Health

ഫോണുകളില്‍ നിന്നകറ്റിയാല്‍ കൗമാരക്കാരുടെ പ്രശ്നങ്ങള്‍ തീരുമോ?

ഉപഭോക്താക്കളുടെ അമിത ഫോൺ ഉപയോഗത്തിന് കടിഞ്ഞാണിടാൻ ആപ്പിൾ തന്നെ ഈ അടുത്ത കാലത്ത് കൌതുകകരമായ ഒരു പുതിയ സോഫ്‍റ്റ്‍വെയര്‍ പുറത്തിറക്കി. നിശ്ചിത സമയത്തിൽ കൂടുതൽ ഒരു ആപ്പിൽ ചെലവഴിച്ചാൽ ആപ്പ് തനിയെ സ്തംഭിക്കുന്ന തരത്തിൽ സെറ്റിങ്സ് മാറ്റാവുന്ന സോഫ്‍റ്റ്‍വെയറാണിത്; പിന്നീട് കുറെ നേരത്തേക്ക് നിങ്ങൾക്ക് ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല. മക്കൾ അമിതമായി ഫോൺ ഉപയോഗിച്ച് ‘ടീനേജർസിന്’ പകരം ‘സ്ക്രീനേജർസ്’ ആയി മാറുന്നു എന്ന് പരാതിപ്പെടുന്ന അച്ഛനമ്മമാർ ഏറെ സന്തോഷത്തോടെ സ്വീകരിച്ച വാർത്തയായിരുന്നു ഇത്.

ആപ്പിൾ ഉൽപന്നങ്ങൾ ഉപഭോക്താക്കളിൽ അമിതാസക്തിയുളവാക്കുന്നത് നിയന്ത്രിക്കണമെന്ന ആവശ്യം സിലിക്കൺ വാലിക്ക് അകത്ത് നിന്നു പോലും ഉയർന്നു വരുന്നുണ്ട്. സ്മാർട്ഫോണുകൾ ‘മില്ലേനിയൽ’ തലമുറയെ മാനസികമായി തകർത്തുകളഞ്ഞുവെന്നും അമേരിക്കയിലെ കൌമാരക്കാർക്കിടയിലെ ഉത്കണ്ഠയുടെയും ആത്മഹത്യയുടെയും നിരക്കുകൾ ഉയർത്തുന്നതിൽ പങ്കുവഹിച്ചുവെന്നും ചില ഗവേഷകർ അവകാശപ്പെടുന്നു. ഈ നിരക്കുകൾ ശ്രദ്ധേയമാം വിധം വർദ്ധിച്ചത് സ്മാർട്ട്ഫോണുകൾ വളരെ വ്യാപകമായി ഉപയോഗിക്കപ്പെട്ടാൻ തുടങ്ങിയ 2011നോട് അടുത്ത കാലത്താണ് എന്ന് വാദിക്കുന്ന പഠനങ്ങളുമുണ്ട്.

എന്നാൽ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന കുട്ടികളും അവരുടെ ഫോണുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഈ വ്യാപക കാഴ്ചപ്പാട് തെറ്റാവാനും സാധ്യതയുണ്ട്. സ്മാർട്ട്ഫോണുകളുടെ അമിതോപയോഗത്തിന് ഉത്കണ്ഠയുമായും വിഷാദരോഗവുമായും ബന്ധമുണ്ടെന്ന് ചില പഠനങ്ങൾ കാണിക്കുന്നുണ്ടെങ്കിലും ഈ ഉപകരണങ്ങൾ കാരണമാണ് മാനസികപ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നതിന് കാര്യമായ തെളിവില്ല. അതായത് മറ്റെല്ലാ സാഹചര്യങ്ങളും ഒരു പോലെയാണെങ്കിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന കുട്ടികൾക്ക് അതുപയോഗിക്കാത്തവരേക്കാൾ മാനസികപ്രശ്നങ്ങൾ കൂടുതലാണെന്ന് തെളിയിക്കുന്ന പഠനങ്ങളില്ല. ഹ്രസ്വകാലത്തെ വിവരങ്ങൾ വെച്ച് നടത്തുന്ന പഠനങ്ങളിലൂടെ കാര്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ മാത്രമേ കണ്ടെത്താനാവൂ. അവയുടെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കില്ല. ഈ വിഷയത്തിൽ സമീപ കാലത്ത് പല പഠനങ്ങൾക്കും തുടക്കം കുറിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയുടെ ഫലങ്ങൾ പുറത്തുവരാൻ വർഷങ്ങളെടുക്കും.

ഈ നിരക്കുകൾ ശ്രദ്ധേയമാം വിധം വർദ്ധിച്ചത് സ്മാർട്ട്ഫോണുകൾ വളരെ വ്യാപകമായി ഉപയോഗിക്കപ്പെട്ടാൻ തുടങ്ങിയ 2011നോട് അടുത്ത കാലത്താണ് എന്ന് വാദിക്കുന്ന പഠനങ്ങളുമുണ്ട്.

അതു വരെ ഈ ഉപകരണങ്ങളെയും പഴിചാരിക്കൊണ്ടിരിക്കുകയല്ല വേണ്ടത്. ചിലപ്പോൾ സ്മാർട്ട്ഫോണുകൾ കുട്ടികളെ പ്രശ്നത്തിലേക്ക് നയിക്കുകയല്ല, ചില പ്രശ്നങ്ങളെ നേരിടാൻ അവർ ആശ്രയിക്കുന്ന വഴികളായി മാറുകയായിരിക്കും എന്ന സാധ്യത തള്ളിക്കളയാനാവില്ല. ഇങ്ങനെയാണെങ്കിൽ അത്തരം പ്രശ്നങ്ങളെ ആദ്യം വേർതിരിച്ചറിയുകയും അവക്ക് പരിഹാരം കാണുകയുമാണ് പരമപ്രധാനം.

കൌമാരക്കാർക്കിടയിലെ ആശങ്കാമനോഭാവം ഇപ്പോൾ എക്കാലത്തേക്കാളും ഉയർന്നുനിൽക്കുകയാണ്; അവരെ ഏറ്റവുമധികം ബാധിക്കുന്ന മാനസിക പ്രശ്നവും ഇതു തന്നെയാണ്. യാഥാർത്ഥ്യങ്ങളിൽ നിന്നും പേടികളിൽ നിന്നും രക്ഷപ്പെടാൻ അവർ (കൂട്ടത്തിൽ നമ്മളിൽ പലരും) കണ്ടെത്തുന്ന വഴിയായിരിക്കാം ഈ സ്ക്രീനുകൾ. ആശങ്ക ഏതു തരത്തിലായാലും അതിലെല്ലാം പൊതുവായി കണ്ടുവരുന്ന ഒരു സ്വഭാവമുണ്ട്: അനിശ്ചിതത്വവുമായി പൊരുത്തപ്പെട്ടു പോകാൻ കഴിയാതിരിക്കുക. ഇന്നത്തെ ജീവിതസാഹചര്യങ്ങൾ ഈ അനിശ്ചിതത്വം അവർക്ക് വേണ്ടതിലധികം പ്രദാനം ചെയ്യുന്നുമുണ്ട്.

സാമ്പത്തികമായ അനിശ്ചിതത്വമാണ് ഒന്ന്. മാതാപിതാക്കളേക്കാൾ മോശപ്പെട്ട സാമ്പത്തിക സ്ഥിതിയുണ്ടാവുന്ന ആദ്യത്തെ തലമുറയാകാം ഇനി വരുന്നത്. ഇത് ആശങ്കക്കുള്ള വകയാണ്. കേൾക്കുന്ന വാർത്തകളിലെ അനിശ്ചിതത്വവും വ്യാജവാർത്തകളുമാണ് മറ്റൊരു കാര്യം. സത്യമേതാണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് മാത്രമല്ല, ഈ വാർത്തകളുടെ ഉറവിടമായ സാങ്കേതിക ലോകത്തെ അവഗണിക്കാനും അവർക്ക് സാധിക്കുന്നില്ല.

ഇന്നത്തെ കൌമാരക്കാർ അനിശ്ചിതത്വം പേറുന്ന മറ്റൊരു പ്രധാന മേഖലയാണ് അവരുടെ തന്നെ സ്വാതന്ത്ര്യബോധം. എല്ലാ കാര്യത്തിലും ഇടപെടുകയും എല്ലാ കാര്യങ്ങളും അവർക്ക് വേണ്ടി ചെയ്തുകൊടുക്കാൻ വ്യാകുലത കാണിക്കുകയും ചെയ്യുന്ന, എപ്പോഴും അവരുടെ മേൽ കറങ്ങുന്ന ‘ഹെലികോപ്റ്റർ മാതാപിതാക്കളാ’ണ് ഇതിന് കാരണം. ചുറ്റുമുള്ള ലോകത്തെയും സ്വന്തം വ്യക്തിത്വത്തെയും കുറിച്ച് അന്വേഷണങ്ങൾ നടത്തേണ്ട പ്രായത്തിൽ അവരുടെ സ്വാതന്ത്ര്യത്തെ ഇത്തരത്തിൽ പരിമിതപ്പെടുത്തുന്നത് അവരുടെ സ്വാശ്രയ ശീലത്തെയും മനോദാർഢ്യത്തെയും ബാധിക്കുകയും ചില അവസരങ്ങളിൽ ഉത്കണ്ഠയും വിഷാദവും സൃഷ്ടിക്കുകയും ചെയ്യാം.

ആശങ്ക തോന്നുന്ന ഏതൊരാളും അതിന്റെ തീവ്രത കുറയ്ക്കാനുള്ള വഴികളാണ് ഉടൻ അന്വേഷിക്കുക. മൊബൈൽ ഫോണുകളിലെ ആഴമില്ലാത്ത പാതിജീവിതം നൽകുന്നതും ഇതു തന്നെയാണ്. അതു കൊണ്ടാവാം ചില കൌമാരക്കാർക്ക് ഫോണുമായി ഇത്രയും അടുപ്പം വളർന്നുവരുന്നത്.

ആശങ്ക, വിഷാദം തുടങ്ങിയ വികാരങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് പല കുട്ടികളും ഓൺലൈൻ ഗെയിമുകളിൽ അഭയം തേടുന്നതെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നതെന്നും പഠനങ്ങൾ പറയുന്നു. ഗെയിമിങ്ങിനു പുറത്തുള്ള ഓൺലൈൻ ലോകവും അത്യന്തം ആകർഷകമാണ്. മെസ്സേജുകൾ, വാർത്തകൾ, തമാശകൾ- ഈ ലോകം നമ്മെ വീണ്ടും വീണ്ടും തിരിച്ചുവിളിക്കുകയാണ്.

ഉപയോഗിക്കുന്നവരുടെ ശ്രദ്ധ ഏറ്റവും ഫലപ്രദമായി പിടിച്ചുപറ്റുന്ന രീതിയിലാണ് ഇന്നത്തെ സാങ്കേതികവിദ്യകൾ രൂപപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ മുഴുവൻ ഊർജ്ജവും വഴിതിരിച്ചു വിടുന്നതു കൊണ്ട് പലപ്പോഴും യഥാർത്ഥ ജീവിതത്തിലെ ബന്ധങ്ങൾക്കും പ്രശ്നങ്ങൾക്കും ആവശ്യത്തിന് ശ്രദ്ധ നൽകാൻ നമുക്കാവുന്നില്ല. അതു കൊണ്ടു തന്നെ കൌമാരക്കാർ സ്മാർട്ട്ഫോണുകളുടെ മേലുള്ള ആശ്രയം കുറക്കേണ്ടതും സോഷ്യൽ മീഡിയയും മറ്റും നമ്മുടെ മേൽ ചെലുത്തുന്ന സ്വാധീനത്തെയും അവയുടെ ആസക്തി കുറയ്ക്കാനുള്ള വഴികളെയും കുറിച്ച് അന്വേഷണങ്ങൾ നടത്തേണ്ടതും നമ്മുടെ കടമയാണ്.

അതേ സമയം സ്മാർട്ട്ഫോൺ ഉപയോഗം മറ്റു ചില മാനസിക പ്രശ്നങ്ങളുടെ പ്രതിഫലനമാണെങ്കിൽ അവയുടെ ഉപയോഗം കുറച്ചതുകൊണ്ടു മാത്രം പ്രശ്നങ്ങളെ ഫലപ്രദമായി നേരിടാൻ സാധിക്കില്ല. ഇങ്ങനെ എളുപ്പവഴി നോക്കുകയല്ല, കുട്ടികൾ ആഗ്രഹിക്കാത്ത തരത്തിലുള്ള ഒരു ജീവിതത്തിൽ നിന്ന് അവരെ രക്ഷിച്ചെടുക്കുകയാണ് ഇവിടെ വേണ്ടത്.

കടപ്പാട്: ദി ന്യൂയോർക്ക് ടൈംസ്