Cricket

ഗാംഗുലിക്കും ദ്രാവിഡിനുമൊപ്പം ഇനി ഹനുമ വിഹാരിയും

അരങ്ങേറ്റ ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടിക്കൊണ്ടാണ് തന്നെ ടീമിലെടുക്കാനുള്ള സെലക്ടര്‍മാരുടെ തീരുമാനത്തെ ഹനുമ വിഹാരി ന്യായീകരിച്ചിരിക്കുന്നത്. കരുണ്‍ നായരെ മറികടന്ന് വിഹാരിയെ ടീമിലെടുക്കാനുള്ള തീരുമാനം വിവാദമായിരുന്നു. എന്നാല്‍ സമ്മര്‍ദ്ദം നിറഞ്ഞ ആദ്യ ടെസ്റ്റ് ഇന്നിംങ്‌സിലും അര്‍ധ സെഞ്ചുറി കുറിച്ചാണ് ഹനുമ വിഹാരി താരമായിരിക്കുന്നത്.

അരങ്ങേറ്റ ടെസ്റ്റില്‍ 50 റണ്‍സിലേറെ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ഹനുമ വിഹാരി. റുഷി മോദി(57* 1946ല്‍), സൗരവ് ഗാംഗുലി(131 1996ല്‍), രാഹുല്‍ ദ്രാവിഡ്(95 1996ല്‍) എന്നിവരാണ് വിഹാരിക്ക് മുമ്പേ ഈ നേട്ടം സ്വന്തമാക്കിയവര്‍.

രവീന്ദ്ര ജഡേജക്കൊപ്പം വിഹാരി പടുത്തുയര്‍ത്ത 77 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. 124 പന്തുകളില്‍ നിന്നായിരുന്നു വിഹാരി 56 റണ്‍സ് നേടിയത്. ഏഴ് ബൗണ്ടറികളും ഒരു സിക്‌സറും വിഹാരി നേടി. വിഹാരിയുടേയും ജഡേജയുടേയും ബാറ്റിംങ് ഇംഗ്ലീഷ് ബൗളര്‍മാരെ കുറച്ചൊന്നുമല്ല കുഴക്കിയത്. മൊയീന്‍ അലിയാണ് ഒടുവില്‍ വിഹാരിയെ മടക്കി ഇംഗ്ലണ്ടിനെ വീണ്ടും മത്സരത്തിലേക്ക് കൊണ്ടുവന്നത്.

ഹനുമ വിഹാരി 63 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 5142 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 15 സെഞ്ചുറികളും 24 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. 302* റണ്‍സാണ് ആഭ്യന്തര ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോര്‍.