ചീറിപ്പായാന്‍ യമഹ എഫ്‍സി 25 എത്തി; വിലയും പ്രത്യേകതകളും
Automobile

ചീറിപ്പായാന്‍ യമഹ എഫ്‍സി 25 എത്തി; വിലയും പ്രത്യേകതകളും

യമഹ മോട്ടോര്‍ ഇന്ത്യയുടെ ജനപ്രിയ ബൈക്കാണ് എഫ്‍സി. ഗ്ലാമറുകൊണ്ടും കരുത്തുകൊണ്ടും ഒരുപോലെ ബൈക്ക് പ്രേമികളെ ആകര്‍ഷിക്കുന്ന താരം.

യമഹ മോട്ടോര്‍ ഇന്ത്യയുടെ ജനപ്രിയ ബൈക്കാണ് എഫ്‍സി. ഗ്ലാമറുകൊണ്ടും കരുത്തുകൊണ്ടും ഒരുപോലെ ബൈക്ക് പ്രേമികളെ ആകര്‍ഷിക്കുന്ന താരം. ഈ ശ്രേണിയില്‍ കരുത്തരില്‍ കരുത്തനായി പുതുതലമുറ ബൈക്കിനെ അവതരിപ്പിക്കുകയാണ് യമഹ. എഫ്‍സി 25 ആണ് നിരത്തുകളെ പ്രകമ്പനംകൊള്ളിച്ച് ചീറിപ്പായാന്‍ എത്തുന്നത്. 250 സിസി ശ്രേണിയിലാണ് എഫ്‍സി 25 ന്റെ വരവ്.

കരുത്തിന്റെ കാര്യത്തില്‍ യമഹ എഫ്‍സി ആരെയും നിരാശരാക്കില്ല. ഓയില്‍ കൂള്‍ഡ് 249 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇതിലുള്ളത്. 8000 ആര്‍പിഎമ്മില്‍ 20.6 ബിഎച്ച്പിയും 6000 ആര്‍പിഎമ്മില്‍ 20 എന്‍എം കരുത്തുമാണ് ഉദ്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്ക് ഹെഡ്‍ലാംപ് ഓണ്‍ സംവിധാനത്തോടെ എത്തുന്ന എഫ്‍സി 25 ല്‍ എല്‍ഇഡി ബള്‍ബാണ് പ്രകാശം പരത്തുക. എബിഎസ് സുരക്ഷ ഇല്ലാത്തതാണ് ചെറിയൊരു നിരാശ സമ്മാനിക്കുന്നത്. ഡല്‍ഹിയില്‍ 1,19,500 രൂപയാണ് എക്സ് ഷോറൂം വില. ഒരു ലിറ്റര്‍ പെട്രോളിന് 43 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. നിരത്തിലിറക്കുമ്പോഴേക്കും ഇന്‍ഷൂറന്‍സും ആര്‍ടിഒ തുകയും ഉള്‍പ്പെടെ ഏകദേശം 1.27 ലക്ഷം രൂപയാകും. ആറു സ്‍പീഡ് ഗിയറാണിതിലുള്ളത്.

നീല, കറുപ്പ്, വെളുപ്പ് എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ എഫ്‍സി 25 നിരത്തിലെത്തും. 14 ലിറ്ററാണ് ഇന്ധനടാങ്കിന്റെ ശേഷി. മുന്‍ഭാഗത്തും പിന്‍ഭാഗത്തും ഡിസ്ക് ബ്രേക്കുകളാണുള്ളത്. എല്‍ഇഡി ഹെഡ‍് ലാമ്പും, ഓട്ടോമാറ്റിക്കായി ഹെഡ് ലാമ്പ് ഓണ്‍ ആകുന്ന എഎച്ച്ഒ സംവിധാനവുമാണ് പ്രധാന പ്രത്യേകതകള്‍.