Cricket

യുഎസ് ഓപ്പണ്‍ നൊവാക് ജോകോവിച്ചിന്

യുഎസ് ഓപ്പണ്‍ ടെന്നീസ് കിരീടം സെര്‍ബിയയുടെ നൊവാക് ജോകോവിച്ചിന്. ഫൈനലില്‍ അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെ 6-3, 7-6 (7/4), 6-3 നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. ജോകോയുടെ പതിനാലാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.

ചെറിയ ഒരിടവേളക്ക് ശേഷം ജോകോയുടെ തിരിച്ചുവരവാണ് കോര്‍ട്ടില്‍ കാണാനായത്. മുന്‍ ചാംപ്യന്‍കൂടിയായ ഡെല്‍പോട്രോയ്‌ക്കെതിരെ ആദ്യ സെറ്റ് നേടിയത് അനായാസമായി. സ്‌കോര്‍ 6-3. എന്നാല്‍ രണ്ടാം സെറ്റില്‍ ജോകോക്ക് വെല്ലുവിളിയുമായി ഡെല്‍പോട്രോ കളം നിറഞ്ഞെങ്കിലും ടൈബ്രേക്കിനൊടുവില്‍ ജോകോ 7-6ന് സെറ്റ് നേടി.

മൂന്നാം സെറ്റില്‍ ഡെല്‍പോട്രോ കൂടുതല്‍ ക്ഷീണിതനായതോടെ നിരവധി പിഴവുകള്‍ വരുത്തി. എന്നാല്‍ ഊര്‍ജസ്വലതയോടെ റാക്കറ്റേന്തിയ ജോകോ യുഎസ് ഓപ്പണില്‍ തന്റെ മൂന്നാം കിരീടം സ്വന്തമാക്കുകയായിരുന്നു.

ജോക്കോയുടെ പതിനാലാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഈ വര്‍ഷത്തെ രണ്ടാമത്തേതും. കിരീട നേട്ടത്തില്‍ റോജര്‍ ഫെഡററും നദാലും മാത്രമാണ് ജോകോക്ക് മുന്നിലുള്ളത്.