പട്ടാമ്പി വേണ്ടെന്ന് ആര്യാടൻ ഷൗക്കത്ത്
കോണ്‍ഗ്രസിന്റെ പട്ടാമ്പി, നിലമ്പൂര്‍ സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തില്‍

പട്ടാമ്പിയില്‍ മത്സരിക്കാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത്. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.
കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റില്‍ 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. തര്‍ക്കമുണ്ടായിരുന്ന കല്പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍കാവ്, കുണ്ടറ, തവന്നൂര്‍, പട്ടാമ്പി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്.
ഇന്നലെ രാത്രിയോടെ ഈ ആറ് സീറ്റുകളെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ധാരണയിലെത്തി. പി സി വിഷ്ണുനാഥ് വട്ടിയൂര്‍കാവിലും ടി സിദ്ദീഖ് കല്പറ്റയിലും ആര്യാടന് ഷൌക്കത്ത് പട്ടാമ്പിയിലും റിയാസ് മുക്കോളി തവനൂരിലും വി വി പ്രകാശ് നിലമ്പൂരിലും കല്ലട രമേശ് കുണ്ടറയിലും ജനവിധി തേടട്ടെ എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഹൈക്കമാന്റ് അനുമതി ലഭിച്ച ശേഷം ഇന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും എന്നായിരുന്നു തീരുമാനം.
പക്ഷേ പട്ടാമ്പിയില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്നാണ് ആര്യാടൻ ഷൗക്കത്ത് നേതൃത്വത്തെ അറിയിച്ചത്. നേരത്തെ പട്ടാമ്പി സീറ്റിനായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അവകാശവാദം ഉന്നയിച്ചിരുന്നു. പട്ടാമ്പി വേണ്ടെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞതോടെ നിലമ്പൂരിലെ സ്ഥാനാര്‍ഥി നിര്‍ണയവും പ്രതിസന്ധിയിലായി. അന്തിമ തീരുമാനം ഉടനെന്ന് മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി വി പ്രകാശ് പറഞ്ഞു.
Adjust Story Font
16