Bahrain

ഏറ്റവും മികച്ച പ്രവാസി സൌഹൃദ രാജ്യമായി ബഹ്‍റെെന്‍

പ്രവാസികള്‍ക്ക് മികച്ച തൊഴിലിടവും ജീവിത സൗകര്യങ്ങളും ഉറപ്പാക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്റൈന് ഒന്നാം സ്ഥാനം. ‘ഇൻ്റർനാഷൻസ് ഗ്ലോബൽ സര്‍വേ’യിലാണ് ബഹ്റൈൻ രണ്ടാം തവണയും മുൻ നിര സ്ഥാനം കരസ്ഥമാക്കിയത്.

ലോകത്തിലെ 18,135 പ്രവാസികൾക്കിടയിൽ നടത്തിയ പഠനത്തിലാണ് ബഹ്റൈൻ പ്രവാസി സൗഹ്യദ രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഇൗ വർഷം ഫെബ്രുവരി 15 മുതൽ മാർച്ച് ഏഴു വരെയുള്ള നാളുകളിലാണ് ജർമനി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻ്റർനാഷൻസ് ഈ വിഷയത്തിൽ പഠനം നടത്തിയത്.

പ്രവാസികൾക്ക് ജീവിക്കാനും തൊഴിലെടുക്കാനും മേഖലയിലെ അനുയോജ്യമായ രാജ്യം എന്ന നിലയിൽ തായ്വാൻ, ഇക്വഡോർ, മെക്സിക്കോ, സിങ്കപ്പൂർ എന്നിവരുടെ അടുത്തായാണ് ബഹ്റൈൻ്റെ സ്ഥാനം. 68 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കിടയിൽ നിന്നുമുള്ള അഭിപ്രായങ്ങൾ പരിഗണിച്ചാണിത്.

പ്രവാസികൾക്ക് പ്രിയങ്കരമായ സംസ്കാരമാണ് ബഹ്റൈനിലേതെന്നും രാജ്യത്തെ ജോലി സമയം ത്യപ്തികരമാണെന്നും സർവെയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ലളിതമായ താമസ സൗകര്യം ലഭിക്കുന്ന കാര്യത്തിലും ബഹ്റൈൻ മികച്ചു നിൽക്കുന്നതായി പഠനം വെളിപ്പെടുത്തുന്നു. രാജ്യത്തെ തൊഴിൽ സുരക്ഷിതത്വം ,പ്രവാസികളുടെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം, എന്നീ ഘടകങ്ങളും ബഹ്റൈന് ഒന്നാം സ്ഥാനം നൽകുവാനുള്ള മാനദണ്ഡമായി പരിഗണിക്കപ്പെട്ടു.