപക്ഷം പിടിച്ചെടുത്ത തൃപ്പൂണിത്തുറയില്‍ കഴിഞ്ഞ തവണത്തെ പോരാട്ടം ആവര്‍ത്തിക്കപ്പെട്ടേക്കും. കോണ്‍ഗ്രസ് സാധ്യത പട്ടികയില്‍ മുന്‍ മന്ത്രി കെ ബാബുവിനാണ് പ്രഥമ പരിഗണന. അതേ സമയം തൃപ്പൂണിത്തുറ സീറ്റ് വനിതകള്‍ക്ക് വിട്ട് നല്‍കണമെന്ന ശക്തമായ ആവശ്യവും ഉയര്‍ന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഈ സാധ്യത മുന്നില്‍ കണ്ട് തൃപ്പൂണിത്തുറ നോട്ടം ഇട്ട് നിരവധി വനിത സ്ഥാനാര്‍ഥികള്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും മുന്‍ മേയര്‍ സൗമിനി ജെയ്ന്‍, മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ എന്നിവരുടെ പേരുകളാണ് അവസാന റൌണ്ടില്‍ ഇടം പിടിച്ചിരിക്കുന്നത്. ബാബു അല്ലെങ്കില്‍ വനിത എന്ന നിലയിലാണ് തൃപ്പൂണിത്തുറയിലെ കാര്യങ്ങള്‍.
Adjust Story Font
16