Cricket

ഇന്ത്യ-വിന്‍ഡീസ് പരമ്പരയുടെ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു; നിശ്ചിത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയുടെ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു. ആയിരം, രണ്ടായിരം, മൂവായിരം, ആറായിരം എന്നിങ്ങനെയാണ് നിരക്കുകള്‍. മത്സരവരുമാനത്തില്‍ നിന്നുള്ള നിശ്ചിത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

നവംബര്‍ ഒന്നിന് തിരുവനന്തപുരം സ്‌പോര്‍ട്ട്‌സ് ഹബ്ബിലാണ് മത്സരം. തിരുവനന്തപുരത്ത് ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്‌പെഷ്യല്‍ ജനറല്‍ ബോഡി യോഗമാണ് നിരക്കുകള്‍ തീരുമാനിച്ചത്. സ്‌പോര്‍ട്സ് ഹബ്ബിന്റെ മുകളിലത്തെ നിരയിലെ ടിക്കറ്റ് നിരക്ക് 1000 രൂപയാണ്. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കും ക്ലബുകള്‍ക്കും ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കും. താഴത്തെ നിരയില്‍ 2000, 3000, 6000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഇതില്‍ 6000 രൂപയുടെ ടിക്കറ്റുകള്‍ ഭക്ഷണമുള്‍പ്പടെയാണ്. മത്സര വരുമാനത്തില്‍ നിന്നുള്ള നിശ്ചിത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് കെസിഎ അറിയിച്ചു.

മത്സരത്തിന്റെ ജനറല്‍ കണ്‍വീനറായി ബിസിസിഐ അംഗം ജയേഷ് ജോര്‍ജിനെ തെരഞ്ഞെടുത്തു. ഇംഗ്ലണ്ട് എ - ഇന്ത്യ എ ഏകദിന മത്സരങ്ങള്‍ക്കും തിരുവനന്തപുരം വേദിയാകും. ജനുവരി 23, 25, 27,29, 31 തിയതികളിലാണ് മത്സരം. ഇതിന് മുന്നോടിയായി ജനുവരി 19നും 21നും ബോര്‍ഡ് പ്രസിഡണ്ട്‌സ് ഇലവനെതിരെ വാം അപ്പ് മത്സരങ്ങളും നടക്കും.