പ്രഭാതഭക്ഷണം ഒഴിവാക്കൽ; പ്രവാസികൾക്കിടയിൽ വ്യാപകം, ആരോഗ്യത്തെ ബാധിക്കുന്നു
Gulf

പ്രഭാതഭക്ഷണം ഒഴിവാക്കൽ; പ്രവാസികൾക്കിടയിൽ വ്യാപകം, ആരോഗ്യത്തെ ബാധിക്കുന്നു

ജോലിത്തിരക്കുകൾക്കിടയിൽ സ്ഥിരമായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന പ്രവണത പ്രവാസത്തെ രോഗാതുരമാക്കുകയാണ്

പിരിമുറുക്കമുള്ള ജീവിതത്തിനിടയിൽ ഭക്ഷണക്രമം താളം തെറ്റുന്നതാണ് പ്രവാസികളുടെ ആരോഗ്യ പ്രശ്നങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന്. ജോലിത്തിരക്കുകൾക്കിടയിൽ സ്ഥിരമായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന പ്രവണത പ്രവാസത്തെ രോഗാതുരമാക്കുകയാണ്. രാവിലെ, സമയത്ത് ജോലിക്കെത്താനുള്ള ധൃതിയില്‍ പ്രഭാത ഭക്ഷണം പലപ്പോഴും ഒഴിവാക്കേണ്ടി വരുന്നവരാണ് പ്രവാസികൾ. മിക്ക പ്രവാസികളുടെയും താമസ സ്ഥലത്ത് വിശാലതയൊന്നുമില്ലെങ്കിലും ചെറിയ അടുക്കള സൗകര്യമുണ്ടാകും. പക്ഷെ അതിരാവിലെ പാചക ജോലികൾ ചെയ്യാനുള്ള സമയക്കുറവാണ് വില്ലനാകുന്നത്.

ഇത് കാരണം പ്രഭാത ഭക്ഷണമൊരുക്കാൻ പലർക്കും കഴിയാറില്ല. എന്നാൽ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തുമെന്നാണ് മെഡിക്കൽ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. വളരെ കുറച്ച് സമയം ചെലവഴിച്ച് പ്രാതൽ തയ്യാറാക്കാമെന്ന ആത്മവിശ്വാസത്തോടെ സ്ഥിരമായി പ്രഭാത ഭക്ഷണം തയ്യാറാക്കി കഴിക്കുന്ന പ്രവാസികളുമുണ്ട്. ബ്രെഡും ജാമുമാണ് ഏറ്റവും എളുപ്പത്തിൽ ഒരുക്കാൻ കഴിയുന്ന ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളിലൊന്ന്. ദോശ, ഉപ്പ് മാവ് പുട്ട് പോലുള്ള നാടൻ ഭക്ഷണപദാർഥങ്ങളും സമയവും സൗകര്യവും കണ്ടെത്തിയാല്‍ പ്രാതലിനായി തയ്യാറാക്കാം. ഏറ്റവും ചുരുങ്ങിയത് ഫ്രൂട്ട്സെങ്കിലും കഴിച്ചാൽ ദീർഘനേരം ഉദരത്തെ പട്ടിണിക്കിടുന്നതൊഴിവാക്കാം.