Top

കോണ്‍ഗ്രസില്‍ ഇനി പുതിയ 'പെങ്ങളൂട്ടി'; അരിത കായംകുളം പിടിക്കുമോ?

കായംകുളം മണ്ഡലത്തിലെ മുന്‍ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ അരിത ബാബുവിന് അത്ര ശുഭകരമാകില്ല കന്നി തെരഞ്ഞെടുപ്പ് അങ്കം എന്ന് തന്നെ പറയേണ്ടി വരും.

MediaOne Logo

  • Published:

    14 March 2021 2:43 PM GMT

  • Updated:

    2021-03-14 14:43:42.0

കോണ്‍ഗ്രസില്‍ ഇനി പുതിയ പെങ്ങളൂട്ടി; അരിത കായംകുളം പിടിക്കുമോ?
X

കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ കണ്ണുകള്‍ ആദ്യം ഉടക്കിയത് ലിസ്റ്റിലെ ബേബിയായ അരിത ബാബുവിലേക്കാണ്. സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റായ കായംകുളത്ത് യു.പ്രതിഭയെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയ അരങ്ങേറ്റക്കാരിക്ക് സാധിക്കുമോ എന്നത് തന്നെയാണ് ആദ്യ ചോദ്യം. കായംകുളം മണ്ഡലത്തിലെ മുന്‍ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ അരിത ബാബുവിന് അത്ര ശുഭകരമാകില്ല കന്നി തെരഞ്ഞെടുപ്പ് അങ്കം എന്ന് തന്നെ പറയേണ്ടി വരും.

എന്നിരുന്നാലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ നിന്ന് 'പാട്ടുംപാടി' വിജയിച്ച രമ്യ ഹരിദാസിനോടാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അരിത ബാബുവിനെ താരതമ്യപ്പെടുത്തുന്നത്. കേരളത്തില്‍ നിന്നുള്ള പ്രായം കുറഞ്ഞ ലോക്സഭാ സ്ഥാനാര്‍ഥിയായി ജയിച്ച് പാര്‍ലമെന്‍റിലെത്തിയ രമ്യാ ഹരിദാസിനെ 'പെങ്ങളൂട്ടി' എന്ന് വിളിച്ചാണ് അന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൈബറിടങ്ങളില്‍ പ്രചരണം നടത്തിയിരുന്നത്.

ഇന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ലിസ്റ്റിലെ തന്നെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായ അരിതാ ബാബുവിനെയും 'പെങ്ങളൂട്ടി' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസിന്‍റെ സൈബര്‍ പട സ്വീകരിച്ചത്. ആലപ്പുഴയിലെ കായംകുളത്ത് നിന്ന് ജനവിധി തേടുമ്പോള്‍ അരിതാ ബാബുവിന് പ്രായം 27 വയസ്സാണ്. 15 വർഷത്തോളമായി കെ.എസ്.യു–യൂത്ത് കോൺഗ്രസ് പ്രവർത്തനരംഗത്ത് സജീവമാണ് അരിത. ജില്ലാ പഞ്ചായത്തംഗമായി കായംകുളത്തുനിന്നു വിജയിച്ച അരിതക്ക് മണ്ഡലം സ്വന്തം നാട്ടില്‍ തന്നെയാണ് എന്നതും നേട്ടമാണ്. അച്ഛൻ തുളസീധരൻ സജീവ കോൺഗ്രസ് പ്രവർത്തകനാണ്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിൽ ജനിച്ചുവളർന്ന അരിത പശുവിന്‍റെ പാല് വിറ്റാണ് ഉപജീവനത്തിനും പഠനത്തിനും വഴി കണ്ടെത്തിയതെന്ന് മുല്ലപ്പള്ളി സ്ഥാനാർഥി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയിരുന്നു. എല്ലാ അര്‍ത്ഥത്തിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുടുംബത്തിലെ അംഗമാണ് അരിതയെന്നായിരുന്നു പേര് പ്രഖ്യാപിച്ച്‌കൊണ്ട് കെപിസിസി അധ്യക്ഷന്‍റെ പരാമര്‍ശം.

തെരഞ്ഞെടുപ്പിലെ പ്രായം കുറഞ്ഞ താരമെന്ന വിളിപ്പേരുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പരീക്ഷണം അരിതക്ക് തീച്ചൂള തന്നെയായിരിക്കും. 2006 തൊട്ട് സിപിഎമ്മിന്‍റെ കയ്യില്‍ ഇരിക്കുന്ന മണ്ഡലം തിരിച്ചുപിടിക്കാന്‍ പ്രായത്തിലും കവിഞ്ഞ പക്വതയും പരിശ്രമവും ആവശ്യമാണ്. 2006ഇലും 2011ഇലും സിപിഎമ്മിന്‍റെ സി.കെ സദാശിവനാണ് കായംകുളത്ത് നിന്ന് നിയമസഭയിലെത്തിയത്. 2016ഇല്‍ യു പ്രതിഭ സി.പി.എം സ്ഥാനാര്‍ഥിയായി വിജയിച്ച് മണ്ഡലം നിലനിര്‍ത്തി.

2011ഇല്‍ 1315 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ എം മുരളിയെ സികെ സദാശിവന്‍ തോല്‍പ്പിച്ചത്. എന്നാല്‍ 2016 എത്തിയപ്പോഴേക്കും കോണ്‍ഗ്രസിന്‍റെ വോട്ട് പിന്നെയും കുറഞ്ഞു. പതിനൊന്നായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം ലിജുവിനെ യു. പ്രതിഭ തറ പറ്റിച്ചത്.

സി.പി.എം ഇത്തവണയും സിറ്റിങ് എം.എല്‍.എയായ പ്രതിഭയെത്തന്നെയാണ് രംഗത്തിറക്കുന്നത്. അത് തന്നെയാണ് പുതുമുഖമായ അരിത ബാബുവിന് മുന്നിലുള്ള വെല്ലുവിളിയും. എന്നാല്‍ പ്രദേശത്ത് ഡി.വൈ.എഫ്.ഐയും പ്രതിഭയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്കാന്‍ സാധ്യതയുണ്ട്. പ്രതിഭയും പ്രാദേശിക ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും തമ്മിലുള്ള പോര് മണ്ഡലത്തില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇത് മുതലെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞാല്‍ അരിതാ ബാബുവിന് ഒരു അട്ടിമറി വിജയത്തിന് സാധ്യതയുണ്ട്.

എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നിലെത്തുമ്പോള്‍ കേഡര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി എന്ന നിലക്ക് പടലപ്പിണക്കങ്ങള്‍ മാറ്റിവെച്ച് സി.പി.എം ഒരുമിച്ച് പ്രവര്‍ത്തിക്കും എന്നതും പ്രധാന ഘടകമാണ്. അതുകൊണ്ട് തന്നെ കന്നി തെരഞ്ഞെടുപ്പിനൊരുങ്ങുന്ന അരിതക്ക് കായംകുളം ബാലികേറാമല തന്നെയാകും എന്നാണ് വിലയിരുത്തല്‍

TAGS :
Next Story