ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ ഫൈനലിലെത്തിയാല്‍ ഏഷ്യാ കപ്പ് മാറ്റിവെക്കേണ്ടി വരും
നിലവില്‍ ഇംഗ്ലണ്ടിനെതിരായി നടക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റില്‍ സമനില നേടിയാല്‍ തന്നെ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത നേടാം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ഇടംപിടിക്കുകയാണെങ്കില്‍ ഏഷ്യാ കപ്പ് മാറ്റിവെക്കേണ്ടി വരുമെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്. നിലവില്‍ ഇംഗ്ലണ്ടിനെതിരായി നടക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റില്‍ സമനില നേടിയാല്‍ തന്നെ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത നേടാം.
ജൂണ്‍ 18 മുതല്‍ 22 വരെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്. ലോര്‍ഡ്സില്‍ വെച്ചാകും പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ടോസ് വീഴുക. എന്നാല്‍ ഇതേ ജൂണ്‍ മാസം തന്നെയാണ് ഏഷ്യാ കപ്പും നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അവസാന ടെസ്റ്റില്‍ തോറ്റാല്‍ മാത്രമേ ഇന്ത്യ പുറത്താകുകയുള്ളൂ.
നേരത്തെ 2020 അവസാനത്തോടെ നിശ്ചയിച്ചിരുന്ന ഏഷ്യാ കപ്പ് കോവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് 2021ലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണില്‍ നിശ്ചയിച്ചിരിക്കുകയും ഏഷ്യന്‍ രാജ്യമായ ഇന്ത്യ ഫൈനല്‍ കളിക്കുകയും ചെയ്യുന്ന സാഹചര്യം വന്നാല്‍ ഏഷ്യാ കപ്പ് ഇനിയും മാറ്റിവെക്കേണ്ടി വരുമെന്ന് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് എഹ്സാന്‍ മാനി പറഞ്ഞു.
ഈ വര്‍ഷം ജൂണില്‍ ഏഷ്യാ കപ്പിന് വേദിയാകാനുള്ള സന്നദ്ധത ശ്രീലങ്ക അറിയിച്ചിരുന്നതായും എഹ്സാന്‍ മാനി ചൂണ്ടിക്കാട്ടി. ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയാല്‍ ഏഷ്യാ കപ്പ് 2023-ലേക്ക് മാറ്റിവെയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡ് നേരത്തെ തന്നെ ഇടം നേടിയിരുന്നു. ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയതോടെ ഇംഗ്ലണ്ടിന്റെ ഫൈനല്‍ സാധ്യത അസ്തമിച്ചു. പിന്നീട് സാധ്യതയുള്ളതാകട്ടെ, മൂന്നാം സ്ഥാനത്ത് നില്ക്കുന്ന ആസ്ട്രേലിയക്കാണ്. നിലവില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ഇന്ത്യ അവസാന മത്സരത്തില്‍ തോറ്റാല്‍ ന്യൂസിലാന്‍ഡ് ഒന്നാം സ്ഥാനത്തേക്കും യഥാക്രമം ഓസീസ് രണ്ടാം സ്ഥാനത്തേക്കുമെത്തും.
Adjust Story Font
16