Gulf
ആഗോള ഇന്നൊവേഷൻ സൂചികയിൽ നില മെച്ചപ്പെടുത്തി ഒമാൻ
ഈ വർഷത്തെ ആഗോള ഇന്നൊവേഷൻ സൂചികയിൽ നില മെച്ചപ്പെടുത്തി ഒമാൻ. ലോക ബൗദ്ധികാവകാശ സംഘടന തയാറാക്കുന്ന സൂചികയിൽ 69ാം സ്ഥാനമാണ് ഒമാന് ഉള്ളത്.
സാമ്പത്തിക പുരോഗതിക്കും സുസ്ഥിര വികസനത്തിനും നവീന ആശയങ്ങൾ നടപ്പിലാക്കുന്ന 126 സമ്പദ്വ്യവസ്ഥകളാണ് സൂചികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബൗദ്ധിവകാശത്തിനുള്ള അപേക്ഷകളുടെ എണ്ണം, മൊബൈൽ ആപ്ലിക്കേഷൻ, വിദ്യാഭ്യാസ രംഗത്തെ ചെലവഴിക്കൽ രീതികൾ തുടങ്ങി 80 ഓളം മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയാണ് രാഷ്ട്രങ്ങളുടെ തെരഞ്ഞെടുപ്പ്. ബൗദ്ധിവകാശത്തിനുള്ള അപേക്ഷകളുടെ എണ്ണത്തിൽ ആറ് ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.
ബൗദ്ധിവകാശങ്ങളുടെ രജിസ്ട്രേഷൻ സംബന്ധിച്ച അവബോധം പകർന്നുനൽകുന്നതിന് വ്യവസായ,വാണിജ്യ മന്ത്രാലയം നിരവധി സെമിനാറുകൾ നടത്തിയിരുന്നു. സ്വിറ്റ്സർലൻറ്, നെതർലൻറ്സ്, സ്വീഡൻ, ബ്രിട്ടൻ, സിംഗപൂർ എന്നീ രാഷ്ട്രങ്ങളാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ. കഴിഞ്ഞ വർഷം 60ാം സ്ഥാനത്തെത്തിയ ഇന്ത്യക്ക് ഇക്കുറി 57ാം സ്ഥാനമാണ്. മലേഷ്യ,ഇന്തോനേഷ്യ, തായ്ലൻറ്, വിയറ്റ്നാം എന്നീ രാഷ്ട്രങ്ങളും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സൂചികയിൽ മുന്നേറ്റം നടത്തി.