National

നഷ്ടപരിഹാരമാണ് നീതി: മാധ്യമങ്ങള്‍ കാണാതെ പോയ ദേശീയ നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട്‌

നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരത്തിലേറിയ 2014 മേയ് പതിനാറിനായിരുന്നു 2002 ല്‍ നടന്ന അക്ഷര്‍ധാം തീവ്രവാദ ആക്രമണ കേസിലെ ആറ് കുറ്റാരോപിതരെ സുപ്രീംകോടതി വെറുതെ വിട്ടത്. തുടര്‍ന്ന്‍, ഈ കേസില്‍ ഒരു കാരണവുമില്ലാതെ പതിനൊന്നു വര്‍ഷങ്ങളോളം തടവില്‍ കഴിയേണ്ടി വന്നതിന് കേസിലെ ആറു പേരും ചേര്‍ന്ന് സുപ്രീം കോടതിയില്‍ നഷ്ടപരിഹാരത്തിന് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയുണ്ടായി. 2016 ജൂണില്‍ പ്രസ്തുത ഹരജി ഫയലില്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച കോടതി, തെറ്റായി അറസ്റ്റ് ചെയ്യപ്പെട്ടു പിന്നീട് കുറ്റവിമുക്തരായ ആളുകള്‍ക്ക് നഷ്ട്ടപരിഹാരം ചോദിക്കാനുള്ള അവകാശം നല്‍കപ്പെട്ടാല്‍ അത് അപകടകരമായ കീഴ്‍വഴക്കമാണ് സൃഷ്ടിക്കുക എന്നാണ് അന്ന് അഭിപ്രായപ്പെട്ടത്.

ജസ്റ്റിസ് ദീപക്ക് മിശ്ര, ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. പരാതിക്കാര്‍ക്ക് വേണ്ടി വാദിച്ച സീനിയര്‍ അഭിഭാഷകന്‍ കെ.ടി.എസ് തുളസി, തുടര്‍ന്ന് ഹരജി പിന്‍വലിക്കുകയാണെന്ന് കോടതിയെ അറിയിക്കുകയും തെറ്റായി കുറ്റം ചാര്‍ത്തിയ ഗുജറാത്ത് പോലീസിന്‍റെ നടപടിക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് പറയുകയുമുണ്ടായി.

തീവ്രവാദ കേസുകളില്‍ പോട്ട, യു.എ.പി.എ തുടങ്ങിയ പല കിരാത നിയമങ്ങളിലെയും വകുപ്പ് ചാര്‍ത്തപ്പെട്ട് തെറ്റായി അറസ്റ്റ് ചെയ്യപ്പെടുകയും തുടര്‍ന്ന് കാലങ്ങളോളം ജയിലില്‍ കിടന്ന ശേഷം കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്യുന്ന കേസുകള്‍ പതിവായതിന്‍റെ പശ്ചാത്തലത്തിലാണ് മേല്‍പ്പറഞ്ഞ സുപ്രീംകോടതി അഭിപ്രായം ഉണ്ടായത്.

1983 ലെ ‘റുധുല്‍ ശാഹ് കേസ്’ മുതല്‍ തന്നെ അന്യായമായ തടങ്കലിനും പോലീസ് കസ്റ്റഡിയിലെ മരണം, ബലാല്‍സംഘം, പീഡനം തുടങ്ങിയവയില്‍ ഇരയായവര്‍ക്ക് മുപ്പതിനായിരം രൂപ മുതല്‍ പത്തു ലക്ഷം രൂപ വരെ നല്‍കുവാന്‍ സുപ്രീംകോടതി ഉത്തരവുകള്‍ ഉണ്ടായിട്ടുണ്ട്.

തെറ്റായി അറസ്റ്റ് ചെയ്യപ്പെട്ട് ജയിലുകളില്‍ കിടക്കുകയും മാനസികവും ശാരീരികവുമായ പീഡനനങ്ങള്‍ സഹിക്കേണ്ടി വരികയും, പിന്നീടു കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനു ആഗോള തലത്തിലും, ഇന്ത്യയിലെ തന്നെ പല കോടതികളിലെയും വിധികളുമുണ്ടായിരിക്കെയാണ്, അത്തരത്തിലുള്ള നിയമങ്ങളെ കുറിച്ച് മൗനം പാലിച്ച് ‘അത് അപകടകരമായ കീഴ്‍വഴക്കമാവും’ എന്ന് കോടതി അഭിപ്രായപ്പെട്ടത്.

കോടതിയുടെ പ്രസ്തുത അഭിപ്രായ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍, 2010 ലെ ‘ശകുന്തള വേര്‍സസ്‌ ഗവര്‍മെന്റ് ഓഫ് ഡല്‍ഹി’ കേസിന്‍റെ വിധി ഏറെ പ്രസക്തമാണ്. തെരുവില്‍ രണ്ടു കാളകള്‍ തമ്മില്‍ പോര് നടത്തുകയും അതിനിടയില്‍ പെട്ട് ഒരു തെരുവ് കച്ചവടക്കാരന്‍ മരിക്കുകയും ചെയ്ത കേസില്‍ അയാളുടെ ഭാര്യ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനെ പ്രതി ചേര്‍ത്ത് നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്തു. കോര്‍പറേഷന്‍റെ നിരുത്തരവാദിത്തം മൂലമാണ് തെരുവ് മൃഗങ്ങള്‍ റോഡില്‍ അലയാനും അതിലൂടെ കുടുംബത്തിന്റെ ഏക വരുമാന ആശ്രയമായിരുന്ന തന്റെ ഭര്‍ത്താവ് മരണപ്പെടാനും കാരണമായത് എന്നായിരുന്നു ഹരജിക്കാരിയുടെ വാദം. കേസില്‍ ഹൈക്കോടതി, ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട്‌ പത്തു ലക്ഷം രൂപ പരാതിക്കാരിക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ടു.

1983 ലെ ‘റുധുല്‍ ശാഹ് കേസ്’ മുതല്‍ തന്നെ അന്യായമായ തടങ്കലിനും പോലീസ് കസ്റ്റഡിയിലെ മരണം, ബലാല്‍സംഘം, പീഡനം തുടങ്ങിയവയില്‍ ഇരയായവര്‍ക്ക് മുപ്പതിനായിരം രൂപ മുതല്‍ പത്തു ലക്ഷം രൂപ വരെ നല്‍കുവാന്‍ സുപ്രീംകോടതി ഉത്തരവുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ‘തീവ്രവാദ’ കേസില്‍ അന്യായമായി പ്രതി ചേര്‍ക്കപ്പെട്ട് തടവിലായി എന്നതായിരിക്കണം ലേഖനത്തിന്‍റെ ആദ്യത്തില്‍ പറഞ്ഞ കേസിലെ ഹരജിക്കാര്‍ക്ക് നഷ്ട്ടപരിഹാരം നിഷേധിക്കപ്പെടാനും അത്തരത്തില്‍ നഷ്ടപരിഹാരം നല്‍കുന്നത് അപകടകരമായ കീഴ്‍വഴക്കമാവുമെന്ന് പറയാനും കാരണം.

എന്നാല്‍ ഇത്തരത്തില്‍ ഭരണകൂടത്തിന്‍റെ വേട്ടയാടലിനൊടുവില്‍ നഷ്‍ട പരിഹാരത്തിനും പുനരധിവാസത്തിനുമുള്ള പോരാട്ടം നടത്തുന്ന കുറ്റവിമുക്തരായ നിരപരാധികളുടെ വേദനകള്‍ പരിഗണിക്കാനും അതിന് കൃത്യമായ വ്യവസ്ഥകള്‍ ഉണ്ടാക്കാനും ദേശീയ നിയമ കമ്മീഷന്‍ തയ്യാറാക്കിയിരിക്കുന്ന വാര്‍ത്ത അധികമാരും അറിഞ്ഞ മട്ടില്ല.

ഏക സിവില്‍ കോഡിനെ കുറിച്ചും രാജ്യദ്രോഹ നിയമത്തെ കുറിച്ചുമുള്ള ചര്‍ച്ചാ രേഖകളും, ഒറ്റ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പൊതു ജനങ്ങളില്‍ നിന്ന് അഭിപ്രായ - നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുള്ള ഡ്രാഫ്റ്റ് റിപ്പോര്‍ട്ടും ദേശീയ നിയമ കമ്മീഷന്‍ പുറത്ത് വിട്ടത് ഇക്കഴിഞ്ഞ ആഗസ്റ്റ് മുപ്പതിനാണ്. ഇവ മൂന്നിനെയും ദേശീയ മാധ്യമങ്ങള്‍ കൊണ്ടാടിയപ്പോള്‍ മാധ്യമ ശ്രദ്ധ ലഭിക്കാതെ വിട്ടുപോയ വളരെയേറെ പ്രധാനപ്പെട്ട നിയമ കമ്മീഷന്‍റെ ഈ റിപ്പോര്‍ട്ടില്‍ തെറ്റായി പ്രതി ചേര്‍ക്കപ്പെട്ട്, തങ്ങളുടെ ജീവിതത്തിന്റെ സിംഹഭാഗം ജയിലില്‍ ഹോമിക്കേണ്ടി വന്നയാളുകള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവുമൊക്കെ നിയമപരമായി വ്യവസ്ഥ ചെയ്യുന്നു . ‘Wrongful Prosecution (Miscarriage of Justice): Legal Remedies’ എന്ന തലക്കെട്ടില്‍ നൂറ്റി അഞ്ചു പേജുള്ള ലോ കമ്മീഷന്‍റെ റിപ്പോര്‍ട്ടാണ് മറ്റു ചര്‍ച്ചകളില്‍ക്കിടയില്‍ മാധ്യമങ്ങള്‍ കാണാതെ പോയത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ‘ബബ്ലൂ ചൗഹാന്‍ വേര്‍സസ്‌ സ്റ്റേറ്റ് ഓഫ് ഗവര്‍മെന്റ് ഓഫ് ഡല്‍ഹി’ കേസിന്റെ വിധിയില്‍ ഡല്‍ഹി ഹൈക്കോടതി അന്യായമായി കുറ്റവിചാരണ ചെയ്യപ്പെട്ടവര്‍ക്ക് നഷ്ട്ടപരിഹാരവും പുനരധിവാസവുമൊക്കെ വ്യവസ്ഥ ചെയ്യുന്ന ഒരു നിയമത്തെ കുറിച്ച് പഠിക്കാന്‍ ദേശീയ നിയമ കമ്മീഷനോട് അപേക്ഷിച്ചിരുന്നു. പ്രസ്തുത വിധി ഉദ്ധരിച്ച ഈ റിപ്പോര്‍ട്ട്‌, അന്യായമായി കുറ്റവിചാരണക്ക് ഇരയായവര്‍ക്ക് തക്കതായ നഷ്ടപരിഹാരവും മറ്റും നല്‍കും വിധത്തിലുള്ള ഒരു നിയമമുണ്ടാക്കുന്നതില്‍ ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്ന് വേണ്ട പ്രതികരണം ഉണ്ടാകാത്തതിനെ സംബന്ധിച്ച് കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്.

1973 ലെ ‘ഇന്ത്യന്‍ ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡ്’ ഭേദഗതി ചെയ്ത് ഇരുപത്തി എഴാമത്തെ അധ്യായത്തില്‍ “അന്യായമായി പ്രോസിക്യൂട്ട് ചെയ്യപ്പെട്ടവര്‍ക്കുള്ള നഷ്ട്ടപരിഹാരം” (Compensation to persons wrongfully prosecuted ) എന്ന തലക്കെട്ടില്‍ ‘XXVII–എ’ എന്ന ഒരധ്യായംകൂടി കൂട്ടി ചേര്‍ക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. അന്യായമായി പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുകയും അത് പെട്ടെന്ന് ലഭ്യമാക്കാന്‍ ജില്ലകള്‍ തോറും പ്രത്യേക കോടതികള്‍ വേണമെന്നും റിപ്പോര്‍ട്ട്‌ ആവശ്യപ്പെടുന്നു.

അന്യായമായി പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുകയും അത് പെട്ടെന്ന് ലഭ്യമാക്കാന്‍ ജില്ലകള്‍ തോറും പ്രത്യേക കോടതികള്‍ വേണമെന്നും റിപ്പോര്‍ട്ട്‌ ആവശ്യപ്പെടുന്നു.

നഷ്ടപരിഹാരത്തിന് പുറമേ അന്യായമായി ഒരു വ്യക്തിയുടെ മേല്‍ കുറ്റം ചാര്‍ത്തുകയോ അല്ലെങ്കില്‍ കുറ്റം ചാര്‍ത്താന്‍ ശ്രമിക്കുകയോ ചെയ്‌താല്‍ തന്നെ അത് നഷ്ടപരിഹാരം ചോദിക്കാനുള്ള കാരണമാണ് എന്നു പറയുന്ന റിപ്പോര്‍ട്ട്‌, നഷ്ടപരിഹാരവും മറ്റും ആവശ്യപ്പെട്ടാന്‍ കൃത്യമായ നടപടി ക്രമങ്ങളും നിര്‍ദേശിക്കുന്നു. താന്‍ അന്യായമായി കോടതി/പോലീസ് നടപടികള്‍ക്ക് വിധേയമായി എന്ന് തെളിയിക്കേണ്ട ബാധ്യത ഇരയുടെതാണ് എന്നാണ് റിപ്പോര്‍ട്ട്‌ പറയുന്നത്. നഷ്ടപരിഹാരത്തിന് യോഗ്യരായ ആളുകള്‍, അതിന്റെ നിര്‍വചനം, നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ എന്നിവയൊക്കെ ക്രിമിനല്‍ നടപടി ചട്ടത്തില്‍ നിര്‍ദേശിക്കപ്പെട്ട ഈ ഭേദഗതി നിര്‍ദേശത്തില്‍ ഉണ്ട്.

23 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പുറത്ത് വന്ന നിസാറുദ്ദീന്‍ ഉമ്മയെ ആശ്ലേഷിക്കുന്നു

ചെയ്യാത്ത കുറ്റത്തിന് ഇരുപത്തി മൂന്ന് വര്‍ഷം ജയിലില്‍ കിടന്ന മുഹമ്മദ്‌ നിസാറുദ്ധീന്റെ കേസിനെ കുറിച്ച് റിപ്പോര്‍ട്ട്‌ എടുത്ത് പറയുന്നുണ്ട്. 2008 ലെ ബട്ല ഹൗസ് ഏറ്റുമുട്ടല്‍ കൊലപാതക കേസ് മുതല്‍ ഇത്തരം വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ജാമിയ ടീച്ചര്‍സ് അസോസിയേഷന്‍ 2012 ല്‍ പുറത്തിറക്കിയ Framed, Damned, Acquitted: Dossiers of ‘Very’ Special Cell” എന്ന കൃതി കമീഷന്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കാന്‍ അവലംബിക്കുകയും പുസ്തകത്തില്‍ നിന്ന് ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്.

അന്യായമായി ജയിലില്‍ അടക്കപ്പെട്ട് കുറ്റവിമുക്തരാക്കപ്പെട്ടവര്‍ക്ക് പരിമിതമായെങ്കിലും നീതി ലഭ്യമാക്കാന്‍ നിയമ കമീഷന്റെ ഈ റിപ്പോര്‍ട്ട്‌ അടിസ്ഥാനമാക്കി പാര്‍ലമെന്റ് നിയമം പാസ്സാക്കാനുള്ള സമ്മര്‍ദങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. പ്രതീക്ഷ കൈവിടാതെ നിരന്തരം പോരാടുന്നതിലൂടെ മാത്രമേ നീതി നിഷേധത്തിന് പരിഹാരമാവൂ എന്നതാണ് ലോ കമീഷന്റെ ഈ റിപ്പോര്‍ട്ട്‌ പൗരാവകാശ - മനുഷ്യാവകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കുന്ന സന്ദേശം.