റഷ്യ ഉത്തേജകത്തിന്റെ നാടോ ? പരാജയപ്പെട്ടത് ആയിരത്തിലധികം കായികതാരങ്ങള്‍
Sports

റഷ്യ ഉത്തേജകത്തിന്റെ നാടോ ? പരാജയപ്പെട്ടത് ആയിരത്തിലധികം കായികതാരങ്ങള്‍

അന്താരാഷ്ട്ര ഉത്തേജകവിരുദ്ധ ഏജന്‍സിയായ വാഡയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

റഷ്യയുടെ ആയിരത്തിലധികം കായിക താരങ്ങള്‍ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ഉത്തേജകവിരുദ്ധ ഏജന്‍സിയായ വാഡയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സമ്മര്‍, വിന്റര്‍, പാരാലിംപിക് ഒളിമ്പിക്സുകളില്‍ പങ്കെടുക്കുന്നവരുടെ വിശദാംശങ്ങളാണ് റിപ്പോട്ടിലുള്ളത്.

കനേഡിയന്‍ കായിക അഭിഭാഷകനായ റിച്ചാര്‍ഡ് മക്ലാരനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഉത്തേജകമരുന്ന് ഉപയോഗിക്കുന്നതിന് റഷ്യന്‍ കായിക മന്ത്രാലയത്തിന്റെ പിന്തുണയുണ്ടായിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഫുട്ബോള്‍ ഉള്‍പ്പെടെ 30 കായിക ഇനങ്ങളില്‍ നിന്നുള്ളവരാണ് പരിശോധനയില്‍ പരാജയപ്പെട്ടത്. 2012 ലെ ലണ്ടന്‍ ഒളിമ്പിക്സിന് പുറമെ 2013 മോസ്കോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ്, 2014 ലെ സോച്ചിയില്‍ നടന്ന വിന്റര്‍ ഒളിമ്പിക്സ് എന്നിവയിലും മെഡല്‍ നേടിയ താരങ്ങളിലേക്ക് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നു. ലണ്ടനില്‍ 21 സ്വര്‍ണമടക്കം 72 മെഡലുകളാണ് റഷ്യ നേടിയത്. സോച്ചിയില്‍ നേടിയ 33 മെഡലുകളില്‍ 13 എണ്ണവും സ്വര്‍ണമായിരുന്നു. ഈ സമയങ്ങളിലൊന്നും കായിക താരങ്ങള്‍ പരിശോധനയില്‍ പിടിക്കപ്പെട്ടിരുന്നില്ലെന്നും മെഡല്‍ നേട്ടത്തിനായി കൂട്ടായി കൃത്രിമം കാണിച്ചെന്നും കുറ്റപ്പെടുത്തുന്നു. പല രാജ്യങ്ങളും വ്യാപകമായി ഉത്തേജകമരുന്ന് ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. മക്ലാരന്റെ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ കൂടുതല്‍ തെളിവുകള്‍ നിരത്തുന്നു. റിപ്പോര്‍ട്ട് ആപല്‍ സൂചന നല്‍കുന്നതായി വാഡ പ്രസിഡന്റ് ക്രെയിഗ് റീഡി പറഞ്ഞു. കുറ്റം തെളിഞ്ഞാല്‍ ഉടന്‍ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് റഷ്യ രംഗത്തെത്തി.